മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ജൂൺ മാസത്തിൽ സ്ക്കൂൾ തുറക്കുന്നതിനോടൊപ്പം കുട്ടികൾക്കു കൂട്ടായി കാലവർഷം എത്തിയില്ലിക്കുറി. ഇന്നു വരും നാളെ വരും മറ്റന്നാൾ എന്തായാലും വന്നിരിക്കും എന്നെല്ലാം കേട്ടു തുടങ്ങിയിട്ട് നാളുകളായി.

അധ്യയന വർഷത്തിലെ ആദ്യത്തെ പ്രത്യേക ദിനാചരണം എന്നും അഞ്ചാം തീയതിയിലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണല്ലോ തുടക്കം കുറിക്കാറ്. അതു കൊണ്ടു തന്നെ തൈകൾ നടുക, പരിസ്ഥിതിക്കവിതകൾ ചൊല്ലുക തുടങ്ങിയ പരിപാടികൾ പതിവുപോലെ വിദ്യാലയങ്ങളിലും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലും പതിവുപോലെ ഇക്കൊല്ലവും കാണുമെന്ന് പ്രതീക്ഷിക്കാം. ഏറെ വാർത്താപ്രാധാന്യം കൊടുത്ത് നട്ട തൈകളെ മിക്ക ആളുകളും സൗകര്യപൂർവ്വമങ്ങ് മറന്നുകളയുകയുമാണ് പതിവ്. പലപ്പോഴും ആത്മാർത്ഥതയുടെ കണിക പോലുമില്ലാത്ത  പ്രകടനപരതയാണിതിൻ്റെയെല്ലാം പിന്നിലെന്നാണ് ഏറ്റവും വേദനാജനകമായ വസ്തുത.

സദുദ്ദേശത്തോടെയാണെങ്കിൽ ഇന്ന് പല സ്ക്കൂൾ പരിസരങ്ങളും വൈവിധ്യമാർന്ന വൃക്ഷ സമ്പത്തുകൊണ്ട് അനുഗ്രഹീതമായേനെ!

ഭൂമിയിൽ ഏറ്റവും കൂടുതൽ പ്രശ്നക്കാരനായ പ്ലാസ്റ്റിക്കിനോട് നാമെല്ലാം സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ട് കാലം കുറെയായെങ്കിലും ഇന്നും മണ്ണിൽ എങ്ങും ചിതറിക്കിടക്കുകയും പാറിപ്പറക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്ക് കുറവേതുമില്ലെന്നതാണ് സത്യം .

ഒരു ദിവസം മാത്രം ആചരിക്കപ്പെടേണ്ട ഒന്നല്ല പരിസ്ഥിതി ദിനവും പ്രകൃതി സ്നേഹവുമൊന്നും. പ്രകൃതിയെ ദേവിയായിക്കണ്ട് ആരാധിക്കുന്ന പ്രകൃതി ശക്തികളിൽ അഭയം തേടുന്ന മഹിമയാർന്ന സാംസ്കാരിക പാരമ്പര്യത്തിൻ്റെ പിൻമുറക്കാരാണ് നാം. പല കാലങ്ങളിലായി പലവിധ കാരണങ്ങളാൽ നമ്മളുടെ നന്മയും സ്വത്വബോധവുമെല്ലാം കൈമോശം വന്നിരിക്കുന്നത് നിസ്സാരമായി കാണാനാവില്ല.

ഇനിയൊരു തലമുറക്കിവിടെ വാസം സാധ്യമാവണമെന്ന് നമ്മുടെ മുൻഗാമികൾക്ക് നിർബന്ധ ബുദ്ധിയുണ്ടായിരുന്നു.അതു കൊണ്ടു തന്നെ പ്രകൃതിയുടെ, പരിസ്ഥിതിയുടെ ശരിയായ രീതിയിലുള്ള ആരോഗ്യ പൂർണമായ നിലനിൽപ് മുന്നിൽക്കണ്ടു കൊണ്ട് ഓരോ കാര്യവും ഏറെ വിദഗ്ദ്ധമായി അന്നവർ ആസൂത്രണം ചെയ്തു. ഭൂമി മനുഷ്യർക്കു മാത്രമല്ലെന്നും ഇവിടെ ജനിച്ചു വീഴുന്ന എല്ലാ ജീവജാലങ്ങൾക്കും ഈ മണ്ണിൽ മുളപൊട്ടുന്ന വൈവിധ്യമാർന്ന ഓരോസ സസ്യജാലത്തിനും ഇവിടെ വളരാനും വേരു പടർത്താനും അവകാശമുണ്ടെന്നും അവർ മനസ്സിലാക്കി.അതിനാൽത്തന്നെ നമ്മുടെ വനഭംഗികൾ വൈശിഷ്ട്യവും വൈവിധ്യവുമാർന്ന സസ്യസമ്പത്തിന് ഉറവിടമായി. ആരെയും അലട്ടാതെ അവിടെ വളർന്ന് ഭക്ഷണം കണ്ടെത്തി അവിടെയൊഴുകുന്ന തെളിനീർച്ചോലകളിൽ നിന്ന് ദാഹമടക്കി കാട്ടുമൃഗങ്ങൾ സ്വൈരമായി വിഹരിച്ചു പോന്നു.

കാലം പോകെപ്പോകെ ആർത്തിപൂണ്ട ഇരുകാലിക്കൂട്ടങ്ങൾ വനാതിർത്തിയിലേക്ക് കുടിയേറി സ്വാർത്ഥ താൽപര്യത്തിനായി ദ്രോഹങ്ങൾ തുടങ്ങി.കൗശല മുപയോഗിച്ച് കാടു കയ്യേറിയ വനം കയ്യേറ്റ മാഫിയകൾ യഥേഷ്ടം മരങ്ങൾ മുറിച്ചുകടത്തി. റിസോർട്ടുകൾ പണിത് പണക്കാരാവാനും എല്ലാം വെട്ടിപ്പിടിക്കാനുമുള്ള തത്രപ്പാടിനിടയിൽ എന്തു നിഷ്ഠുര കൃത്യവും ചെയ്യാനിക്കൂട്ടർക്ക് യാതൊരു മടിയുമുണ്ടായതുമില്ല. പരിസ്ഥിതി ആരോഗ്യപരമായ രീതിയിൽ നിലകൊള്ളണമെങ്കിൽ ഇനിയുള്ള  വനഭൂമിയുടെ അളവ് കുറഞ്ഞു പോകരുതെന്ന് പരിസ്ഥിതി വിദഗ്ദ്ധർ മുന്നറിയിപ്പു നൽകി. വനഭൂമിയുടെ അളവ് കൃത്യമായി നിശ്ചയിക്കപ്പെട്ടതിനു ശേഷം ഇനിയും കൈയേറ്റം അനുവദിച്ചുകൂടെന്ന് അധികാരസ്ഥാനങ്ങളിലിരുന്ന മനസ്സാക്ഷിയും ബുദ്ധിയും ബോധവുമുള്ളവർ കർശനമായി നിഷ്ക്കർഷിച്ചു.ഇത്തരമൊരു I തീരുമാനമെടുത്തതിൻ്റെ പേരിൽ ഒറ്റപ്പെട്ട വരെക്കുറിച്ചും ഇന്നും എല്ലാർക്കുമറിയാം.

അപ്പപ്പോൾ കിട്ടുന്ന അപ്പക്കഷണത്തിൽ താൽപര്യമുളളവർ എനിക്കു ശേഷം പ്രളയം എന്ന കാഴ്ചപ്പാടുള്ളവരായി എല്ലാത്തരം തിന്മക്കും കൂട്ടുനിന്നു. അവനവൻ്റെ സ്വൈരതക്ക് തടസ്സമാവുന്നത് മനുഷ്യനായാലും മൃഗമായാലും കൊല്ലുകയോ നാടുകടത്തുകയോ ചെയ്തപ്പോഴും നിസ്സംഗരായി നോക്കി നിന്നവരാണ് ഏറെയും.

പരിസ്ഥിതിയെ തെല്ലും ദ്രോഹിക്കാതെ പ്രകൃതിയെ ആരാധിച്ചു കഴിയുന്ന ആദിവാസികളും നാളെ ഇത്തരക്കാരുടെ കണ്ണിലെ കരടായി മാറുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരിഷ്കൃതരെന്നവകാശപ്പെടുന്ന സ്വാർത്ഥമതികളായ നാഗരികരുടെ കള്ളത്തരങ്ങളും കരുനീക്കങ്ങളുമൊന്നും ആ പാവങ്ങൾക്കറിയില്ലല്ലോ.

ഈ പരിസ്ഥിതി ദിനത്തിൽ ഒന്നു മാത്രം ആഗ്രഹിക്കയാണ്. അസ്ഥിരമായ ഈയൊരു ജന്മത്തിൽ മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കാനുള്ള സന്മനസ്സ് ഏവർക്കുമുണ്ടായെങ്കിൽ!

ഭരണാധികാരികൾ വനഭൂമിയിലെ കൈയേറ്റം അന്വേഷിച്ച് കണ്ടെത്തി അവിടെയുള്ള ജീവ ജാലങ്ങളുടെ ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന  സ്വസ്ഥത തിരിച്ചു ലഭിക്കാനുള്ള കർശനമായ നടപടി എടുത്തെങ്കിൽ! യഥാർത്ഥത്തിൽ വനഭൂമിയുടെ അവകാശികളായവരെ സംരക്ഷിക്കാൻ നിയമം കർശനമാക്കിയെങ്കിൽ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ