(Rajendran Thriveni)
ഭൂട്ടാനിലെ വാങ്ഡി ജില്ലയിലെ ഒരു പീഠഭൂമിയാണ് ഫൊബ്ജിഘ. മേഘപാളികൾ തൊട്ടുരുമ്മി നിൽക്കുന്ന പ്രദേശം. ഉരുളൻകിഴങ്ങും ടർണിപ്പും (വെളുത്ത ബീറ്റ്റൂട്ട് വർഗ്ഗം), ബക്ക് വീറ്റും, കാബേജും ആപ്പിളും വളരുന്ന സദാ തണുത്തുറഞ്ഞുകിടക്കുന്ന സ്ഥലം.
ടൂറിസ്റ്റുകൾ ഇഷ്ടപ്പെടുന്ന ഹിൽസ്റ്റേഷൻ.
റഷ്യയിലെ സൈബീരയിൽനിന്ന് കറുത്ത കഴുത്തുള്ള കൊക്കുകൾ (Black necked Cranes) ദേശാടനത്തിനെത്താറുണ്ടിവിടെ. എല്ലാ ശീതകാലത്തും അവരെത്തും. മാർച്ച് മാസത്തിൽ തിരിച്ച് പേകും.നല്ല ഗ്രൂപ്പ് ഡാൻസുകാരാണ് ഈ കൊക്കുകൾ.
ഗ്രാമീണ ജീവിതവുമായി ഒത്തിണങ്ങിയ ഈ പക്ഷികളെ ആരും ഉപദ്രവിക്കാറില്ല.രണ്ടു കൊക്കുകളെപ്പറ്റി ഗ്രാമീണർ പറയുന്ന ഒരു കഥയുണ്ട്.
ഒരിക്കൽ രണ്ട് ഇണപ്പക്ഷികൾ കെക്കുരുമ്മി പ്രണയസല്ലാപം നടത്തിക്കൊണ്ടിരുന്നപ്പോൾ ഒരു വിദേശിയായ വെള്ളക്കാരൻ ആൺ പക്ഷിയെ വെടിവെച്ചു വീഴ്ത്തി. പിടപ്പക്ഷി പ്രിയതമൻചിറകടിച്ച് മരിക്കുമ്പോൾ, ചുറ്റും ദയനീയമായി കരഞ്ഞുനടന്നു.അവളാ സ്ഥലം വിട്ടു പോയില്ല. മറ്റുപക്ഷികൾ സ്വദേശത്തേക്ക് തിരിച്ചു പോയിട്ടും അവൾ പോയില്ല. അവൾ കരഞ്ഞുകരഞ്ഞ് തലതല്ലി ആമണ്ണിൽ മരിച്ചുവീണു.
ആദികവിയുടെ 'മാനിഷാദ' അവിടെയും മുഴങ്ങി. രാജവിളമ്പരമുണ്ടായി. ഭൂട്ടാനിൽ Black necked Crane'കളെ വേട്ടയാടാൻ പാടില്ല.( കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കു മുമ്പ് ഭൂട്ടാനിൽ രാജഭരണമായിരുന്നു.)
ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയേയും തലയ്ക്കടിച്ച്, വിഷംകൊടുത്ത്, കഴുത്തറുത്ത് കൊല്ലുന്ന ഇക്കാലത്ത്, ഈ പക്ഷികളുടെ സ്നേഹഗാഥ എത്ര മഹത്തരമാണ്!