(Jojo Jose Thiruvizha)
ഓണം വെറുമൊരു മിത്ത് അല്ല. ഒരു ചരിത്രാന്വേഷിയെ സംബന്ധിച്ചു മൺമറഞ്ഞ് പോയ ഒരു കാലത്തിൻെറ ശേഷിപ്പാണ്. മഹാബലിയുടെ ഐതീഹ്യം വിവരിക്കുന്നത് പുരാണങ്ങളിൽ
ആണ്. BC 4-)ം നൂറ്റാണ്ടിനും AD 1-)ം നൂറ്റാണ്ടിനും ഇടയിലാണ് പുരാണകാലഘട്ടം. പുരാണ കാലഘട്ടത്തിൽ ഹിന്ദു മത സിദ്ധാന്തങ്ങൾ പരിഷ്കരിക്കപ്പെട്ടു. വേദ കാലഘട്ടത്തിൽ(BC 8000-6500) നിലനിന്നിരുന്ന പഞ്ചഭൂത ആരാധന ലോപിച്ച് ത്രിമൂർത്തി സങ്കല്പം ആയിതീർന്നു. വേദങ്ങളിൽ പ്രമുഖനായ ഇന്ദ്ര൯, വരുണൻ, അഗ്നി, വായു മുതലായ പ്രകൃതി ശക്തികളുടെ സ്ഥാനം ബ്രഹ്മാവ്, വിഷ്ണു, ശിവൻ മുതലായ ദേവതകൾ കയ്യടക്കി.
ശക്തമായിരുന്ന വേദ കാല ഹിന്ദുമതം BC 6500 ആയപ്പോൾ ക്ഷയിക്കാൻ തുടങ്ങി. BC 6-)ം നൂറ്റാണ്ട് ആയപ്പോൾ കടന്ന് വന്ന ബുദ്ധ, ജൈന മതങ്ങൾ വേദകാല ഹിന്ദു മതത്തിൻെറ സമൂല നാശത്തിന് കാരണമായി. ഇതിനെത്തുടർന്ന് നടത്തിയ പരിഷ്കാരങ്ങളാണ് ത്രിമൂർത്തി സങ്കല്പത്തിന് കാരണമായത്. തുടർന്ന് ബുദ്ധമതം ശക്തമായിരുന്ന ദക്ഷിണ ഇൻഡ്യയിലേക്ക് ദണ്ഡികൾ (കൈയ്യിൽ ഒരു വടിയും അതിനുമുകളിൽ താളിയോലകൾ കെട്ടിയ കിഴിയും ഉണ്ടായിരുന്നത് കൊണ്ടാണ് ഈ പേര് ലഭിച്ചത്) എന്ന് വിളിക്കപ്പെടുന്ന ഹൈന്ദവ പണ്ഡിതൻമാർ സഞ്ചരിച്ച് ഇവിടെ ഉണ്ടായിരുന്ന ബൗദ്ധ പണ്ഡിതൻമാരായ ഭട്ടൻമാരെ തർക്കത്തിൽ തോൽപ്പിച്ചും, രാജാക്കൻമാരെ സ്വാധീനിച്ചും ഹിന്ദുമതം പുനരുദ്ധരിച്ചു. ഇതിൻെറ പുരാണ ഭാക്ഷ്യമാണ് മഹാബലിയുടെ കഥ.
ഇവിടെ നിലനിന്നിരുന്ന ബുദ്ധമതം കൂടുതൽ പരിഷ്കൃതമായിരുന്നു. അത് എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യ വിദ്യാഭ്യാസം (അക്കാലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പള്ളികൾ) നൽകിയിരുന്നു. ആരോഗ്യ ചികൽസയ്ക്കായി മരുത്വ കേന്ദ്രങ്ങൾ സ്ഥാപിച്ചു. നമ്മുടെ പ്രദേശത്ത് ഇന്ന് കാണുന്ന പല ഹൈന്ദവ ക്ഷേത്രങ്ങളും പഴയകാല ബൗദ്ധ കേന്ദ്രങ്ങൾ ആയിരുന്നു. തിരുവിഴ മഹാദേവക്ഷത്രത്തിലെ ആൽച്ചുവട്ടിലിരുന്നാണ് ബുദ്ധ പണ്ഡിതനായ വാഗ്ഭടൻ അഷ്ടാംഗഹൃദയം എഴുതിയത് എന്ന് ചരിത്രരേഖകൾ പറയുന്നു. ചേർത്തല ദേവീ ക്ഷേത്രം സ്ത്രീകൾക്കുള്ള ബുദ്ധ വിഹാരമായിരുന്നു. ഇന്നും അവിടെ കാണപ്പെടുന്ന കാവുടയോൻ എന്ന പ്രതിഷ്ട ബുദ്ധൻ ആണ് എന്നും പറയപ്പെടുന്നു. കേരളത്തിൽ ശാസ്താവ് എന്നറിയപ്പെടുന്നത് ബുദ്ധൻ ആണ്. അതിനുശേഷം കടന്നുവന്ന ബ്രാഹ്മണാധിപത്യം ചാതുർവർണ്യം അടിച്ചേൽപ്പിച്ചു. എല്ലാവർക്കും നൽകിയിരുന്ന വിദ്യാഭ്യാസം തുടച്ചു നീക്കി. കേരളത്തിൽ അന്ന് ഉണ്ടായിരുന്ന ആളുകൾ ആ നല്ല കാലത്തിൻെറ ഓർമ്മ അനുസ്മരിക്കാൻ തുടങ്ങി. അതാണ് ഇന്ന് നാം കാണുന്ന ഓണം. അതു കൊണ്ടാണ് ജാതിമത ഭേദമന്യേ ഓണം മലയാളിയുടെ ഉത്സവമാകുന്നത്.