mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

നിമിഷങ്ങൾ മണിക്കൂറുകൾക്കും രാത്രി പകലിനും വഴിമാറവേ, ഋതുഭേദങ്ങൾ ഒന്നൊന്നായെത്തി വിസ്മയക്കാഴ്ചകൾ ഒരുക്കുന്നതു കണ്ട് ആഹാ..! എന്നത്ഭുതപ്പെടുമ്പോഴേക്കും ബാല്യകൗമാരങ്ങൾ കഴിഞ്ഞ്

വിരുന്നെത്തിയ യൗവ്വനം യാത്ര പറയാറായിരിക്കും. ഓരോ കാലഘട്ടത്തിനുമുണ്ടല്ലോ അതിൻ്റേതായ പ്രത്യേകതകൾ. തനതായ രുചി ഭേദങ്ങളും ഇഷ്ടാനിഷ്ടങ്ങളുമെല്ലാമായി അതങ്ങനെ എത്ര പെട്ടെന്നാണ് കഴിഞ്ഞു പോകുന്നത്.

നിഷ്കളങ്കമായ ബാല്യകൗമാരങ്ങളിൽ കാണുന്ന കാഴ്ചകളോരോന്നും ഏറെ കൗതുകകരമാണെങ്കിലും നമുക്കു ചുറ്റിലുമുണ്ടാകും കുറേ അരുതായ്മകൾ. അങ്ങോട്ടു നോക്കരുത്, അവിടെ പോകരുത്, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുതെന്നറിഞ്ഞുകൂടേ എന്നിങ്ങനെ നമ്മെയവ ചിലപ്പോഴെങ്കിലും വല്ലാതങ്ങ് വരിഞ്ഞുമുറുക്കും. അതു കൊണ്ടു തന്നെ ഏറെ വർണക്കൂട്ടുകൾ വാരി വിതറി ഭംഗിയുറ്റതാ വേണ്ടിയിരുന്ന കാലഘട്ടമങ്ങ് നിറം കെട്ടുപോകാറുമുണ്ട് ചിലർക്കെങ്കിലും. എല്ലാ കുട്ടികളും മുതിർന്നവരുമെല്ലാം സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നവരാണല്ലോ. പ്രത്യേകിച്ചും കുട്ടികൾ എല്ലായ്പ്പോഴും സന്തോഷത്തോടെ തുള്ളിച്ചാടി നടക്കാനും പൂമ്പാറ്റയെപ്പോലെ അങ്ങുമിങ്ങും പാറിപ്പറക്കാനും ആഗ്രഹിക്കുന്നവരാണ്. എങ്കിലും എല്ലാ കുഞ്ഞുങ്ങളുടേയും കണ്ണുകളിൽ ആ സന്തോഷത്തിളക്കം കാണാറുണ്ടോ? 'ഇല്ല 'എന്നു തന്നെയായിരിക്കും പലപ്പോഴും ഉത്തരം. ആരാണിതിനു പിന്നിലെന്നന്വേഷിക്കയാണെങ്കിൽ നമുക്കു മനസ്സിലാവും ഏതോ വിവരമില്ലാത്ത മുതിർന്ന ആളുടെ പ്രവർത്തിയാണിതിനു കാരണമെന്ന്. 

സ്വന്തം പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അതെല്ലാം മറ്റുള്ളവരുടെ പ്രശ്നം കൊണ്ടാണെന്നു പറഞ്ഞ് സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്ന മനോരോഗികൾ പലപ്പോഴും തനിക്കു ചുറ്റുമുള്ള ആളുകളുടെ ജീവിതം നരകതുല്യമാക്കാറുണ്ട്. "താനൊട്ടു തിന്നുകയുമില്ല മറ്റുള്ളവരെയൊട്ട് തീറ്റുകയുമില്ല'' എന്നു പറഞ്ഞതുപോലെ അവനവനൊട്ട് സന്തോഷിക്കയുമില്ല, മറ്റുള്ളവരെയൊട്ട് സന്തോഷിക്കാൻ അനുവദിക്കയുമില്ല ഇക്കൂട്ടർ.

പലപ്പോഴും സ്ത്രീകൾ സ്വന്തം കുടുംബത്തിനു വേണ്ടി ഉരുകിത്തീരാറുണ്ട്. കുട്ടികൾക്കു വേണ്ടി ഒട്ടും യോജിച്ചു പോവാൻ കഴിയാത്ത ആളോടൊപ്പം സർവ്വംസഹയായി ഇവർ സ്വയം ഉരുകിത്തീരാറാണ് പതിവ്. പക്ഷേ, ഇത്രയും ത്യാഗം ഇവർ സഹിക്കുന്നതിൻ്റെ ഗുണം ആ കുട്ടികൾക്ക് കിട്ടാറില്ല പലപ്പോഴും. മാത്രവുമല്ല വല്ലാത്തൊരു തരം അരക്ഷിതത്വം ഇവരെ സദാ വേട്ടയാടിക്കൊണ്ടിരിക്കും. പരസ്പരം വിശ്വാസമോ സ്നേഹമോ ഇല്ലാതെ ഒരു കൂരയ്ക്കു കീഴിൽ ജീവിക്കുന്ന ഇത്തരക്കാരിൽ നിന്നും എന്തു സന്ദേശമാണ് കുഞ്ഞുങ്ങൾക്കു ലഭിക്കുന്നത്? ദുർബലമായ മനസ്സിന്നുടമകളാകുന്ന ഇത്തരം കുട്ടികൾ പലപ്പോഴും നാശത്തിൻ്റെ പടുകുഴിയിൽ വീണുപോവുകയാണ് പതിവ്. എന്നാൽ സർവ്വംസഹയാവാതെ സ്വന്തം ശക്തിയിലും കഴിവിലും വിശ്വസിച്ച് ഇറങ്ങിത്തിരിക്കുന്ന സ്ത്രീകളുമുണ്ട്. തൻ്റെ നേർക്കായി മറ്റുള്ളവർ തൊടുത്തുവിടുന്ന അപവാദ ശരങ്ങളെ തൃണവൽഗണിച്ച് സ്വയമങ്ങ് ജീവിച്ചു കാണിക്കുമവർ മറ്റുള്ളവർക്ക് മാതൃകയായി. ഇവരുടെ കുഞ്ഞുങ്ങളും അമ്മയുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെ വിലമതിക്കുകയും അവനവനുള്ള പാത സ്വയം വെട്ടിത്തെളിയ്ക്കണമെന്ന സന്ദേശമുൾക്കൊണ്ട് വളരുകയും ചെയ്യും.അവരുടെ ജീവിതത്തിൽ സന്തോഷപ്പൂത്തിരിയുടെ നിറശോഭയാർന്ന് നല്ലൊരു കുടുംബമായി അത് നാലുപാടും പ്രകാശം വിതറുകയും ചെയ്യും.

നമ്മുടെ സന്തോഷത്തിൻ്റെ താക്കോൽ ആരേയും ഏൽപിക്കാതിരിക്കുക. ഇത്തിരിപ്പോന്ന ഈ മനുഷ്യജന്മത്തിൽ ഓരോനിമിഷവും ആസ്വദിക്കുക. ചിലരെങ്കിലും നമ്മുടെ സ്വകാര്യതകളിലേക്കാഴ്ന്നിറങ്ങി വിത്തും വേരു മെല്ലാം ചോദിച്ചറിയണമെന്ന ഉദ്ദേശവുമായി നമ്മെ സമീപിക്കും. വളരെ വിദഗ്ദ്ധമായി അടുത്തു കൂടുന്ന ഇക്കൂട്ടരുടെ തനിനിറം വെളിച്ചത്തു വരാൻ അധിക സമയമെടുക്കില്ല. ഏറെ വിശ്വസിച്ച് നാം പറഞ്ഞ രഹസ്യങ്ങളെല്ലാം അങ്ങാടിപ്പാട്ടാക്കി ആഘോഷിക്കുന്ന ഇത്തരക്കാരെ അകറ്റി നിർത്തുക. ഫോണിലൂടെയാവും പലപ്പോഴും ശല്യം ചെയ്യൽ വല്ലാത്തൊരുപദ്രവവമായി പിന്തുടരുന്നത്. നമുക്ക് അഹിതമായവയാണ് കേൾക്കുന്നതെങ്കിൽ ഫോൺ ഓഫ് ചെയ്യാൻ മടിക്കേണ്ട കാര്യമൊന്നുമില്ല. മറ്റുള്ളവരുടെ പരാധീനതകൾ, അവർ വരുത്തിവെച്ച വയ്യാവേലികൾ എന്നിവക്കൊന്നും പരിഹാരം കണ്ടെത്തേണ്ടത് നമ്മുടെ ഉത്തരവാദിത്ത മേയല്ല.

ഭർത്താവായാലും മക്കളായാലും നമ്മുടെ വിലയറിയാതെ പെരുമാറുന്നുണ്ടെങ്കിൽ അവരുടെ വഴിക്കു വിട്ടേക്കുക. ഏറ്റവും പ്രധാനമായത് സ്വന്തം കാര്യം തന്നെയാണ്. താൻ ചത്തു മീൻ പിടിച്ചിട്ട് വല്ല കാര്യവുമുണ്ടോ? നമ്മെ വിലമതിക്കുന്ന സ്നേഹിക്കുന്ന ബന്ധങ്ങൾ എത്രയും നേരത്തെ തിരിച്ചറിയുന്നുവോ അത്രയും നല്ലതായിരിക്കും. ശുഭാപ്തി വിശ്വാസത്തോടെയിരിക്കുക. നല്ല മനസ്സുള്ളവരുമായി മാത്രം കൂട്ടുകൂടുക എന്നിവയെല്ലാം പ്രാധാന്യമർഹിക്കുന്നു. വാർദ്ധക്യത്തിലെത്തുന്നതിനു മുമ്പേ കുറച്ചെങ്കിലും സമ്പാദ്യം അവനവനായി മാറ്റി വെക്കുക. 
നിരുപാധികമായ സന്തോഷത്തിനെ എപ്പോഴും സ്വാഗതം ചെയ്യുക. നമ്മുടെ ശാരീരികവും മാനസികവുമായ സ്വസ്ഥതയും സന്തോഷവും ആത്യന്തികമായി നമ്മുടെ മാത്രം ഉത്തരവാദിത്തമാണെന്നറിയുക.
സ്വയം സന്തോഷിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചംന സഫലമായ ഒരു ജീവിതം നയിക്കാൻ ഏവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ