mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ജീവിക്കുകയെന്നത് ഒരു കലയാണ് എന്നർത്ഥം വരുന്ന ജീവനകല എന്ന വാക്കു തന്നെ അന്യം നിന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

മനുഷ്യവംശത്തെയാകെ മുൾമുനയിൽ നിർത്തിയ കൊറോണ എന്ന മഹാമാരിക്കു ശേഷം ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യാവസ്ഥ എന്ന പാoമുൾക്കൊണ്ട് നല്ല രീതിയിൽ ജീവിക്കുമെന്ന വിശ്വാസമെല്ലാം തെറ്റായിരുന്നു എന്നു ബോധ്യമായി.

ആളുകൾ ഭൂരിപക്ഷം മനോരോഗികളെപ്പോലെയാണ് പെരുമാറുന്നത്.അക്രമപ്രവണത വർധിക്കുകയും ക്ഷമയില്ലാത്തവരാവുകയും ചെയ്തു. എന്തെല്ലാമാണിന്നിവിടെ അരങ്ങേറുന്നത്!

സ്വബുദ്ധിയുള്ള ആളുകളൊന്നും ഇത്തരം പ്രവർത്തികൾ ചെയ്യില്ലെന്നുറപ്പ്. ഒന്നു പറഞ്ഞ് രണ്ടാമത് അടിയും ഇടിയും കുത്തും ചവിട്ടും കത്തി കേറ്റലും.ഇതിനു കാരണം അനിയന്ത്രിതമായി ഇങ്ങോട്ടൊഴുകുന്ന ലഹരി വസ്തുക്കൾ തന്നെയാണ്. ആർക്കും അനായാസമായി ഇന്നവ ലഭ്യവുമാണ്. ആരെയും കൊല്ലാനുള്ള പ്രേരണയേകും വിധം ഏറ്റവും അപകടകരമായ മുന്തിയ ഇനങ്ങൾ ഇന്ന് നിർലോഭം പ്രചരിച്ചുവരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച ആൾക്ക് വരുംവരായ്കയെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ ചിന്തിക്കാനുള്ള കഴിവു നഷ്ടമാവുന്നു. നശീകരണ ചിന്ത മാത്രമാണക്കൂട്ടരുടെ മനസ്സിൽ ഉണ്ടാവുന്നത്.ഈയൊരവസ്ഥയ്ക്ക് തടയിട്ടാൽ മാത്രമേ വരും ദിനങ്ങളിലെങ്കിലും ഇവിടെ ശാന്തിയും സമാധാനവുമുണ്ടാകൂ.

ഒരു വിവാഹ വീട് മരണവീടായി മാറിയ കാഴ്ചയുടെ ഞെട്ടലിലാണ് നമ്മൾ. ക്രൂരതകളിങ്ങനെ തുടർച്ചയായി അരങ്ങേറിക്കൊണ്ടേയിരിക്കുന്നു. മിണ്ടാപ്രാണികളോടും സ്വന്തം വർഗത്തോടുമെല്ലാം ഇരുകാലികൾ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ കണ്ട് മനസ്സു മരവിച്ച അവസ്ഥയിലാണിന്ന്. ഒരു പെൺകുഞ്ഞിനെ വിവാഹപ്പന്തലിൽ വെച്ച് കൈപിടിച്ച് ഏൽപിക്കാനുള്ള ഒരുക്കങ്ങൾക്കായി എത്രമാത്രം ഓടിത്തളർന്നിട്ടുണ്ടാവും ആ മനുഷ്യൻ. വിവാത്തിനുള്ള പന്തൽ ഏതാനും നരാധമന്മാർ  മരണപ്പന്തലാക്കിയത് എത്ര വേഗമാണ്! ഒരു കുടുംബത്തിൻ്റെ സന്തോഷദീപം എത്ര പെട്ടെന്നാണ് അണഞ്ഞുപോയത്. ആ അച്ഛൻ്റെ മനസ്സും ശരീരവും എത്ര നൊന്തു കാണും. 

 ആ കുടുംബത്തെ ഇനിയുള്ള കാലമത്രയും കണ്ണീർക്കടലിലേക്ക് തള്ളിവിട്ടവർ എന്തു നേടി.

യുവതലമുറയിലെ കുട്ടികൾ സൗഹൃദത്തിന് മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം കൊടുത്തു വരുന്നത് ശ്രദ്ധയിൽപ്പെടാത്തവരുണ്ടാവില്ല. സൗഹൃദം എന്നതിൻ്റെ ശരിയായ അർത്ഥം ഉൾക്കൊള്ളാവുന്നവർ മാത്രമായി അടുക്കാൻ ശ്രമിക്കുക .ചങ്ങാതികളേയും വായിക്കാനായി പുസ്തകങ്ങളേയും തെരഞ്ഞെടുക്കുമ്പോൾ ഏറെ കരുതലോടെ ചെയ്യുവാനായി ശ്രദ്ധിക്കുക. തനിക്കു തന്നെയും കുടുംബാംഗങ്ങൾക്കും പിന്നീട് അപകടം വരാത്ത വിധത്തിലാവട്ടെ എല്ലാ ചങ്ങാത്തവും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ