പതിനേഴു വയസ്സു മാത്രമുള്ള സുന്ദരിയായ ആ പെൺകുട്ടി നിങ്ങളാണ്. കൗമാരത്തിന്റെ പടികടന്നു യൗവനത്തിൽ എത്തിയോ എന്ന സന്ദിഗ്ദ്ധത നിറഞ്ഞ മനോഹരമായ പ്രായം. ജീവിതത്തിന്റെ സുഖകാമനകൾ മാടിവിളിക്കുന്ന പ്രായം. ശരീരം പൂത്തുലഞ്ഞു പുഷ്പിണിയാകുന്ന പ്രായം.
എന്നാൽ സുഖ-ദുഃഖ സമ്മിശ്രമായ ജീവിതം എന്തെന്നറിയാത്ത ബാല്യകാലത്തിൽ, നിങ്ങളുടെ അറിവോ സമ്മതമോ കൂടാതെ നിങ്ങൾ വിവാഹിതയായിപ്പോയി. നിങ്ങളെക്കാൾ വളരെ പ്രായമുള്ള അയാൾ എത്തരക്കാരനാണ് എന്നു നിങ്ങൾക്ക് ഒരറിവും ഇല്ലായിരുന്നു. ജീവിതത്തിന്റെ മുക്കാൽ പങ്കും മുന്നോട്ടു കിടക്കുന്ന നിങ്ങളുടെ ഈ പതിനേഴാമത്തെ വയസ്സിൽ അയാൾ രോഗത്താൽ മരണപ്പെടുന്നു. എരിഞ്ഞടങ്ങുന്ന ഭർത്തൃചിതയിൽ സതി അനുഷ്ഠിക്കപ്പെടേണ്ടവളാണ് നിങ്ങൾ. അതാണ് കാലഘട്ടത്തിന്റെ ആചാരം. ഭ്രാന്തുപിടിച്ച സമൂഹം കൽപ്പിക്കുന്നത് വിധവയായിത്തീർന്ന നിങ്ങൾ ആളിക്കത്തുന്ന അഗ്നിയിൽ വെന്തുരുകണമെന്നാണ്. വിഭാര്യനാകുന്ന ഒരു പുരുഷനും അത്തരത്തിൽ ഒരു ചടങ്ങു് അനുഷ്ഠിക്കേണ്ടതില്ല എങ്കിലും വിധവയായിത്തീരുന്ന സ്ത്രീ എരിഞ്ഞടങ്ങി സതിയായിമാറണം പോലും. ചുറ്റുവട്ടത്തുള്ള പലരും സതി അനുഷ്ഠിച്ചതിന്റെ മഹത്വപൂർണ്ണമായ കെട്ടുകഥകൾ പ്രായമുള്ളവർ പറഞ്ഞു നിങ്ങൾ ധാരാളം കേട്ടിട്ടുണ്ട്. സതി അനുഷ്ഠിക്കുന്നവൾ കുടുംബത്തിനു കീർത്തിയും, ഐശ്വര്യവും, അഭിവൃദ്ധിയും കൊണ്ടുവരും പോലും. അയൽപക്കങ്ങളിലുള്ള പലവീടുകളിലും സതീദേവിയുടെ അനുഗ്രം നിർലോഭമായി ചൊരിയപ്പെട്ടതായി പറയപ്പെടുന്നു.
പ്രകൃതി വച്ചുനീട്ടിയ മനോഹായമായ ഈ ജീവിതം കണ്ണിൽ ചോരയില്ലാത്ത സാമൂഹികാഭാസത്തിന്റെ ഖഡ്‌ഗത്താൽ ഇല്ലായ്മ ചെയ്യപ്പെടാൻ നിങ്ങൾക്കു ആഗ്രഹിമില്ല. അതു ജീവിച്ചു തീരേണ്ടതാണ്. മക്കളും, കൊച്ചുമക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, വളർത്തു മൃഗങ്ങളും, തൊടിയിലെ ഫലവ്യക്ഷങ്ങലും, മുറ്റത്തെ പൂച്ചെടികളും, ചുറ്റുപാടുമുള്ള സർവ്വ ചരാചരങ്ങളും ഒത്തുചേർന്നുള്ള ജീവിതം പൂർണമായി ജീവിച്ചു തീരേണ്ടതാണ്. അതാണ് നിങ്ങളുടെ ജീവിത വീക്ഷണം എന്നു നിങ്ങൾ പറഞ്ഞിട്ടുണ്ട്. അതാണ് നിങ്ങൾ ആഗ്രഹിക്കുന്നത്.
നിങ്ങൾ കരഞ്ഞു വിളിക്കുകയാണ്. നിങ്ങൾ കുടുംബത്തിലെ പ്രായമുള്ള പുരുഷന്മാരാൽ ചിതയിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണ്. വീട്ടിലുള്ള മറ്റു സ്ത്രീകൾ കരുതുന്നു, ഭർത്താവ് അകാലത്തിൽ മരിച്ചത് ഭാര്യയുടെ കർമ്മദോഷം കാരണമാണെന്ന്. വിധവ സതി അനുഷ്ടിച്ചില്ലെങ്കിൽ ദുർഗ്ഗാദേവിയുടെ കോപം കുടുംബത്തിലെ ഓരോ അംഗത്തിനും ഉണ്ടാകമെന്ന് അവർ ഭയക്കുന്നു. അക്ഷരാഭ്യാസമോ, വിവരമോ ഇല്ലാത്ത അന്ധവിശ്വാസികളാണ് നിങ്ങൾക്കു ചുറ്റുമുള്ള ഭൂരിപക്ഷവും. പാരമ്പര്യമായി കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ എല്ലാം ശരിയാണ് എന്നും, അതു മാത്രമാണ് ശരിയെന്നും അവർ കരുതുന്നു. അവർ വിശ്വാസികളാണ്. അവർ ആചാരാനുഷ്ഠാനങ്ങളുടെ അന്ധരായ അടിമകളാണ്. അവർ പ്രപഞ്ചത്തിന്റെ വലുപ്പത്തെപ്പറ്റിയോ, അണ്ഡകടാഹത്തിലെ മനുഷ്യന്റെ നിസ്സാരയെപ്പറ്റിയോ അറിയുന്നില്ല.
നിങ്ങളെ സഹായിക്കാൻ ഈ ഭൂമിയിൽ ആരുമില്ല. എതിർക്കാൻ കഴിയാതെ നിങ്ങൾ നിസ്സഹായിയായി ഈശ്വരനെ വിളിക്കുകയാണ്. ഇപ്പോളും നിങ്ങൾ വിശ്വസിക്കുന്നത്, മനുഷ്യരുണ്ടാക്കിയ ഈ കൊടും ക്രൂരതയിൽ നിന്നും നിങ്ങളെ ദൈവം രക്ഷിക്കുമെന്നാണ്. ചുവന്ന വസ്ത്രങ്ങൾ ധരിപ്പിച്ചു, കളഭകുംകുമങ്ങൾ ചാർത്തി, ശിരസ്സ് അംഗവസ്ത്രത്താൽ മൂടി നിങ്ങൾ വലിച്ചിഴയ്ക്കപ്പെടുകയാണ്. സുഗന്ധ തൈലങ്ങൾ തേച്ച നിങ്ങളുടെ മുടിയിൽ മുല്ലപ്പൂക്കൾ ചൂടിയിരിക്കുന്നു. ഉച്ചത്തിൽ പ്രാർഥിക്കുന്ന ജനാവലിക്കു മുന്നിൽ നിസ്സഹായയായി നിങ്ങൾ ദൈവത്തോടു കേഴുകയായാണ്, "രക്ഷിക്കണേ" എന്ന്.
"നിങ്ങളെ അഗ്നിയിലേക്ക് എറിയരുതേ" എന്നു ഓരോരുത്തരോടും കെഞ്ചുന്ന ഒരേയൊരാൾ മാത്രമാണ് ഈ ഭൂമിയിൽ നിങ്ങളുടെ പക്ഷത്തുള്ളത്. കൊച്ചുകുട്ടിയായ, നിങ്ങളുടെ ഭർതൃസഹോദരൻ റാം എന്നു വിളിക്കുന്ന റാം മോഹൻ റോയ്. നിങ്ങൾ അവന്റെ ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠത്തിയമ്മയാണ്. അവനു മധുരപലഹാരങ്ങൾ നൽകിയിരുന്ന, അവനോടൊപ്പം കളം വരച്ചു കളിച്ചിരുന്ന, അവനെ കഥകൾ പറഞ്ഞുറക്കിയിരുന്ന ഏറ്റവും സ്നേഹമുള്ള ചേച്ചിയാണ് അവനു നഷ്ടപ്പെടാൻ പോകുന്നത്. അവനു ആജ്ഞാപിക്കാൻ തക്ക പ്രായമായില്ല. അവൻ കരഞ്ഞു വിളിച്ചു പറഞ്ഞതെല്ലാം ഈ മുതിർന്നവർ നിസ്സാരമായി തള്ളിക്കളയുന്നു. അവന്റെ അപേക്ഷകൾക്ക് ഒരു വിലയും ആരും കൽപ്പിക്കുന്നില്ല. അവന്റെ കണ്ണീർ ശക്തിസ്വരൂപിണിയായ ദുർഗ്ഗാദേവി കാണുന്നില്ല.
ആളിക്കത്തുന്ന ചിതയുടെ ചൂട് നിങ്ങൾക്കിപ്പോൾ അനുഭവിക്കാൻ കഴിയുന്നുണ്ട്. അടുത്ത നിമിഷം നിങ്ങൾ ചിതയിലേക്ക് അറിയപ്പെടും. പ്രിയ സഹോദരീ, നിങ്ങളെപ്പോലെ പതിനായിരങ്ങൾ, ലക്ഷങ്ങൾ അബദ്ധജടിലമായ വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും ക്രൂരമായ അഗ്നിയിൽ ലോകത്താകമാനം എരിഞ്ഞടങ്ങിയിട്ടുണ്ട്. ഇവിടെ ആകമാനം ഇരുട്ടാണ്. എനിക്കു ശ്വാസം മുട്ടുന്നു...
1829 ൽ 'ബംഗാൾ സതി റെഗുലേഷൻ' എന്ന നിയമ നിർമ്മാണത്തിലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിൻ കീഴിലുള്ള ബ്രിട്ടീഷ് ഇന്ത്യയിൽ സതി എന്ന അനാചാരം തടയപ്പെട്ടു. ബംഗാൾ നവോദ്ധാന നായകനായി പിൽക്കാലത്ത് അറിയപ്പെട്ട രാജാ റാം മോഹൻ റോയിയും, സുവിശേഷ പ്രവർത്തകനും, ക്രിസ്ത്യൻ മിഷിണറിയുമായിരുന്ന വില്യം കാരിയും നയിച്ച സതിനിരോധന പ്രചാരപ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നിയമനിർമ്മാണം നടത്തപ്പെട്ടത്.
പ്രിയപ്പെട്ട റാം, നിതാന്തമായി നിങ്ങളുറങ്ങുന്ന ബ്രിട്ടനിലെ മനോഹരമായ അർണോസ് വെൽ ശ്മശാനം ഇന്നലെ ഞാൻ സന്ദർശിച്ചു. മുഖ്യ കാവാടം അടഞ്ഞിരുന്നു. സന്ദർശകർ ഒഴിഞ്ഞ പാതകൾക്കരികിൽ വസന്തിന്റെ മനോഹാരിത പൂത്തു നിന്നിരുന്നു. പശ്ചിമാംബരത്തിൽ പകലിന്റെ ചിത എരിഞ്ഞുതുടങ്ങിയിരുന്നു. നിങ്ങളുടെ സുഹൃത്തും, വിശ്വസാഹിത്യകാരനായ രബീന്ദ്രനാഥ് ടഗോറിന്റെ മുത്തച്ഛനുമായ ദ്വാരകാനാഥ് ടഗോർ നിങ്ങളുടെ ഓർമ്മയ്ക്കായി പണിതീർത്ത സ്മാരക മണ്ഡപത്തിനരികിൽ നിങ്ങളെ അനുസ്മരിച്ചുകൊണ്ട് ഞാൻ ഏകനായി നിന്നു. അപ്പോൾ ആളിക്കത്തുന്ന ഒരു ചിതയും, അതിലേക്കു വലിച്ചിഴയ്ക്കപ്പെടുന്ന നിസ്സഹായയായ ഒരു യുവതിയും, "അരുതേ" എന്നു വിളിച്ചു കരയുന്ന ഒരു ചെറിയ ബാലനുമായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. റാം, നിങ്ങളോട് എന്റെ ബഹുമാനവും, നന്ദിയും ഞാൻ സ്നേഹപുരസ്സരം അറിയിക്കുന്നു.