mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സ്ഥലപ്പേരുകൾ രൂപപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ആദ്യമായി ഒരു പ്രദേശത്തേക്ക് വരുന്നവരിലൂടെയാണ്, നിശ്ചയമായും, ആ പ്രദേശത്തിന് ഒരു പേര് ഉണ്ടാവുക. തങ്ങൾ പരിചയിച്ച ഇതര പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രദേശത്തെ വേർതിരിച്ചറിയുന്നതിനാണ് ദേശപ്പേരുകൾ ഉരുവം കൊളളുന്നത്. ഭൂപ്രകൃതി, തരുലതാദികൾ, പ്രത്യേക സംഭവങ്ങൾ, വ്യക്തികൾ, രാജാക്കന്മാർ തുടങ്ങി നിരവധികാരണങ്ങളും സവിശേഷതകളും അതിനു കാരണമാകാം. ഇന്നകാരണം എന്നു തീർത്തു പറയുക അസാധ്യം. ഇങ്ങനെയാവാം എന്ന ധാരണമാത്രം കരണീയം.
 
വൃക്ഷങ്ങൾ പല സ്ഥലപ്പേരുകൾക്കും നിദാനമായിത്തീർന്നിട്ടുണ്ട്. കാഞ്ഞിരം, കാഞ്ഞിരോട് (ചട്ടമ്പിസ്വാമികൾ എഴുതുന്നുണ്ട് / ഇപ്പോൾ കാസർകോട്), കാഞ്ഞിരം പാറ, കാഞ്ഞിര വിളാകം (തിരുവനന്തപുരം), കാഞ്ഞിരത്തിൻമൂട് (മാവേലിക്കര / ചെട്ടികുളങ്ങര) തുടങ്ങിയ ദേശപ്പേരുകൾക്ക് ഇടയാക്കിയിട്ടുണ്ട്.  
 
കാഞ്ഞിരം + പളളി എന്നിങ്ങനെ കാഞ്ഞിരപ്പളളിയെ രണ്ടു ഘടക പദങ്ങളായി വേർതിരിക്കാം.
 
പൂർവ്വപദമായ കാഞ്ഞിരത്തെ, വൃക്ഷമായിത്തന്നെ പരിഗണിക്കാം. അങ്ങനെയായാൽ - ഏറെ പ്രത്യേകതകൾ നിറഞ്ഞ കാഞ്ഞിര മരമായിരുന്നു ദേശപ്പേരിനു നിദാനമെന്നു കരുതാം. കാഞ്ഞിരമരം മണ്ണിൽ നിന്നു മറഞ്ഞിട്ടും നാട്ടുപേരിൽ തലമുറകൾ കടന്ന് അതിന്നും ജീവിക്കുന്നു. 
 
ഉത്തര പദമായ പളളി ശ്രദ്ധേയമാണ്. അത് ക്രൈസ്തവ / ഇസ്ലാം പളളി ആവാനിടയില്ല.
 
ആ 'പളളി' ജൈനപ്പളളിയാകാനുളള സാധ്യതകളാണേറെ. പൊൻകുന്നം പോലുളള സമീപ ദേശപ്പേരുകൾ ജൈന സാന്നിധ്യം കുറിക്കുന്നതാണ്. 'പൊൻ' (പൊന്മുടി ഉൾപ്പെടെ) ദേശപ്പേരുകളിലെ ജൈനാവശിഷ്ടമാണെന്ന  നിരീക്ഷണം (വി. വി. കെ. വാലത്ത്) മുമ്പേയുണ്ട്.
 
കാഞ്ഞിരപ്പളളിയിലെ  ആദ്യകാല കുടിയേറ്റമായ വണിക് സമൂഹവും ജൈനമതവുമായുളള ബന്ധം ഇവിടെ  പ്രസക്തമാണ്. മംഗളാദേവി ക്ഷേത്രാവശിഷ്ടങ്ങളും (ഇന്നു ക്ഷേത്രെമെന്നു പാതുവേ വ്യവഹരിക്കപ്പെടുന്ന) മറ്റു പല പ്രാചീന നിർമ്മിതികളുടെ വശിഷ്ടങ്ങളും ജൈനമതവുമായുളള ആ പ്രദേശത്തിൻ്റെ വെരകലിനെ അടയാളപ്പെടുത്തുന്നുണ്ട്.
 
ചില പ്രാദേശിക ചരിത്ര ഭാവനാരചയിതാക്കൾ, കാഞ്ഞിരപ്പളളിയുടെ കർതൃത്വം, തെക്കുംകൂറിൽ വെച്ചു കെട്ടുന്നുണ്ട്. അങ്ങനെയായാൽ ഏതാണ്ട് ഇരുനൂറ്റിയൻപതിനപ്പുറം പഴക്കം കാഞ്ഞിരപ്പളളിക്ക് കല്പിക്കാനാവില്ല. എന്നാൽ ആ ദേശപ്പേരിന് അതിൽക്കൂടുതൽ പഴക്കം ഉളളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശങ്കു അയ്യർ അത്തരം നിലപാടുറപ്പിക്കുന്നുമുണ്ട്.
 
ആ നിലക്ക്, കാഞ്ഞിരപ്പളളിയ്ക്ക് പഴക്കം കാണുമ്പോൾ, നാട്ടുപേരിലെ ഉത്തരപദമായ പളളി, ക്രൈസ്തവ / മുസ്ലിം പളളികളെയല്ല സൂചിപ്പിക്കുന്നതെന്നു കാണാം. 
 
മറ്റൊരു വഴിക്കും ചില നൈപുണികൾ ചിന്തിക്കുന്നുണ്ട്. 'കാൽ' ( നീരുറവ, നീരൊഴുക്ക്, (കൃഷിയോഗ്യമായ) നദീ / ജല സാന്നിധ്യം) എന്ന പദവും 'നിരപ്പ്' (അധിവസിക്കാൻ കൊളളാവുന്നത് എന്ന് താല്പര്യം) 'പളളി' എന്ന പദവും ചേർന്ന് കാഞ്ഞിരപ്പളളി (കാൽ + നിരപ്പ് + പളളി > കാൽനിരപ്പ്പപളളി >  കാഞ്ഞിരപ്പളളി രൂപപ്പെടാനുളള 'സാധ്യത'യാണ് പലരും പറയുന്നത്. ഒരു വലിയ കമ്പോളമെന്ന നിലയിലും ജനപഥമെന്ന നിലയിലും ചരിത്രത്തിൽ ഇടംപിടിച്ച കാഞ്ഞിരപളളിയിലെ ആദ്യ കുടിയേറ്റക്കാരുടെ സെറ്റിൽമെൻ്റിനെ ആവഴി കണ്ടെത്തായെന്നാണ് ചിലരുടെ ചിന്ത. കൃഷിക്കനുയോജ്യമായ, താരതമ്യേന നിരപ്പേറിയ, നീരൊഴുക്കുളള ദേശത്ത് കൃഷിക്കൊപ്പം സ്ഥിര താമസമാക്കിയ ആദ്യ പഥികരെക്കൂടി, കുടിയേറ്റത്തെക്കൂടി,  കാഞ്ഞിരപ്പളളിയെന്ന ദേശപ്പേര് അടയാളപ്പെടുത്തുന്നു. അവരുടെ വിശ്വാസത്തെ ഉത്തരപദമായ പളളി സൂചിപ്പിക്കുന്നു. മണിമലയാറിൻ്റെ കൈവഴിയായ ചിറ്റാർ അതുവഴി ഒഴുകുന്നതായി കാണാം. 
 
എന്നാൽ, കാൽ, ചിറ, പളളി എന്നിവയാണ് കാഞ്ഞിരപ്പളളിയുടെ പേരിനു കാരണമെന്നു കരുതുന്ന മനീഷികളുമുണ്ട്. കാൽ + ചിറയാണ് കാൽച്ചിറയും കാഞ്ചിറയും, പിന്നീട്  കാഞ്ചനവുമായിത്തീർന്നതെന്നും അവർ വാദിക്കുന്നു. കാഞ്ചനപ്പളളിയാണ് കാഞ്ഞിരപ്പളളിയായതെന്ന നിഗമനത്തിലൂന്നിയാണ് ഈ അഭിപ്രായം വികസിക്കുന്നത്.
 
പക്ഷേ, സ്ഥലപ്പേരുകൾ, പണ്ഡിത സൃഷ്ടികളല്ലാത്തതിനാൽ ആ വഴി കഠിനവഴിയാണ്.  

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ