''തൊപ്പി ..തൊപ്പി ... "എന്ന് എവിടെ നിന്നൊക്കെയേ കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. സമൂഹമാധ്യമങ്ങളിൽ നിന്ന് ഇന്നലെയും ഇന്നുമൊക്കെയായി അറിയാൻ കഴിഞ്ഞത് അയാളെ അറസ്റ്റു ചെയ്തു എന്നും.
പാതിരാത്രി വാതിൽ ചവിട്ടിപ്പൊളിച്ച് അറസ്റ്റ് ചെയ്ത് കേരള പോലീസ് അവരുടെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടി സ്വയമണിഞ്ഞ് വിജ്യംഭിച്ചിരിക്കാണ്. താൻ സ്റ്റേഷനിൽ വിളിച്ചിരുന്നെന്നും നാളെ ഹാജരായാൽ മതിയെന്നു പറഞ്ഞതിന് ശേഷം പിന്നെന്തിനാണിങ്ങനെയെന്നുമൊക്കെ അയാൾ പറയുന്നുണ്ട്. വാതിൽ തുരുതുരെ ചവിട്ടിക്കൊണ്ടിരിക്കുന്നതും അതിനാൽ ലോക്കായി തുറക്കാൻ കഴിയാതെ ആ ചെറുപ്പക്കാരൻ താക്കോൽ വാതിലിനടിയിലെ വിടവിലൂടെ പുറത്തേക്ക് ഇട്ടു കൊടുക്കുന്നുമുണ്ട്. അതിനു ശേഷവും തട്ടും മുട്ടലും ശക്തമാവുന്നതോടെ വീഡിയോ അവസാനിക്കുന്നു. ശേഷം ചിന്ത്യം. വാർത്തയിൽ കണ്ടതുപോലെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന് പാതിരാത്രി തന്നെ അറസ്റ്റു ചെയ്തു കാണും. സഭ്യതയെയും സദാചാരത്തേയും ലംഘിച്ചതാണോ കേസ് എന്നൊന്നും മനസ്സിലായില്ല.
മറ്റൊരു വീഡിയോയിൽ ചൂടുള്ള ഭക്ഷണം തൻ്റെ വസ്ത്രത്തിനകത്തേക്ക് അയാൾ കൊട്ടുന്നതും പൊള്ളലേറ്റെന്ന പോലെ കാറിക്കൂവുന്നതും കണ്ടു. ഇതു കണ്ട ഏതൊരാൾക്കും അയാളുടെ മനോനില ശരിയല്ലെന്നു മനസ്സിലാവുന്നതാണ്.
അയാളെ ന്യായീകരിക്കുകയല്ല ഒരു അഭിമുഖത്തിൽ കുടുംബത്തിൽ അന്യനെന്നതു പോലെ കഴിയുന്ന വേദനകളും അതിനുള്ള കാരണങ്ങളും അയാൾ വിശദമാക്കുന്നുണ്ട്. ഒരു ഗെയിമിനു വേണ്ടിയോ മറ്റോ കാശിനായി ഒരു കടയിൽ കയറി മേശയിൽ നിന്നും കാശു വാരിയെടുത്ത് താൻ ഓടിയെന്നും ആളുകൾ ഓടിച്ചു പിടിച്ചു എന്നും അയാൾ പറയുന്നുണ്ട്. അതിനു ശേഷം പിതാവ് അയാളോട് മിണ്ടിയിട്ടേ ഇല്ലത്രെ. ഉമ്മയെക്കുറിച്ചു പറയുമ്പോൾ അയാളുടെ മനസ്സു പിടയുന്നതും മുഖത്തെ ഭാവവ്യത്യാസത്തിൽ നിന്നും നമുക്കു മനസ്സിലാകും.
ഒരു മുൻ വിധിയില്ലാതെ പറയുകയാണെങ്കിൽ അയാൾ ഇങ്ങനെയായതിനു പിന്നിൽ അയാളുടെ കുടുംബ മുൾക്കൊള്ളുന്ന സമൂഹത്തിനും പങ്കുണ്ട്. എവിടെ നിന്നെങ്കിലും വാരിക്കോരി കിട്ടുന്ന അംഗീകാരം അതു വേണ്ടാതീനം പറഞ്ഞിട്ടോ പാടിയിട്ടോ ആണെങ്കിൽക്കൂടി ഏറ്റുവാങ്ങി അയാളെ അതു തന്നെയാണ് ശരിയെന്ന കാഴ്ചപ്പാടിലാക്കിയവർക്കും ഇതിൽ പങ്കുണ്ട് എന്നതാണ് സത്യം.
കുടുംബങ്ങളിലെ ഊഷരമായ അവസ്ഥയോ സ്നേഹപൂർവ്വംതിരുത്താനും നല്ലവഴിയിലേക്കു നയിക്കാനും ആളില്ലാത്തതു കൊണ്ടാണോ നമ്മുടെ യുവത ഇത്തരത്തിലായതിനു കാരണം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അയാളെ അന്ധമായി ആരാധിക്കുന്ന ഒരു പാട് ആളുകൾ പ്രത്യേകിച്ച് പെൺകുട്ടികൾ ഉണ്ടെന്നതും നിഷേധിക്കാനാവില്ല. മൊത്തം മാനസികനില തകിടം മറിഞ്ഞ ഒരു സമൂഹത്തിന് നല്ലൊരു ഷോക്ക് ട്രീറ്റ്മെൻ്റ് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഇയാൾ അത്ര അപകടകാരിയൊന്നുമല്ല എന്നതും മറന്നു കൂടാ.
അപകടകാരികളായവരുടെ തേർവാഴ്ച നടക്കുന്ന സമൂഹത്തിൽ കാര്യകാരണങ്ങളെ മുൻവിധിയില്ലാതെ നോക്കിക്കാണാൻ നമ്മൾ തയ്യാറായേ പറ്റൂ.
മിണ്ടാപ്രാണികളോട് മാത്രമല്ല സ്വന്തം വർഗത്തോടും മനുഷ്യർ ചെയ്യുന്ന ക്രൂരതകൾ കൊടുംക്രിമിനൽ മനോഭാവത്തിലുള്ളവരുടെ ആധിക്യം എടുത്തുകാട്ടുന്നു. എന്തായാലും മാനസികാരോഗ്യം നഷ്ടപ്പെട്ട സമൂഹത്തിൽ ജീവിക്കേണ്ടി വരുന്നത് ദുഷ്കരം തന്നെയാണ്.