"അല്ലപ്പാ, ആൺകുട്യളായാ ഇങ്ങനെ കരയുഓ" രണ്ടരവയസ്സുള്ള എന്റെ മോൻ കരയുന്നത് കേട്ട് അപ്പറത്തെ വീട്ടിലെ സുഷമേച്ചിയുടെ ചോദ്യം.
"കരയും ഇതിലും ഇതിന്റപ്പറോം കരയും, ആൺകുട്യള് കരഞ്ഞാ ന്താ കൊയപ്പൊ." കരച്ചില് ഒന്നു പതുക്കെ നിർത്തിക്കൊണ്ടുള്ള അവന്റെ മറുചോദ്യം കെട്ട് എനിക്ക് സത്യത്തിൽ സന്തോഷം തോന്നി.
കുഞ്ഞുങ്ങളുടെ മനസ്സിൽ ചെറുപ്പം മുതലേ ചില രക്ഷിതാക്കളും അയൽക്കാരും നാട്ടുകാരും അടിച്ചേൽപ്പിക്കുന്ന ഒരു സംഗതിയാണ് ആൺകുട്ടികൾ കരയാൻ പാടില്ല എന്നത്. കരച്ചിലും പിഴിച്ചിലും ഒക്കെ പെൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതാ. ചിലരുടെ സംസാരം കേൾക്കുമ്പോൾ കരച്ചിൽ എന്തോ വിലകെട്ട സംഗതിയാണ് എന്നു തോന്നും,അതു കൊണ്ടാണല്ലോ കരച്ചിൽ പെൺകുട്ടികളുടെ സമരായുധം ആക്കി കൽപിച്ചു വച്ചിരിക്കുന്നത്.
ഇതൊക്കെ ആലോചിച്ചു നിക്കുമ്പൊഴാണ് ഏട്ടന്റെ അമ്മയുടെ വരവ്, "മൂത്തോരോടെല്ലം ഇങ്ങനെ പറയാനാണോ അനൂ കുട്ടീനെ പഠിപ്പിച്ചു വച്ചിരിക്കുന്നേ"
"പിന്നെ എന്താ അമ്മേ പറയണ്ടേ, അവൻ പറഞ്ഞത് ശരിയല്ലേ"
"പിന്നേപ്പാ മൂത്തോരോട് തറുതല പറെന്നതല്ലേ ശരി" അമ്മയ്ക്ക് ദേഷ്യം വരാൻ തുടങ്ങി
"എന്റമ്മേ പ്രായമുള്ളോര് പറഞ്ഞൂന്നു വച്ച് തെറ്റ് ശെരിയാവുഓ? ആൺകുട്ടികള് കരയുന്നത് ഒരു മോശം സംഗതി ഒന്നും അല്ല. പെണ്ണായാലും ആണായാലും കരച്ചില് ധൈര്യം ഇല്ലാത്തേന്റെ ലക്ഷണോം അല്ല. നമ്മടെ മനസ്സിലെ ടെൻഷൻ ഒക്കെ കുറക്കാനും മനശ്ശാന്തി കിട്ടാനും എല്ലാം കരയുന്നത് നല്ലതാ"
അമ്മയ്ക്ക് സുഷമേച്ചിയെ ചൊടിപ്പിച്ചത് ഇഷ്ടായില്ല. ആ സ്ത്രീ ഇനി പലതും പറഞ്ഞുണ്ടാക്കും എന്നായിരുന്നു അമ്മേടെ സങ്കടം. അവര് എന്തെങ്കിലും പറഞ്ഞുണ്ടാക്കും എന്നു കരുതി നമ്മടെ കുട്ടിയെ മോശം കാര്യം പഠിപ്പിക്കേണ്ട ആവശ്യം ഇല്ലല്ലോ,ആരെയും പ്രീതിപ്പെടുത്താൻ വേണ്ടി ജീവിക്കരുത് എന്നെല്ലാം പറഞ്ഞ് അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. നമ്മള് നമ്മളല്ലാതെ വേറൊരാളായി മാറി നാട്ടുകാരെക്കൊണ്ട് നല്ലത് പറയിപ്പിച്ച് ജീവിക്കുന്നതിൽ ഒരർത്ഥവും ഇല്ല എന്നതാണ് എന്റെ പോളിസി. നമ്മളായിട്ട് ജീവിക്കാൻ വേറൊരു ജൻമം ഒന്നും പിന്നെ കിട്ടിയെന്നു വരില്ല.
ഈ സംഭവം നടന്ന് പിറ്റേ ദിവസം ആണ് സുഷമേച്ചീന്റെ മോൻ തൂങ്ങി മരിച്ചു എന്ന വാർത്തയും കൊണ്ട് തൊട്ടടുത്ത വീട്ടിലെ കുഞ്ഞപ്പേട്ടൻ വന്നത്. അമ്മയും അച്ഛനും ഏട്ടനും എല്ലാം ആകെ ഞെട്ടി ഇരിക്കുകയാണ്. സുബിൻ എന്നായിരുന്നു ആ ചേട്ടന്റെ പേര്. ഇരുപത്തൊൻപത് വയസ്സ്.എപ്പൊഴും ചിരിച്ചോണ്ട് വളരെ ഉൻമേഷവാനായി മാത്രമേ സുബിൻ ചേട്ടനെ കണ്ടിട്ടുള്ളു. ഇന്നലെ വരെ കല്ല്യാണം കഴിക്കാൻ വീട്ടിൽ നിർബന്ധിക്കുന്നുണ്ട്, പെണ്ണു കാണാൻ കൂടെ വരണം എന്നൊക്കെ ചിരിച്ചു കൊണ്ട് ഏട്ടനോട് പറയുന്നത് ഞാൻ കേട്ടതാ. പെട്ടന്ന് ഇതെന്താ പറ്റിയതെന്നോർത്ത് ഞാനും അമ്പരന്നു.
സുബിനേട്ടന് നാട്ടിൽ സ്വന്തമായി ഒരു സൂപ്പർമാർക്കറ്റ് ഒക്കെ ഉണ്ടായിരുന്നു. നല്ല വരുമാനം ഉണ്ട് കട നന്നായി പോകുന്നു എന്നൊക്കെ എപ്പൊഴും പറയാറുണ്ട്. ഇത്രയൊക്കെ സന്തോഷവാനായ മനുഷ്യൻ ആത്മഹത്യ ചെയ്തതിന്റെ കാരണം എന്തായിരിക്കും എന്നാലോചിച്ച് വീട്ടിൽ എല്ലാരും രണ്ടു മൂന്നു ദിവസായി ഇതു തന്നെയാണ് സംസാരം. പിന്നീടൊരു ദിവസം സൂപ്പർ മാർകറ്റിന്റെ മാനേജർ സുഷമേച്ചിയുടെ വീട്ടിൽ വന്നപ്പോളാണ് ഏട്ടൻ അവരെ കാണാനിടയായത്. അവരെന്തൊക്കെയോ കുറേ നേരം സംസാരിച്ചു. എന്താണ് പറയുന്നതെന്നറിയാൻ ഞങ്ങൾക്ക് ആകാക്ഷയായി. ഏട്ടൻ സംസാരം കഴിഞ്ഞ് തിരിച്ചു വരുന്നത് കണ്ട് വിവരം അറിയാൻ ഞങ്ങൾ ധൃതിപ്പെട്ടു. ഏട്ടൻ പറയാൻ തുടങ്ങി. ഞങ്ങളെല്ലാം കണ്ണും മിഴിച്ച് കാതും കൂർപ്പിച്ചിരുന്നു
"സുബിന് ഒരു പെണ്ണുമായി പ്രണയമുണ്ടായിരുന്നു,ഇടക്ക് കടേലു വരാറുണ്ടത്രേ, എംബിബിഎസ് നു ഫൈനൽ ഇയർ പഠിക്കുന്ന കുട്ടിയാ. കല്ല്യാണം കഴിക്കാറായി എന്ന് സുഷമേച്ചിയും ഭർത്താവും പറയാൻ തുടങ്ങിയപ്പൊ ഈ പെണ്ണിന്റെ കാര്യം സുബിൻ പറഞ്ഞു. ഡോക്ടർ ഒക്കെ ആവാൻ പോവുന്ന കുട്ടിയായോണ്ട് അച്ഛനും അമ്മയ്ക്കും സമ്മതക്കുറവൊന്നും ഉണ്ടാവില്ലെന്നു കരുതിയാത്രേ പുള്ളി കാര്യം പെട്ടെന്ന് പറഞ്ഞത്. പക്ഷെ നടന്നത് നേരെ തിരിച്ചായിരുന്നു. വല്ല്യ പഠിപ്പുള്ള പെണ്ണൊക്കെ ആവുമ്പൊ ജോലിക്ക് പോവേണ്ടി വരും, വയസ്സുകാലത്ത് സുഷമേച്ചീനെ വീട്ടുജോലീലൊന്നും സഹായിക്കില്ല, പിന്നെ സ്വന്തമായി വരുമാനം ഒക്കെ ഉള്ള പെണ്ണാവുമ്പൊ കൊറച്ച് അഹങ്കാരം കൂടും നമ്മള് പറയുന്നെടത്തൊന്നും നിക്കൂല ഇതൊക്കെ ആയിരുന്നു സുഷമേച്ചീന്റെ നയം."
ഞാനൊന്ന് ഇടക്കു കയറി. "ഇക്കാലത്ത് ഇങ്ങനേം ഇണ്ടാ പെണ്ണുങ്ങള്? എല്ലാരും സ്വന്തം മക്കള് നന്നാവനല്ലേ വിചാരിക്കുആ, ന്നാപ്പിന്നെ അവർക്കൊരു വേലക്കാരീനെ വെച്ചാ പോരെ?"
ബാക്കി പറയട്ടെ എന്നും പറഞ്ഞ് ഏട്ടൻ എന്നെ തടഞ്ഞു. "സുഷമേച്ചി ആ പെണ്ണിനെ വിളിച്ച് പഠിത്തോം ജോലീം എല്ലാം വേണ്ടാന്നു വച്ചാ കല്ല്യാണത്തിന് സമ്മതിക്കാംന്നു പറഞ്ഞു"
"ഇങ്ങനത്തെ സ്ത്രീടെ അട്ത്ത് നിക്കാൻ ആ പെണ്ണ് വരുഓ അതും ഇത്രം നല്ല പഠിപ്പും കളഞ്ഞ്"ഞാൻ ഒരിത്തിരി മുഷിപ്പോടെ തന്നെ ചോദിച്ചു.
ബാക്കി കഥ അറിയാൻ കാതോർത്തിരിക്കുന്ന ഞങ്ങളെ നോക്കി ഏട്ടൻ തുടർന്നു.
"ആ പെണ്ണ് പഠനോം ജോലിയും വേണ്ടാന്നു വെക്കാൻ തയ്യാറല്ലായിര്ന്നു.അതിനു ശേഷം സുഷമേച്ചിയും ഭർത്താവും സുബിനെക്കൊണ്ട് വേറെ കല്ല്യാണം കഴിപ്പിക്കുന്ന കാര്യം പെട്ടെന്ന് പെട്ടെന്ന് നോക്കാൻ തുടങ്ങി. പക്ഷെ സുബിനും ആ പെണ്ണും പിന്നെയും കാണാറെല്ലം ഇണ്ടായി. ഇക്കാര്യം അറിഞ്ഞ് സുഷമേച്ചീന്റെ ഭർത്താവ് ആ പെണ്ണിനെം വീട്ടുകാരെം വിളിച്ച് സുബിന് വേറെ കല്ല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞു. ഇനി ആ പെണ്ണിനെ കണ്ടാലോ ഫോൺ വിളിച്ചാലോ ഞാൻ ചത്തുകളയും എന്ന് സുഷമേച്ചിയും. പിന്നെ ഇടക്ക് ഇമോഷണൽ ബ്ലാക്ക്മെയിലിങ് പോലെ നിനക്ക് അമ്മയേക്കാൾ ആ പെണ്ണിനെ ആണോടാ ഇഷ്ടം എന്നൊക്കെ പറഞ്ഞ് കരച്ചിലും. ഒരു വശത്ത് ആ പെണ്ണിന്റെ സ്നേഹോം മറുവശത്ത് അച്ഛന്റേം അമ്മേടേം ഇങ്ങനത്തെ കൊറേ പ്രകടനങ്ങളും. സുബിൻ ആകെ അങ്കലാപ്പിലായി. പിന്നീട് അവൻ ആ പെണ്ണിനെ മനപ്പൂർവം ഒഴിവാക്കാൻ തുടങ്ങി. കടയിൽ ഉള്ളപ്പൊ ഒന്നും സങ്കടപ്പെട്ട് ഇരിക്കുന്നതൊന്നും കണ്ടിട്ടേ ഇല്ലാന്നാ ആ മാനേജർ പറഞ്ഞേ. അയാളും പറഞ്ഞു മരിക്കുന്നേന്റെ തലേദിവസം അമ്മ പറഞ്ഞ പെൺകുട്ടിനെ നാളെ പെണ്ണുകാണാൻ പോണം എന്നു പറഞ്ഞിര്ന്നൂന്ന്."
"ഇനി ഈ സങ്കടം കൊണ്ടാണോ ആ കുട്ടി മരിച്ചേ?അല്ല അപ്പൊ ഈ മാനേജർ ഈ കാര്യെല്ലാം എങ്ങനെ അറിഞ്ഞേ?"
അമ്മ ചോദിച്ചത് കേട്ട് ഞാനും അതേ സംശയം ചോദിച്ചു.
"മാനേജർ അറിഞ്ഞത് കടയിൽ സുബിൻ വച്ച ഒരു ഡയറീന്നാത്രേ.. പോലീസ് അന്വേഷണം ഒക്കെ ഇണ്ടായീന്ന്, ഡോക്ടർമാർ പറഞ്ഞത് ഡിപ്രഷൻ ആയിരുന്നുന്നാ, ആരോടെങ്കിലും തുറന്നു സംസാരിക്കാൻ അവനു പറ്റിയിരുന്നേൽ ഈ മരണം ഒഴിവാക്കായിര്ന്നു. സങ്കടങ്ങൾ എപ്പൊഴും ഉള്ളിലൊതുക്കി നടന്നാ ചെലപ്പൊ ഇങ്ങനൊക്കെ പറ്റീന്ന് വെരും"പറഞ്ഞു നിർത്തി ഏട്ടൻ അകത്തേക്ക് പോയി.
ഏട്ടൻ അവസാനം പറഞ്ഞ വാക്ക് കേട്ടപ്പൊൾ ഇത്രനേരം കഥകേട്ട മാനസികാവസ്ഥയിലല്ലായിരുന്നു ഞങ്ങൾ.കുറച്ചു നേരം ഒരു വാക്ക് ഉരിയാടാനാവാതെ ഞാനും അച്ഛനും അമ്മയും ഉമ്മറത്തു തന്നെ ഇരുന്നു. തീപ്പൊള്ളലേറ്റ് വെന്തു നീറുന്ന ഒരു വിങ്ങലായിരുന്നു അന്നു മുഴുവൻ മനസ്സിൽ.
മറ്റുള്ളവരുടെ മുന്നിൽ നമ്മൾ നമ്മളല്ലാതായി നിന്നഭിനയിച്ച് അവരെക്കൊണ്ട് നമ്മൾ ഓരോ നിമിഷവും ആനന്ദിക്കുകയാണ് എന്നു തെളിയിച്ചതുകൊണ്ട് ഒന്നും കിട്ടാനില്ല.ചുറ്റും ബന്ധുക്കളും കൂട്ടുകാരും ആയി നിരവധി പേരുണ്ടായിട്ടും മനസ്സിലുള്ളതെല്ലാം ആരോടും തുറന്നു പങ്കിടാൻ പറ്റാത്ത അവസ്ഥ വ്യക്തിക്കും സമൂഹത്തിനും ഭീഷണി തന്നെയാണ്.
പിറ്റേന്ന് രാവിലെ മോൻ കരയുമ്പോൾ ആരോ ചോദിക്കുന്നുണ്ടായിരുന്നു, ആൺകുട്യള് ഇങ്ങനെ കരയുഓന്ന്, മോൻ മറുപടി പറയുന്നതിനു മുമ്പെ അമ്മ പറഞ്ഞു
"അതെന്താ ആൺകുട്യള് കരഞ്ഞാല്?" പെട്ടെന്ന് തിരിഞ്ഞു നോക്കിയ അമ്മ ഞാൻ പുറകിൽ നിൽക്കുന്നത് കണ്ടപ്പോൾ പറഞ്ഞതിൽ തെറ്റുണ്ടോ എന്ന ചോദ്യം ഒരു ചിരിയിലൊതുക്കി....
കരച്ചിലൊക്കെ മാറി വേറെന്തോ കളിയിൽ മുഴുകിയ മോനെ നോക്കി ഞാനും ഒന്നു ചിരിച്ചു. ഒരു തെറ്റും ഇല്ലമ്മേ എന്നു പറയാതെ പറഞ്ഞു.