mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

oru kasaragodan ramayanam

(Author: ലിസി മാത്യു)

വാമൊഴി വഴക്കത്തിൽ കാസർഗോഡ് കാസർകോട് ആയതാകാം.! അല്ല രാമായണം ക്ലാസിക് ആഖ്യാനമാകുന്നത് അതിന്റെ ദേശത്തിനും കാലത്തിനും അതീതമായ ഉണ്മകൊണ്ടാണ്. വാല്മീകി നാട്ടുമൊഴികളിൽനിന്ന് സംസ്കരിച്ചെടുത്ത രാമായണകഥ ഭാരതീയ ആഖ്യാന പൈതൃകത്തിലെ ശ്രേഷ്ഠരചനയായിത്തന്നെ നിലകൊള്ളുന്നു.ഭാരതത്തിനകത്തും പുറത്തുമായി പ്രാദേശിക ഭാഷകളിലും കലാരൂപങ്ങളിലും ആരാധനാവഴക്കങ്ങളിലുമെല്ലാം ഈ കഥ ശക്തമായി വേരോടിയിട്ടുണ്ട്. ഓരോ ഇടത്തും വൈവിധ്യങ്ങളെ വിശാലമാക്കിക്കൊണ്ടാണ് ഇതിഹാസ കഥ സ്വീകരിക്കപ്പെടുന്നത്. 


മലയാളത്തിലെ ആദികാവ്യമായി അറിയപ്പെടുന്ന രാമചരിതം, തുടർന്നുവന്ന കണ്ണശ്ശ രാമായണം, രാമകഥപ്പാട്ട്, രാമായണം ചമ്പു, എഴുത്തച്ഛന്റെ രാമായണം എന്നിങ്ങനെ ഓരോ കാലത്തിലും ഭാഷയുടെ ചൈതന്യം വെളിപ്പെടുത്തിക്കൊണ്ട് രാമായണകഥ കടന്നുവന്നു. അരവിന്ദന്റെ കാഞ്ചനസീത, വയനാടൻ രാമായണം, ശ്രീകണ്ഠൻനായരുടെ നാടകത്രയം, സാറാജോസഫിന്റെ പുതുരാമായണം, ആശാന്റെ ചിന്താവിഷ്ടയായ സീത തുടങ്ങിയവ രാമായണം കഥയ്ക്ക് പുതിയ മാനങ്ങൾ നല്കി.രാമരാവണസീത കഥാഖ്യാനം എന്ന നിലയിലാണ് ഹരീഷ് കാസർഗോഡൻ സംസാര ഭാഷയിൽ നിന്നും ആർജ്ജവമുൾക്കൊണ്ട് ആഖ്യാനസ്വരൂപം കണ്ടെത്തിയ ‘കാസർകോടൻ രാമായണ’ത്തെയും കാണേണ്ടത്. കേരളത്തിൽ തന്നെയുള്ള മലയാള ഭാഷാഭേദങ്ങളിലെ വൈവിധ്യങ്ങളെല്ലാം അവയുടെ തനിമയിലും സാമൂഹിക സന്ദർഭങ്ങളിലും ഏറെ പ്രധാനപ്പെട്ടതും ശക്തിയാർന്നതുമാണെന്നു കാണാൻ കഴിയും. അതിന്റെ വ്യക്തമായ ഉദാഹരണമാണ് "കാസർകോടൻ രാമായണമെന്ന അപൂർവ്വ ചാരുതയാർന്ന ഈ നോവൽ. കാസർഗോഡൻ സംഭാഷണഭാഷയുടെ ലാളിത്യവും സൗന്ദര്യവും പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടാണ് ഈ രചന മുന്നോട്ടു പോകുന്നത്. 
രാമായണത്തെ കാസർഗോഡ് മലയാളത്തിലേക്കു പരിവർത്തിപ്പിച്ചതല്ല ഈ കൃതി. മറിച്ച് വിവിധ കാലത്ത് വിവിധ ഇടങ്ങളിൽ ഉണ്ടായിട്ടുള്ള രാമായണ പാഠഭേദങ്ങളുടെ ആകെ തുകയാണ്.കാസർഗോഡിന്റെ ജീവിതവും സംസ്കാരവും പുരാണകഥാപാത്രങ്ങളിൽ സന്നിവേശിപ്പിച്ച് അവരെ സമകാലികരാക്കിയതാണ് ഈ കൃതിയുടെ സർഗ്ഗാത്മകതയും വ്യതിരിക്തതയും. എഴുത്തച്ഛന്റെ രാമായണം, ആനന്ദ രാമായണം, അത്ഭുത രാമായണം, വാല്മീകിരാമായണം, ഗുണഭദ്രന്റെ ഉത്തരരാമായണം തുടങ്ങി നിരവധി രാമായണങ്ങളുടെ പാത്രസ്വഭാവം ഈ നോവലിലുണ്ട്.രാവണന്റെ വ്യത്യസ്ത വ്യക്തിത്വങ്ങളായ മൈരാവണൻ, ഐരാവണൻ എന്നീ സങ്കല്പനങ്ങൾ ആനന്ദരാമായണത്തിൽ നിന്നാണ് സ്വീകരിച്ചിട്ടുള്ളത്. രാവണൻ രാമ-ലക്ഷ്മണൻമാരെ പാതാളത്തിലടച്ചപ്പോൾ ഹനൂമാൻ രക്ഷിക്കുന്ന കഥയും ആനന്ദരാമായണത്തിൽനിന്നുതന്നെ. പക്ഷേ, കഥാഖ്യാനം യാതൊരു സ്വാധീനവും തോന്നിപ്പിക്കാത്ത തരത്തിൽ സ്വാഭാവികതയോടെ മുന്നോട്ടു കൊണ്ടുപോവുന്നുതിൽ രചയിതാവ് വിജയിച്ചിരിക്കുന്നു.

“കരിപ്പക്കാരത്തി സീതേനെ അയോദ്ധ്യേന്ന് പൊറത്താക്കി. വാത്മീകിക്ക് കണ്ടപ്പാട് അതിശയോം ബേജാറും തോന്നി.” ഇങ്ങനെ ആരംഭിക്കുന്ന രാമായണ സന്ദർഭം വാല്മീകിയുടെ വേവലാതി കാസർഗോഡൻ സമ്പ്രദായത്തിൽതന്നെ അവതരിപ്പിക്കുന്നു. “രാമായണം എയ്തീറ്റ് കയ്ഞ്ഞല്ലോപ്പാ. രാമന്റെ കീർത്തി എങ്ങോട്ടെല്ലോ പാടി നടക്കാനും തൊടങ്ങി. ഈന്റട്ക്ക് ഇങ്ങൻത്തൊരു അറുവല ഇണ്ടാവൂന്ന് വിചാരിച്ചിറ്റ.” ഇത്തരം സങ്കീർണ്ണതക്കിടയിലൂടെ രാമായണകഥ കാലത്തിനിണങ്ങിയതോതിൽ പറഞ്ഞുപോകാൻ ഹരീഷ് ശ്രദ്ധ കൊടുക്കുന്നു.

രാമന്റെയും സീതയുടെയും ജനനം ബാല്യകാലം, അഹല്യാമോക്ഷം, സ്വയംവരം, കൈകേയിയുടെ വരം, കാനനവാസം, സീതാപഹരണം, സീതാന്വേഷണം, ബാലിവധം, രാമരാവണ യുദ്ധം ഇങ്ങനെ രാമായണത്തിലെ പ്രധാന കഥാ സന്ദർഭങ്ങളെല്ലാം നോവലിലുണ്ട്. രാവണൻ പുത്രിയായ സീതയെ പുഴയിലൊഴുക്കിയ കഥയും ഉൾപ്പെടുത്തീട്ടുണ്ട്.ഹനുമാൻ സങ്കല്പങ്ങളിലെ നിത്യബ്രഹ്മചാരി പരിവേഷത്തെ പൊളിച്ചെഴുതിയിട്ടുണ്ട്.ലങ്കാപുത്രിയെ വീണ്ടെടുക്കാനുള്ള ഉദ്യമമായി സീതാപഹരണം രാവണപക്ഷത്ത് നിന്നും അവതരിപ്പിക്കുന്നു, രാവണന്റെ അജയ്യയാഗം മുടക്കുന്ന അംഗദനും ബാലി-രാവണബന്ധവും വെളിപ്പെടുന്നു, രാവണനെ രാമന്റെ ഭാര്യപിതാവാക്കി എന്നത് മാത്രമല്ല സങ്കീർണമായ മുഖമുള്ളവനാക്കുന്നു. കുബേര-രാവണ ശത്രുത, ശിവ-രാവണബന്ധം, രാവണ പുത്രിമാർ,വിഭീഷണപുത്രി, മണ്ഡോദരി, ശൂർപ്പണഖ,ഹനുമാന്റെ കാമുകിമാർ ഇവർക്കെല്ലാം നോവലിൽ പ്രാധാന്യം നൽകിയിരിക്കുന്നു. പിന്നീട് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കാസർഗോഡൻ ജീവിതക്കാഴ്ചകളായി മാറി നോവൽ സജീവമാകുന്നു. ആഘോഷങ്ങളിലും ഉത്സവങ്ങളിലും ലാളിത്യവും മിതത്വവും പാലിക്കുന്നത് വടക്കൻ കേരളത്തിന്റെ പൊതു രീതിയാണ്. രാമൻ വില്ലൊടിച്ചപ്പോൾ ജനകൻ അയോദ്ധ്യയ്ക്ക് ആളെവിട്ടു. വിവാഹം ഒന്നിച്ചു നടത്തുന്നതിന് ദശരഥന് ഒരു ന്യായമുണ്ട്--യഥാർത്ഥ കാസർഗോഡൻ ന്യായം: 

“എന്നങ്കില് നമ്മക്ക് എല്ലാരെ മംഗലൂം ഒന്നിച്ച് നടത്ത്യാലോ.? ചെലവ് കൊറയൂലെ.?” 

ഇതുപോലെ കാസർഗോഡൻ മനസ്സു തെളിച്ചുതരുന്ന നിരവധി സന്ദർഭങ്ങൾ ഈ നോവലിലുണ്ട്. 

പുതിയ കാലത്തിന്റെ ലോകവീക്ഷണത്തിനിണങ്ങുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളും അതീവഹൃദ്യമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. “മംഗലപ്പരിപാടിയെല്ലാം കയിഞ്ഞിറ്റ് സാധനങ്ങളെല്ലാം എടുത്തുബെക്കുന്ന ആൾക്കാർ”, “തെളീം ബറ്റും കുടിക്കാതെ കെട്ക്ക്ന്ന മണ്ഡോദരി”, “മൂക്കത്ത് വെരല് വെച്ചിറ്റ് അയ്യോന്നാക്ക്ന്ന ഋഷിവര്യന്മാർ”, “എണേ, നിന്റെ മോന രാജാവാക്ക്ന്ന” എന്നു ചോദിക്കുന്ന മന്ഥര, “ദണ്ഡകാരണ്യം കോളണി മാതിരി അടക്കിയ രാവണൻ”, അതല്ലേ മലയാളത്തില് ഞാൻ നേര്ത്തേ പറഞ്ഞത്” എന്നു പറയുന്ന സീത—ഇങ്ങനെ കാസർഗോഡൻ ഗ്രാമീണ സമ്പ്രദായത്തിൽ കഥാപാത്രങ്ങൾ സ്വതന്ത്ര വ്യക്തികളാവുന്ന നിരവധി സന്ദർഭങ്ങൾ നോവലിൽ കാണാം.

പൊഞ്ഞാറാവുക, ചൊടിവന്നു, മേണിക്കുക, ബവുസ് കെട്ട പ്രഭാതം, സീന്തിരി, കച്ചറ, പാങ്ങ്, ബൊഗ്ലിച്ചി, ചൊക്ലിപ്പുള്ളർ, ഏട്ടി, ബിൽത്, പത്ങ്ങ്ക, ഐറ്റിങ്ങ, തുടങ്ങി കാസർഗോഡിന് സ്വന്തമായുള്ള പദങ്ങൾ എത്ര വേണമെങ്കിലും നോവലിലുണ്ട്. ഇത്തരം പ്രയോഗകൗശലം കൊണ്ട് മലയാളത്തിന്റെ പദസമ്പത്തിനെ സമൃദ്ധമാക്കുന്നതിലൂടെ രചയിതാവിന്റെ ഉദ്ദേശലക്ഷ്യങ്ങളിലൊന്ന് വെളിപ്പെടുകയാണ്.

ഓരോ വായനയിലും കുറെയേറെ അന്വേഷണങ്ങളും പഠനങ്ങളും ആവശ്യപ്പെടുന്ന കൃതിയാണ് കാസർകോടൻ രാമായണം.
ജടായുവിനോട് “നിന്നെ കൊന്നിറ്റ് കമ്പീല് കോർത്തിറ്റ് ഫ്രൈയാക്കും” എന്ന രാവണന്റെ ഭീഷണിയും “നിന്റെ സപ്പോട്ട് എനക്കു വേണ്ട” എന്ന സീതയുടെ വാക്കുകളും കഥാപാത്രങ്ങളെ പുതുകാലത്തേക്ക് എടുത്തെറിയുന്നു. 
കാസർഗോഡുകാർക്ക് ഏറെ പരിചയമുള്ള നുകരിപ്പഴം കഥാഖ്യാനത്തിൽ കൗതുകകരമായ കടന്നു വരുന്നുണ്ട്. മാൻവേഷം കെട്ടിവന്ന മാരീചൻ നുകരിപ്പഴം അവഗണിച്ചപ്പോഴാണ് രാമനു സംശയം വന്നത്, നുകരിപ്പഴം കാണുന്ന ഒരുപുള്ളിമാനിനും അതൊഴിവാക്കി മുന്നോട്ടുപോവാൻ കഴിയില്ല. പൊതുവേ മലയാളിക്കു പരിചയമില്ലാത്ത നുകരിയുടെ രുചി കാസർഗോഡൻ വാമൊഴിയിലൂടെ ഈ കൃതി അനുഭവവേദ്യമാക്കുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ