Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
ലേഖനങ്ങൾ
ഓണപ്പഴമ
- Details
- Written by: Harikaumar Elayidam
- Category: Article
- Hits: 1497
ഓണസങ്കല്പം കുറെ പ്രാചീനമാണ്. പഴയ നാടൻ പാട്ടുകളിൽ അത് മുദ്രപ്പെട്ടു കിടക്കുന്നു. അജ്ഞാത കർതൃകമെന്നു ചിലർ പറയുന്ന ഓണപ്പാട്ട് നമുക്കു നൽകുന്നൊരോണച്ചിത്രം ഒന്നു വേറെ തന്നെയാണ്. എന്നാൽ, അക്കാര്യത്തിൽ ചിലർ അഭിപ്രായ വ്യത്യാസം ഉളളവരാണ്. അവരുടെ കാഴ്ചയിൽ നമ്മുടെ കയ്യിലുളള ഓണപ്പാട്ട് സഹോദരൻ അയ്യപ്പൻ എഴുതിയതാണ്.! പക്ഷേ, സഹോദരനും എത്രയോമുമ്പ്, ശങ്കരകവിയെന്ന നാട്ടുകവിയുടെ പേരിൽ ആ പാട്ട് പ്രചരിക്കപ്പെട്ടിരുന്നു.ഓണത്തിൻ്റെ പഴക്കത്തെപ്പറ്റി ജനസംസ്കാര പഠനത്തിൽ ചില സൂചനകൾ നമുക്കു ലഭ്യമാണ്. പാക്കനാർ പാട്ടിലും ഭദ്രകാളിപ്പാട്ടിലും അതിൻ്റെ വേരുകൾ ആഴ്ന്നു കിടക്കുന്നു. എന്നല്ല, 'ഭദ്രകാളിപ്പാട്ടിൽ', മാവേലിനാടിൻ്റെ അധികാരിയായ ഉടയോനാണ് അവളുടെ കാന്തൻ. ഓണനാളുകളിൽ 'മാവേലിയമ്മ'യായ 'പകോതി' ഭർത്താവിനെക്കാണാൻ മാവേലി നാട്ടിലെത്തുന്നു. ഇതിനായി 'മാളോർ' എന്ന മാലോകർ പൂക്കളം ഒരുക്കി കാത്തിരിക്കുന്നു.'പൂക്കളം' എന്ന സങ്കല്പം തന്നെ സ്തൈണതയെക്കുറിക്കുന്നു. ദേവിയുടെ കളമാണത്. പ്രാചീന ഗോത്രസ്മൃതിയിൽ 'പൂവ്' സ്ത്രീയുടെ പ്രതീകവുമാണ്. ഭദ്രകാളിയുടെ കാന്തനായ മാവേലിത്തമ്പുരാനാകട്ടെ മാതേവരും. ഈ മാതേവർ, ഗോത്ര പാരമ്പര്യത്തിലെ പൂർവ്വികാരാധനയുടെയോ പിതൃപൂജയുടേയോ, പല്ക്കാലത്തെ ശൈവാരാധനയുടെയോ, ഹാരപ്പൻ കാലത്തെ പശുപതിയുടെയോ വരെ തുടർച്ചയാകാം.അധികാരിയെ 'അച്ചനായി' സംബോധന ചെയ്യുന്ന സമൂഹം ഇന്നും നമുക്കിടയിലുണ്ട്. മാവേലിയമ്മ ആ അധികാരിയുടെ പെൺപാതിയാണ്. ഭദ്രകാളി സങ്കല്പം സാർവ്വത്രികമായിത്തീരുന്നതിനുമുമ്പ് ഇവിടുത്തെ സാധാരണ ജീവിതങ്ങളെ പൂണ്ടു പുലർത്തിയിരുന്ന ദേവതാ സങ്കല്പമായാകാം 'മാവേലിയമ്മ' നാട്ടുനാവുകളിൽ നിറഞ്ഞാടുന്നത്. ഗോത്ര മാതൃദേവതകളെല്ലാം ദേശദേവതകളായി ക്ഷേതത്തിലധിവാസം തുടങ്ങിയപ്പോൾ, മാവേലിദേശത്തെ പരദേവതയായി മാവേലിയമ്മയും പരിവർത്തിക്കപ്പെട്ടിരിക്കാം. ഏതായാലും ആ അമ്മയുടെ വരവാണ് വാമൊഴിപാരമ്പര്യത്തിലെ പൊന്നോണം. 'ഒരാണ്ടിലൊരിക്കൽ വരുന്ന മാവേലിയമ്മയ്ക്കരിയോ അരി'(ഭദ്രകാളിപ്പാട്ട്)തൃക്കാക്കരയിലെ മൂലദേവനായ മഹാദേവനാണ് ഓണത്തപ്പൻ എന്ന, കറുപ്പൻ വീട്ടിൽ ഗോപാലപിളളയുടെ നിരീക്ഷണം (കേരള മഹാചരിത്രം) ഈ പശ്ചാത്തലത്തിൽ കൂടുതൽ ആലോചനീയമാണ്.കൊല്ലവർഷം 1124ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു:'എടപ്പള്ളിക്കു സമീപത്ത് 'തൃക്കാക്കര' എന്നൊരു ഗ്രാമം ഉണ്ട്. ഇവിടെ പുരാതനമായ ഒരു ക്ഷേത്രവും കോവിലകങ്ങളുടെ നഷ്ടശിഷ്ടങ്ങളും കാണാനുണ്ട്. ക്ഷേത്രം വളരെ ഐശ്വര്യത്തിലും പ്രാഭവത്തിലും, വിദൂരമായ അതീതകാലത്ത് ഇരുന്നിരുന്നുവെന്നും, ഇപ്പോഴത്തെ പരിതസ്ഥിതികളിൽനിന്ന് മനസ്സിലാക്കാൻ കഴിയും. ഇതു മഹാദേവക്ഷേത്രമാണ്. 'തൃക്കാക്കര അപ്പൻ' എന്നാണ് പ്രസ്തുത ഉപാസനാ മൂർത്തിയുടെ അപരനാമം. ഈ തൃക്കാക്കര അപ്പനും പ്രാചീന കേരള ചരിത്രവുമായി വലുതായ ഒരു ബന്ധം ഉണ്ട്' (കേരളമഹാചരിത്രം, കുറുപ്പുംവീട്ടിൽ കെഎൻ. ഗോപാലപിള്ള, പേജ്-77)