mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചു കൊണ്ട് വില്ലുവണ്ടിയിലെത്തിയ കേരള സാമൂഹ്യ നവോത്ഥാനത്തിന്റെ നായകന്‍ മഹാത്മാ അയ്യങ്കാളിയുടെ 157-ജന്മവാര്‍ഷികമാണിന്ന്.


1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. മനുഷ്യന്‍ എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ് അയ്യങ്കാളി കണ്ടത്. ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ പോരാടാന്‍ അദ്ദേഹം തീരുമാനിച്ചു. 28-ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടി പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു.

വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാതിരുന്ന ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു. പുതുവല്‍ വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്‌കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. ഐതിഹാസികമായ കാര്‍ഷിക പണിമുടക്ക് സമരം അതിനൊരു നിമിത്തമായി മാറി. 1907 ലാണ് അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി സാധുജനപരിപാലന സംഘം രൂപീകരിച്ചത്. അവര്‍ണരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ചാവടി നട സ്‌കൂളിലെത്തിയ അയ്യങ്കാളിയും സംഘവും സ്‌കൂള്‍ പ്രവേശനത്തിനെ എതിര്‍ത്തവരെ ശക്തമായി നേരിട്ടു. എങ്ങനെയും അവര്‍ണകുട്ടികളുടെ സ്‌കൂള്‍ പ്രവേശനം സാദ്ധ്യമാക്കുമെന്ന തീരുമാനം അയ്യങ്കാളി എടുത്തത് ഈ സംഭവത്തോടെയാണ്. നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളില്‍ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അയിത്തജന വിഭാഗങ്ങള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തി വിജയിച്ചു.

ശ്രീമൂലം പ്രജാ സഭയില്‍ പുലയവിഭാഗത്തിന്റെ പ്രതിനിധിയായി സുഭാഷിണി പത്രാധിപര്‍ പി കെ ഗോവിന്ദപ്പിള്ളയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതോടെ ഒരു ജനതയുടെ സങ്കടങ്ങളും ആവശ്യങ്ങളും പ്രജാസഭയില്‍ മുഴങ്ങിക്കേട്ടു തുടങ്ങി. പി കെ ഗോവിന്ദപ്പിള്ളയുടെ അഭ്യര്‍ത്ഥനയിലൂടെ പ്രജാ സഭയില്‍ പുലയരില്‍ നിന്നു തന്നെ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ ദിവാന്‍ തീരുമാനിച്ചു. അങ്ങനെ 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്.
1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത്. വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും സന്നിഹിതരായിരുന്നു. സ്വസമുദായത്തില്‍ നിന്നും പത്ത് ബിഎ ക്കാരുണ്ടാകാന്‍ ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന. പത്തല്ല നൂറു ബിഎ ക്കാര്‍ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യങ്കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.

1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു. നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ