മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വേല പൂരങ്ങളും മാമ്പഴക്കാലവുമെല്ലാമറിഞ്ഞ്, ആസ്വദിച്ച ഒരവധിക്കാലത്തിന് കൂടി തിരശ്ശീല വീണു കഴിഞ്ഞു. ഒരു പാട് അറിവുകൾ നാമറിയാതെത്തന്നെ സ്വയം നേടിക്കഴിഞ്ഞു.

ഇനിയുള്ള ദിനങ്ങൾ അറിവു നേടാനായി വിദ്യാലയത്തിലേക്ക് പുറപ്പെടുകയാണ് നമ്മുടെ കുട്ടികൾ.

കുറച്ചു ദിവസങ്ങളിലെ ശീലങ്ങൾ മറന്ന് ചിട്ടയായ ടൈംടേബിളോടെയുള്ള ജീവിതക്രമത്തിലെത്തിച്ചേരാൻ മനസ്സിനെ പാകപ്പെടുത്തിയേ മതിയാവൂ.

കഴിഞ്ഞ വർഷങ്ങളിൽ നമ്മുടെ മുന്നിലിരുന്ന കുട്ടികളാവില്ല ഇക്കൊല്ലം. ഇവൾ /ഇവൻ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന് ആകുലപ്പെട്ടിട്ട് കാര്യമില്ല. രണ്ടു മാസത്തെ ഇടവേളയ്ക്കിടയിൽ ഓരോരുത്തരുടേയും ജീവിത പരിസരം പലതരത്തിലുമുള്ള സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടാവാം.

മന:ശാസ്ത്രമറിയാത്ത മന:സാക്ഷിയില്ലാത്ത മുതിർന്നവരുടെ പെരുമാറ്റങ്ങൾ പലപ്പോഴുമവരെ ആകെ കുടഞ്ഞു കളഞ്ഞിട്ടുണ്ടാകാം. പ്രിയപ്പെട്ടവരുടെ വേർപാടുകൾ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന് അരക്ഷിതത്വത്തിൽ നിന്നും ഇനിയും പുറത്തു വരാത്തവരുമുണ്ടാകാം.

സാമൂഹ്യവും കുടുംബ പരവുമായ പല സംഘർഷങ്ങളും സമ്മർദങ്ങളും വ്യാകുലപ്പെടുത്തുന്ന മനസ്സുമായിട്ടാവാം പല കുട്ടികളും നമ്മുടെ മുന്നിലെത്തുന്നത്.

മുതിർന്നവർ പ്രത്യേകിച്ച് രക്ഷിതാക്കൾ പലപ്പോഴും കുട്ടികളോടായിരിക്കും തങ്ങളുടെ ആകുലതകൾ പങ്കിടുന്നത്. അച്ഛനമ്മമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം അതിരുവിടുന്നത് നിസ്സഹായമായി നോക്കി നിന്ന് മനസ്സു തകർന്ന് അരക്ഷിതത്വവുമായി വിങ്ങുന്ന മനസ്സുമായി നമ്മുടെ മുന്നിൽ ഇരിക്കുന്നവരുമുണ്ടാകാം. ആരോടും പറയാനാകാത്ത വ്യഥകൾ ഏല്പിക്കുന്ന മുറിവുകൾ മനസ്സിലേല്പിക്കുന്നവരുമുണ്ടാകുമിക്കൂട്ടത്തിൽ.

പുതിയ അധ്യയന വർഷത്തിൽ നമുക്ക് ഈ കുട്ടികളുടെ മനസ്സിലേക്ക് കുളിരമൃതായ് പെയ്തിറങ്ങാം. നമ്മുടെ ഇടപെടൽ കൊണ്ട് അവരെല്ലാം മറന്ന് സന്തോഷമുള്ളവരാവട്ടെ. ഭദ്രമായ ഒരു ഭാവി പ്രതീക്ഷ നിറവേറ്റാനായി വിദ്യാലയത്തിലെത്തുന്ന ഓരോ കുഞ്ഞിനേയും സ്വീകരിക്കാം.. അവരെ സസ്നേഹം മനസ്സുകൊണ്ട് വാരിപ്പുണരാം.

ഏവർക്കും നന്മയും പ്രത്യാശയും നിറഞ്ഞ പ്രതീക്ഷാനിർഭരമായ അധ്യയന വർഷം ആശംസിക്കുന്നു..!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ