ഇന്ന് വിജയദശമി. അറിവിൻ്റെ വെളിച്ചത്തിലേക്ക് പിച്ചവെയ്ക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് കൈവിരൽത്തുമ്പിൽ ആദ്യാക്ഷരം പകർന്നു നൽകുന്ന സുദിനം.
നല്ല വാക്ക് നാവിലുദിക്കാനായ് വാണീ മാതാവിൻ്റെ വരപ്രസാദത്തിനായി അനുഗ്രഹാശിസ്സുകൾ ലഭിക്കാനായി ആചാര്യാനുഗ്രഹത്തോടെയെത്തുന്ന എല്ലാ കുഞ്ഞുങ്ങളും മിടുക്കരായി വളരട്ടെ. അറിവിൻ്റെ അനന്ത സാധ്യതകൾ തേടിയുള്ള യാത്രയ്ക്ക് ഇന്ന് തുടക്കമിടുകയാണ്. അറിവുതന്നെയാണ് നിറവ്. അറിവാണായുധവും." ആയുധം കൈയ്യിലില്ലാത്തോൻ അടരാടുന്നതെങ്ങനെ?" എന്നാണല്ലോ കവിവചനം. ജീവിതായോധനത്തിൽ പൊരുതാനുള്ള ആയുധം വിദ്യ തന്നെയാണ്. "വിദ്യാവിഹീന പശു" എന്ന പ്രയോഗത്തിൽ നിന്നു തന്നെ വിദ്യയുടെ പ്രാധാന്യം വ്യക്തമാണല്ലോ. അറിവു നേടുകയെന്നതു മാത്രമല്ല വിദ്യാഭ്യാസം കൊണ്ടർത്ഥമാക്കുന്നത്. തിരിച്ചറിവാണ് പ്രധാനം. വിവേക ബുദ്ധിയാണ് നമുക്കു വേണ്ടത്. ഗുരുപരമ്പര പകർന്നു നൽകിയ അനന്തമായ അറിവുകൾ നമ്മിലോരോരുത്തരിലും തിരിച്ചറിവുകളായി വിളങ്ങട്ടെ. എന്തുവിലകൊടുത്തും അറിവു നേടുകയും തിരിച്ചറിവോടെ ജീവിതവിജയം സ്വായത്തമാക്കുകയുമാവട്ടെ നമ്മുടെ ഏകവും പരമവുമായ ലക്ഷ്യം. അപര വിദ്വേഷമില്ലാതെ പരോപകാരമേ പുണ്യം എന്ന തത്വം പ്രായോഗികമാക്കി ഇച്ചിരിപ്പോന്ന ഈ ജീവിതം സഫലമാക്കാനാണ് നാമോരോരുത്തരും ശ്രദ്ധിക്കേണ്ടത്. അന്യൻ്റെ ജീവിത പന്ഥാവിൽ കനൽവിതറാതെ, കല്ലെറിയാതെ ആവുംവിധമൊരു കൈത്താങ്ങായി നന്മയാർന്ന മനസ്സുമായി നമുക്ക് സന്തോഷത്തോടെ ജീവിക്കാം. നന്മയിലേക്കുള്ള യാത്രയിലെ കൈത്തിരി കൊളുത്താൻ ഈ വിജയദശമി നാളിൽ ഒരുമിച്ചു ചേർന്ന് പ്രതിജ്ഞയെടുക്കാം. ഏവർക്കും അക്ഷരദേവതയുടെ അനുഗ്രഹമുണ്ടാവാൻ പ്രാർത്ഥനകൾ !