അന്താരാഷ്ട്ര ബാലികാ ദിനമായതുകൊണ്ടാവാം മുഖപുസ്തകത്താളുകളിൽ ചിരിതൂകി നിറഞ്ഞു നിൽക്കുകയാണവൾ.. ഒന്നല്ലൊരുപാടു സുന്ദരിക്കുട്ടികൾ. കാലമെത്ര പുരോഗമിച്ചാലും ശാസ്ത്ര സാങ്കേതിക
വിദ്യകൾ വളർന്നു പടർന്നു പന്തലിട്ടെങ്കിലും പെൺകുട്ടികളോടുള്ള നമ്മുടെ സമൂഹത്തിൻ്റെ പൊതുവായ കാഴ്ചപ്പാടിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നതാണ് സത്യം .
ആറ്റു നോറ്റുണ്ടായ കന്മണി ആണായാലും പെണ്ണായാലും ജീവൻ പിടിച്ചുപറിച്ചുലയ്ക്കുന്ന വേദനകൾക്കൊടുവിൽ ലഭിക്കുന്ന നിധിയെ പെറ്റമ്മ നെഞ്ചോടു ചേർക്കുന്നു. തൻ്റെ ഗർഭപീഢകളും എല്ലാത്തരം നോവുകളും ആ കുഞ്ഞു ചിരിയിൽ അലിഞ്ഞില്ലാതാവുന്നത് അവൾ അറിയുന്നു.എന്നാൽ മാസക്കുളി തെറ്റിയെന്നറിഞ്ഞ നിമിഷം മുതലേ മുഖം നോക്കിയും വയറുനോക്കിയും അവളുടെ രുചി ഭേദങ്ങൾ നോക്കിയും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുണ്ട്. കൈനോട്ടക്കാരിയും നാട്ടിലെ പ്രായം ചെന്ന മുത്തശ്ശിയുമെല്ലാം വയറ്റിൽ കിടക്കുന്ന കുട്ടി ആണാണ് എന്ന് പ്രവചിക്കും. അവൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷപ്പൂത്തിരി കത്തിച്ചു നൽകിയ ആശ്വാസത്തിൽ സ്വയം സായൂജ്യമടയും. പ്രസവിച്ചതിനു ശേഷം കുഞ്ഞ്പെണ്ണാണ് എന്നറിഞ്ഞാൽ ആ ...കുട്ടിക്കും തള്ളയ്ക്കും കുഴപ്പമൊന്നു ല്യാലോ... എന്ന് ആത്മാനു താപം കൊള്ളുംവിധം ഒരന്വേഷണം.കുട്ടി ആണാണെങ്കിലോ.?ഭേഷായി,കേമായി. കേൾക്കുന്നവർക്കൊക്കെയും എന്തൊരാശ്വാസം. ആണായി പിറന്നാൽ മതി ഇനിയൊന്നും പേടിക്കാനില്ലാത്തതുപോലെ.കുട്ടിക്ക് തൂക്കമെത്രയുണ്ട്? നിറമുണ്ടോ? മുടിയുണ്ടോ?കുട്ടിയും അമ്മയും സുഖായിരിക്കുന്നോ? എന്നിങ്ങനെ നേരത്തെ ഒറ്റച്ചോദ്യത്തിലൊതുങ്ങിയ ആകാംക്ഷയുടെ ശിഖരങ്ങൾ കിളിർത്ത് ഒരായിരം ചോദ്യങ്ങൾ.
അമ്മമാരിൽത്തന്നെ പല വിധ സ്വഭാവക്കാരുമുണ്ട്.പലപ്പോഴും താനുമൊരു പെൺകുഞ്ഞായിരുന്നു എന്നും തൻ്റെ അമ്മയിൽ നിന്നും നേരിട്ട പക്ഷപാതപരമായ സമീപനങ്ങൾ ഏല്പിച്ച മുറിവുകൾ ഉണങ്ങിയിട്ടില്ലെന്നും മനസ്സിലാക്കുമ്പോഴും വിചിത്രമായി പെൺകുഞ്ഞുങ്ങളെ അകറ്റി നിർത്തുന്നവരുമുണ്ട് എന്നതാണ് ഏറെ അതിശയം. വീട്ടിലുള്ള ആൺകുട്ടികൾക്ക് എന്നും ഒരു പ്രത്യേക അംഗീകാരവും സ്ഥാനവും നൽകുന്നവരാണ് ഏറെയും. ഭക്ഷണം നൽകുന്നതിൽപ്പോലുമുണ്ട് ഈ വിവേചനമെന്നു പറഞ്ഞാൽ അവിശ്വസനീയമായിത്തോന്നാം. പക്ഷേ, സത്യത്തിൻ്റെ മുഖം വികൃതമെന്നു പറയുന്നത് ഇതുകൊണ്ടൊക്കെയാവാം.
ഇരട്ടക്കുട്ടികളിൽത്തന്നെ ആദ്യം ആണുങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച് എഴുന്നേൽക്കുന്ന തൻ്റെ കൂടപ്പിറപ്പിൻ്റെ എച്ചിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കിയതിനു ശേഷമേ അവൾക്കു കഴിക്കാൻ അധികാരമുളളൂ. അതും പരിമിതമായ അളവിൽ. കൂടുതൽ കഴിച്ചാൽ വടിവൊത്ത ശരീരത്തിൻ്റെ രൂപഭംഗി നഷ്ടപ്പെട്ടാലോ. വിവാഹക്കമ്പോളത്തിൽ തടിച്ചുരുണ്ട പെൺകുട്ടികളെ ആർക്കും വേണ്ടപോലും.
ആണായാലും പെണ്ണായാലും ദൈവാനുഗ്രഹത്താൽ കൈവന്ന കുഞ്ഞുങ്ങളെ വേണ്ടതു പോലെ പരിപാലിക്കയാണ് ചെയ്യേണ്ടത്. അപ്രകാരം ചെയ്യുന്നവർ തന്നെയാണ് കൂടുതലും. എന്നാൽ മേൽ പറഞ്ഞ വിധം തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റപ്പെടുത്തിയും അപകർഷതാബോധം അവളിൽ വളർത്തിയും കുഞ്ഞു മനസ്സിൽ വേദനയേൽപിക്കുന്ന എത്രയോ പേരുണ്ട് .
അവൾ ജനിച്ചു വീഴുമ്പോഴേ വരുന്ന ചോദ്യം നമ്മുടെ കുട്ടിയാണോ ആരാൻ്റെ കുട്ടിയാണോ എന്നാണ്. ആൺ കുട്ടിയാണെങ്കിൽ നമ്മുടേതെന്നും പെൺകുട്ടിയെ വിവാഹം ചെയ്ത് അയക്കേണ്ടതിനാൽ ആരാൻ്റേതും എന്നങ്ങ് സ്വയം പ്രഖ്യാപിക്കയാണ്.
പെൺകുട്ടികളെ വളർത്തി വലുതാക്കുന്നതേ കെട്ടിച്ചയയ്ക്കാനാണ് എന്നാണ് ചിലർ കരുതുന്നത്. പഠിച്ചിട്ടെന്താവാനാ ,സമയത്തിന് കെട്ടിച്ചു വിടണം എന്നാണിക്കൂട്ടർ കരുതുന്നത്. നാഴികക്കു നാൽപതു വട്ടം ഇതു കേട്ടു വളരുന്ന കുട്ടിക്ക് എങ്ങനെയാണ് പഠിക്കാൻ തോന്നുക? ആണായാലും പെണ്ണായാലും മക്കൾക്ക് കഴിയുന്നത്ര വിദ്യാഭ്യാസ സൗകര്യമൊരുക്കുകയാണ് വേണ്ടത്.ആദ്യവർ സ്വന്തമായി വരുമാനമുണ്ടാക്കാൻ പ്രാപ്തി നേടട്ടെ. ഇന്ന് പെൺകുട്ടികൾക്ക് സ്വയംപര്യാപ്ത താബോധം ഏറെ കൈവന്നിരിക്കുന്നു എന്നത് ആശ്വാസത്തിന് വക നൽകുന്നു.
കെട്ടിച്ചു വിട്ടാലും പഠിക്കാലോ എന്നു പറഞ്ഞ് മിടുക്കിക്കുട്ടികളുടെ വിദ്യാഭ്യാസം പാതിവഴിയിൽ വെച്ച് നിന്നു പോയ എത്രയോ കാഴ്ചകളുണ്ട്. നമ്മുടെ പെൺകുട്ടികൾ സ്വന്തമായി നല്ലൊരു ജോലി നേടിയെടുക്കാൻ സൗകര്യമൊരുക്കുക എന്നതാണ് രക്ഷിതാക്കളുടെ കർത്തവ്യം. ഭാവിയിൽ പെരുവഴിയിൽ അകപ്പെട്ടു പോകുന്ന അനാഥത്വവും നിസ്സഹായതയും നമ്മുടെ പെൺകുട്ടികൾക്ക് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. അവൾ മകളാണ്.നമ്മുടെ വിശിഷ്ടമായ ജീവിതാരാമത്തിൽ വിരിഞ്ഞ അമൂല്യമായ പെൺപൂവ്.അവളെ ചേർത്തു പിടിക്കുക .അംഗീകരിക്കുക ആൺകുട്ടികൾക്കൊപ്പം തന്നെ.