മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

nobel prize 2012

അയാളുടെ അച്ഛൻ ജപ്പാനിലെ ഹിഗാഷിയഒസാക എന്ന സ്ഥലത്തു സ്വന്തമായി ചെറിയ ഒരു ഫാക്ടറി നടത്തിയിരുന്ന എഞ്ചിനീയർ ആയിരുന്നു. മക്കൾ പ്രായപൂർത്തിയാകും മുൻപേ അദ്ദേഹം ഒരു കരൾ രോഗി ആയിമാറി. അമിതമദ്യപാനികൾക്ക് സാധാരണയായി ഉണ്ടാകുന്ന കരൾവീക്കം (സിറോസിസ്) എന്ന രോഗമായിരുന്നു അത്. എന്നാൽ അദ്ദേഹത്തിനു വന്ന അസുഖത്തിന്റെ യഥാർത്ഥ കാരണം മദ്യപാനം ആയിരുന്നില്ല. എന്നാൽ എന്താണ് കാരണമെന്ന് ചികിൽസിച്ച ഭിഷഗ്വരന്മാർക്കും അറിയില്ലായിരുന്നു.

കൃത്യമായ മരുന്നുകളുടെ അഭാവത്തിൽ വേദനയിൽ കഴിഞ്ഞിരുന്ന അദ്ദേഹം തന്റെ മകനോട് ഒരു ഡോക്ടർ ആയിത്തീരാൻ ആവശ്യപ്പെട്ടതിന്റെ കാരണം ഈ അസുഖമായിരുന്നു. ജപ്പാനിലെ സമ്പ്രദായമനുസരിച്ചു, പിതാവിന്റെ ഫാക്ടറിയും ബിസിനസ്സും ഏറ്റെടുക്കേണ്ട ആ മകൻ അങ്ങനെ വൈദ്യശാത്രപഠനത്തിനു  പോയി. 1987 ൽ, തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ഡോക്ടർ ആയിത്തീർന്ന അയാൾക്ക് പക്ഷെ അധികനാൾ തന്റെ പിതാവിനെ പരിചരിക്കാനോ, രക്ഷിക്കാനോ കഴിഞ്ഞില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ ആ പിതാവ് മരണപ്പെടുമ്പോളും രോഗകാരണം അജ്ഞാതമായി തുടർന്നു. ആ മകനാണ് പിൽക്കാലത്തു, 2012 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാവായി മാറിയ പ്രൊഫസർ ഷിൻയാ യമനാക. 

യമനാകയുടെ പിതാവു മരിച്ചു ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ അമേരിക്കയിലെ ശാസ്ത്രജ്ഞർ പുതിയ ഒരു വൈറസിനെ തിരിച്ചറിഞ്ഞു. ഹെപ്പറ്റൈറ്റിസ് സി. കരൾ കോശങ്ങളെ ദുർബ്ബലമാക്കുന്ന ഈ വൈറസായിരുന്നു യമനാകയുടെ പിതാവിന്റെ രോഗഗകാരണം എന്നു തിരിച്ചറിയപ്പെട്ടു. ഫാക്ടറിയിൽ വച്ചുണ്ടായ ഒരു അപകടത്തിൽ രക്തം നഷ്ടപ്പെട്ട അദ്ദേഹത്തിനു നൽകപ്പെട്ട രക്തത്തിൽ നിന്നായിരുന്നു കരൾരോഗബാധ ഉണ്ടായത്. വൈറസിനെ തിരിച്ചറിഞ്ഞതോടെ അതിനുള്ള മരുന്ന് കണ്ടുപിടിക്കാൻ ലോകമെമ്പാടും ശ്രമം ഉണ്ടായെങ്കിലും നീണ്ട 25 വർഷങ്ങൾക്കുശേഷം 2014 ൽ ആണ്  മരുന്നു ലഭ്യമാകുന്നത്. ഒരു ഗുളിക വീതം തുടർച്ചയായി മൂന്നു മാസം കഴിച്ചാൽ കൃത്യമായി രോഗം മാറും. പക്ഷെ, അക്കാലത്തു ഒരു ഗുളികയുടെ വില 500 അമേരിക്കൻ ഡോളർ ആയിരുന്നു. മരുന്നുകൾ കണ്ടുപിടിക്കാനും അതു വിപണിയിൽ എത്തിക്കാനുമുള്ള കാലതാമസവും, മരുന്നുകളുടെ അമിതമായ വിലയും, ആരോഗ്യരംഗത്തെ കീറാമുട്ടികളാണ്. ഇതിനുള്ള പരിഹാരമാർഗ്ഗത്തിലേക്കു വഴിതെളിച്ച കണ്ടുപിടിത്തങ്ങൾക്കാണ് യമനാക നോബൽ സമ്മാനിതനായത്. 

എന്തായിരുന്നു ആ കണ്ടുപിടിത്തം?
ജപ്പാനിൽ നിന്നും ഡോക്ടറേറ്റ് (PhD) എടുത്തശേഷം പോസ്റ്റ് ഡോക്ടറൽ പഠനത്തിനായി അമേരിക്കയിലെ സാൻഫ്രാൻസിസ്കയിലേക്കു പോയ യമനാക, ഭ്രൂണത്തിലെ മൂല കോശങ്ങളെപ്പറ്റിയുള്ള (Embryonic Stem Cell) പഠനത്തിൽ ഏർപ്പെട്ടു. ഇത്തരം കോശങ്ങൾക്കു സമാനമായ iPCS (Induced Pluripotent Stem Cell) എന്ന കോശങ്ങളുടെ കണ്ടുപിടുത്തതിനാണ് പ്രൊഫസർ ഷിൻയാ യമനാക 2012-ൽ നോബൽ സമ്മാനിതനായത്. 

എളുപ്പം മനസ്സിലാക്കാവുന്ന കാര്യങ്ങളാണ് ഇതൊക്കെ. മനുഷ്യരുടെ ശരീരം കോടാനുകോടി കലകളാൽ നിർമ്മിക്കപ്പെട്ടതാണ്. പ്രധാനമായും ഇതു രണ്ടു തരമുണ്ട്.  ഒന്നാമത്തേത് ജനനകോശങ്ങൾ (reproductive cells). സ്ത്രീയിലെ ജനനകോശമാണ് അണ്ഡം. പുരുഷനിലെ ജനനകോശമാണ് ബീജം. ഈ കോശങ്ങൾ ആണ് പുതിയ ഒരു ജീവനു കാരണമാകുന്നത്. രണ്ടാമത്തേത് ശരീരകോശങ്ങൾ (somatic cells). ജനനകോശങ്ങൾ ഒഴികെ ബാക്കി ശരീരത്തിൽ ഉള്ള എല്ലാ കോശങ്ങളും ഈ വിഭാഗത്തിൽ പെടും. ഈ രണ്ടു തരത്തിലുള്ള കോശങ്ങളൾ തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ജനിതക ഘടകത്തിലുള്ള വ്യത്യാസമാണ്. ശരീരകോശങ്ങളിൽ ഉള്ള ജനിതക ഘടകത്തിന്റെ പകുതി മാത്രമേ ജനനകോശങ്ങളിൽ ഒള്ളു. 

നമുക്കറിയാം അമ്മയുടെ അണ്ഡാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു അണ്ഡവും അച്ഛന്റെ രേതസ്സിൽ ഉള്ള അനേകം ബീജങ്ങളിൽ നിന്നും ഒരെണ്ണംവും കൂടി ചേർന്നാണ് പുതിയ ഒരു മനുഷ്യജീവി ഉണ്ടാകുന്നത് എന്ന്. അങ്ങനെ പകുതി ജനിതകഘടകം ഉള്ള അണ്ഡവും, പകുതി ജനിതകഘടകം ഉള്ള ബീജവും കൂടി ചേർന്നു പുതിയ ഒരു കോശം മാത്രമുള്ള ഒരു മനുഷ്യ ഭ്രൂണം ഉണ്ടാകുമ്പോൾ, അതിൽ മുഴുവൻ ജനിതക ഘടകവും ഉണ്ടായിരിക്കും. ഈ ഒരു കോശമാണ് വളർന്നു പൂർണ്ണ മനുഷ്യനായിത്തീരുന്നത്. ഈ ഒരു കോശം രണ്ടായി മാറുന്നു. അതു നാലായി മാറുന്നു, എട്ടായി മാറുന്നു; അങ്ങനെ അതു വളർന്നുകൊണ്ടേയിരിക്കുന്നു. നാലോ അഞ്ചോ ദിവസം കൊണ്ട് ഏകദേശം 150 മുതൽ 200 വരെ കോശങ്ങൾ ഉള്ള ബ്ലാസ്റ്റുല എന്നു വിളിക്കപ്പെടുന്ന അവസ്ഥയിൽ ഭ്രൂണം എത്തിച്ചേരും. ബ്ലാസ്റ്റുലയുടെ ഉൾഭാഗത്തായി കുടികൊള്ളുന്ന കോശങ്ങളെയാണ് ഭ്രൂണത്തിലെ മൂല കോശങ്ങൾ (Embryonic Stem Cell) എന്നു വിളിക്കുന്നത്. ഈ കോശങ്ങൾക്ക് ശരീരത്തിലെ മറ്റേതു കോശമായി മാറിത്തീരാനുള്ള കഴിവുള്ളതുകൊണ്ടാണ് അവയെ മൂല കോശങ്ങൾ വിളിക്കുന്നത്. 

ഇനി, വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ മേഖലയെ നമുക്കൊന്നു പരിചയപ്പെടാം. പുനരുൽപാദന വൈദ്യശാസ്ത്രം (generative medicine), കേടുവന്ന ശരീര കോശങ്ങളുടെ കേടു മാറ്റുകയോ, അവയെ മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട മേഖലയാണ്. അതായത് ആവശ്യമുള്ള ഇടത്തു പുതിയ കോശങ്ങളെ വളർത്തിയെടുക്കുക. ഉദാഹരണത്തിന്, കണ്ണിലെ റെറ്റിന കേടായാൽ, റെറ്റിനയുടെ കോശങ്ങളെ ലബോറട്ടറിയിൽ വളർത്തി, കേടുവന്ന സ്ഥാനത്തു സ്ഥാപിക്കുക. ഇങ്ങനെയുള്ള കോശങ്ങളെ വളർത്തിയെടുക്കേണ്ടത് നേരത്തെ നമ്മൾ മനസ്സിലാക്കിയ ഭ്രൂണത്തിലെ മൂല കോശങ്ങളിൽ (Embryonic Stem Cell) നിന്നുമാണ്. ആരോഗ്യമുള്ള ഗർഭിണികളിൽ നിന്നും മാത്രമേ പരീക്ഷണങ്ങൾക്കോ, ചികിത്സയ്‌ക്കോ ആവശ്യമായി വരുന്ന ഭ്രൂണത്തെ ലഭിക്കുകയുള്ളു. സാധാരണഗതിയിൽ കൃത്രിമ ഗർഭധാരണം നടത്തുന്ന അവസരങ്ങളിൽ മരുന്നുകൾ നൽകി കൂടുതൽ അണ്ഡങ്ങൾ ഉൽപാദിപ്പിക്കാറുണ്ട്. അതുകൊണ്ട്, ബീജസങ്കലനത്തിനു ശേഷം ഒന്നിൽ കൂടുതൽ ഭ്രൂണം ഉണ്ടാവുകയും ചെയ്യും. ഇതിൽ ഗർഭപാത്രത്തിൽ ആരോഗ്യമുള്ള ഒരു ഭ്രൂണത്തെ നിക്ഷേപിച്ച ശേഷം ബാക്കിയുള്ളവയിൽ നിന്നും നേരത്തെ പറഞ്ഞ ആവശ്യങ്ങൾക്കായി മൂല കോശങ്ങളെ വേർതിരിച്ചെടുക്കാറുണ്ട്. ഇങ്ങനെ മറ്റാവശ്യങ്ങൾക്കായി ഭ്രൂണത്തെ ലഭിക്കുന്നതിനു ഒരുപാടു വിലക്കുകളും, നിയന്ത്രങ്ങളും, പരിമിതികളുമുണ്ട്. 

ഈ പരിമിതിയെ മറികടക്കാനുള്ള ഒരു മാർഗ്ഗം, ശരീരത്തിലുള്ള മറ്റേതെങ്കിലും കോശത്തെ മൂലകോശത്തെപ്പോലെ മാറ്റിയെടുക്കുക എന്നതാണ്. ഉദാഹരണത്തിന്, തൊലിപ്പുറത്തെ കോശങ്ങളോ, രക്ത കോശങ്ങളോ ലഭിക്കാൻ ഒരു പ്രയാസവുമില്ല. ഇങ്ങനെ ശരീരകോശങ്ങളെ മൂലകോശങ്ങളായി മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട കണ്ടുപിടിത്തമായിരുന്നു അദ്ദേഹം ചെയ്തത്. അങ്ങനെയുള്ള കോശങ്ങളെ അദ്ദേഹം തന്റെ ലബോറട്ടറിയിൽ വളർത്തിയെടുത്തു. ഇത്തരം കോശങ്ങളെ ഇൻഡ്യൂസ്ഡ് പ്ലൂറിപൊട്ടന്റ സ്റ്റം സെൽ (iPSC) എന്നു വിളിക്കുന്നു. ഈ കണ്ടുപിടുത്തം, വൈദ്യശാസ്ത്ര മേഖലയുടെ അപാരമായ വളർച്ചയ്ക്കു ഹേതുവായിരിക്കുകയാണ്. യമനാകയുടെ പിതാവിനെപ്പോലെ കരൾ കേടായവർക്കു ലബോറട്ടറിയിൽ പുതിയ കരൾ നിർമ്മിച്ചു നൽകാൻ പോകുന്ന വരുംകാലമാണ് നമുക്കു മുന്നിലുള്ളത് എന്നു സന്തോഷത്തോടെ സമ്മതിക്കാം. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ