mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

oleg orlov

കോടതി മുറിയിലെ മരിച്ച വായുവിലേക്കയാൾ കടന്നു വന്നു. അയാൾക്കെതിരെയുള്ള പുനർവിചാരണ അവിടെ നടക്കുകയാണ്. കീഴ്കോടതി അയാൾക്കു നൽകിയ ശിക്ഷ കുറഞ്ഞുപോയി എന്നുള്ള പ്രോസിക്യൂഷന്റെ ആരോപണത്തെ തുടർന്ന്, മേൽക്കോടതി ആ വിധിയെ റദ്ദാക്കുകയാണുണ്ടായത്. തുടർന്നുള്ള വിചാരണയ്ക്ക് അയാൾ വരുമ്പോൾ കൈയിൽ ഒരു പുസ്തകം കരുതിയിരുന്നു. 1914 നും 1915 ഉം മദ്ധ്യേ എഴുതി, അപൂർണ്ണമായി ഉപേക്ഷിക്കപ്പെട്ട ഫ്രാൻസ് കാഫ്കയുടെ വിശ്വവിഖ്യാതമായ നോവൽ, 'ദ ട്രയൽ'. 

അയാൾക്കെതിരെയുള്ള ആരോപണം വായിക്കപ്പെട്ടു. വിചാരണ ആരംഭിച്ചപ്പോൾ അയാൾ പുസ്തകം നിവർത്തിവച്ചു വായന തുടങ്ങി;  ബാങ്കിലെ ഉദ്യോഗസ്ഥനായ ജോസഫ് കെ യുടെ മുപ്പതാം പിറന്നാൾ ദിനത്തിൽ നോവൽ ആരംഭിക്കുന്നു. പ്രഭാതത്തിൽ അയാളുടെ മുറിയിലേക്കു കടന്നുവന്ന അപരിചിതർ പറയുന്നു തങ്ങൾ വന്നത് അയാളെ  അറസ്റ് ചെയ്യാൻ ആണെന്ന്. ജന്മദിനം പ്രമാണിച്ചു ബാങ്കിലെ തന്റെ സുഹൃത്തുക്കൾ തട്ടിക്കൂട്ടിയ തരികിടയാണോ അതെന്നയാൾ ഒരു നിമിഷം സംശയിക്കുന്നു. പക്ഷെ വളരെ ഗൗരവമുള്ള എന്തോ ഉണ്ടെന്നു മനസ്സിലാകുന്ന ജോസഫ് കെ, എന്തിനാണ് താൻ അറസ്റ് ചെയ്യപ്പെട്ടത്  എന്നാരായുന്നു. അതിനുള്ള ഉത്തരം ജോസഫ് കെ എന്ന പ്രജയ്ക്കു ഒരിടത്തുനിന്നും ലഭിക്കുന്നില്ല. നോവലിസ്റ്റ് അത് വായനക്കാരനു ഒരിടത്തും നൽകുന്നുമില്ല. (ഒരു പക്ഷെ നോവലിസ്റ്റിനും അതറിയില്ലായിരിക്കും.) ഏതോ രഹസ്യാന്വേഷണ ഏജൻസിയുടെ നോട്ടപ്പുള്ളിയാണ് താൻ എന്നുമാത്രം അയാൾ അവ്യക്തമായി മനസ്സിലാക്കുന്നു. താൻ ചെയ്ത കുറ്റം എന്തെന്നറിയാതെ ജോസഫ് കെ, അസംബന്ധം നിറഞ്ഞ കോടതി വിചാരണയിലൂടെ കടന്നുപോകുന്നു. ഒടുവിൽ അയാളുടെ മുപ്പത്തിയൊന്നാമത്തെ ജന്മദിനത്തിൽ അയാൾ പട്ടണത്തിനു പുറത്തുള്ള ഒരു ക്വറിയെലേക്കു നയിക്കപ്പെടുകയും, അവിടെവച്ചു കൊല്ലപ്പെടുകയും ചെയ്യുന്നു.  

എന്നാൽ പുസ്തകം വായിച്ചു തീരും മുൻപേ പുനർവിചാരണയുടെ വിധി ജഡ്ജി വായിച്ചു. അതിപ്രകാരമായിരുന്നു. പ്രതിയായ ഒലെഗ് ഓർലോവ്നു രണ്ടര വർഷത്തെ തടവുശിക്ഷ. തനിക്കു നേരിടേണ്ടിവരുന്ന വിചാരണ, കാഫ്കയുടെ നോവലിലെ ജോസഫ് കെ യുടേതിനു സമാനമായ അനീതിയുടെയും അസംബന്ധത്തിന്റെയും അരങ്ങേറ്റം ആയിരിക്കുമെന്നു മനസ്സിലാക്കിയ ഒലെഗ് ഓർലോവ് വിചാരണ സമയം മുഴുവൻ നോവൽ വായനയിലായിരുന്നു. 

കൈകളിൽ വിലങ്ങണിയിക്കപ്പെട്ടു തറവറയിലേക്കു നയിക്കപ്പെട്ട ആ വയോധികൻ, 2022 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച 'മെമോറിയൽ' എന്ന സംഘടനയുടെ സഹ-കാര്യദർശിയായിരുന്നു. അയാൾ ചെയ്ത കുറ്റം, ഉക്രയിൻ എന്ന സ്വതന്ത്ര രാജ്യത്തെ ആക്രമിക്കുന്ന റഷ്യൻ സൈന്യത്തെ പരസ്യമായി തന്റെ ലേഖങ്ങളിലൂടെ അപലപിച്ചു എന്നുള്ളതാണ്. ഒരു പ്രജയായ അദ്ദേഹത്തിനു റഷ്യൻ ഭരണഘടന ഉറപ്പു നൽകുന്ന ഒന്നുണ്ട് - "ആവിഷ്കാര സ്വാതന്ത്ര്യം"! 

ടിപ്പണി: 1984 ഉം, അനിമൽ ഫാമും എഴുതിയ ജോർജ് ഓർവെല്ലിന്റെയും കാഫ്കയുടെയും കൃതികൾക്ക് ഇപ്പോൾ റഷ്യയിൽ വായനക്കാരുണ്ട്. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ