സലോമി ടീച്ചർ പെൺകുട്ടികൾ മാത്രം പഠിക്കുന്ന വലിയൊരു കോളജിലെ മലയാളം അദ്ധ്യാപികയാണ്. കാണാൻ നല്ല ചന്തമൊക്കെ ഉണ്ടെങ്കിലും, വയസ്സു മുപ്പതു കഴിഞ്ഞു. ഇതു വരെയും വിവാഹം കഴിഞ്ഞിട്ടില്ല.
പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ ഓരോ ചെറുക്കന്മാർ പ്രേമമാണന്നു പറഞ്ഞു പുറകെ നടന്നിട്ടുണ്ട്. അപ്പോഴെല്ലാം സലോമി അതിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടുണ്ട്. തൻ്റെ കൂട്ടുകാരികകളല്ലാം ഓരോരുത്തരുമായി പ്രേമത്തിലായിട്ടുണ്ട്. പലർക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. നല്ലതുപോലെ പഠിച്ച് ജോലി ഒക്കെ കിട്ടിക്കഴിഞ്ഞും എന്തുകൊണ്ടോ, നല്ലൊരു പ്രേമബന്ധമോ, വിവാഹമോ ഒന്നും അങ്ങോട്ട് ശരിയാക്കുന്നില്ല.
അങ്ങനെയിരിക്കെ കോളജിൽ ഒരു ചർച്ച നടക്കുകയാണ്. വിഷയം "വഴി തെറ്റിപ്പോകുന്ന പ്രേമബന്ധങ്ങൾ" ചർച്ച നയിക്കാനുള്ള നിയോഗം അവിവാഹിതയായ സലോമി ടീച്ചറിനും.
സലോമി ടീച്ചർ, തൻ്റെ മനസ്സിലുളള കാര്യങ്ങൾ തുറന്നു സംസാരിക്കുകയാണ്.
"ഒരു ചിത്രകാരനെ പ്രേമിച്ചാലോ? അയാൾ നിറങ്ങളുമായി കൂട്ടുകൂടുന്നവനാണ്. അയാളുടെ ലോകം നിറങ്ങളാണ്. അയാളുടെ ജീവിതത്തിലേക്ക് ചെന്നാൽ തൻ്റെ സ്വപ്നങ്ങൾക്കും, മോഹങ്ങൾക്കും നിറങ്ങൾ നൽകും കടുപ്പം കൂടിയ നിറങ്ങളാണെങ്കിൽ തൻ്റെ ജീവിതം നിറത്തിൽ മുങ്ങി ഇല്ലാതാകും.
സംഗീതത്തിൽ താൽപ്പര്യമുള്ള ഒരാളെ പ്രേമിച്ചാൽ, അയാളുടെ ജീവിതം മുഴുവൻ സംഗീതവുമായി മല്ലിട്ടു കൊണ്ടിരിക്കുo. ഒരു കഥാകാരനെ പ്രണയിച്ചാലോ, അയാൾ കഥയും, കഥാപാത്രങ്ങളുമായി നടക്കും. ജീവിതം തന്നെ ഒരു കഥയും. നമ്മൾ അതിലെ കഥാപാത്രവുമാകും.
ഒരു അഭിനേതാവിനെ പ്രേമിച്ചാലോ. അയാൾ അഭിനയം കൊണ്ടു തന്നെ ജീവിക്കും. അയാളോടൊപ്പം ജീവിതത്തിലും നമ്മൾ അഭിനയിക്കേണ്ടി വരും. അല്ലെങ്കിൽ മറ്റു അഭിനേതാക്കൾക്കൊപ്പം അയാൾ ജീവിതം പങ്കിടും.
അതു കൊണ്ട് നമ്മൾ ഏതു മേഖലയിലുള്ളവരുമായി പ്രേമിച്ചാലും, പ്രണയം രണ്ടു മനസ്സുകൾ തമ്മിലുള്ളതാണ്. അവിടെ കഥക്കോ, കളറിനോ, സംഗീതത്തിനോ ഒന്നും പ്രാധാന്യമില്ല. അതു സുന്ദരമാകുന്നത് രണ്ടു പേർ പരസ്പ്പരം മനസ്സിലാക്കുമ്പോഴാണ്.
ബന്ധങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിലല്ല, എങ്ങനെ നന്നായി പരിപാലിക്കുന്നു എന്നതിലാണ് അതിൻ്റെ നിലനിൽപ്പ്."
സലോമി ടീച്ചർ ഇത്രയും പറഞ്ഞു നിറുത്തുമ്പോഴേയ്ക്കും. കുട്ടികൾ പരസ്പ്പരം നോക്കി. "ഇതു വരെ ആരുമായും ഇടപഴകാത്ത ടീച്ചർ എങ്ങനെ പ്രേമത്തിന് ഇത്രയും നിർവചനങ്ങൾ നൽകുന്നു?"