മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഫെബ്രുവരി 21അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നു. ഭാഷ എന്നത് വെറുമൊരു ആശയ വിനിമയോപാധിയ്ക്കപ്പുറം വിവിധ സാദ്ധ്യതകളിലേക്ക് വളരുന്ന കാഴ്ചയ്ക്ക് നാമെത്രയോ തവണ

സാക്ഷികളായവരാണ്. നമ്മുടെ ജീവരക്തത്തിൽ അലിഞ്ഞ മാതൃഭാഷ അത്രയും പ്രിയപ്പെട്ടതാവുന്നത് അത് അമ്മിഞ്ഞപ്പാലിൻ്റെ മാധുര്യത്തോടൊപ്പം പകർന്നു കിട്ടിയതുകൊണ്ടാണ്.

ഒരു കാലത്ത് സംസ്കൃത ഭാഷയുടെ ആധിപത്യത്തിൽ നിറം മങ്ങിപ്പോയ നമ്മുടെ മാതൃഭാഷയ്ക്ക് രണ്ടാം കിട സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. 
അതു കൊണ്ടു തന്നെയാണ് വിക്രമാദിത്യ ചക്രവർത്തിയുടെ വിദ്യുൽസദസ്സിലെ കവികളിൽ മലയാള കവിയായിരുന്ന പുനം നമ്പൂതിരിയെ അരക്കവിയായി കണക്കാക്കിയത്. മറ്റുള്ള 18 പേരും സംസ്കൃതപണ്ഡിതന്മാരായിരുന്നു. പതിനെട്ടരക്കവികളിലെ മലയാള കവിയെ ഒരു തരത്തിൽ ഇത്തരത്തിൽ അപമാനിച്ചത് മാതൃഭാഷയോടുള്ള അവഗണയെന്ന് ഇന്ന് നാമറിയുമ്പോൾ മനസ്സു വേദനിക്കുന്നു.

പിന്നീട് സ്ഥിതിഗതികൾ മാറി മറിഞ്ഞു. നിരവധി വൈദേശിക ആക്രമണങ്ങളിൽ ക്കിടയിൽ ഭാഷയും അടിത്തട്ടിൽത്തന്നെ കിടന്നു. ഒടുവിൽ ബ്രിട്ടീഷ് ആധിപത്യത്തോടെ ഇംഗ്ലീഷ് ഭാഷ മേൽക്കോയ്മ നേടി.
"കോരനു കുമ്പിളിൽത്തന്നെ കഞ്ഞി " എന്നു പറഞ്ഞതുപോലെ അപ്പോഴും മലയാളത്തിൻ്റെ അവസ്ഥ അതിദയനീയമായി തുടർന്നു.
രാജ്യം സ്വതന്ത്രമായി. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വൻ തോതിലുള്ള കുതിച്ചു കയറ്റത്തിന് ലോകം സാക്ഷിയായി. ലോകം മുഴുവൻ കരതലാമലകം ( ഉള്ളംകൈയിലെ നെല്ലിക്ക ) പോലെ കൈപ്പിടിയിൽ ഒതുങ്ങി.ഒരു വിരൽത്തുമ്പിൽ ഏതു വിവരവും അറിയാൻ സഹായിക്കുന്ന വിധം വിവര സാങ്കേതിക വിദ്യ വളർന്നു കഴിഞ്ഞു.അതോടെ ലോകഭാഷയായ ഇംഗ്ലീഷി ൻ്റെ പ്രാമാണികതയും മേൽക്കോയ്മയും ഒന്നു കൂടി പ്രകടമായി. അപ്പോഴും മാതൃഭാഷ താഴേക്കിടയിലേക്ക് തള്ളപ്പെട്ടു.

എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ ആളുകളെ അപേക്ഷിച്ച് മലയാളികളുടെ മാതൃഭാഷയോടുള്ള അവഗണന ഏറെയാണ് എന്ന അവസ്ഥ നമ്മുടെ ഭാഷയെ ഏറെ അപമാനവീകരിക്കാനിടയാക്കി. ഇക്കണക്കിനു പോയാൽ ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ നാമാവശേഷമായിപ്പോകുമെന്ന് ഗവേഷകർ കണ്ടെത്തിയ 20 ഭാഷകളുടെ കൂട്ടത്തിൽ മലയാളവുമുണ്ടായിരുന്നു എന്നതാണ് നമ്മെ ഏറെ വിഷമിപ്പിച്ച വസ്തുത. അതിനാൽത്തന്നെ മാതൃഭാഷാ സ്നേഹികളായ ചിലരെങ്കിലും ഭാഷാ സംരക്ഷണത്തിനായി കച്ചകെട്ടി അരങ്ങെത്തി. യശശ്ശരീരനായ പ്രശസ്ത കവി ശ്രീ.ഒ .എൻ .വി .കുറുപ്പ്, ഈയിടെ വിട പറഞ്ഞ പ്രിയ കവയത്രി ശ്രീമതി.സുഗതകുമാരി എന്നിവരെ ഈ അവസരത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു.

ഒരു കുട്ടിയുടെ മാനസികമായ വളർച്ചയ്ക്ക് മാതൃഭാഷ നൽകുന്ന സംഭാവനകൾ ചെറുതൊന്നുമല്ല.

"മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്'' എന്ന കവി വാക്യം എത്ര സത്യമാണ്!

ജീവിതോപാധിക്കായി നമുക്ക് പല ഭാഷകളും പഠിക്കേണ്ടതായി വരും.എത്ര മാത്രം ഭാഷകളിൽ പ്രാവീണ്യം നേടുന്നുവോ അത്രയും സാദ്ധ്യതകളുമുണ്ടെന്നതും സത്യം തന്നെ.എന്നാൽ അതൊന്നും മാതൃഭാഷയെ വിസ്മരിച്ചു കൊണ്ടാവരുതെന്നു മാത്രം.

ഈയിടെയായി ആളുകൾ ശരിയായ രീതിയിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ന് മാതൃഭാഷാ പ്രാവീണ്യം കൊണ്ട് തുറന്നു കിട്ടുന്ന നിരവധി സാദ്ധ്യതകൾ കൊണ്ടുമാവാം ഇത്തരത്തിലൊരു അനുകൂല മനോഭാവം രൂപപ്പെട്ടത്.
സംസ്ഥാന സർക്കാർ ജോലികൾ നേടുന്നതിനായുള്ള എഴുത്തുപരീക്ഷക്ക് മലയാള ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ മത്സര പരീക്ഷയായ സിവിൽ സർവ്വീസ് പരീക്ഷയെ അഭിമുഖീകരിക്കുന്നവർക്ക് പ്രാഥമിക പരീക്ഷയ്ക്കു ശേഷം (പ്രിലിംസിന് ) മലയാളം ഉൾപ്പെടെ രണ്ടു പേപ്പറുകൾ തിരഞ്ഞെടുക്കാനാവും. മികച്ച റാങ്കു നേടുന്നവരിലധികവും ഇത്തരത്തിൽ മലയാളം ഐച്ഛിക വിഷയമായി എടുത്തവരാണ് എന്ന വസ്തുത ഏറെ സന്തോഷം നൽകുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയെഴുതുന്നവർക്കും മലയാള പരിജ്ഞാനം കൂടിയേ കഴിയൂ. ഇതെല്ലാം നമ്മുടെ മാതൃഭാഷയുടെ വളർച്ചയെ അനുകൂലമാക്കുന്ന ഘടകങ്ങളാണ്.

"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷ താൻ " (മഹാകവി വള്ളത്തോൾ)എന്ന കവിവാക്യം വീണ്ടും വീണ്ടും സ്മരിച്ചു കൊണ്ട് ഏവർക്കും മാതൃഭാഷാദിന ആശംസകൾ നേരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ