എപ്പോഴും നമ്മോട് മിണ്ടിയും പറഞ്ഞും കൊണ്ടിരുന്ന ഒരാൾ പെട്ടെന്നങ്ങ് മൗന വല്മീകത്തിലങ്ങ് മറഞ്ഞിരിക്കുക. നമ്മുടെ സ്വന്തം എന്നു കരുതി അത്ര മാത്രം സ്നേഹത്തോടെയും അനുതാപത്തൊടെയും ഏറെക്കാലമായി ഹൃദയത്തോട് ചേർത്തു പിടിച്ച ഒരാളുടെ മൗനം ഒട്ടൊന്നുമല്ല നമ്മെ വേദനിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതും.
അതു ചിലപ്പോൾ കളിക്കൂട്ടുകാരനോ കൂട്ടുകാരിയോ ആകാം, സഹോദരനോ സഹോദരിയോ ആകാം, മകനോ മകളോ ആകാം ... ആരുമല്ലാത്ത എന്നാൽ എല്ലാമെല്ലാമെന്ന് ഒരിക്കലെങ്കിലും മനസ്സിൽ ചേർന്നിരുന്ന ആരോ ആവാം.
അപ്രകാരമൊരവസ്ഥ മനസ്സിനെയങ്ങ് വല്ലാതെ കുടഞ്ഞു കളയും. 'ഇങ്ങോട്ടില്ലെങ്കിൽ അങ്ങോട്ടുമില്ല' എന്നോ ' പോട്ടെ, വിട്ടു കള എന്നുമൊക്കെ എത്ര തവണ ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും മനസ്സങ്ങനെ മൗനമായി തേങ്ങിക്കൊണ്ടേയിരിക്കും.. ഇടയ്ക്ക് നിയന്ത്രണം വിട്ട് ആർത്തലച്ച് പൊട്ടിച്ചിതറുന്ന പേമാരി പോലെയുമാവും മനസ്സ്.
ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോയവർക്കറിയാം ആ വേദന. മനസ്സ് പലപ്പോഴും കാരണങ്ങൾക്കു വേണ്ടി പരക്കം പായാറുണ്ടല്ലോ. എന്നിട്ട് സ്വരൂപിച്ചു കിട്ടിയവയെയിങ്ങനെ നിരത്തുകയും ചെയ്യും.
ചിലപ്പോൾ നമ്മെ ഒഴിവാക്കിപ്പോയതാവാം, നമ്മളൊരു ഒഴിയാബാധയായാലോ എന്നു കരുതി.
ചിലപ്പോൾ നമ്മിൽ നിന്നും ഒന്നും കിട്ടാനില്ലെന്ന് നമ്മുടെ ഗതികേടു കണ്ട് ബോധ്യം വന്നതുകൊണ്ട് ബുദ്ധിപൂർവ്വം ഒഴിഞ്ഞു മാറിയതാവാം.
അതുമല്ലെങ്കിൽ ആ വ്യക്തിക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ടല്ലോ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ എന്ന പരമമായ ജ്ഞാനം ആർജിച്ചതുമാവാം.
കാര്യങ്ങൾ ഇങ്ങനെയെല്ലാമാണെന്നിരിക്കേ, മനസ്സേ... മറന്നേക്കൂ... നമ്മെ ഓർക്കാനിഷ്ടപ്പെടാത്തവരേ... അതിനായി ശ്രമിക്കൂ ... ശ്രമിച്ചാൽ കഴിയാത്തതായി ഒന്നുമില്ലെന്നു പറയുന്നതിലെ പൊള്ളത്തരം ബോധ്യമാവുന്നതു വരെ.