mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മലയാളിക്ക് ആധുനികവത്കരണത്തിലേക്കുള്ള ഓട്ടപാച്ചിലിൽ നഷ്‌ടമായത് വളരെയധികം സമ്പന്നമായ സംസ്ക്കാരത്തിന്റെ മുഖങ്ങളിൽ ഒന്നാണ്, കൂട്ടുകുടുംബത്തിന്റെ പാരമ്പര്യം. സഹോദരീസഹോദരന്മാർ ഒരുമിച്ച് ഒരായുഷ്കാലം

പിരിയാതെ ജീവിച്ചിരുന്ന മരുമക്കത്തായ സമ്പ്രദായം. മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയും അമ്മാന്മാരും അമ്മായിമാരും അവരുടെ കുട്ടികളും കൂടിയുള്ള സന്തോഷപ്രദവും എന്നാൽ വളരെ സങ്കീർണവുമായ ഒരു വ്യവസ്ഥിതി.

പലർക്കും അപരിചിതമായ ഈ സംവിധാനത്തിൽ, കൂട്ടത്തിൽ പ്രായമേറിയ സഹോദരനായിരിക്കും തറവാട്ട് കാരണവർ. അപൂർവം വീടുകളിൽ തൊട്ടിളയ സഹോദരൻ കാരണവസ്ഥാനത്തു വന്നിരുന്ന ചരിത്രവും ഉണ്ട്‌. ഭരണപരമായ കഴിവുകേടോ രോഗാവസ്ഥയെ മറ്റോ അതിന് കാരണമായി മാറാറുണ്ട്.ഭൂസ്വത്തും കൃഷിസ്ഥലവുമൊക്കെ വേണ്ടുവോളം ഉള്ള കുടുംബങ്ങളിൽ കാരണവരുടെ പദവി യഥാർത്ഥത്തിൽ രാജാവിനു തുല്യമായിരുന്നു .ഇളയസഹോദരങ്ങൾ പൂർണവിധേയത്തത്തോടെ കാരണവരെ അനുസരിച്ചു സഹവർത്തിത്തോടെ ഒതുങ്ങി പുലർന്നുപോന്നിരുന്നു.

ഇപ്പോളാണെങ്കിൽ സ്വഗൃഹത്തിൽ ഒരു വിവാഹമുണ്ടാകുമ്പോൾ മാത്രമാണ് അന്നത്തെ ജീവിതക്രമം പുനഃസൃഷ്ടിക്കപെടുന്നത്.എല്ലാവരും കൈ മൈ മറന്നു ചിരിച്ചും കളിച്ചും പരിഭവങ്ങളും പരാതികളും മറന്നു ഒന്നിക്കുന്ന അപൂർവ മുഹൂർത്തങ്ങൾ. സമകാലീനജീവിതത്തിൽ മരുമക്കത്തായ വ്യവസ്ഥിതിയിൽ ജീവിച്ചവർ വിരളമായിരിക്കും. ഉണ്ടെങ്കിൽ തന്നെ ജീവിതസായാഹ്നത്തിൽ അത്തരം സ്മരണകൾ അയവിറക്കി വിശ്രമജീവിതം നയിക്കുന്നവരാകും അവരിലേറിയ പങ്കും.

ഇപ്പോഴും അപൂർവം കുടുംബങ്ങൾ ഈ രീതിയിൽ ജീവിക്കുന്നു എന്ന് അടുത്ത കാലത്തു വായിച്ചതോർക്കുന്നു.
ആശ്ചര്യജനകമാണെങ്കിലും, ആലോചിച്ചാൽ വിദ്യാലയത്തിൽനിന്ന് ഇന്ന് നാം നേടുന്ന അറിവിന്റെ പരശ്ശതം ജ്ഞാനവും ജീവിതാനുഭവവും
അന്നു ആ തലമുറയ്ക്ക് ഈ രീതിയിൽ നിന്നും കരഗതമായിരുന്നു എന്ന് കാണാം. സ്നേഹം സഹിഷ്ണുത സഹവർത്തിത്വം ആദി ഗുണങ്ങൾ അവരിൽ വേണ്ട അളവിലധികം ഉണ്ടായിരുന്നതായി മനസിലാക്കാം . ഇന്ന് നമുക്ക് ലഭിക്കുന്ന അറിവ് പ്രശ്നരഹിതമായ ജീവിത്തിനുതകുന്നതല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടെങ്കിലും പഴമയിലേക്കു ഒരു തിരിച്ചുപോക്ക്‌ അസാധ്യമാണെന്ന് നമ്മുക്കെല്ലാവർക്കും ബോധ്യമുണ്ട്.

കൃഷി വരുമാനമാർഗമായി കണ്ടിരുന്ന കാലഘട്ടത്തിൽ വളരെ നല്ല രീതിയിൽ മുന്നോട്ടു പോയിരുന്ന നല്ല കെട്ടുറപ്പുള്ള ഈ സംവിധാനം പിന്നീട് മക്കത്തായതിനു വഴിമാറി. അതായത്, മാതാപിതാക്കളും കുഞ്ഞുങ്ങളും മാത്രം എന്ന പുതിയൊരു കാഴ്ചപ്പാടിൽ. അതിനു ഹേതുവായി ഭവിച്ചത് ഒരു പക്ഷെ കാർഷികവൃത്തി ഉപേക്ഷിച്ചു മറ്റ് വരുമാനസ്രോതസുകളിലേക്കു
അനന്തര തലമുറ ചുവടു വെച്ചതാകാം.അതോടെ സഹോദരന്മാർ തങ്ങളുടെ കുടുംബവുമായി അകന്നു കഴിയാൻ ആരംഭിച്ചു. അപ്പോഴും കുടുംബത്തിൽ അച്ഛനമ്മമാരോടൊപ്പം എട്ടോ പത്തോ മക്കൾ വിവാഹിതരായില്ലെങ്കിൽ കാണുമായിരുന്നു.

ഇന്ന് നാം കാണുന്ന അണുകുടുംബത്തിലേക്കു മാറാൻ പിന്നെയും ദീർഘകാലം വേണ്ടിവന്നു. അംഗങ്ങൾ കുറയുന്തോറും ആധി കൂടി വരികയാണ് ഉണ്ടായതു. സാമ്പത്തികമായി സൗകര്യങ്ങൾ വർധിച്ചതുകൊണ്ടു മാത്രം കുടുംബജീവിതം ആനന്ദകരമാകില്ലലോ. ആധുനികസൗകര്യങ്ങളുടെ ആധ്യക്യത്തിലും ആളില്ലാവീടുകൾ അസ്വസ്ഥകൾ പുകയുന്ന നെരിപ്പോടുകളായി മാറി. ദാമ്പത്യജീവിതത്തിലെ താളപ്പിഴകൾ വ്യക്തികളെ വേറെ വേറെ തുരുത്തുകളിലെത്തിച്ചു. കുട്ടികൾ വീട്ടിൽ ലഭിക്കാത്ത വാത്സല്യം തെരുവിൽ തിരയാനിറങ്ങി. കാപട്യം മനസിലാക്കാത്ത കൗമാരങ്ങൾ ഇയാംപാറ്റകളെപോലെ കാമാഗ്നിയിൽ ഹോമിക്കപ്പെട്ടു. സ്നേഹമോ സമയമോ കൊടുക്കാനില്ലാത്ത, മക്കളെ വേണ്ടാത്ത അമ്മമനസ്സുകൾ പുത്തൻ മേച്ചിൽ സ്ഥലങ്ങൾ തിരഞ്ഞു. തടസ്സങ്ങൾ നിർബാധം നീക്കി ലക്ഷ്യം കാണാൻ കിണഞ്ഞു പരിശ്രമിച്ചു. അഴികളാണവസാനം എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത മാതൃത്വം കമ്പികളിൽ തലയടിച്ചു കേഴുന്നു, ചെയ്തു പോയ തെറ്റുകളൾക് ഉമിത്തീയിൽ ദഹിക്കാനാകാതെ എല്ലാം വിധിക്ക്‌ വിട്ട് കൊടുത്ത് അന്ത്യദിനത്തിനായി അവർ കാത്തിരിക്കുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ