ഒരു ജൂൺ മാസം കൂടി വിട പറഞ്ഞിരിക്കയാണ്. പേമാരിക്കരച്ചിലുകളില്ലാതെ.ചാറ്റൽ മഴച്ചിണുങ്ങുകളോടെ കുഞ്ഞുങ്ങളുടെ തോളുരുമ്മി അവരെ വിദ്യാലയപ്പടിവാതിൽ വരെ അനുഗമിക്കാൻ ഇക്കുറി അവളെത്തിയില്ല.
അമ്മയിൽ നിന്നും ആദ്യമായകന്നു നിൽക്കുന്ന കുഞ്ഞോമനകളുടെ കണ്ണീരായി പടർന്നൊഴുകാനും കുനുകുനെ കൊഞ്ചി അവരോട് കഥകൾ പറഞ്ഞ്, ചിലപ്പോഴെല്ലാം അമൃതവർഷിണി രാഗത്തിൽ പാട്ടുകൾ മൂളിക്കേൾപ്പിക്കാൻ ഇനിയും എത്തിയില്ല.
കാലവർഷം എത്തിയില്ലെന്നത് ഗൗരവമായെടുക്കേണ്ട പാരിസ്ഥിതിക പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനം എന്ന് ഒറ്റവാക്കിൽ ലളിതമായി പറഞ്ഞ് തള്ളിക്കളയേണ്ട ഒന്നല്ല ഇത്.
പ്രകൃതി ഭംഗിയും അനുഗ്രഹീതമായ കാലാവസ്ഥയും മാത്രമാണ് കേരളത്തിന് ആകെയുണ്ടായിരുന്നകൈമുതൽ. ഇന്ന് അതും നമ്മൾ നഷ്ടപ്പെടുത്തിയിരിക്കുന്നു. മനുഷ്യൻ്റെ ക്രൂരതയ്ക്ക് പ്രകൃതി മറുപടി നൽകുകയാണെന്നു പോലും മനസ്സിലാക്കാതെ ഇപ്പോഴും നിർദാക്ഷിണ്യമത് തുടർന്നു കൊണ്ടേയിരിക്കുന്നു.എന്നിട്ട് മഴ വന്നില്ലല്ലോ എന്നു പറഞ്ഞ് മുറവിളി കൂട്ടിയിട്ട് എന്തു കാര്യം?
ഈ ഭൂമിയിൽ തനിക്കു മാത്രമേ അധികാരമുള്ളൂ എന്നും തൻ്റെ ഇഷ്ടത്തിനനുസരിച്ചാണ് മറ്റു ജീവജാലങ്ങളെല്ലാം നിലകൊള്ളേണ്ടതെന്നും എല്ലാറ്റിൻ്റേയും അധീശത്വം സ്വയം ഏറ്റെടുത്ത് വിളയാടുകയാണ് ചില ഇരുകാലിക്കൂട്ടങ്ങൾ.
മിണ്ടാപ്രാണികളോട് ചെയ്തു കൂട്ടുന്ന ക്രൂരതയ്ക്കതിരില്ല തന്നെ. അവയും ഭൂമിയുടെ അവകാശികളെന്നു മറന്ന മനുഷ്യർക്ക് എത്ര കിട്ടിയാലും പഠിക്കില്ലെന്നതാണ് അതിശയം.
വിദേശികൾ സകലതും അവരുടെ രാജ്യത്തേക്കു കടത്തിയതറിഞ്ഞപ്പോഴും സാമൂതിരി രാജാവ് സമാധാനിച്ചത് അവർക്ക് നമ്മുടെ തിരുവാതിര ഞാറ്റുവേലയെ കൊണ്ടുപോകാനാവില്ലല്ലോ എന്നത്രെ. തിരുവാതിരയിൽ തിരിമുറിയാതെ പെയ്യുന്ന മഴയാണ് നമ്മുടെ പ്രധാന നാണ്യവിളയായ കുരുമുളകിൻ്റെ ഉല്പാദന രഹസ്യം. കുരുമുളകു തിരിയിൽ നിന്നിറ്റിറ്റു വീണു കൊണ്ടിരിക്കണം മഴവെള്ളം. എങ്ങാനും അതുണ്ടായില്ലെങ്കിൽ എല്ലാം വാടി വീണുപോകും.
പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നും ആനക്കുട്ടന്മാരെപ്പോലെ നിരനിരയായി വന്നെത്തിയിരുന്ന കാലവർഷമേഘങ്ങളൊന്നും ഇതുവരെ നമ്മുടെ കേരളത്തിൽ പെയ്തൊഴിഞ്ഞില്ല.
ഒരു മിണ്ടാപ്രാണിയെ ക്രൂരമായി ദ്രോഹിച്ച് കുടുംബത്തിൽ നിന്നും പറിച്ചെടുത്ത് ദൂരെ കൊണ്ടുപോയിത്തള്ളിയതിൻ്റെ പാപഭാരം അനുഭവിക്കാതെ പോകില്ല. അവൻ്റെ നിറഞ്ഞൊഴുകുന്ന കണ്ണീരിൻ്റെ വില പ്രകൃതി മാതാവിനറിയാം.
പശ്ചിമഘട്ട മലനിരകളെ തകർത്ത് കുന്നുകളിടിച്ചുനിരത്തി എനിക്കു ശേഷം പ്രളയം എന്നു കരുതിയവർ തന്നെ പ്രളയത്തിൽ ആണ്ടു പോയതും നാം കണ്ടതാണ്.
പ്രകൃതിയെ മറ്റു ജീവജാലങ്ങളെ സ്നേഹിക്കുക എന്ന നമ്മുടെ പൂർവിക പാരമ്പര്യം പിന്തുടർന്നാലേ ഇനി വരുന്ന തലമുറക്കല്ല ഇപ്പോഴുള്ള തലമുറക്കുമിവിടെ വസിക്കാനാകൂ എന്നതാണ് സത്യം.