മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നല്ല ചോദ്യമാണ്. മലയാളത്തിൽ വായനക്കാർ മൊത്തം ജനസംഖ്യയുടെ മോശമല്ലാത്ത ഒരു ശതമാനം വരുമെങ്കിലും, ജനസംഖ്യ തന്നെ കുറവായതുകൊണ്ടും എഴുതുന്നവർ കുറവല്ലാത്തതുകൊണ്ടും ഓരോ കൃതിക്കും വായനക്കാർ കുറവാണ്.

അതുകൊണ്ടു അംഗീകരിക്കപ്പെട്ട എഴുത്തുകാർക്ക് പോലും പ്രതിഫലം തുശ്ചമാണ്. എഴുതി മാത്രം ജീവിതം നടക്കില്ല, അതിജീവനം മാത്രം! ഈ ലേഖനത്തിൽ കാശിന്റെ കാര്യം നിർലജ്ജം പറഞ്ഞിരിക്കുന്നത് വായനക്കാരുടെ അറിവിലേക്ക് വിശ്വസനീയമായ വിവരങ്ങൾ നൽകാൻ വേണ്ടി മാത്രം.

പുസ്തകം എഴുതി കാശുണ്ടാക്കാൻ കഴിയില്ല എന്നല്ല പറഞ്ഞുവരുന്നത്. നന്നായി വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങൾ സാഹിത്യസൃഷ്ടികൾ അല്ല. ഔഷധസസ്യങ്ങളെ കുറിച്ചുള്ള ഒരു പുസ്തകമാണ് കഴിഞ്ഞ വര്ഷം വിൽപ്പനയിൽ റിക്കോർഡ് ഭേദിച്ചത്. പിന്നെ സിനിമാതാരങ്ങളുടെ ജീവചരിത്രങ്ങൾ. അങ്ങിനെയുള്ളവ എഴുതാൻ ഇന്റർനെറ്റിനു പുറത്തും ഗവേഷണം നടത്തേണ്ടി വരും. കാരണം ഇന്റർനെറ്റിലെ വിവരങ്ങൾ എല്ലാവര്ക്കും സൗജന്യമായി ലഭ്യമാണല്ലോ. നല്ല പണിയുണ്ട്.

കവികൾക്കാണ് ശരിക്കും കഷ്ടകാലം. ഒരു വര്ഷം മലയാളത്തിൽ 3600 കവിതാ സമാഹാരങ്ങളാണ് അച്ചടിക്കപ്പെടുന്നത് തന്നെ. കാശില്ലാത്തതു കൊണ്ട് അതിനും മുതിരാത്തവർ അതിലുമെത്രയോ.

ഈ അവസ്ഥ മലയാളത്തിൽ ഒരു പുതിയ പ്രവണത ഉണ്ടാക്കിയിരിക്കുന്നു. ലോകത്തിത് പുതിയതൊന്നുമല്ല. Vanity publishing എന്ന പേരിൽ പണ്ടേ ഇതുണ്ട്. അന്പത്തിനായിരത്തിൽ താഴെ ചിലവാക്കിയാൽ നൂറു പേജുള്ള ഒരു പുസ്തകത്തിന്റെ 500 കോപ്പി അടിക്കാം. ആരും വാങ്ങിയില്ലെങ്കിലും പകുതി കോപ്പികൾ സുഹൃത്തുക്കൾക്ക് കൊടുക്കാം. ബാക്കി റിവ്യൂ, അവാർഡുകൾ എന്നിവയ്ക്കൊക്കെ അയക്കാം. ഏതെങ്കിലുമൊക്കെ അവാർഡുകൾ കിട്ടിയാലുമായി. സ്വന്തം ചിലവിൽ അവിടെയൊക്കെ പോയി വാങ്ങണം എന്ന് മാത്രം. ലോക്കൽ വാർത്തകൾ പത്രങ്ങൾക്ക് അധികം കിട്ടാത്തത് കൊണ്ട് ഫോട്ടോ സഹിതം അത് പത്രത്തിന്റെ അകത്തെ താളിൽ വാർത്തയുമാക്കാം. വായനക്കാർ ഒരുവിധം മാന്യതയുള്ള ആൾക്കാരായത് കൊണ്ട് രാജാവ് നഗ്നനാണെന്ന് അവരാരും വിളിച്ചു പറയില്ല. മേളകളിൽ ജഡ്ജ് ആയി പോകാം, സാഹിത്യ സമ്മേളനങ്ങളിൽ സർഗാത്മകതയുടെ ഈറ്റുനോവിനെക്കുറിച്ചോക്കെ സംസാരിച്ച് കയ്യടി വാങ്ങാം. പിന്നെയുമുണ്ട് ഇരപിടുത്തത്തിനും ഇണപിടുത്തത്തിനുമൊക്കെയുള്ള സാദ്ധ്യതകൾ.

അതുപോകട്ടെ, അത് എഴുതാൻ അറിയാത്തവരുടെ കഥയാണ്. നേരെ എഴുതാൻ അറിയാമെങ്കിൽ, എഴുതി മാത്രം ജീവിക്കാൻ പ്രയാസമാണെങ്കിലും കുറച്ച് കാശൊക്കെ ഉണ്ടാക്കാം. (പേരുണ്ടാക്കാനും കൂടി കഴിയില്ല. അതിന്റെ വഴി നേരത്തെ പറഞ്ഞല്ലൊ.) professional writing എന്നത് നല്ല അധ്വാനമാണ്. നേരവും കാലവും മൂഡും ഒന്നും നോക്കാതെ എഴുതേണ്ടി വരും. ഡെഡ് ലൈനുകൾ മാനിക്കാതെ നടക്കില്ല. എഴുതുവാൻ ഒരു മൂഡൊക്കെ വേണമെന്ന ഒരു അസത്യം നമ്മെ പറഞ്ഞു പഠിപ്പിച്ചിട്ടുമുണ്ട്. professional എന്ന വാക്കിന്റെ ഒരു നിർവചനം തന്നെ മേൽനോട്ടക്കാരില്ലാതെ ജോലി ചെയ്യുന്ന ആൾ എന്നാണ്. self motivation വളരെയധികം വേണ്ടിവരുമെന്നർത്ഥം.

ധാരാളം പുസ്തകങ്ങൾ മലയാളത്തിലേയ്ക്ക് തർജ്ജമ കാത്തു കിടപ്പുണ്ട്. ഇംഗ്ലീഷിൽ ഒരു വിധം ആശയം മനസ്സിലാക്കിയാൽ അത് മലയാളത്തിൽ എഴുതി ഫലിപ്പിച്ചാൽ മതിയല്ലോ. നമ്മുടെ മാതൃഭാഷയെല്ലേ. അതൊക്കെ എളുപ്പത്തിൽ നടക്കും. ജി മെയിലിലൊക്കെ നമ്മൾ ഉപയോഗിക്കുന്ന RTF എന്ന ടൈപ്പിംഗ് രീതിയാണ് പബ്ലിഷേഴ്സ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഒരു വാക്കിന് ഒരു രൂപയ്ക്ക് മേൽ ചാർജ്ജ് ചെയ്യാവുന്നതാണ്. ഡെഡ് ലൈനിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ഈ അടിസ്ഥാന കൂലിയിൽ വ്യത്യാസം ഉണ്ടാക്കാം. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് തീർക്കേണ്ട ജോലികൾ കാണും. അപ്പോൾ എത്രവേണമെങ്കിലും കൂലി ചോദിക്കാം. തർജ്ജമ ചെയ്യുന്നത് ഇരുഭാഷകളിലുമുള്ള നമ്മുടെ കഴിവും വർധിപ്പിക്കും. ഇംഗ്ലീഷിലേക്കാണ് തർജ്ജമായെങ്കിൽ റേറ്റ് വളരെ കൂടും. 970 പേജുള്ള ഒരു ജീവചരിത്രം translate ചെയ്താണ് ഞാൻ കാറിന്റെ ഇനിഷ്യൽ പേയ്മെന്റ് നടത്തിയത്

മലയാളത്തിലും ഇപ്പോൾ ഗോസ്റ്റ് writing പ്രചാരത്തിലായിക്കഴിഞ്ഞു. കാശുണ്ട് പക്ഷെ കഴിവില്ല, എങ്ങനെയും ഒരു എഴുത്തുകാരനാവണം എന്ന് മോഹിക്കുന്നവരുണ്ട്. അവർ ആവശ്യപ്പെടുന്നത് എഴുതിക്കൊടുത്താൽ നമ്മൾ ആവശ്യപ്പെടുന്നത് അവർ തരും. മലയാളത്തിലെ പല സൂപ്പർ സ്റ്റാർ എഴുത്തുകാരും ഇങ്ങനെ സിനിമ താരങ്ങൾക്ക് ആത്മകഥയും മറ്റും എഴുതിക്കൊടുത്ത് കാശുണ്ടാക്കുന്നവരാണ്. ആരൊക്കെ അങ്ങനെ കാശുണ്ടാക്കുന്നു എന്ന് കേട്ടാൽ നമ്മൾ അതിശയിക്കും. കാശ് ആർക്കാണ് കയ്‌ക്കുന്നത്? ശരിയായ പേരറിയാത്ത ഒരു "നോവലിസ്റ്റിനു" ഒരു 300 പേജ് ഇംഗ്ലീഷ് നോവൽ എഴുതിക്കൊടുത്ത് ഞാൻ എന്റെ കാറിന്റെ ഒരു വർഷത്തെ EMI ഒന്നിച്ചടച്ചു! പേരൊക്കെ മാറ്റി എന്റെ സന്തതി എവിടെയൊക്കെയോ കറങ്ങുന്നുണ്ടാവും!

പരസ്യങ്ങൾ, അനൗൺസ്‌മെന്റുകൾ, നോട്ടീസുകൾ, ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, വെബ്സൈറ്റുകൾ, ലഘുലേഖകൾ, എന്നിവയ്ക്കും ആവശ്യക്കാർ ഉണ്ട്. അഞ്ചു മിനിറ്റിന്റെ ഒരു അനൗൺസ്‌മെന്റിന് ആയിരം രൂപയൊക്കെ ഒരു മടിയുമില്ലാതെ തരും. ഇന്ന് മിക്കവാറും എല്ലാ കോഴ്‌സുകൾക്കും പ്രോജക്ടുകൾ വേണം. കുട്ടികൾക്ക് ഇതിനൊക്കെ എവിടെ സമയം. കുട്ടികൾ മാത്രമല്ല, PhD എടുക്കുന്ന അധ്യാപകരും തങ്ങളുടെ തീസിസ് വേറെ ആൾക്കാരെ കൊണ്ട് എഴുതിക്കാറുണ്ട്. ഒരു PhD തീസിസിനു രണ്ടു ലക്ഷമാണ് മിനിമം കൂലി. DTP സെന്ററുകളിൽ ഒരു ചെറിയ ബോർഡ് വെച്ചാൽ എത്ര വർക്ക് വേണമെങ്കിലും കിട്ടും.

ബ്ലോഗ്ഗുകളിൽ നിന്ന് പരസ്യം വഴി കാശുണ്ടാക്കാമെങ്കിലും അതിന് വേണ്ടി വരുന്ന മിനക്കേട് വളരെ അധികമാണ്. എങ്കിലും സ്വന്തമായി ഒരു ബ്ലോഗ്ഗ് ഉള്ളത് നിങ്ങൾക്ക് ഗുണം ചെയ്യും. ഒരു പൈസ പോലും ചിലവില്ലാതെ ബ്ലോഗ്ഗുകൾ നിങ്ങൾക്ക് ഇപ്പോൾ വെബ്സൈറ്റുകൾ ആക്കി upgrade ചെയ്തെടുക്കാം. എന്നും അതിൽ എന്തെങ്കിലും എഴുതണം എന്നതാണ് അത്യാവശ്യം. ആവശ്യത്തിന് ആൾക്കാർ കയറി ഇറങ്ങുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് ആ ബ്ലോഗോ വെബ്സൈറ്റോ വിൽക്കാം. നല്ല കാശുകിട്ടും. എന്റെ ബ്ലോഗിൽ ഒരു ലക്ഷത്തോളം ആൾകാർ 117 രാജ്യങ്ങളിൽ നിന്നായി കയറി വായിക്കുന്നു. Cambridge ഇംഗ്ലീഷ് ലിറ്ററേറ്ററിന് ഒരു ഗൈഡ് ആണ് ആ ബ്ലോഗിൽ ഞാൻ എഴുതുന്നത്. ഒരു ഗൂഗിൾ അക്കൗണ്ട്, ഫേസ്ബുക്ക് അക്കൗണ്ടും പേജും, ഒരു ബ്ലോഗ്, ട്വിറ്റെർ, വാട്സാപ്പ് എന്നിവ എഴുതി കാശുണ്ടാക്കണമെങ്കിൽ അവശ്യം വേണ്ടതാണ് .

അപ്പോൾ ചുരുക്കത്തിൽ പേരുണ്ടാക്കാനും കാശുണ്ടാക്കാനും എഴുത്തിലൂടെ കഴിയും. അതിന്റെ രണ്ടിന്റെയും വഴികൾ വ്യത്യസ്തമാണെന്ന് മാത്രം. പേരുണ്ടാക്കണമെങ്കിൽ കാശു മതി. കാശില്ലെങ്കിൽ അധ്വാനിച്ചാൽ അതുണ്ടാക്കാം. പേരുണ്ടാക്കുന്നത് പിന്നീടാകാം. ഇതൊന്നുമല്ല ആത്മാവിഷ്ക്കരമാണ് ലക്ഷ്യമെങ്കിൽ അങ്ങിനെയും ആകാം. FB അതിനുള്ളതാണല്ലോ. കുറച്ചു പേരെങ്കിലും വായിക്കും. അഭിപ്രായം പറയും. എഴുത്തിലൂടെ ഉണ്ടാകുന്ന സൗഹ്രദങ്ങളും വിലപ്പെട്ടതാണ്. ഇതൊന്നുമല്ല നിങ്ങൾ ഒരു ഇന്റർവ്യൂവിന് പോകുന്നെങ്കിൽ നിങ്ങളുടെ അധ്വാന ശീലം തെളിയിക്കാൻ നിങ്ങളുടെ എഴുത്തിനോളം മറ്റൊന്നിനുമാകില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ