അങ്ങനെ ഒരു യോഗാ ദിനവും സംഗീത ദിനത്തോടൊപ്പം കടന്നു പോയി. ഓരോ ദിവസത്തെയും ഓർമ്മയിൽ എന്നും പച്ചപ്പാർന്നു നിർത്തുന്ന എന്തെങ്കിലും പ്രത്യേകതകൾ കാണും എന്നതാണ് സത്യം.
പാരമ്പര്യവും പൈതൃകവുമായി സ്വത്തും മുതലുമൊന്നും കാര്യമായി കിട്ടിയില്ലെങ്കിലും അച്ഛൻ്റെ വക മൈഗ്രേൻ എന്ന അമൂല്യ സമ്മാനം എനിക്കു ലഭിച്ചു എന്നത് ചരിത്ര സത്യം. ഓർമ വെച്ച നാൾ മുതലേ 'വിടില്ല ഞാൻ' എന്ന മട്ടിൽ കൂടെക്കൂടി ഇന്നും വിട്ടു പിരിയാത്ത സുഹൃത്തായി കൂടെയുണ്ട് ആ മൊതല് .
'ഹേതൂന് ഒരു ബാധ' എന്നു പറഞ്ഞതു പോലെ എന്തെങ്കിലും ഒരു കാരണമുണ്ടാവാൻ കാത്തിരുന്ന് തലയിൽ കയറി വിളയാടുമവൻ. കഥകളിയും ഓട്ടൻതുള്ളലും ആട്ടക്കലാശവും എല്ലാം കഴിഞ്ഞ് കളിയമർദ്ദനം കൂടി കെങ്കേമമായി ആടിത്തിമർത്ത് മനുഷ്യനൊരു ജീവച്ഛവം പോലായിട്ടേ അരങ്ങൊഴിയൂ പഹയൻ.
ഇത്തിരി വെയിലുകൊണ്ടാൽ, ഒന്ന് ഉറങ്ങാൻ വൈകിയാൽ, തലതുവർത്താനിത്തിരി വൈകിയാൽ, എണ്ണ തേച്ചാൽ, തേയ്ക്കാതിരുന്നാൽ ഇങ്ങനെയിങ്ങനെ എന്തെങ്കിലുമൊരു കാരണം മതി തലയിൽക്കയറി നിരങ്ങാൻ.
സഹികെട്ട് പലവിധ ചികിത്സകളും നോക്കി. പലരുടേയും വാക്കുകൾ വേദാന്തമാക്കിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും കുഞ്ചിരാമനെപ്പോലെ ചാടിക്കളിച്ചു. ങേ ഹെ... തലവേദന 'വിട മാട്ട് 'എന്നലറി കൂടെത്തന്നെ നിന്നു. അങ്ങനെ ജീവിതം മടുത്ത ദിനങ്ങളിലൊന്നിലാണ് യോഗയെക്കുറിച്ചു കേൾക്കുന്നത്. "ഇപ്പശ്ശര്യാക്കിത്തരാ"ന്നു പറഞ്ഞ് അവിടേക്കും ചാടിക്കേറി. കുറച്ചു മെനക്കേടൊക്കെയുണ്ടെങ്കിലും സംഗതി കൊള്ളാമെന്നു തോന്നി. ആരംഭശൂരത്വത്തിൽ മലയാളിയെ കഴിഞ്ഞേയുള്ളൂ എന്നു കേട്ടിട്ടുണ്ട്. കേട്ടപ്പോർത്തന്നെ "അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നു തോന്നിയത് ഒരു തെറ്റാണോ കൂട്ടരെ?
എന്തായാലും സംഗതി പിടിത്തം വിട്ട് ഓടി രക്ഷപ്പെട്ടുവെന്ന് തോന്നി. ഒരു മാസമായിട്ടും തലവേദന വന്നില്ല ഗുയ്സ്. അതോടെ മെല്ലെ മെല്ലെ യോഗയോട് ബൈ ബൈ പറഞ്ഞു.ഹല്ല പിന്നെ. ഒരു രണ്ടാഴ്ച വല്യ പ്രശ്നമൊന്നുമുണ്ടായില്ല. പിന്നെ പിന്നെ അവനതാ.. ആ പിശാച് .. മൈഗ്രേൻ 'അമ്പട പുളുസു... ന്നെ പറ്റിക്കാന്നു വിചാരിച്ചു ല്ലേ " ന്നു പറഞ്ഞ് തലയിലേക്ക് ചാടിക്കയറുന്നു.. പിന്നീടുള്ള അവസ്ഥ ... അവർണനീയം...
ഉപേക്ഷിച്ച യോഗയെ തേനേ പാലേ വിളിച്ച് വീണ്ടും കൂടെ കൂട്ടി. എന്തായാലും 'അനുഭവം ഗുരു' എന്നല്ലേ..? ആർക്ക്? ആ ... എനിക്കല്ല.. ആർക്കോ ...
"പിന്നേം ചങ്കരൻ തെങ്ങിമ്മത്തന്നെ " എന്ന പോലെയാണെൻ്റെ കഥ കൂട്ടരേ...
എന്തായാലും യോഗസൂപ്പറാണ് ട്ടോ... എല്ലാരും ചെയ്തോളൂ ... ബിമൽ കുമാർ പറഞ്ഞതുപോലെ നമ്മുടെ സൗന്ദര്യം നമ്മളന്നെ നോക്കണം... ക്ഷമിക്കണം" നമ്മുടെ ആരോഗ്യം നമ്മൾ തന്നെ നോക്കണം" എന്നതാണ് സത്യം .
ഏവർക്കും യോഗദിനാശംസകൾ !