mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Went to the hilltop 
To feel the setting sun…

ഞാൻ കണ്ടു, മേഘങ്ങളിലെ അവസാനത്തെ ചുവപ്പും ഊറ്റിയെടുത്ത്, വിഷം തീണ്ടി, നീലിച്ച് നീലിച്ച്, അവൾ തിരിച്ചുപോകുന്നത്‌..


ഇവിടെയവൾ ഉണ്ടായിരുന്നുവോ? അതോ.. ആ കടും ചുവപ്പും, തലയ്ക്ക് ചുറ്റിലുമുള്ള നീലിമയും എന്റെ തോന്നൽ മാത്രമായിരുന്നോ..?
കൊമ്പിലെ അവസാനത്തെ ഇലയും പൊഴിഞ്ഞു വീണപ്പോൾ മരം വിതുമ്പി..
നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഇങ്ങനെ എത്രയെത്ര മരണങ്ങളാണ് ഒരു നിമിഷത്തിൽ!

മരണം..?

മണ്ണ് പറഞ്ഞത് മറ്റൊന്നാണ്.
- ഇല പുനർജ്ജനിച്ചിരിക്കുന്നു!
മരവും ഞാനും ഞെട്ടി. ഇലയെ നോക്കി.
അത് പതിയേ ചിരിച്ചുകൊണ്ട് പൂഴിമണലിലേക്ക് ഇഴുകിയമരാൻ തുടങ്ങി. 
മരത്തിന്റെ വേരുകൾ മണ്ണിലേക്ക്, ഒരു വിരലിനോളം, പിന്നെയും വളർന്നു.
കൊഴിഞ്ഞുപോയ ഇലകളത്രയും വേരിലൂടെ, ഞരമ്പിലൂടെ, ഇഴഞ്ഞുകയറുന്നു.. പുതിയൊരു ശിഖരം.. തളിര്.. തായ്ത്തടിയിലെ വെളുത്ത പുള്ളിക്കുത്ത്..

"ആരും മരിച്ചുപോകുന്നില്ലല്ലോ..?" - മണ്ണ് പിന്നെയുമാവർത്തിക്കുന്നു.
നോക്കൂ.. കടലിനെ.
കടൽ കാർമേഘമാകുന്നത് മരണമോ ജനനമോ? മേഘം മഴയാവുന്നത്..?
സൂര്യനെ വിഴുങ്ങിയ മേഘങ്ങൾ വല്ലാത്ത അപരിചിതത്വത്തോടെ കടലിനെ നോക്കുന്നുണ്ടാവണം; അതിന്റെ അലകളെ…
 'നുരച്ചു പതയുന്ന നർത്തകീ.. ഹേ ഇന്ദ്രജാലക്കാരീ.. നീയാരെ'ന്ന് അത്ഭുതം കൂറുന്നുണ്ടാവണം.
യഥാർത്ഥത്തിൽ നീ ഞാൻ തന്നെയാണല്ലോ.. ഞാൻ നീയും!
 
ഇല മണ്ണും, മണ്ണ് വേരും, വേര് ശിഖരവും, ശിഖരം  ഇലയും, ഇല മണ്ണും...
കടൽ മേഘവും, മേഘം മഴയും...
പിന്നെയുമെവിടെയാണ് നമുക്ക് നമ്മളെയിങ്ങനെ നഷ്ടപ്പെട്ടു പോകുന്നത്?! 
ആരും എങ്ങും പോകുന്നില്ലല്ലോ.. 'മരണം' മിഥ്യയാണ്!

യാഥാർത്ഥ്യമെന്തെന്നാൽ, ഞാനും നീയും ഇവിടെത്തന്നെയുണ്ടായിരുന്നു. കോടാനുകോടി വർഷങ്ങൾക്കു മുൻപ്, ഇപ്പോൾ, എപ്പോഴും...

പിന്നെയുമെന്താണ് നഷ്ടപ്പെട്ടു പോകുന്നത്? ഒരു രൂപം! അതുമാത്രം...
ഒന്ന് മറ്റൊന്നാവുന്നൂ, പിന്നെ അടുത്തത്, എവിടെയോ വെച്ച് തുടങ്ങിയതിലേക്ക് തിരിച്ചുമെത്തുന്നു..
ഞാൻ ആകാശത്തേക്ക് നോക്കി. പകൽ മരിക്കുകയല്ലാ, ഇരുൾ ജനിച്ചുതുടങ്ങുകയാണ്..

പ്രിയപ്പെട്ട സഞ്ചാരീ, 
നീ നാളെയും തിരിച്ചുവരുമെന്ന് എനിയ്ക്കുറപ്പാണല്ലോ!
- ഞാൻ കുന്നിറങ്ങിത്തുടങ്ങി; ഒരു ചെറു പുഞ്ചിരിയോടെ...

I went to the hilltop
To feel the setting sun..
Came back,
Felt rising...

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ