mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇന്ന് മാർച്ച് 20. ലോക സന്തോഷദിനം. ജീവിതത്തിൽ എല്ലാവരുമൊന്നുപോലെ ആഗ്രഹിക്കുന്നത് സമാധാനപൂർണമായ സന്തോഷമാണ്. ഇവ രണ്ടും (സന്തോഷവും സമാധാനവും ) പരസ്പര പൂരകങ്ങളാണ്.

എന്താണ് സന്തോഷം എന്ന ചോദ്യത്തിന് പലർക്കും പലതായിരിക്കും പറയാനുണ്ടാവുക. ഒരാൾക്ക് സന്തോഷമുളവാക്കുന്നത് മറ്റേയാൾക്ക് അപ്രകാരമാവണമെന്നില്ല. സംതൃപ്തിയും കൂടി ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താമെന്നു തോന്നുന്നു. ബഹുജനം പലവിധം എന്നാണല്ലോ. മഹാകവി കുമാരനാശാൻ്റെ ഭാഷയിൽ "പ്രതിജനഭിന്ന വിചിത്രമാർഗമാം'' എന്നു പറഞ്ഞതും ഇക്കാര്യം തന്നെയാണല്ലോ.

നമ്മളൊക്കെ സന്തോഷവും സമാധാനവും എത്രമാത്രം ആഗ്രഹിക്കുന്നവരാണല്ലേ? നാം അർഹിക്കുന്ന സന്തോഷവും സമാധാനവും സ്വസ്ഥതയും നമുക്കു ലഭിക്കുന്നുണ്ടോ? സ്വയം ചോദിച്ചാൽ പെട്ടെന്നു മനസ്സിൽ തെളിയുന്ന ഉത്തരം 'ഇല്ല' എന്നു തന്നെയാണ് അല്ലേ?

ആരാണ് ഇതിനു കാരണക്കാർ? നമുക്കിതിനെക്കുറിച്ചൊന്നു കാര്യമായി ചിന്തിക്കാം. നമ്മുടെ ഇന്നുകൾ അഥവാ നാം ഇപ്പോൾ ചെയ്യുന്ന പ്രവർത്തിയുടെ പരിണത ഫലം നമുക്ക് ലഭിക്കുന്നത് എപ്പോഴാണ്?പലപ്പോഴും നാളെയ്ക്കു വേണ്ടി അഥവാ ഭാവിയിലെ ജീവിതം സന്തോഷമുള്ളതാക്കാൻ വേണ്ടി എന്നു കരുതി നാം ചെയ്യുന്നവയെല്ലാം അപ്രകാരമാവുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല ഏറെയുള്ള നമ്മുടെ പ്രതീക്ഷകൾ പലതും തകർന്നടിയുന്നതു കാണുമ്പോൾ അസഹ്യമായ ദുഃഖമായിരിക്കും അവയുളവാക്കുന്നത്.

അതിനാൽത്തന്നെ നമ്മൾ ഒന്നു മനസ്സിലാക്കേണ്ടതുണ്ട്. ഒന്നും മാറ്റിവെയ്ക്കരുത് എന്നു പറയാറുള്ളത് ഇക്കാര്യത്തിലും ഏറെ ശരിയാണ്. നാളെ എന്തു സംഭവിക്കും എന്നു പറയാനാവാത്ത വിധം അനിശ്ചിതത്വം നിറഞ്ഞതാണ് ഈ ജീവിതം.ഇന്നു ചെയ്യാനുള്ളത് പരമാവധി ഭംഗിയായി നൂറു ശതമാനം ആത്മാർത്ഥതയോടെ ഇന്നുതന്നെ ചെയ്യുക .ചെയ്യുന്ന കാര്യങ്ങളിലെല്ലാം സന്തോഷം കണ്ടെത്തുക. ഇവിടെയാണ് ദൈവ വിശ്വാസത്തിൻ്റെ പ്രസക്തി. ഏവരും മഹത്തായ ആസൃഷ്ടികർത്താവിൻ്റെ സന്തതികളാണെന്നു വിശ്വസിച്ച് അർപ്പണബോധത്തോടെ പ്രവർത്തിക്കുക.മാനവ സേവ തന്നെയാണ് മാധവ സേവയെന്നു കരുതി സേവാ നിരതരാകുക.

നമ്മൾ ആരെയെങ്കിലും സഹായിച്ചാൽ അവരിൽ നിന്നും തിരിച്ചും സഹായം കിട്ടണമെന്ന് വാശി പിടിക്കാതിരിക്കുക. നമ്മെ സഹായിക്കുന്നത് പലപ്പോഴും നമുക്ക് അതു വരെ പരിചയമില്ലാത്തവരാകും ചിലപ്പോൾ.

ഒരിക്കലും ഉപാധികളോടെ പെരുമാറാതിരിക്കാൻ ശ്രദ്ധിക്കുക.അതായത് ഇങ്ങോട്ടു സ്നേഹിച്ചാൽ അങ്ങോട്ടു സഹായിക്കും, എന്നെ സഹായിച്ചാൽ തിരിച്ചും സഹായിക്കും എന്നിത്തരത്തിൽ ചിന്തിക്കാതെ സ്നേഹിക്കാനും സഹായിക്കാനും കിട്ടിയത് ഒരവസരമാണെന്നു കരുതി ആത്മാർത്ഥമായി ചെയ്യുക. നമ്മുടെ ജീവനോ സന്തോഷമോ സ്വസ്ഥതയോ ബലി കഴിക്കാതെയാവണം ഇത്തരത്തിൽ ചെയ്യേണ്ടത് എന്നു പറയേണ്ടതില്ലല്ലോ.

സന്തോഷവും സങ്കടവുമെല്ലാം പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്നവയാണ്. അതിനാൽത്തന്നെ നമ്മെ അഭിമുഖീകരിക്കുന്നവരെ ഒരു മന്ദസ്മിതത്താലെങ്കിലും സന്തോഷിപ്പിക്കാൻ കഴിയുന്നതും പുണ്യമല്ലേ? മുന്നിൽ കാണുന്ന എല്ലാവരോടും പുഞ്ചിരി തൂകണമെന്നല്ല ഇതിനർത്ഥം. ഔചിത്യം എന്ന ഒന്നുണ്ടല്ലോ. അത് എപ്പോഴും മനസ്സിലുണ്ടായിരിക്കണം. അർഹിക്കാത്തവർക്കു നൽകാനുള്ളതല്ല നമ്മുടെ പുഞ്ചിരിയെന്നോർക്കുക.

നമ്മുടെ സന്തോഷത്തിൻ്റെ താക്കോൽ മറ്റാരെയും ഏൽപിക്കാതിരിക്കാൻ ശ്രദ്ധിച്ചേ തീരൂ. സ്വന്തം മനസ്സിൻ്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുക. മറ്റുള്ളവരുടെ സ്തുതി വാക്കുകൾ കേട്ട് തുള്ളാനും പഴി കേട്ട് സങ്കടപ്പെരുങ്കടലിൽ ആണ്ടു പോവാനും നമ്മെ ക്കിട്ടില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക.
സന്തോഷം തേടി ദൂരെയെങ്ങും അലയേണ്ടതില്ല.നമുക്കു ചുറ്റുമൊന്നു കണ്ണോടിച്ചാൽ മതിയാവും. മനോഹരമായ പ്രകൃതി. പച്ചക്കുളിർതണലേകി നിരവധി പക്ഷികൾക്ക് ആവാസസ്ഥാനമേകി ആഹരിക്കാൻ മധുര ഫലങ്ങളേകി താൻ കൊടുംവെയിൽ കൊണ്ടാലും താഴെ കുളുർതണലൊരുക്കുന്ന വൃക്ഷക്കൂട്ടങ്ങൾ .ദാഹനീ രേകി കളകളാരവം പൊഴിച്ച് മന്ദം മന്ദം ഒഴുകുന്ന നീരൊഴുക്കുകൾ ..അനന്തവിഹായസ്സിൽ ചിറകു വിടർത്തി പാറിപ്പറക്കുന്ന വിവിധതരം കിളികൾ.... കാപട്യമെന്തെന്നറിയാത്ത മറ്റു ജീവജാലങ്ങൾ അനന്തമായ ആകാശനീലിമ .. ചെമ്മരിയാടിൻ കൂട്ടങ്ങളെപ്പോലെ മേഘക്കൂട്ടങ്ങൾ ... സപ്തവർണ കാന്തിയോലുന്ന മഴവില്ല്.. വിവിധ വർണങ്ങളിലും ആകൃതിയിലും മന്ദമായ ഇളം കാറ്റിൽ ചാഞ്ചാടുന്ന പൂക്കൾ ഇങ്ങനെ എത്രയെത്ര മനോഹാരിത കളായീ പ്രകൃതിയിൽ നമുക്കായി കാത്തിരിക്കുന്നത്.
ഇവയെല്ലാം കണ്ടു സന്തോഷിക്കയല്ലേ നമുക്കു വേണ്ടൂ... നമക്കിന്നു മുതൽ, അല്ല ഇപ്പോൾ മുതൽ സ്വയം സന്തോഷിക്കാം.. മറ്റുള്ളവരെ സന്തോഷിപ്പിക്കാം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ