mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(കണ്ണന്‍ ഏലശ്ശേരി)

1885 ആഗസ്ത് 5ൽ മുപ്പൊത്തൻപത് വയസുള്ള ഒരു സ്ത്രീ തന്‍റെ പതിമൂന്നും പതിനഞ്ചും വയസ്സായ രണ്ട് മക്കളെയും കൂട്ടി ജർമ്മനിയുടെ തെക്ക്പടിഞ്ഞാറൻ ഭാഗത്തുള്ള "മാൻഹൈം" നഗരത്തിൽ നിന്നും

"പ്ഫോർസ്ഹൈം" എന്ന 105 കിലോമീറ്റർ ദൂരെയുള്ള ചെറുപട്ടണത്തിലേക്ക്‌ ഒരു യാത്ര നടത്തി. ആദ്യത്തെ ദീർഘദൂര മോട്ടോർ വാഹന യാത്ര എന്ന് ചരിത്ര നേട്ടത്തോടെയുള്ള ആ യാത്ര നടത്തിയ ആ ധീര വനിതയുടെ പേരാണ് ബർത്താ ബെൻസ്.
        

ലോകത്തിലെ ആദ്യത്തെ മോട്ടോർ കാർ നിർമ്മിച്ച ഓട്ടോമൊബൈൽ എഞ്ചിനീയറായ കാൾ ബെൻസിന്‍റെ  ഭാര്യയും ബിസിനസ്സ് പാർട്ണറും ആയിരുന്നു ബർത്താ ബെൻസ്. ഇന്നത്തെ ആഡംബര കാറുകളുടെ ശ്രേണിയിലുള്ള ബെൻസ് കമ്പനിയുടെ പ്രാരംഭ കാലത്തെ മോട്ടോർ കാർ (Model 3) ആണ് ഓടിച്ചു പോയത്.

വലിയ സാമ്പത്തിക നിക്ഷേപത്തോടെ കാൾ ബെൻസ് ആരംഭിച്ച ബെൻസ് പേറ്റന്റ് മോട്ടോർ വാഗൺ എന്ന കമ്പനിയും അവിടെ നിർമ്മിച്ച മോട്ടോർ കാറും പൊതു ജന സമൂഹത്തിലേക്ക് ഓടിച്ചിറക്കിയത് ബർത്താ ബെൻസാണ്.

ബർത്താ ബെൻസിന്‍റെ അഞ്ച് മക്കളിൽ റിച്ചാർഡ്സിനെയും എയ്‌ഗ്‌നെയും കൂട്ടിയാണ് ആദ്യ ദീർഘദൂര മോട്ടോർ യാത്ര ആരംഭിച്ചത്. അന്ന് സമൂഹം പലരീതിയിലാണ് പ്രതികരിച്ചത്. കുതിരയോ മനുഷ്യനോ വലിക്കാതെ ഒരു ഇരുമ്പ് വാഗൺ ചലിക്കുന്നത് കണ്ട ജർമൻ സമൂഹം ആദ്യം ചെകുത്താന്‍റെ വരവെന്ന് പറഞ്ഞു പേടിച്ചു. പിന്നെ ഒരു സ്ത്രീയുടെ ഈ സാഹസത്തെ പരിഹസിച്ചു.

വലിയ ഇന്ധന ക്ഷമതയോ നിർമാണ മികവോ ഇല്ലാത്ത ആ മോട്ടോർ കാർ, വഴിയിലെ പ്രതിസന്ധികളെ നേരിട്ടത് ബർത്താ ബെൻസിന്റെ കഴിവും നിശ്ചയദാർഢ്യവും കൊണ്ട് മാത്രമാണ്.

ആ യാത്രയിൽ "വെസ്‌ലയിലെ" തെരുവിൽ വെച്ച് ഇന്ധനം തീർന്നപ്പോൾ ഒരു മരുന്ന് കടയിൽ നിന്നും "ലിഗോറിൻ" എന്ന പെട്രോളിയം സോൾവെന്റ് വാങ്ങി ഇന്ധനമാക്കി. ഇന്ന് ആ മരുന്ന് കട ലോകത്തിലെ ആദ്യത്തെ ഫ്യൂൽ ഫില്ലിംഗ് സ്റ്റേഷനായി അറിയപ്പെടുന്നു. ശേഷം യാത്രക്കിടയിൽ ഇന്ധന പൈപ്പിലെ ബ്ലോക്ക്‌ സ്വന്തം തലയിലെ ഹെയര്‍ പിൻ ഉപോയോഗിച്ച് ക്ലീൻ ചെയ്തും, കയറ്റം വലിക്കാത്ത ആ ഇരട്ട ഗിയറുള്ള വാഹനം കഷ്ടപെടുമ്പോൾ മക്കളെ കൊണ്ട് വാഹനം തള്ളിച്ചുമാണ് യാത്ര പൂർത്തിയാക്കിയത്. ആദ്യം പേടിച്ചും പിന്നെ പരിഹസിക്കുകയും ചെയ്ത ജനസമൂഹത്തെ വളരെയധികം സ്വാധീനിക്കാനും, ജനങ്ങളിലേക്ക് മോട്ടോർ വാഹനം എന്ന ആശയം എത്തിക്കാനും, അതിലൂടെ ബെൻസിന്‍റെ വളർച്ചക്കും ആ യാത്ര വലിയ ഗുണം ചെയ്തു.

നമുക്കിടയിൽ ഇന്നും ഒരുപാട് സ്ത്രീകൾ / പെൺകുട്ടികൾ ഡ്രൈവിംഗ് ലൈസെൻസ് എടുക്കൽ എന്നത് ഒരു തിരിച്ചറിയൽ രേഖ സമ്പാദിക്കൽ മാത്രമാണെന്ന് കരുതി പോരുന്നു. അവർ മറ്റു യോഗ്യത സർട്ടിഫിക്കറ്റുകൾക്കൊപ്പം ഡ്രൈവിംഗ് ലൈസെൻസും നേടി ഫയലിൽ ചേർത്ത് അലമാരയിൽ പൂട്ടി സൂക്ഷിക്കുന്നു. പിന്നീടൊരിക്കലും സ്റ്റീയറിങ്ങിലോ ആക്സിലറേറ്ററിലോ തൊടാതെ ജീവിതം കഴിച്ചു കൂട്ടുന്നു. ഇനിയെങ്കിലും ഇത്തരം രീതികൾക്ക് ഒരു മാറ്റം വരേണ്ടിയിരിക്കുന്നു. പുതുതായി ഡ്രൈവിംഗ് ലൈസെൻസ് എടുക്കുന്നവരും മുമ്പ് എടുത്തവരും നമ്മുടെ നിരത്തുകളിൽ നിന്നും ശരിയായ നിയമങ്ങള്‍ പാലിച്ചു കൊണ്ട്‌ ഡ്രൈവിംഗ് എന്ന സ്കിൽ ആർജിക്കേണ്ടിയിരിക്കുന്നു.

എന്നാൽ നമ്മുടെ സമൂഹത്തിൽ വലിയൊരു വിഭാഗം സ്ത്രീകൾ വാഹനം ഓടിക്കുന്നതോ ദീർഘ ദൂര യാത്രകൾ നടത്തുന്നതോ ശരിയല്ല അല്ലെങ്കിൽ അതിനു പുരുഷന്മാരുടെ അത്ര കഴിവില്ല എന്ന് കരുതുന്നവരും ഉണ്ട്. ആ തെറ്റിദ്ധാരണയിൽ വലിയൊരു പുരുഷ സമൂഹം അഭിമാനവും കൊള്ളുന്നു. അത്തരക്കാർക്ക് സ്ത്രീകൾ ഓടിക്കുന്ന വാഹനത്തിൽ സഞ്ചരിക്കുന്നത് ഒരു അപമാനകരമായി തോന്നിയേക്കാം. എങ്കിൽ സുഹൃത്തേ നിങ്ങൾ ഇന്ന് സഞ്ചരിക്കുന്ന മോട്ടോർ വാഹനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആദ്യത്തെ വാഹനം ദീർഘദൂരം ഓടിച്ച് ടെസ്റ്റ്‌ ചെയ്തത് ഒരു സ്ത്രീയാണ്. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ