mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

'പളളി' എന്നത് ബുദ്ധമതവുമായി ബന്ധപ്പെടുത്തിയാണ് പൊതുവേ അർത്ഥവിചാരം നടത്തിയിട്ടുളളത്. പാലിയിൽ അതിന് ബുദ്ധവിഹാർ എന്ന അർത്ഥത്തിലാണ് പ്രയോഗമുളളത്. എന്നാൽ, പളളി എന്നതിന് ബുദ്ധ വിഹാർ എന്നർത്ഥം മാത്രമല്ല ഉളളത്. 'പളളം' ഉളളത് പളളി. പളളം - നീർവാർച്ചയുളള സ്ഥലം. വെളളക്കെട്ടുളള താണ നിലം അഥവാ വയലുകൾ നിറഞ്ഞ പ്രദേശത്തിന് പളളി എന്നു പറയും. കന്നഡ അതിരു പങ്കിടുന്ന ഉത്തര കേരളത്തിലെ ഗ്രാമങ്ങൾ പലതും പളളി പൂർവ്വ പദമായും ഉത്തരപദമായും, വരുന്നുണ്ട്. അത് ഗ്രാമം എന്ന അർത്ഥത്തിലാണ്. പളളിക്കുന്നും പളളിപ്പാടും കരുനാഗപ്പളളിയും കാർത്തികപ്പളളിയും വയലുകൾ നിറഞ്ഞ, വെളളക്കെട്ടുളള, താഴ്ന്ന നിലങ്ങളുളള പ്രദേശങ്ങളാണിന്നും. കരുനാഗപ്പളളിയിൽ ബൗദ്ധ സ്വാധീനത്തെക്കാൾ ജൈന സ്വാധീനമാണേറെ. നാഗപ്പളളികൾ (മൈനാഗപ്പളളി, കരുനാഗപ്പളളി) ഒന്നിലധികം വരുന്നത് അതിൻ്റെ സൂചനയാണ്. ബൗദ്ധരേക്കാൾ, ജൈനരുടെ നാഗബന്ധം അനുബന്ധമായി ഓർക്കാം.
 
കേരളത്തില്‍ പൊതുവെയും അത്യുത്തര കേരളത്തില്‍ പ്രത്യേകിച്ചും അനേകം സ്ഥലനാമങ്ങള്‍ 'പളളി' കൊണ്ടു തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നതായി കാണാം. ക്രിസ്ത്യാനികളും മുസ്ലീമിങ്ങളും ഇന്നാട്ടില്‍ പെരുകിവരുന്നതിനുമുമ്പേതന്നെ അത്തരം സ്ഥലനാമങ്ങള്‍ വേരുറച്ചിരുന്നു. പളളിക്കുളം, പളളിക്കുന്ന്, പളളിക്കര, കടന്നപ്പളളി, കാട്ടാമ്പളളി, കീഴ്പളളി മുതലായ പേരുകളിലുളള 'പളളി' കന്നട ഭാഷയിലുളള ഹളളി (ഗ്രാമം അഥവാ ഊര്) യോടു ബന്ധപ്പെട്ടതാണ്. ( തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, ചിറക്കല്‍ ടി ബാലകൃഷ്ണന്‍ നായര്‍, പേജ് 30, കേരള സാഹിത്യ അക്കാദമി, 1981) 
 
• പൊത്തപ്പളളി
 
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പളളി താലൂക്കില്‍ കുമാരപുരം പഞ്ചായത്തിലുളള ഒരു സ്ഥലം. 'പുത്തപ്പളളി' അഥവാ ബുദ്ധപ്പളളിയാണ് 'പൊത്തപ്പളളി'യായത് എന്നാണ് പഞ്ചായത്ത് വികസനരേഖയിൽ സൂചിപ്പിക്കുന്നത്.
 
നമുക്കതിൻ്റെ നിരുക്തി പരിശോധിക്കാം.
പൊത്ത + പളളി = പൊത്തപ്പളളി എന്നിങ്ങനെ രണ്ടു ഘടകപദങ്ങളായി അതിനെ വിഘടിപ്പിച്ചു മനസ്സിലാക്കാം.
 
പൊത്ത = പൊന്തിയ, പൊങ്ങിയ 
'പൊത്ത' ചിലയിടത്ത് 'പത്ത'യായും കാണാം. പത്തനംതിട്ട, പത്തനാപുരം തുടങ്ങിയവ ഉദാഹരണം.
 
പളളം = വക്ക്, തീരം, അരിക് 
പളളി > പളളം ഉളളത് പളളി 
പളളിക്ക് ഗ്രാമമെന്നും, താഴ്ന്ന സ്ഥലമെന്നും കൃഷിഭൂമിയെന്നും അര്‍ത്ഥമുണ്ട്. കാര്‍ഷിക പ്രധാനമായ ഗ്രാമത്തിനും പട്ടണത്തിനും പളളിചേര്‍ന്ന  സ്ഥലപ്പേര്‍ വീഴാമെന്ന് കാഡ്വല്‍ പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു: Palli - a city, a town, a village especially an agricultural village (Rt. Rev. Robert Caldwell. DD, LLD: A Comparative Grammar of the Dravidian or South Indian Family of Languages, University of Madras, 1956, p. 372)
 
ആറ്റുവക്കോ (ആറുചേര്‍ന്നോ), തോട്ടുവക്കോ (തോടുചേര്‍ന്നോ/ തോട്ടരികിലോ) ഉളളസ്ഥലത്തെ, അല്ലെങ്കിൽ ചുറ്റുപാടിനെ അപേക്ഷിച്ച് അല്പം ഉയര്‍ന്നു കാണുന്ന കൃഷിയിടത്തെ (വയല്‍) ഒക്കെ പള്ളം / പളളികൊണ്ട് വ്യവക്ഷിക്കുന്നു.
 
ഇപ്പോള്‍ ഭൂപ്രകൃതിയിൽ, പഴയതില്‍നിന്ന് വളരെയേറെ മാറ്റമുണ്ടാകാം. എങ്കിലും, ആ പേരുണ്ടായ കാലത്തെ ഭൂപ്രകൃതി സ്ഥലപ്പേരില്‍ അന്തര്‍ലീനമായിരിക്കുന്നു. ഒരുപക്ഷേ, അന്നത്തെ ആറോ, തോടോ അപ്രത്യക്ഷമായെന്നും വരാം.
 
ചുരുക്കത്തില്‍ നീര്‍വാര്‍ച്ചയുളള, ചുറ്റുപാടുകളെ അപേക്ഷിച്ച്, അല്പം പൊക്കമുളള വയലേലകളുളള കാര്‍ഷിക ഭൂമിയാണ് പൊത്തപ്പളളി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ