അന്തർദേശീയ തലത്തിൽ വായനക്കാരുള്ള രചനകളെയാണ് പൊതുവെ വിശ്വസാഹിത്യത്തിന്റെ പട്ടികയിൽ പെടുത്താറുള്ളത്. ഇതു ഉപരിപ്ലവമായ ഒരു നിർവ്വചനമാണ്. നിശ്ചിതമായ അതിരുകൾ ഭാഷ
സൃഷ്ഠിക്കുമ്പോൾ, കൃതികളുടെ മൊഴിമാറ്റത്തിലൂടെയോ, അന്യഭാഷാ പഠനത്തിലൂടെയോ മാത്രമേ അന്തർദേശീയ തലത്തിലുള്ള ഒരു വായനാസമൂഹത്തെ ഏതൊരു കൃതിക്കും ലഭിക്കുകയുള്ളു. ഭാഷ സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതു കാരണം, മൊഴിമാറ്റം ചെയ്താലും, രചന കാലുറച്ചു നിൽക്കുന്ന ഭൂമികയുടെ സംസ്കാരം അന്യദേശക്കാർ മനസ്സിലാക്കണമെന്നില്ല. ഇതു വായനക്കാരിൽ അന്യതാബോധം സൃഷ്ഠിക്കും. അങ്ങനെവരുമ്പോൾ വിശ്വസാഹിത്യത്തിനു കുറച്ചുകൂടി ആഴത്തിലുള്ള നിർവ്വചനം ആവശ്യമായി വരുന്നു.
നമുക്കൊരു ഉദാഹരണത്തിൽ നിന്നും തുടങ്ങാം.
"സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയിൽ."
കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' തുടങ്ങുന്നതു ഇങ്ങനെയാണ്. ഈ കവിതയിലൂടെ കവി പറയാനുദ്ദേശിക്കുന്നതു മനുഷ്യാവസ്ഥ തന്നെയാണ്. സ്ത്രീയുടെ അവസ്ഥയാണ്. ഇതു സാർവ്വലൗകികമായ വിഷയമാണ്. പക്ഷെ ഈ പതിതാവസ്ഥ അവതരിപ്പിക്കാനായി കവിഉപയോഗിച്ചിരിക്കുന്നത് ഭാരതീയമായ ഒരു പുരാണകഥയും, അതിലെ കഥാപാത്രങ്ങളെയുമാണ്. സീത ആരാണെന്നും, രാമായണം എന്തെന്നും അറിയുന്നവർക്കു മാത്രമേ കൂടുതലായി ഈ കൃതി ആസ്വദിക്കാൻ കഴിയുകയുള്ളു.
"പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ"
മധുസൂദനൻ നായരുടെ പ്രസിദ്ധമായ 'നാറാണത്തു ഭ്രാന്തൻ' ഇങ്ങനെയാണു തുടങ്ങുന്നത്. രാമായണകഥ ഭാരത ഉപഭൂഖണ്ഡത്തിൽ ഏറ്റവും പരിചിതമായ ഐതിഹ്യമാണെങ്കിൽ, പറയി പെറ്റ പന്തിരുകുലം, കേരഭൂമിയുടെ അതിരിനുള്ളിൽ മാത്രം പരിചിതമായ ഐതിഹ്യമാണ്. നമ്മുടെ തമിഴ് സുഹൃത്തിനു ഈ ഭ്രാന്തനെ അറിയില്ല.
ഈ രണ്ടു കൃതികളും ഇംഗ്ലീഷിലേക്കോ, സ്പാനിഷിലേക്കോ വിവർത്തനം ചെയ്യുന്നതായി കരുതുക. ആദ്യം സായിപ്പ് രാമായണവും, വരരുചിയുടെ കഥയും പഠിക്കണം. പിന്നീട് കവിതകൾ രണ്ടും വായിച്ചാസ്വദിക്കണം.
രണ്ടു കഥകളും അറിയാത്തവർ വായിച്ചാൽ, അവർക്കു അന്യതാബോധമുണ്ടാകും. രാമായണം നാം ഇഷ്ടപ്പെടുന്നത്, രാമനായും, സീതയായും, രാവണനായും ഒക്കെ നമ്മെത്തന്നേ പ്രതിഷ്ഠിക്കാൻ വായനയിലൂടെ നമുക്കു കഴിയുന്നതുകൊണ്ടാണ്. അതുകൊണ്ടാണ്, വായനയ്ക്കിടയിൽ, നാം നെടുവീർപ്പിടുന്നതും, കണ്ണു തുടയ്ക്കുന്നതും, രോഷാകുലനാകുന്നതും ഒക്കെ. രാമായണം അറിയാത്തയാൾ 'പടുരാക്ഷസ ചക്രവര്‍ത്തിയെന്നുടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ?' എന്നു വായിച്ചാൽ അയാളിൽ രോഷമുണ്ടാകുന്നത് എങ്ങനെയാണ്?
ഇനി മറ്റൊരു ഉദാഹരണം എടുക്കാം.
"ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?"
ആശാന്റെ വീണപൂവ് തുടങ്ങുന്നത് ഇങ്ങനെയാണ്. ഇവിടെയും കവി പറഞ്ഞുപോകുന്നത് മനുഷ്യാവസ്ഥ തന്നെയാണ്. സൗഭാഗ്യങ്ങളെല്ലാം നഷ്ടപ്പെട്ടു, തുംഗ പദവിയിൽ നിന്നും ' ദിവ്യഭോഗം വിട്ടാശു ഭുവിലടിയുന്നൊരു' മനുഷ്യാവസ്ഥയാണ്. ഇതു സാർവ്വ ലൗകികമായ മനുഷ്യാവസ്ഥയാണ്. ഇതവതരിപ്പിക്കാനായി കവി കണ്ടെത്തിയ ബിംബങ്ങൾ പൂവും, വണ്ടും, ചിത്രശലഭവും ഒക്കെയാണ്. ഇവയൊക്കെയും ഭൂമിയുടെ ഏതു കോണിലുള്ള മനുഷ്യനു പരിചിതമാണ്. ഏതു ഭാഷയിലും സംസ്കാരത്തിലും പുലരുന്ന മനുഷ്യർക്കു സുപരിചിതമാണ് ഇതെല്ലാം. വീണപൂവിലെ 41 പദ്യങ്ങളും വായിച്ചു നോക്കിയിട്ടും, അതിൽ 'ലോക്കലൈസേഷൻ' കണ്ടില്ല. മറ്റൊരു ഭാഷയിലേക്കിതു പറിച്ചു നട്ടാൽ, കടമ്പകളില്ലാതെ വായനക്കാരുടെ ഹൃദയത്തിലേക്കതു കടന്നെത്തും. ഇതാണ് നാം അന്വേഷിക്കുന്ന വിശ്വരചന. ഇതാണ് നാം അന്വേഷിക്കുന്ന വിശ്വകവിത. ഇതാണ് നാം അന്വേഷിക്കുന്ന വിശ്വസാഹിത്യം.
ഇതു എഴുത്തുകാരന്റെ 'ചോയ്സ്' മാത്രമാണ്. അഥവാ തെരഞ്ഞെടുപ്പിനുള്ള കർത്താവിന്റെ കഴിവാണു ഇവിടെ താരം. എഴുത്തുകാരന്റെ സർഗ്ഗവൈഭവമോ, ഭാഷാനിപുണതയോ ആവണമെന്നില്ല ഇതിനു കാരണം. രചനയ്ക്കുള്ള പ്ലോട്ട്, രചനയുടെ തീം, രചനയിൽ ഉപയോഗിക്കുന്ന ബിംബങ്ങൾ, ഭാഷാസംബന്ധിയായ അലങ്കാരങ്ങൾ തുടങ്ങിയവ എല്ലാം എഴുത്തുകാരന്റെ ചോയ്ഡ് മാത്രമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു തെരഞ്ഞെടുത്താൽ, അതുപയോഗിച്ചു രചിക്കുന്ന കൃതി, അഥവാ രചന സാർവ്വലൗകികമാകും. ഇങ്ങനെയുള്ള രചനകൾ പലപ്പോഴും കാലത്തെ അതിജീവിക്കാൻ ത്രാണിയുള്ളതായിരിക്കും.
'നിതംബഗുരുതയാൽത്താൻ നിലംവിടാൻ കഴിയാതി-
സ്ഥിതിയിൽത്തങ്ങുമിക്ഷോണീരംഭതാനത്രേ.'
ആശാന്റെ കരുണയിലെ വരികളാണ്. 'രംഭ' എന്ന വാക്കുകൊണ്ട് നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രങ്ങൾ, ഈ വരികൾ വിവർത്തനം ചെയ്തു വായിക്കുന്ന ബ്രസീലിയന്റെ മനസ്സിൽ ഉണ്ടാകണമെന്നില്ല. 'ക്ഷോണീരംഭ' എന്ന പ്രയോഗം ഭാഷയിലെ അലങ്കാരമാണ്. ഈ പ്രയോഗം കൊണ്ട് 'ലോക്കലൈസേഷൻ' സംഭവിക്കുന്നു. രംഭയെ അറിയാവുന്നവരിലേക്കു രചനയെ ചുരുക്കുന്നു.
ഇന്നത്തെക്കാലത്തു, ഭാഷാന്തരം ചെയ്യുന്നതു എളുപ്പമുള്ള കാര്യമാണ്. കുറച്ചു പണം മുടക്കിയാൽ, ഏതു ഭാഷയിലേക്കും, ഏതു രചനയും ഭാഷാന്തരം ചെയ്യാവുന്നതാണ്. ഈ പണി ടെക്നോളജി വളരെ എളുപ്പമാക്കിത്തരും. അതുകൊണ്ട് വിശ്വസാഹിത്യമായി കരുത്തപ്പെടേണ്ടത്, വെറുതെ ഭാഷാന്തരം ചെയ്യപ്പെടുന്ന കൃതികളല്ല. മറിച്ചു ഏതുഭാഷയിലേക്ക് ഭാഷാന്തരം ചെയ്താലും, ഏകദേശം ഒരേപോലെ മനസ്സിലാക്കപ്പെടാനും, ആസ്വദിക്കപ്പെടാനും പ്രാപ്തിയുള്ള രചനകളെയാണ് വിശ്വസാഹിത്യമായി കരുതേണ്ടത്. യൂറോപ്പിനെ ചരിത്രം പഠിച്ചിട്ടു 'യുദ്ധവും സമാധാനവും' വായിക്കണമെന്നു പറഞ്ഞാൽ, അതൊരു ശിക്ഷയാണ്.
വീണപൂവ് ഉദാഹരണമായി പറഞ്ഞെങ്കിലും, ധാരാളം മലയാള രചനകൾ, ഇപ്പറഞ്ഞ ഗുണനിലവാരമുള്ളതാണ്.