സ്വാതന്ത്ര്യത്തിന്റെ ലക്ഷണം നിർഭയത്വമാണെങ്കിൽ, ഇവിടെ, ഒരു ജനതയുടെ പകുതിപ്പേർ ഭയന്നാണു കഴിയുന്നത്. സമരങ്ങൾ ഒന്നും രണ്ടും കഴിഞ്ഞു. ഒന്നിനെ ലഹളയായി ലഘൂകരിക്കാൻ നാം ബദ്ധപ്പെട്ടു. രണ്ടിൽ വിഭജനത്തിന്റെ ചോരപ്പാടുണ്ടായിരുന്നു. എങ്കിലും ലോകം കണ്ട ഏറ്റവും വലിയ പകൽക്കൊള്ളയിൽ നിന്നും ഒരു ജനത മുക്തരായി.
മൂന്നാം സ്വാന്ത്ര്യസമരം ഇവിടെ അരങ്ങേറേണ്ടിയിരിക്കുന്നു.
മതങ്ങളും, പാരമ്പര്യങ്ങളും രക്തത്തിൽ സഞ്ചയിപ്പിച്ച സ്ത്രീ വിരുദ്ധതയുടെ കോളനി വാഴ്ചയിൽ നിന്നും നമുക്കു സ്വാതന്ത്ര്യം നേടേണ്ടിയിരിക്കുന്നു. കൊൽക്കത്തയിൽ അടുത്തകാലത്തു നടന്ന മാസ്സ് റേപ്പിനെ, തൊഴിലിടത്തിലുള്ള സുരക്ഷാവീഴ്ചയായി ലഘൂകരിച്ചു കാണുന്ന ജന്മവൈകല്യത്തെയാണ് തുടച്ചു നീക്കേണ്ടത്. സമൂഹത്തിന്റെ പകുതി വരുന്ന സ്ത്രീകളോടുള്ള പക്ഷഭേദമാണ്, പരുഷമായ പുരുഷാധിപത്യത്തിന്റെ മ്ലേച്ഛ വൈകല്യമാണ് ശക്തമായ നിയമനിർമ്മാണത്തിനും, അതിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രയോഗത്തിനും വിരുദ്ധമായി നിലകൊള്ളുന്നത്. നമുക്ക് നമ്മെത്തന്നെ പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. നമുക്കു നമ്മിൽ നിന്നും സ്വാതന്ത്ര്യം നേടേണ്ടിയിരിക്കുന്നു.
ഗ്ലോറിഫൈ ചെയ്യപ്പെടുന്ന പൗരാണികാഖ്യാനങ്ങളിൽ നിന്നും, സ്ത്രീയെ ഇരുട്ടത്തു നിറുത്തുന്ന മതമൗലികതയിൽ നിന്നുമാണ് നാം സ്വതന്ത്രരാവേണ്ടത്. അപ്പോൾ മാത്രമേ ടാഗോർ പാടിയതുപോലെ സ്വാതത്ര്യത്തിന്റെ സ്വർഗ്ഗരാജ്യം എന്റെ മണ്ണിൽ പൂത്തിറങ്ങു. ഓർക്കുക നമ്മുടെ സമൂഹത്തിന്റെ പകുതി വ്യക്തികൾ ഇന്നും ഭയന്നാണ് കഴിയുന്നത്. ഗൃഹത്തിൽ, നിരത്തിൽ, തൊഴിലിടത്തിൽ, തീവണ്ടിയിൽ, വ്യോമയാനത്തിൽ... എവിടെയും അവർ ഭയന്നാണ് ജീവിക്കുന്നത്. അവരെ ഭയപ്പെടുത്തുന്നതോ, അവർ പെറ്റു വളർത്തിയ മറ്റേ പകുതി. കുനിഞ്ഞു നോക്കുമ്പോൾ എനിക്കു വെറുപ്പും ദേഷ്യവും ഉണ്ടാകുന്നു. ഹാ സങ്കടവും...