Hareeshinte kavithakal

Review by: സുധർമ്മ സി.ജെ, തൃശ്ശൂർ

അഗ്നി പടരുന്ന അക്ഷരക്കൂട്ടങ്ങൾ, ഉഭയസൗന്ദര്യമുള്ള പദാവലികൾ,പുലരിവെട്ടം പോലെ പുതുമ, ചിന്തയുടെ നൂപുരധ്വനികൾ, സാംസ്കാരിക ചിഹ്നങ്ങൾ, പ്രണയപരിഭവങ്ങളുടെയും വിപ്ലവത്തിന്റെയും വീര്യം. ഹരീഷിന്റെ കവിതകളിൽ ഒളിവിതറുന്ന ഭാവങ്ങളെ ഇങ്ങനെ എത്ര വിശേഷിപ്പിച്ചാലും മതി വരില്ല.ഹരീഷിന്റെ രചനാ കൗതുകവും കാവ്യസംസ്കാരവും വേറിട്ടത് തന്നെ.!

 കവിയും, സാഹിത്യകാരനും കലാകാരനും അഭിനേതാവുമായ ഹരീഷിനെയാണ് ഞാനറിയുന്നത്.

പ്രഥമ വായനയിൽ പ്രണയിനിയുടെ അകപ്പൊരുളിലേയ്ക്കെത്തുവാൻ നമുക്കാവില്ല. വായിക്കും തോറും ചർവ്വിതചർവ്വണങ്ങളായും നവരസങ്ങളായും ആശയക്കൂട്ടങ്ങളെ ഉല്പാദിപ്പിക്കാൻ പര്യാപ്തമാണ് ഓരൊ കവിതയും.പ്രണയം തൊട്ട് സാമൂഹിക വിമർശനം വരെ വിഷയമായി സ്വീകരിച്ചിരിക്കുന്ന അപൂർവ്വ ഭാഷാസൗന്ദര്യമുള്ള കവിതാസമാഹാരത്തിൽ അറുപതോളം കവിതകളാണ് കൂടിയിരിക്കുന്നത്. ജീവിതത്തിന്റെ സകല വഴികളിലൂടെയും കാവ്യസഞ്ചാരം നടത്തുന്ന കവിതാസമാഹാരമാണ് ഇത്.

നാവിൻ തുമ്പിലെ മധുരഭാഷണം പോലെ, മിലീന നയനങ്ങളിലെ മഴവിൽ ശോഭ പോലെ, കവിതകളിലെ സൗന്ദര്യദർശനം നാനാത്വത്തിലെ ഏകത്വമാകുന്നു.കവിയും കവിതയും തമ്മിലുള്ള ആത്മബന്ധം കുതറിമാറിയും, പിന്നേം പ്രണയിച്ചും ഉന്മാദത്തിലെത്തുന്ന കാഴ്ച ശ്രദ്ധേയമാണ്.
         "എന്റെ ഭാഷയെ,കവിതയെ
           കൊത്തല്ലെ ചെമ്പരുന്തെ"
എന്ന അഭ്യർത്ഥനയിൽ കവിയുടെ രാഷ്ട്രീയ ബോധവും,മനസിലെ ഭാഷാസ്നേഹവും പ്രകടമാകുന്നു.പ്രതിബന്ധങ്ങളിൽ നിന്നും തന്റെ ഭാഷയ്ക്കൊരു മോചനവും കവി ആഗ്രഹിക്കുന്നില്ലെ.? ഹരീഷിന്റെ ഗദ്യസാഹിത്യങ്ങൾ പരിശോധിച്ചാൽ മാനകമലയാളമല്ലാതെ പ്രാദേശിക പദങ്ങളുടെ പ്രയോഗങ്ങൾ ധാരാളം കാണാം. എങ്കിൽ കാവ്യരചനയിൽ ചിലയിടങ്ങളിൽ മാത്രം അത് ഒളിച്ചിരിക്കുന്നു.
            "ആരെന്റെയുന്മാദ-
             യക്ഷരപ്പൊയ്കയിൽ
             നീരാടുവാനായിറങ്ങി." (പ്രണയിനിക്ക്)
സൗന്ദര്യാംശങ്ങളിൽ നിന്നും ഊറിവരുന്ന ആശയങ്ങളെ പ്രണയത്തിന്റെ ചരടിൽ കോർത്തെടുക്കുന്ന വൈദഗ്ധ്യം കവിയിലുണ്ട്. കവി ഉന്മാദിയാകും നേരം, ഹൃദയത്തിൻ പൂത്തുലഞ്ഞത് പ്രണയിനിക്കുള്ള ഉപഹാരമാണ്. പ്രണയിനിക്ക് എന്ന കവിത പ്രണയിനിക്കുള്ള നൈവേദ്യമാണെങ്കിൽ പിന്നീടുള്ള വരികളിൽ "അകലാം നമുക്കിനി" എന്ന പ്രയോഗങ്ങൾ പ്രണയിനിയോടുള്ള യാത്ര ചോദിക്കലാണ്.
        "നാമിനി രണ്ടുപേർ
         പിരിയാം നമുക്കിനി" എന്നന്നേക്കുമായല്ല, അല്പനേരത്തേക്ക് മാത്രം.എന്നാൽ വിരഹത്തിന്റെ അഗ്നി തെളിയുമ്പോൾ പ്രണയസാഫല്യത്തിനുവേണ്ടി തന്നെത്തന്നെ സമർപ്പിക്കുവാൻ തയ്യാറായി നിൽക്കുന്ന കാമുകനെയാണ് 'പ്രണയവഴികളിൽ' നമ്മൾ കണ്ടെത്തുന്നത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും, പി.കുഞ്ഞിരാമൻ നായരുടെയും ഭാവനാസമൃദ്ധിയോടടുക്കും വിധം ഈ വരികളെ വായിച്ചെടുക്കാം.
      കഴിഞ്ഞ കാലത്തിന്റെ വീണ്ടെടുപ്പുമായാണ് ഹരീഷിന്റെ വിസ്മയവിരലുകൾ വിടരുന്നത്.ഒരു വേള പ്രണയത്തെ വെല്ലുവിളിയോടെയും, നെടുവീർപ്പോടെയും നേരിടുന്ന കവി മറ്റൊരിക്കൽ
     "ആ ശൂന്യതയിൽ നമുക്ക്
      വിശ്രമിക്കാം, അവിടെ
      പ്രണയമുണ്ട്." (ശൂന്യവിശ്രാന്തി)
എന്ന് പറഞ്ഞ് പ്രണയത്തിനടിമയാകുന്നു. പ്രണയത്തിന്റെ തോഴനായ് മാറുന്നു.
         "പ്രണയവീര്യത്താൽ 
           പണിഭാരമറിയാത്തവൻ."(എത്തിനോട്ടം)
ഏത് പ്രതിസന്ധിഘട്ടത്തേയും തരണം ചെയ്യുവാൻ പര്യാപ്തമാണ് പ്രണയ ചിന്തകളെന്ന് പറയാതെ പറയുമ്പോൾ പ്രണയത്തിന്റെ ആഴമളക്കാൻ 'പ്രണയമാപിനി 'യുമായി നടക്കുന്ന കാമിതാവിനെ മറ്റൊരവസരത്തിൽ നാം കണ്ടുമുട്ടുന്നു. ' കൂട്ടുകാരൻ പറഞ്ഞത് ' എന്ന കവിതയിലെ കാമുകന് കാമുകിയുടെ സ്വപ്നങ്ങളിലേക്ക് പറന്നിറങ്ങുവാൻ കൂട്ടുകാരന്റെ സഹായം സഹായം വേണ്ടി വരുന്നു.നിസ്സംഗനായ കാമുകൻ ഇക്കാലഘട്ടത്തിന്റെ നേർപകർപ്പായി മാറുമ്പോൾ ചിരി മുത്തുകൾ താനെ പൊഴിയും.
       "ഋതുഭേദങ്ങളിലൊലിച്ചു-
        പോവാത്ത പ്രണയമെ " (ധന്യം)
എന്ന് സാക്ഷാത്കാരത്തിന്റെ നെറുകയിൽ നിന്നാണ് കവി വിളിച്ചു പറയുന്നത്.
"നിന്നെ പുണരുന്ന നിമിഷം" പ്രണയം സത്വവും,വിശുദ്ധവും,നിവൃതിദായകവുമാകുന്നു. എന്നാൽ 'രതി' എന്ന കവിത പ്രണയിച്ചു മരിക്കാൻ വിധിക്കപ്പെട്ടവന്റെ സുഖീശേഷമാണ്.
     "ചുംബനത്തിലേക്ക് 
      എടുത്തു ചാടാനിരുന്ന പെണ്ണ്
      അന്ത്യചുംബനത്തിൽ മരിച്ച പുരുഷൻ
      ആകാശം ബാക്കിവെച്ച അവളുടെ നിർവ്വികാരത (അന്ത്യചുംബനം) തുടങ്ങി എത്രയോ സുന്ദര കല്പനകൾ. 

        ദ്വന്ദ്വങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ജീവിതവഴികളിലൂടെ പ്രയാണം തുടരുന്ന കവി, ദ്വിമുഖങ്ങളെ കാലത്തിന്റെ കണ്ണാടിയാക്കി മാറ്റുന്നു.ദ്വിമാനചിത്രങ്ങളുടെ അറ തുറക്കുമ്പോൾ, കവിത ഹൈക്കു തലത്തിലേക്കെത്തുന്നു.ദന്ദ്വങ്ങളുടെ സാമഞ്ജന്ന്യം ജീവിതത്തിലനുവാര്യമാണെന്നും അകറ്റിനിർത്തുവാനാകാത്തതാണെന്നും 'ഇരുളും വെളിച്ചവും' നമ്മോട് പറയുന്നു. പുറംപോച്ചുകളായി മാറുന്ന വാഗ്ദാനങ്ങൾ, ഇസങ്ങളുടെ തൻപോരിമ ഇവയ്ക്കിടയിൽ നൊന്ത് കഴിയുന്ന സാമാന്യ ജനങ്ങൾ അവരുടെ പ്രതിനിധിയായി കവി മാറുന്നുണ്ട്.

        സമാനാർത്ഥങ്ങളെ നിലനിർത്തിക്കൊണ്ട് തന്നെ ജയപരാജയങ്ങളുടെ ഒത്തുചേരലിൽ അയാൾ "നായ" എന്ന് സ്വയം പരിചയപ്പെടുത്തുമ്പോൾ അധഃപതനത്തിന്റെ നായകൻ അയാളെ "തെമ്മാടി" എന്ന് വിളിക്കുന്നു. അച്ഛന്റെ ശരീരത്തിലെ ആന്തരാവയവങ്ങൾ വിറ്റ് കിട്ടുന്ന കാശിന് വേണ്ടി മുടിയനായ പുത്രൻ അച്ഛനെ വിഷം കഴിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രം ഇക്കാലത്തിന്റെ ഭീകരതയെ വിളിച്ചോതുന്നു.പറയാൻ മറന്നു പോയത് പലതും നേർക്ക് നേർ നിന്ന് സംവദിക്കുന്ന 'ചുമർചിത്രം'.
"ജീവിതം നമുക്കുമുണ്ടെന്ന് " പറയുന്ന 'വേനൽമഴയിലെ പ്രാണികൾ, കൂരിരുട്ടിലൂടെ ദിശതേടിയലയുന്ന മനുഷ്യർ.ഈ സമാഹാരത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കവിതയായി ആകർഷിക്കപ്പെട്ടത് "കുഞ്ഞുറങ്ങുമ്പോഴമ്മ"യാണ്.
           "കുഞ്ഞുറങ്ങുമ്പോഴമ്മ
             ഭാവിയിൽ തൂകേണ്ട
             തൂതെളിർ പൂർണിമ
             കയറേണ്ട കാൽവെപ്പുമായ്
             ചിതകെട്ടിയ കാലുമായ്
    നടന്നകലുകയാവും." (കുഞ്ഞുറങ്ങുമ്പോഴമ്മ)
മാതൃഹൃദയത്തിന്റെ ആഴം തേടുന്ന വരികളാണിവ,പകരം വയ്ക്കാനില്ലാത്ത ഏകസത്വം,മാതൃ-പിതൃ ബന്ധത്തെപ്പറ്റി പറയാത്ത ഒറ്റ എഴുത്തുകാരനും ഉണ്ടായിട്ടില്ല.അമ്മയുടെ ചിന്തകൾ, സ്വപ്നങ്ങൾ, ആകുലതകൾ, പ്രതീക്ഷകൾ എല്ലാം സ്വന്തം അക്ഷരക്കൂട്ടിൽ മിഴിവോടെ തെളിയിച്ചെടുക്കുന്നു.
                സുന്ദര പദങ്ങൾ കൊണ്ട് 'ഗുരുവിന്റെ ദു:ഖം' ആഴക്കടലിലൊഴുക്കുവാൻ കവിക്ക് കഴിഞ്ഞു.കഥമാറിയ ഇക്കാലത്ത് ഗുരുശിഷ്യ ബന്ധത്തിന്റെ മഹത്വത്തെ പറ്റി കവി പരാമർശിക്കുന്നു.
        മനുഷ്യജന്മത്തിന്റെ പാഠഭേദങ്ങൾ നേർ ചിത്രങ്ങളായി ഇതൾ വിരിയുന്ന കവിതകളും സമാരത്തിലുണ്ട്.
"ഉപദേശിവേഷം പരിഷ്കൃതമാകണം
ചെറുശുഷ്കാന്തിയെങ്കിലും മുഖത്ത് വേണം." (വഴിപോക്കൻ) സാഹചര്യങ്ങളുടെ തടവറയിൽ മോഹങ്ങളും സ്വപ്നങ്ങളും ബലി കഴിക്കേണ്ടി വരുന്ന അവസ്ഥയെ 'സ്നേഹവലയ' ത്തിൽ ഒതുക്കിയിരിക്കുന്നു.മർത്യജന്മങ്ങളെ ഉഴവ് കാളകളെ പോലെയാക്കി മാറ്റി.വളരാതിരിക്കാൻ സ്നേഹവലയം തീർക്കുന്നവർക്കുള്ള പ്രതിരോധമാണ് ഈ കവിത.ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുന്ന അധികാരമേൽക്കോയ്മയുടെ കാരണക്കാരനാണ് 'കടിഞ്ഞാണി'ലെ കുഞ്ഞമ്പു. എങ്കിൽ അല്പജ്ഞാനിയായ മനുഷ്യനെ കൗതുകത്തോടെ വായിച്ചെടുക്കാം'ഓട' യിൽ. കോമാളിയിലെ മനുഷ്യന്റെ പോരാട്ടം മൂലം ആത്മാഭിമാനത്തിനേൽക്കുന്ന ക്ഷതത്തെ, ജീവിക്കാനുള്ള കാട്ടിക്കൂട്ടലുകളെ വിവരിക്കുന്നുണ്ട്.
           മോചനമില്ലാതെ കൂച്ചുവിലങ്ങിനാൽ ബന്ധിതനാണ് പക്ഷിപിടിത്തക്കാരൻ.സ്വത്വം അംഗീകരിക്കപ്പെടാത്ത ദു:ഖിതനെ തിരസ്കൃതനിലും,നിയോഗത്തിലും സമഭാവനയോടെ ദീക്ഷിക്കാം. അഞ്ജാതമായൊരു മൗനം കവിതയിലെവിടെയൊക്കയൊ മറഞ്ഞിരിപ്പുണ്ട്. ഗദ്യത്തിലും താളബോധം നിലനിർത്താൻ കഴിവുള്ള ഹരീഷിന് ഈണവും താളവുമുള്ള കവിത രചിക്കുവാൻ കാവ്യസപര്യയിലേർപ്പെടുവാൻ അനായാസം കഴിയും. കവിതയിലൂടെ സഹൃദയ സമക്ഷമെത്തുന്ന ഈ സാഹിത്യ പ്രതിഭ, നാളെ ലോകമറിയപ്പെടുന്ന ഉത്തമനായ കവിയായി മാറട്ടെ എന്ന് ആശംസിക്കുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ