മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

കാലം സ്വതസിദ്ധമായ രീതിയിൽ അതിന്റെ പ്രവാഹം തുടർന്നു കൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ പുതിയവ പലതും ഉരുത്തിരിയുകയും ഉള്ളത് പലതും വിസ്മൃതങ്ങളാവുകയും ചെയ്യുന്നുണ്ട് .അതിനിടയിൽ അപൂർവ്വമായി ചിലതു

മാത്രം അഭംഗുരമായി തുടരുന്നു. അത്തരത്തിൽ ചരിത്രത്തിലെ നിത്യപ്രകാശിതമായ ഒരു നക്ഷത്രമാണ് ഗാന്ധിജി. ലോകം നേരിടുന്ന എല്ലാ പ്രതിസന്ധികളിലും വെളിച്ചം പകരാൻ കഴിയുന്ന ഒരാശയമണ്ഡലം പകർന്നുതന്ന് വിടപറഞ്ഞതുകൊണ്ടാണ് ഗാന്ധിജിയുടെ പ്രസക്തി എന്നും വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും ചിന്തകളുടേയും ലാളിത്യം എതിരാളികൾക്കു പോലും അംഗീകരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. അത് അത്രമാത്രം സുതാര്യവും പ്രകൃതിയിലെ എല്ലാറ്റിനും ഇടം നല്കുന്നതുമായിരുന്നു.തെല്ലും സ്വാർത്ഥതയില്ലാതെ 'മറ്റുള്ളവർക്കായി സ്വയം എരിഞ്ഞടങ്ങിയ
സൂര്യൻ ' ആയിരുന്നതുകൊണ്ടു തന്നെ അദ്ദേഹത്തിൽ ആരോപിക്കപ്പെടുന്ന വിമർശനങ്ങൾ ക്ഷന്തവ്യം മാത്രം.

സാങ്കേതിക വികാസത്തിന്റെ പരമകാഷ്‌ഠയിൽ അതിന്റെ അനന്തരഫലമെന്നോണം വിപണന തലത്തിലെങ്കിലും ഒരു ഏകധ്രുവ ലോകം സൃഷ്ടിക്കപ്പെടുമ്പോൾ ഗാന്ധിജിയുടെ ആശയങ്ങൾക്ക് എന്തു പ്രസക്തി എന്നു തോന്നു ന്നത്‌ സ്വാഭാവികമാണ്.പക്ഷേ വ്യക്തിവിശുദ്ധി മുതൽ സ്വാശ്രയത്വം വരെ അദ്ദേഹം മുമ്പോട്ടുവച്ച ആശയങ്ങളുടെ പ്രാധാന്യം വളരെയേറെയാണെന്നു തെളിയിക്കുകയാണ് ഈ മഹാവ്യാധിയുടെ കാലഘട്ടം.

സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയാത്ത യാതൊന്നും മറ്റുള്ളവരോട് പിന്തുടരുവാൻ ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത.ഗാന്ധിജി ഒരു വിശ്വനായകനായി ഉയർന്നതിൽ അദ്ദേഹത്തിന്റെ ഈ സവിശേഷതയും ഒരു പ്രധാന ഘടകമാണ്. മറ്റുപല നേതാക്കൾക്കും ആദർശം പ്രസംഗിക്കാൻ മാത്രമുള്ളതാണെങ്കിൽ ഗാന്ധിജിക്ക് അത് സ്വന്തം ജീവിതത്തിൽ പകർത്താനുള്ളതായിരുന്നു.
എന്തു കൊണ്ട് ഗാന്ധി എന്ന ചോദ്യത്തിന്റെ ഉത്തരം തീരെ ലളിതമല്ല, പ്രത്യേകിച്ച് അതി സങ്കീർണ്ണമായ ഈ വർത്തമാന ലോകത്തിൽ.

സത്യവും അഹിംസയും :

സത്യം :

ഗാന്ധിജിയുടെ ചിന്താപദ്ധതികളുടെ രണ്ടു അടിസ്ഥാനസ്തംഭങ്ങളാണ് സത്യവും അഹിംസയും. വയിലാണ് അദ്ദേഹത്തിന്റെ ആശയലോകം പടുത്തുയർത്തിയിരിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം "സത്യമാണ് പരമമായ തത്ത്വം".
അഥവാ 'സത്യമാണ് ഈശ്വരൻ'. നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രം സത്യമായിരിക്കണമെന്നും നമ്മുടെ ജീവശ്വാസം തന്നെ സത്യമായിരിക്കണമെന്നും അദ്ദേഹം ഉദ്ഘോഷിച്ചു.

അഹിംസ :

"ജീവനുള്ള വസ്തുക്കളൊന്നിനോടും ദ്വേഷം തെല്ലുമില്ലാത്ത അവസ്ഥയാണ് പരിപൂർണ്ണമായ അഹിംസ".
അഹിംസയാണ് സത്യത്തിന്റെ ആത്മാവ്. അതില്ലെങ്കിൽ മനുഷ്യൻ വെറുമൊരു മൃഗമാണ്. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സത്യവും അഹിംസയും രണ്ടു വ്യത്യസ്ത പ്രക്രിയകളല്ല. അവ പരസ്പരപൂരകങ്ങളാണ്. അവയെ വേർതിരിച്ചെടുക്കൽ അസാദ്ധ്യമാണ്. "അഹിംസ മാർഗ്ഗമാണ് ; സത്യം ലക്ഷ്യവും. "

മൂല്യങ്ങളെക്കുറിച്ച് വേപഥു കൊള്ളാത്തവരെ സംബന്ധിച്ചിടത്തോളം ഗാന്ധിജിയുടെ ഈ ആശയങ്ങൾ പരിഹാസ്യമായിത്തോന്നാം. കാരണം നമ്മൾ പരിശീലിച്ചത് ഇവയ്ക്ക് കടകവിരുദ്ധമായാണല്ലോ. എന്നാൽ സംശുദ്ധമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുയെന്ന വിശാലമായ ദൗത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ സത്യവും അഹിംസയും പരമപ്രധാനമാണ്.

ഗാന്ധിജിയും മതവും :

'ഞാനൊരു സനാതന ഹിന്ദുവാണെ'ന്ന ഗാന്ധിജിയുടെ സ്വയം വിലയിരുത്തൽ നിരവധി തെറ്റിദ്ധാരണകൾക്ക് ഇടനൽകിയിട്ടുണ്ട്. ചിലർ ഈ ഒരു പ്രസ്താവന കൊണ്ട് അദ്ദേഹത്തെ വർഗ്ഗീയവാദിയാക്കി ചിത്രീകരിച്ചപ്പോൾ മറ്റുചിലർ അദ്ദേഹത്തെ ഹിന്ദു വിരുദ്ധനാക്കുകയും ഒടുവിലത് അദ്ദേഹത്തിന്റെ ജീവൻ ഹനിക്കുന്നതിൽ എത്തിച്ചേരുകയും ചെയ്തു.

എന്നാൽ ഗാന്ധിജിക്ക്, "മതമെന്നു പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് ഔപചാരിക മതത്തെയോ മാമൂലൊത്ത മതത്തെയോ അല്ല. എല്ലാ മതങ്ങൾക്കും പിന്നിൽ സ്ഥിതി ചെയ്യുന്ന മതമാണത് ; നമ്മെ സ്രഷ്ടാവിനോട് അഭിമുഖമാ ക്കുന്ന മതമാണത്. മതം എന്നു പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് എന്തെന്നു വിവരിക്കാം : മറ്റെല്ലാ മതങ്ങളെക്കാളും ഞാനേറ്റവും വിലമതിക്കുന്ന ഹിന്ദുമതമല്ല, ഹിന്ദുമതത്തെത്തന്നെ അതി വർത്തിക്കുകയും മനുഷ്യ പ്രകൃതിയെ പരിവർത്തന വിധേയമാക്കുകയും മനുഷ്യനെ ആന്തര സത്യത്തോട് അഭേദ്യമാം വണ്ണം ബന്ധിക്കുകയും നിരന്തരം ശുദ്ധീകരിക്കുകയും ചെയ്യുന്ന മതമാണ് ഞാനുദ്ദേശിക്കുന്നത്. അത് മനുഷ്യപ്രകൃതിയുടെ സ്ഥായിയായ ഒരു ഘടകമാണ്."

" യുക്തിക്കു നിരക്കാത്തതും ധാർമികതയ്ക്കു വിരുദ്ധവുമായ എല്ലാ മത സിദ്ധാന്തങ്ങളെയും ഞാൻ നിരാകരിക്കുന്നു. അധാർമികം അല്ലെങ്കിൽ യുക്തി രഹിതമായ മതവികാരങ്ങളെയും ഞാൻ സഹിഷ്ണുതയോടെ വീക്ഷിക്കും. "
മതസഹിഷ്ണുതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു, "ഹിന്ദു കുറേക്കൂടി നല്ല ഹിന്ദുവാകണമെന്നും ക്രിസ്ത്യാനി കുറേക്കൂടി നല്ല ക്രിസ്ത്യാനിയാകണമെന്നും മുസ്ലിം കുറേക്കൂടി നല്ല മുസ്ലിംമാകണമെന്നും നാം ഹൃദയപൂർവ്വം പ്രാർത്ഥിക്കണം. ഇതാണ് സാഹോദര്യത്തെ സംബന്ധിച്ച അടിസ്ഥാന
തത്ത്വം. " നമ്മുടെ മതത്തോട് തോന്നുന്ന വികാരങ്ങൾ തന്നെ ഇതര മതങ്ങളോടും തോന്നുന്നില്ലെങ്കിൽ നമുക്കിത് പിരിച്ചുവിടാം.കാരണം, ഉരുട്ടിപ്പെരട്ടിയുണ്ടാക്കുന്ന സഹിഷ്ണുതാബോധമല്ല നമുക്കാവശ്യം. "

സത്യാഗ്രഹം :

ഗാന്ധിജിയുടെ ഏറ്റവും വലിയ സമരായുധമായിരുന്നു സത്യാഗ്രഹം. അന്നുവരെ ലോകം കാണാത്ത ആ മാരകപ്രഹര ശേഷിയുള്ള ആയുധം കൊണ്ടാണ് യഥാർത്ഥത്തിൽ ബ്രിട്ടൻ പരാജയപ്പെട്ടതും വിവിധ കാരണങ്ങളാൽ വിഘടിച്ചു നിന്ന ഇന്ത്യൻ ജനത ഒറ്റക്കെട്ടായി സ്വാതന്ത്ര്യപ്പോരാട്ടത്തിൽ പങ്കെടുത്തതും.സത്യാഗ്രഹത്തെ മഹത്തായ ഒരു ആദ്ധ്യാത്മികശക്തി ആയിട്ടാണ് ഗാന്ധിജി വിലയിരുത്തിയത്. ഹിംസയെ പൂർണ്ണമായും ഉപേക്ഷിക്കുന്നവർക്കു മാത്രമേ ആ ശക്തി ഉപയോഗിക്കുവാനും വളർത്തിയെടുക്കുവാനും കഴിയൂ. വ്യക്തികൾക്കും സമൂഹങ്ങൾക്കും രാഷ്ട്രീയ രംഗത്തും കുടുംബങ്ങളിലും സാർവ്വത്രികമായി ഉപയോഗിക്കാവുന്ന ഒരു ശക്തിയാണത്.

"നമ്മുടെയുള്ളിൽ സത്യാഗ്രഹത്തിന്റെ ചൈതന്യം എത്ര മാത്രമുണ്ടോ അത്രമാത്രം നാം നല്ല മനുഷ്യരുമാകും. ആ ശക്തിയെ സാർവ്വത്രികമാക്കാൻ കഴിഞ്ഞാൽ അത് സാമൂഹ്യാദർശങ്ങളെ വിപ്ലവാത്മകമായ പരിവർത്തനത്തിനു വിധേയമാക്കും. "
സത്യവും അഹിംസയും ലക്ഷ്യവും മാർഗ്ഗവുമായുള്ള സത്യാഗ്രഹം ഗാന്ധിജിയുടെ പ്രത്യക്ഷ പ്രവർത്തനങ്ങളുടെ ജീവനാഡി ആയിരുന്നു. "അസത്യത്തിനു നിലനില്പില്ലാത്തതിനാൽ അതു വിജയിക്കുന്ന പ്രശ്നമേയില്ല സത്യം ഉണ്മയാണെങ്കിൽ അതിനെയൊരിക്കലും നശിപ്പിക്കാനുമാവില്ല. "ഇതാണ് ഗാന്ധിജിയുടെ സത്യാഗ്രഹസിദ്ധാന്തത്തിന്റെ സംഗ്രഹം.

സ്വരാജ് :

ഗാന്ധിജിയുടെ സ്വപ്നങ്ങൾക്ക് എപ്പോഴും പ്രായോഗികതയുടെ നിറച്ചാർത്തുണ്ടായിരുന്നു. നൂറ്റാണ്ടുകൾ നീണ്ട വിദേശ അടിമത്തത്തിൽ നിന്ന് മോചനം നേടികഴിഞ്ഞാൽ ഇന്ത്യ എങ്ങനെ ആയിരിക്കണം എന്നുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ പൂർണ്ണരൂപമാണ് സ്വരാജ്.
"സ്വരാജ് എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത്, സ്ത്രീയും പുരുഷനും നാട്ടുകാരനും കുടിയേറിപ്പാർത്തവനുമുൾപ്പെടെ പണിയെടുത്തു നാടിനെ സേവിച്ച വരും വോട്ടർമാരായി
രജിസ്റ്റർ ചെയ്തവരുമായ പ്രായപൂർത്തി വന്ന ഭൂരിപക്ഷം ജനങ്ങളുടെ സമ്മതപ്രകാരമുള്ള ഇന്ത്യയുടെ ഭരണം എന്നാണ്. ഒരു ന്യൂനപക്ഷത്തിന്റെ അധികാര പ്രാപ്തി കൊണ്ടു മാത്രം യഥാർത്ഥ സ്വരാജ്യം കൈവരുകയില്ല.മറ്റൊരു വിധത്തിൽ പറഞ്ഞാൽ അധികാരം വ്യവസ്ഥ പെടുത്താനും നിയന്ത്രിക്കാനുമുള്ള കഴിവിനെപ്പറ്റി ബോധം ഉണ്ടാകുവാനുള്ള ശിക്ഷണം ബഹുജനങ്ങൾക്ക് നൽകിയിട്ടാണ് സ്വരാജ് സമ്പാദിക്കേണ്ടത്. "
അദ്ദേഹം വിഭാവനം ചെയ്ത സ്വരാജിൽ രാഷ്ട്രം മതേതരമായിരിക്കണം, അഹിംസാധിഷ്‌ഠിതമായിരിക്കണം. അവിടെ എല്ലാവർക്കും എഴുതാനും വായിക്കാനുമറിയാം. ആരും നിസ്വരായിരിക്കില്ല. തൊഴിലാളികൾക്ക് എപ്പോൾ വേണമെങ്കിലും തൊഴിൽ ലഭിക്കും. ചൂതാട്ടം, മദ്യപാനം, അസന്മാർഗ്ഗികതകൾ, വർഗ്ഗവൈരം എന്നിവക്ക് സ്ഥാനമില്ല.അവിടെ ധനികർ സമ്പത്ത് ആഡംബരങ്ങൾക്കായി ദുർവ്യയം ചെയ്യില്ല. അത് വിദേശ നിയന്ത്രണത്തിൽ നിന്നുള്ള പരിപൂർണ്ണമായ സ്വാതന്ത്ര്യവും, പരിപൂർണ്ണമായ സാമ്പത്തിക സ്വാതന്ത്ര്യവുമാണ്. സന്മാർഗ്ഗാധിഷ്ഠിതമായ സ്വരാജിൽ എല്ലാ മതങ്ങൾക്കും തുല്യമായ സ്ഥാനമാണുണ്ടാവുക.
തന്റെ സ്വപ്നത്തിലുള്ള സ്വരാജിനെ ദരിദ്രന്റെ സ്വരാജാണെന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്.

ഗാന്ധിജിയും അധികാരവും :

ഗാന്ധിജിയെ മഹാനാക്കിയ മറ്റൊരു പ്രധാന ഘടകം അദ്ദേഹം എന്നും അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നുവെന്നതാണ്.രാഷ്ട്രീയ പ്രവർത്തനം ഒരിക്കലും അദ്ദേഹത്തിനു അധികാരത്തിലേക്കുള്ള എളുപ്പവഴി ആയിരുന്നില്ല. മറിച്ച് രാഷ്ട്രത്തിനും ജനങ്ങൾക്കും സേവനങ്ങൾ ചെയ്യാനുള്ള ഒരു ഉപാധി മാത്രമായിരുന്നു. അദ്ദേഹം പറഞ്ഞു, "എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയാധികാരം ഒരു ലക്ഷ്യമല്ല. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ജനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള ഒരു മാർഗ്ഗം മാത്രമാണ്. "

ഗ്രാമങ്ങളിൽ ജീവിക്കുന്ന ഇന്ത്യ :

ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിലൂടെ മാത്രമേ ഇന്ത്യയുടെ വികസനം സാധ്യമാകൂ എന്നു വ്യക്തമായി തിരിഞ്ഞറിഞ്ഞ നേതാവായിരുന്നു ഗാന്ധിജി. നഗരങ്ങളിലേതുപോലെയുള്ള എല്ലാ സുഖസൗകര്യങ്ങളും ഒരുക്കി ഗ്രാമങ്ങളെ പുനഃസംവിധാനം ചെയ്യണമെന്നതായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം.സ്വയം പര്യാപ്തമായ അവ പുനഃസംഘടിപ്പിച്ച് കരകൗശലം, കല, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെല്ലാം കൂട്ടിയിണക്കി ഒരു സുന്ദരമായ ആവാസഭൂമിയാക്കി മാറ്റണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

നാനാത്വത്തിൽ ഏകത്വം :

വിഭിന്നങ്ങളായ ഭൂപ്രകൃതിയും സംസ്കാരവും മാത്രമല്ല മതം, ജാതി, വർഗ്ഗം, വർണ്ണം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളിലുള്ള മനുഷ്യരുമാണ് ഇന്ത്യയുടെ പ്രത്യേകത. വിഭജിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിൽ പെട്ടുപോയ സാധാരണക്കാർ മാത്രമല്ല നേതാക്കളും ഇന്ത്യയിലുണ്ടായിരുന്നു.അവർ സൃഷ്‌ടിച്ച മതവൈരമാണ് ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും ഭീതിദമായ അപകടം എന്നു ഗാന്ധിജിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ "ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ അഭേദ്യമായ ഐക്യമില്ലെങ്കിൽ സ്വരാജ് സാക്ഷാത്കരിക്കാനാവാത്ത ഒരു സ്വപ്നമായിരിക്കും"എന്നദ്ദേഹം അഭിപ്രായപ്പെട്ടത്.

ഗാന്ധിജിയുടെ നൂറ്റി അമ്പത്തിയൊന്നാം ജന്മവാർഷികമാഘോഷിക്കുന്ന
ഈ അവസരത്തിൽ അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പദ്ധതികളെക്കുറിച്ചും നാം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നതിന് ഏറ്റവും ഉചിതമായ അവസരമാണ്. ദൃഷ്ടിഗോചരമല്ലാത്ത ഒരു സൂക്ഷ്മജീവിയെ ഭയന്നു ലോകം മുഴുവൻ
നിസ്സഹായരായി നിൽക്കുമ്പോൾ തീർച്ചയായും ഗാന്ധിജിയുടെആശയങ്ങൾ ഏറെ സംഗതമാണ്. അദ്ദേഹം സ്വപ്നം കണ്ടതുപോലെ നമ്മുടെ ഓരോ ഗ്രാമവും ഓരോ കുടുംബവും സ്വയം പര്യാപ്തമായിരുന്നെങ്കിൽകോവിഡ് സൃഷ്‌ടിച്ചതുപോലെയുള്ള പ്രതിസന്ധികളിൽ നാം ഇത്രമാത്രം തകരുമായിരുന്നോ എന്നൊരു പുനർവിചിന്തനം അത്യാവശ്യമല്ലേ.

കാലാതീതമായ പ്രായോഗിക ചിന്തകൾ ലോകത്തിനു സമ്മാനിച്ചതിനാൽ കാലം ഗാന്ധിജിക്ക് അമരത്വം നൽകി ചരിത്രത്തിൽ ഉന്നതസ്ഥാനത്തു പ്രതിഷ്‌ഠിച്ചു.പക്ഷേ നമ്മളോ?

ഈ അവസരത്തിൽ മഹാനായ ശാസ്ത്രകാരൻ ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകൾ ഒരിക്കൽകൂടി ഓർത്തുകൊണ്ട് നമുക്ക് അദ്ദേഹത്തിനു പ്രണാമങ്ങൾ അർപ്പിക്കാം.

"വരാൻ പോകുന്ന തലമുറകൾ ഒരുപക്ഷെ വിശ്വസിക്കുകയില്ല, ഇങ്ങനെ ഒരു മനുഷ്യൻ ഈ ഭൂമുഖത്ത് എന്നെങ്കിലുമൊരിക്കൽ ജീവിച്ചിരുന്നുവെന്ന് ".

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ