അന്നും പതിവുപോലെ വൈകിയാണ് ശാരദ വീട്ടിൽ നിന്നും ഇറങ്ങിയത്. എത്ര നേരത്തെ എഴുന്നേറ്റ് പണികൾ ഒക്കെ തീർത്താലും ഓഫീസിലെത്താൻ വൈകും നടപ്പു വഴി ഇറങ്ങി ബസ് റോഡിലേക്ക് എത്തുമ്പോഴേക്കും സ്ഥിരം ബസ് പോയിട്ടുണ്ടാകും.
ശാരദ ബസ് സ്റ്റോപ്പിലെത്തി രണ്ടു മിനിറ്റു കഴിഞ്ഞു കാണും അപ്പോഴേയ്ക്കും അടുത്ത ബസ് വന്നു. അവൾ അതിൽ കയറി. ഭയങ്കര തിക്കും. തിരക്കുമുള്ള ബസിൽ തനിക്കു കിട്ടിയ സീററിൽ അവൾ ഇരുന്നു.
ബസ് അല്പ ദൂരം മുന്നോട്ടു നീങ്ങിയപ്പോഴേക്കും പ്രായം ചെന്ന ഒരു സ്ത്രീ കൈയ്യിൽ ഒരു ബാഗും കുറച്ചു പച്ചക്കറിയും ഒക്കെയായി ബസിൽ കയറി. ശാരദയുടെ സീറ്റിൽ തന്നെ ഇരുന്നു. അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഒന്നും താഴെ വെയ്ക്കാതെ മടിയിൽ തന്നെ പിടിച്ചു കൊണ്ടിരുന്നു''
കണ്ടക്ടർ ടിക്കറ്റെടുക്കാൻ വന്നപ്പോൾ ആ സ്ത്രീയോടു പറഞ്ഞു '"എന്തിനാണ് ഇത്രയും സാധനങ്ങൾ താങ്ങിപ്പിടിച്ചു കൊണ്ടിരിക്കുന്നത്? അടുത്തിരിക്കുന്നവർക്ക് ബുദ്ധിമുട്ടാകുമല്ലോ? അവർ അതു കേട്ട ഭാവം പോലും നടിച്ചില്ല.
ശാരദക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. എന്നാൽ അവൾ ഒന്നും അവരോടു പറഞ്ഞില്ല. പുറകിലത്തെ സീറ്റിലിരുന്ന, ശാരദയുടെ കൂട്ടുകാരി അടുത്തിരിക്കുന്ന സ്ത്രീ കേൾക്കാതെ അവളോടു ചോദിച്ചു. "നിനക്ക് ആ സ്ത്രീയോട് പറഞ്ഞു കൂടെ ആ സാധനങ്ങൾ താഴെ വെക്കാൻ " മറുപടി ഒന്നും പറയാതെ ശാരദ ഒന്നു പുഞ്ചിരിച്ചു.
ശാരദക്ക് ഇറങ്ങണ്ട ബസ് സ്റ്റോപ്പ് ആയപ്പോൾ അവളും, കൂട്ടുകാരിയും ഇറങ്ങി. ബസ്സിൽ നിന്നും ഇറങ്ങിയ ഉടൻ കൂട്ടുകാരി ശാരദയോടു ചോദിച്ചു " നീ എന്താ അവരോട് ഒന്നും പറയാതെ ഇരുന്നത്?"
"ഞാനും' അവരുമായുള്ള യാത്ര" വളരെ കുറച്ചു നേരത്തെക്കേയുള്ളു. അല്പം ദൂരം മാത്രമേ ഞങ്ങൾ തമ്മിൽ യാത്ര ചെയ്തുള്ളു. അതിനിടയിൽ ഞങ്ങൾ തമ്മിൽ ഒരു വഴക്കും, പരിഭവും ഒഴിവാക്കാമല്ലോ എന്നോർത്താണ്. ഞാൻ ഒന്നും പറയാതിരുന്നത്.
അല്പ ദൂരമേ ഉള്ളൂ ഈ ജീവിത യാത്ര. ചിലതൊക്കെ വിട്ടു കളയണം. ഇല്ലെങ്കിൽ നമ്മുടെ സമാധാനത്തെക്കൂടിബാധിക്കും. നമ്മൾ ആരാണന്ന് നമ്മൾക്ക് അറിയാമല്ലോ.
കാരുണ്യം രണ്ടു പ്രാവശ്യം അനുഗൃഹീതമാണ്. നൽകുന്നവരെയും, സ്വീകരിക്കുന്നവരെയും അത് അനുഗ്രഹിക്കന്നു '- " ഇത്രയും പറഞ്ഞ് ശാരദ ഓഫീസിലേക്ക് ഓടിക്കയറി.