ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ പ്രകൃതി വാരിക്കോരി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകളെത്രയെത്ര! വേനലും മഴയും മഞ്ഞും കുളിരും മന്ദാനിലനുമെല്ലാം മനോഹരക്കാഴ്ചയൊരുക്കുന്ന ഭൂമിക. ഭാരതമെങ്ങും പുകഴ്പെറ്റ ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മനാട്.
ഇവിടത്തെ ഓരോ ദൃശ്യവിരുന്നും ഏറ്റുവാങ്ങാൻ കൊതിക്കാത്തവരായി ആരാരുണ്ട്! മന്ദസ്മിതപ്പൂനിലാവേറ്റ് വിരിയാൻ കാത്തു നിൽക്കുന്ന എത്രയെത്ര മൗനസൂനങ്ങളാണ് നമുക്കു ചുറ്റുമുള്ളത്! ഒന്നും പഴയതുപോലെയാവില്ലെന്നും അരുവികളിനിയും തെളിനീരോളങ്ങളാർന്ന് ഒഴുകില്ലെന്നും വനമുല്ലകളെ തലോടിയെത്തുന്ന മന്ദാനിലന് മദിപ്പിക്കുന്ന സുഗന്ധമിനിയുമുണ്ടാവില്ലെന്നും തുഷാര ബിന്ദുക്കളിഞ്ഞ് തരളാർദ്രമായി നിൽക്കുന്ന പുൽച്ചെടിത്തുമ്പത്തിനിയും അരുണകിരണങ്ങളേറ്റ് പുഞ്ചിരി വിടരില്ലെന്നും വേദനിപ്പിക്കുന്ന സത്യങ്ങളല്ലേ ?
കാട്ടുനാടാക്കി ഗ്രാമം നഗരമാക്കി പരിഷ്ക്കാരത്തിൻ്റെ പരകോടിയിലേക്കു കുതിക്കുന്നവരുടെ മനുഷ്യത്വമെല്ലാം കൈമോശം വന്നപ്പോൾ വരദായിനിയായ പ്രകൃതിയുടെ നേർക്ക് പരാക്രമം കാണിക്കാനും തുടങ്ങി.
വനം കയ്യേറി മിണ്ടാപ്രാണികളായ മൃഗങ്ങളുടെ ആവാസവ്യവസ്ഥയാകെ തകിടം മറിച്ച് വെടക്കാക്കി തനിക്കാക്കി ഇരുകാലികൾ കാട്ടിക്കൂട്ടുന്ന ക്രൂരത എത്രയെത്ര .
ഇടവപ്പാതിയിൽ നിറഞ്ഞൊഴുകാത്ത ജലാശയങ്ങളുണ്ടായിരുന്നില്ല ഇവിടെ.മിഥുനം പാതി വരെയെത്തിയിട്ടും കാലവർഷം കനിയുന്നില്ല എന്നതിൽ പരിദേവനം കൊണ്ടിട്ട് യാതൊരു കാര്യവുമില്ല.
അന്ന് പ്രകൃതി കരഞ്ഞത് നമ്മൾ കണ്ടതല്ലേ !കാടിൻ്റെയോമനപ്പുത്രനെ പാതി മയക്കത്തിൽ പറ്റാവുന്നത്രയും ഉപദ്രവിച്ച് നാടുകടത്തിയ ദിവസം!
ഇനിയും ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങി അലയുന്ന പ്രകൃതി പുത്രനെ ന്നാൽ താങ്ങാനാവാത്ത പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്.
മനസ്സിൻ്റെ വിങ്ങലുമായി എവിടെയോ മുറിവു പറ്റിവേദനയാർന്ന ശരീരവും ചോര വാർന്ന മനസ്സുമായി അലയുന്ന സഹ്യപുത്രൻ്റെ കണ്ണീരു വാർന്നൊഴുകുന്ന മുഖം സഹനത്തിൻ്റെയും ദുഃഖത്തിൻ്റെയും പരകോടിയെന്ന തിരിച്ചറിവ് ഓരോ നിമിഷവും മനസ്സുപൊള്ളിക്കുന്നതായിരിക്കുമിനിയുള്ള കാലമത്രയുമെന്ന തിരിച്ചറിവിൽ എല്ലാ കാഴ്ചകളും വാഴ് വിൻ തെളിച്ചവും മൃതമാർന്നു പോകുന്നു വീണ്ടും!
അവന് ജന്മനാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാൻ എന്നെങ്കിലും വഴിയൊരുങ്ങുമോ?
നീതിപീഠം കനിഞ്ഞാലും കാടുകയ്യേറിയ വൻകിട മാഫിയകൾ അതിനനുവദിക്കുമോ?
അവൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്ന് ചിന്തിക്കാനുള്ള വിവേകം അവർക്കുണ്ടായെങ്കിൽ!