mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും, നിർത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും, കുനിഞ്ഞിരിക്കുന്ന യുവതിയായ ഭ്രാന്തിയെപ്പോലെയുള്ള രാത്രിമഴ മനസ്സിൽ നിറച്ച വിഷാദം നമ്മളിലേക്കു ഒരു

മിഴിനീർ നനവായ് പടർന്നേറുന്നു. പണ്ട് സൗഭാഗ്യരാത്രികളിൽ ചിരിപ്പിക്കയും കുളിർ കോരിയണിയിക്കയും വെണ്ണിലാവിനേക്കാൾ പ്രിയം തന്നുറക്കുകയും ചെയ്ത രാത്രിമഴ കവയത്രിയ്ക്ക് അന്നത്തെ പ്രിയതോഴിയാവുമ്പോൾ നമുക്കുമവൾ കളിക്കൂട്ടുകാരിയാവുന്നു.

ആർജവത്തോടെ നേരിൻ്റെയും നന്മയുടെയും പക്ഷത്തുനിന്ന് മനുഷ്യനന്മയായി പോരാടിയ പ്രകൃതി സ്നേഹിയായ പ്രിയ കവയിത്രി വിടവാങ്ങുമ്പോൾ കൈരളി വല്ലാതെ വിങ്ങിപ്പൊട്ടുന്നു ... ആർത്തലച്ചു കരയുന്ന രാത്രിമഴയുടെ പാട്ടുകാരി ഇനിയില്ല. മലയാളത്താവാട്ടിലെ സ്നേഹനിധിയായ അമ്മയുടെ വിയോഗം എങ്ങനെ സഹിക്കാൻ കഴിയും..! മനുഷ്യരെയും മൃഗങ്ങളെയും സസ്യലതാദികളേയും വൃക്ഷഗണങ്ങളേയും എന്നു തുടങ്ങി നാനാചരാചരപ്രഞ്ചത്തെ ജീവനോളം സ്നേഹിച്ച എഴുത്തുകാരിയാണവർ.

പറയാനായി പറയുന്നതും പറഞ്ഞു പോകുന്നതും തമ്മിൽ ഏറെ അന്തരമുണ്ട്. സ്നേഹം പലപ്പോഴും പ്രകടനപരതയും കൃത്രിമവുമായിത്തീരുന്ന ഒരു കാലഘട്ടത്തിൽ നിർമല സ്നേഹത്തിൻ്റെ തെളിനീരൊഴുക്കായി തീരങ്ങളെ പുൽകിയുണർത്തിയിരുന്നു ആ ജന്മം.

നന്ദികെട്ട മനുഷ്യവർഗം അമ്മയായ പ്രകൃതിയെ ദ്രോഹിക്കുന്നതു കണ്ട് നിസ്സംഗയായി നിൽക്കാതെ അരുതെന്നു വിലക്കിയ അമ്മ ഇനിയില്ല എന്നത് കാരമുൾ ഹൃദയത്തിലേൽക്കുന്നതു പോലെ വേദനയാവുന്നു.പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഇത്രമാത്രം ആത്മാർത്ഥമായി പോരാടിയവർ മറ്റാരുണ്ട്? പലതരത്തിലുള്ള എതിർപ്പുകളും കൂർത്ത വിമർശന ശരങ്ങളും ജീവനു തന്നെ ഭീഷണിയുമുണ്ടായിരുന്നിട്ടും തൻ്റെ നിലപാടുകളിൽ നിന്നും കടുകിട വ്യതിചലിക്കാനവർ തയ്യാറായില്ല. കറയറ്റ ഉദാത്ത സ്നേഹം തന്നെയായിരുന്നു ഈ കരുത്തിനു പിൻബലമേകിയത്.
അരുതായ്മകൾ കണ്ടാൽ ശാസിക്കുവാനും വിലക്കാനും ഇനിയാരുണ്ട് നമുക്ക്?


തെറ്റായ മാർഗത്തിലൂടെ നടക്കുന്നവരെ ഒരമ്മയുടെ നിഷ്കളങ്ക സ്നേഹവായ്പോടെ ചേർത്തു പിടിക്കാനും നേർവഴി കാട്ടാനും ഒരാളുണ്ടായിരുന്നു നമുക്ക് ഇതുവരെ ... വല്ലാത്തൊരു അനാഥത്വമാണ് നമുക്കു വന്നു ചേർന്നിരിക്കുന്നത്. പകരം വെയ്ക്കാനില്ലാത്ത ചില നഷ്ടങ്ങൾ എന്നെന്നും ജീവിതത്തിൽ ചില ഇരുണ്ട ഇടങ്ങളായങ്ങനെ നമ്മെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും.. അത്തരമൊരു ഓർമ്മകൾ ബാക്കിയായി നമ്മുടെ പ്രിയ കവയിത്രി നമ്മെ വിട്ടു പോയിരിക്കുന്നു.

പാതവക്കത്തെ പുൽക്കൊടിത്തുമ്പിൽ വിരിയുന്ന കുഞ്ഞു പൂക്കളും വനാന്തര നിഗൂഢതയിൽ നിന്നൊഴുകിയെത്തുന്ന കിളിപ്പാട്ടും മനസ്സു തകർക്കുന്ന വേദനയക്ക് ആശ്വാസമാണെന്ന് ഇന്നു നമുക്കറിയാം... ഉയിരിനെ കാർന്നുതിന്നുന്ന വേദനകൾ മനോഹരമായ കവിതയാക്കി അവർ എത്രയോ തവണ നമ്മെയെല്ലാം സന്തോഷിപ്പിച്ചിരിക്കുന്നു. ഏറെ ദരിദ്രമായ തൻ്റെ നാടിൻ്റെ അവസ്ഥയെക്കുറിച്ച് തികച്ചും അറിവുള്ളവരായിരുന്നു അവർ.എങ്കിലും ഇവിടത്തെ ഓരോ സ്ത്രീയും ഉള്ളിനുള്ളിൽ വൃന്ദാവനത്തിലെ രാധികയാണ്. പരമാത്മസ്വരൂപനായ കൃഷ്ണനെ ജീവൻ്റെ ജീവനായി ഉപാസിക്കുന്ന നിർമല സ്നേഹത്തിൻ്റെ പ്രതിരൂപങ്ങൾ തന്നെയാണിവർ... എത്ര ഉദാത്തമാണീ ദർശനം! ഇനിയും പറക്കില്ല എന്ന സത്യമറിയാതെ ചിറകു നഷ്ടപ്പെട്ട കിളി ആകാശവിസ്തൃതിയെ നോക്കി എല്ലാം മറന്നുപാടുന്നതു കാണുമ്പോൾ എത്രയോ നഷ്ടങ്ങൾ വന്നു ചേർന്നാലും വീണ്ടും വീണ്ടും ശുഭാപ്തി വിശ്വാസികളാകാൻ നമുക്കത് പേരണയാവുന്നു.

അത്യധികം ഭീതിദമായ ഈ കാലഘട്ടത്തിലും പ്രത്യാശ കൈവിടാതെ ജീവിതത്തിനെ സ്നേഹിക്കാൻ നമുക്കാ വാക്കുകൾ പ്രചോദനമേകുന്നു. ഒരു താരകയെക്കാണുമ്പോൾ ഭീതിജനകമായ രാവിനെയും പുതുമഴകാണുമ്പോൾ അത്രയും കാലം അനുഭവിച്ചവരൾച്ചയും ഒരു പുഞ്ചിരി കാണുമ്പോൾ മൃതിയെത്തന്നെയും മറക്കുന്ന മനുഷ്യഹൃദയത്തെക്കുറിച്ച് 'പാവം മാനവഹൃദയം' എന്നവർ പറഞ്ഞു പോകുന്നു.
സകല ചരാചര പ്രപഞ്ചത്തെ മാറോടു ചേർത്തു പുണർന്ന സ്നേഹസ്വരൂപിണിയായ അമ്മയ്ക്ക്... പ്രിയ കവയിത്രിയ്ക്ക് ..കണ്ണീർ പ്രണാമം ... ആത്മാവിന് നിത്യശാന്തി നേരുന്നു... പ്രാർത്ഥനയോടെ ഈ അക്ഷരമലരുകൾ ആ തൃപ്പാദങ്ങളിൽ ഭക്ത്യാദരങ്ങളോടെ സമർപ്പിക്കാൻ അനുവദിച്ചാലും..!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ