ഇന്ന് തുലാമാസം ഒന്നാം തീയതി. ചന്ദനത്തിൻ്റെയും കർപ്പൂരത്തിൻ്റേയും സുഗന്ധം ഭക്തി സാന്ദ്രമാക്കുന്ന നാളുകളിങ്ങടുത്തെത്താറായി എന്ന ഓർമ പുതുക്കൽ കൂടിയാണീ മാസാരംഭം.
പറയിപെറ്റ പന്തിരുകുലത്തിൻ്റെ ഐതിഹ്യപ്പെരുമ അലതല്ലുന്നിടമായ മലനാട്ടിൽ കഥകൾക്ക് യാതൊരു പഞ്ഞവുമില്ലല്ലോ.
പാലക്കാട് ജില്ലയിലെ കൊപ്പം മുളയങ്കാവ് റൂട്ടിലായി രായിരനെല്ലൂർ എന്ന സ്ഥലത്ത് ഐതിഹ്യപ്പെരുമ വിളിച്ചോതുന്ന പ്രസിദ്ധമായൊരു മലയുണ്ട്. വരരുചിയുടെയും പഞ്ചമിയുടെയും പന്ത്രണ്ടു മക്കളിൽ ഒരാളായ നാറാണത്തു ഭ്രാന്തൻ ഈ മലമുകളിലേക്കാണത്രേ വലിയ പാറക്കല്ലുകൾ ഉന്തിയുരുട്ടിക്കയറ്റിയിരുന്നത്.ഏറെ കഷ്ടപ്പെട്ട് അധ്വാനത്തിനൊടുവിൽ മലുകളിലെത്തിച്ച പാറക്കല്ലുകൾ അദ്ദേഹം തള്ളി താഴേക്കു തിട്ടയിടുമായിരുന്നത്രെ. കടപട ശബ്ദത്തിൽ ഉരുണ്ടുരുണ്ട് തെന്നിത്തെറിച്ച് താഴേക്കെത്തുന്ന പാറക്കല്ലുകളെ നോക്കി കൈകൊട്ടിച്ചിരിക്കുമായിരുന്നത്രെ അദ്ദേഹം.
എന്തായാലും വെറുമൊരു ഭ്രാന്തു മാത്രമായിരിക്കയില്ല ഈ പ്രവർത്തിയെന്ന് ഉറപ്പാണ്. ഒരു പാട് അർത്ഥ തലങ്ങൾ കണ്ടെത്താവുന്ന മഹത് കൃത്യം തന്നെയായിരിക്കും ഇത്. ആളുകൾക്ക് വ്യക്തമാക്കിക്കൊടുക്കാവുന്ന നിരവധി പാഠങ്ങളുൾക്കൊള്ളുന്ന പ്രവർത്തി.
തുലാം ഒന്നിന് രായിരനെല്ലൂർ മലയിലേക്ക് ഭക്തജനപ്രവാഹമാണ്.മല കയറിയെത്തിയാൽ ഒരു ദേവീ ക്ഷേത്രമുണ്ട്. അവിടെയുള്ള കുഞ്ഞു ജലാശയത്തിൽ അന്നേ ദിവസം ഗംഗാതീർത്ഥം ഒഴുകിയെത്തുമെന്ന് വിശ്വാസം. ഇത്രയും വലിയ മലയിലെ പാറക്കെട്ടിലെ ജലാശയത്തിലെ തീർത്ഥ സാന്നിദ്ധ്യം അതിശയമുളവാക്കുന്നതു തന്നെയാണ്.മലയുടെ മുകളിൽ ചങ്ങലയിട്ട കാലുമായുള്ള നാറാണത്തു ഭ്രാന്തൻ്റെ വലിയ പ്രതിമയും കാണാം.