പരസ്യങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ഇന്നത്തെ കാലത്ത് എങ്ങനെയാണ് നമുക്ക് പരസ്യങ്ങളെ കൂടാതെ ജീവിക്കാൻ ആകുന്നത്? ഒന്നോർത്തു നോക്കൂ. ഉപ്പുതൊട്ടു കർപ്പൂരം വരെ 'പരസ്യമയം'ആണല്ലോ.
നമ്മൾ വാങ്ങിക്കാൻ പോകുന്ന സാധനങ്ങൾ എന്തുമായിക്കൊള്ളട്ടെ ആദ്യം മനസിലക്ക് ഓടിയെത്തുന്നത് പരസ്യവാചകം തന്നെ. അതുകൊണ്ട് തന്നെ സ്വാഭാവികമായും ആ ബ്രാൻഡുകളോട് നമുക്ക് പ്രതിപത്തി കൂടുതലാകും. ശരിക്കുപറഞ്ഞാൽ ഇതൊരു സൈക്കോളജിക്കൽ മൂവ്മെന്റ് തന്നെയാണ്. നിരന്തരം കാണുന്ന പരസ്യ വാചകങ്ങൾ മനസ്സിന്റെ അടിത്തട്ടിലേക്ക് പതിഞ്ഞു അതിനെ കവച്ചുവെക്കാൻ മറ്റൊന്നും ഉണ്ടാകില്ല എന്ന് തോന്നിപ്പിക്കും വിധം അടിച്ചു കയറ്റും. അല്ലെങ്കിൽ നിങ്ങൾ നോക്കൂ. ബ്രാൻഡ് പോലും നമുക്ക് ഇന്ന് സാധനങ്ങളുടെ പേരായി മാറി. നമ്മൾ തുണികളിൽ മുക്കുന്ന' ഉജാല 'ഇതിനുദാഹരണമാണ്. ഉജാല ബ്രാൻഡ് നെയിം ആയിരിക്കെ നമുക്ക് അത് വെള്ള തിളങ്ങാൻ ഉപയോഗിക്കുന്ന തുള്ളിനീലം എന്ന സാധനത്തിന്റെ സാധാരണ പേരാണ്.
ഒരുപക്ഷേ കമ്പനി പോലും ഉജാല എന്നാൽ ഹിന്ദിയിലെ 'പ്രകാശിക്കുന്ന 'എന്ന അർത്ഥമേ കൽപ്പിച്ചിട്ടുണ്ടായിരിക്കുകയുള്ളു.
ഏതാണ്ട് ഇതേ രീതി തന്നെയാണ് ഡെറ്റോൾ വാങ്ങുമ്പോഴും നമ്മൾ പിന്തുടരുന്നത്
ഇനി നമ്മുടെ കുട്ടികളെ വീഴിക്കുന്ന പരസ്യ വാചകങ്ങളുടെ കാര്യം പറയാം. മുതിർന്നവരായ മനുഷ്യന്മാർ പോലും തലകുത്തി വീഴുന്ന പരസ്യവാചകങ്ങളുടെ ലോകത്ത് പിന്നെ കുഞ്ഞു മക്കളുടെ കാര്യം പറയാനുണ്ടോ?
കുഞ്ഞുങ്ങളുടെ മനസ്സ് എപ്പോഴും ഫാന്റസി വേൾഡിൽ ആണല്ലോ? അതുകൊണ്ടാവും ചോക്ലേറ്റിനോടൊപ്പം പലതരം കളിപ്പാട്ടങ്ങൾ അകത്തു വെച്ച് നൽകുന്ന' കിൻഡർ ജോയ് 'യോട് കുഞ്ഞുങ്ങൾക്ക് ഇത്ര പ്രിയം.
അതിനകത്തെ കളിപ്പാട്ടം എടുത്തതിനുശേഷം ചോക്ലേറ്റ്ന്റെ മധുരം നുണയുന്നതിനോടാണ് അവർക്ക് പ്രതിപത്തി. കുട്ടികളുടെ കാർട്ടൂൺ കളിപ്പാട്ടങ്ങളായ ബാർബിയും, ആംഗ്രി ബേർഡ്സുമൊക്കെ വെച്ച പരസ്യങ്ങൾ അവരെ എളുപ്പം ആ പ്രൊഡക്ട്ന്റെ ആരാധകരാക്കി മാറ്റുന്നു.
ഇനി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങാൻ പോകുകയാണെങ്കിൽ അതിനും നമ്മൾ മാർക്കറ്റിൽ ഇറങ്ങിയ ഏറ്റവും നല്ല പ്രോഡക്ട് ആയി കണക്കാക്കുന്നത് ഏറ്റവും നന്നായി പരസ്യവാചകങ്ങളിലൂടെ നമ്മുടെ മനംകവർന്നത് തന്നെയാണ്. ചില പ്രൊജക്ടുകൾ ഗുണമേന്മയിൽ മികച്ചതായിരിക്കും പക്ഷേ വേണ്ടത്ര പരസ്യപ്രചാരണങ്ങൾ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അവ സ്വാഭാവികമായും തഴയപ്പെടുന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അറിവില്ലാത്ത ഒരു കാര്യമായിരിക്കും.
ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും നന്നായി പരസ്യം അവതരിപ്പിച്ചു ജനങ്ങളുടെ മനസ്സിൽ ഇടം നേടുന്ന കമ്പനി ഏതാണ് അവയ്ക്ക് ആണ് മാർക്കറ്റിൽ സ്ഥാനം.
ചന്ദനത്തിരി മുതൽ എയർകണ്ടീഷണർ വരെ നമ്മൾ വാങ്ങുന്നത് ഗുണമേന്മയോടൊപ്പം മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള കമ്പനി നോക്കിയാണ്.
ഏറ്റവും കൂടുതൽ മൂവിങ് ഉള്ളത് ഏതാണ്? എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ വിലയിരുത്തലുകൾ ഏറെയും. നമുക്ക് വേണ്ടി നമ്മൾ തന്നെ സൃഷ്ടിച്ചെടുത്ത ഒരു ലോകമുണ്ട്. നമ്മുടെ ആ സ്വകാര്യ ലോകത്തെ പരസ്യങ്ങളുടെ ഇടപെടലുകൾ അറിയാതെ കടന്നുകയറുന്നത് നമ്മൾ പോലും അറിയുന്നില്ല.
ബ്രാൻഡഡ് കൂട, ബാഗ്സ്, സാനിറ്ററി പാഡുകൾ, ജീൻസ്, നോൺസ്റ്റിക് പാൻ, പെയിന്റ്, വാഹനങ്ങൾ, സിം കാർഡ്, മൊബൈൽ ഫോൺ, ആഹാരപദാർത്ഥങ്ങളായ നെയ്യ്, പാൽ, ചോക്ലേറ്റ് എന്നുവേണ്ട എല്ലാ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളെ പറ്റി ഒന്ന് നിങ്ങൾ ഒന്ന് ഓർത്തു നോക്കൂ അവിടെയെല്ലാം ബ്രാൻഡ് നെയിം പതിഞ്ഞെത്തി നോക്കുന്നത് കാണാം. അവിടെയാണ് പരസ്യങ്ങളുടെ വിജയം. എന്നുവെച്ച് ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്ന മനുഷ്യരെ സംബന്ധിച്ച് ഇതൊരു പരാജയം ഒന്നുമല്ല.
'പരസ്യങ്ങളുടെ വിജയം' 'മനുഷ്യരുടെ വിജയം' കൂടി ആക്കി മാറ്റാവുന്നതേയുള്ളു. നമുക്ക് വേണ്ട ഗുണമേന്മയുള്ള ഏറ്റവും നല്ല പ്രോഡക്റ്റിന്റെ പരസ്യ വാചകങ്ങളിലൂടെ അതിന്റെ ഗുണമേന്മാ വാഗ്ദാനങ്ങൾ തിരിച്ചറിയാം. അത്തരത്തിലുള്ള ഗുണമേന്മ ഘടകങ്ങൾ അടങ്ങിയതാണോ എന്ന് നോക്കി നമ്മുടെ പോക്കറ്റിൽ ഒതുങ്ങുന്ന ആവശ്യസാധനങ്ങൾ നമുക്ക് വാങ്ങാം. ഗുണനിലവാരവും വിലക്കുറവുമുള്ള സാധനങ്ങൾ നമ്മുടെ ആവശ്യാനുസരണം കണ്ടെത്താം. അതിനി പരസ്യ പ്രോഡക്ടുകൾ ആയാലും, അല്ലാതെ ആയാലും ശരി നമ്മുടെ കൊക്കിൽ ഒതുങ്ങുന്നവ തിരിച്ചറിഞ്ഞു വാങ്ങി ഉപയോഗിക്കാം.
അങ്ങനെ നമുക്ക് പരസ്യങ്ങളിലൂടെ രഹസ്യമായി സഞ്ചരിക്കാം.