mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

എഴുത്തു ജീവിതത്തിന്റെ സപ്തതിയും ലോക ജീവിതത്തിന്റെ നവതിയും പൂർത്തിയാക്കുന്ന മലയാള കഥയുടെ കുലപതി ടി.പദ്മനാഭന്റെ കഥകളിലെ ജന്തുലോകത്തെക്കുറിച്ച്...

കഥകളൊക്കെ വായിച്ചു കണ്‍ നിറഞ്ഞ പുരോഹിതന്‍ വിശേഷിപ്പിച്ചത് 'ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളെന്ന്' ........ മനുഷ്യ നന്മയെക്കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളായി ഈ കഥകളെ കണ്ട നിരൂപകന്‍ ഉപയോഗിച്ചത് ദു:ഖ കഥകളിലെ  മന്ദാര വിശുദ്ധിയെന്ന്.... ജീവിതത്തിന്റെ ഇരുളും വെളിച്ചവുംആവിഷ്‌ക്കരിക്കുന്ന, എന്നാല്‍ അരാജകത്വവാദിയല്ലാത്ത കഥാകാരനെന്ന് പ്രസാധകന്‍..... ദൈവത്തിന്റെ ഖജനാവില്‍ നിന്ന് വാക്കുകളുടെ വിശുദ്ധ ഭിക്ഷ സ്വീകരിച്ച  കഥാകാരനെന്ന് മറ്റൊരുവന്‍....... മേഘമല്‍ഹാറിലെന്നപോലെ  പെയ്യുന്ന വിശുദ്ധമായ ഓരാലാപനമാണ് ടി. പത്മനാഭന്റെ കഥകളെന്ന് സംശയമില്ല.......

പ്രകൃതിയോടും മനഷ്യനോടുമുള്ള സ്‌നേഹമാണ് തന്റെ കഥകളിലെ അന്തര്‍ധാരയെന്ന് കഥാകാരന്‍ തന്നെ പറയുന്നു. പ്രകൃതിയെന്നു പറയുമ്പോള്‍ അതില്‍ എല്ലാം    അടങ്ങുന്നു. പൂച്ചയും, നായയും, പശുവും, കാളയും, കിളിയും പുഷ്പങ്ങളുമെല്ലാമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.  മൃഗ ചികിത്സാ ശാസ്ത്ര പഠനത്തിന്റെ നാള്‍വഴികളിലൊന്നിലാണ് സ്‌നേഹത്തിന്റെ ഈ കഥകളില്‍  ഹിന്ദുസ്ഥാനി രാഗങ്ങള്‍ക്കും, മുരിങ്ങ           മരങ്ങള്‍ക്കും, കര്‍ണ്ണാടക സംഗീതത്തിനുമൊപ്പം പൂച്ചക്കുഞ്ഞുങ്ങളേയും കണ്ടെത്തിയത്. 'പൂച്ചക്കുട്ടികളുടെ വീട്' എന്ന പേരില്‍ എഴുതപ്പെട്ട രണ്ട് കഥകള്‍ മാത്രം മതി, അവയുടെ മനസ്സിരിത്തിയുള്ള  വായന മാത്രം മതി, മനുഷ്യനും പ്രകൃതിയുമായുള്ള സ്‌നേഹത്തിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാന്‍. ഭഷയിലുള്ള അഗാധ പാണ്ഡിത്യവും, നിരൂപണക്ഷമതയുടെ  പിന്‍ബലവുമില്ലാതെ തന്നെ ഹൃദയംകൊണ്ട് മാത്രം മനസ്സിലാക്കാന്‍ കഴിയുന്നു. പൂച്ചക്കുട്ടികളുടെ വീട്ടിലെ സന്തോഷവും, വിരഹവും, വേദനയുമെല്ലാം.........

ഈ കഥകളില്‍ കഥാപാത്ര ബാഹുല്ല്യം പൂച്ചകളുടെ കാര്യത്തില്‍ മാത്രമെയുള്ളൂ. പിന്നെയുള്ളത് അയാളും, ഭാര്യയും മാത്രം..... നാട്ടില്‍ നിന്നും ആരും കാണാന്‍ വരാനില്ലാത്ത, അടുക്കളയിലിരിക്കാന്‍ സ്വാതന്ത്ര്യം  കാണിക്കാന്‍ വിധം  സുഹൃത്തുക്കളില്ലാത്തവനാണ് അയാള്‍. ജീവിതകാലം മുഴുവന്‍ സ്വന്തം മനസ്സിന്റെ തുരുത്തില്‍ ഏകനായി കഴിച്ചു കൂട്ടാന്‍ വിധിക്കപ്പെട്ടവന്‍. കുട്ടികളില്ലാത്ത അയാള്‍ക്ക് പൂച്ചകളല്ലാതെ ആരുമില്ല. പൂച്ചകള്‍ക്കായി മാസം ഒരു തുക ചിലവഴിക്കുന്നതിന്റെ പേരില്‍ ആളുകളെക്കൊണ്ട് ചിരിപ്പിക്കുന്നവന്‍.............. ഒരു മഴക്കാല രാത്രിയില്‍ അയാളെ തേടിയെത്തിയ 'ചിടുങ്ങന്‍' എന്ന പൂച്ചക്കുട്ടിയും അനാഥന്‍ തന്നെയായിരുന്നല്ലോ? ഡിസ്റ്റംബര്‍ രോഗബാധയാല്‍ വിട പറഞ്ഞ ആ പൊന്നോമനകള്‍  സ്വപ്നത്തിലെത്തി ഞങ്ങളൊന്നും  എവിടെയും പോയില്ലായെന്നും ഇനിയും വരുമെന്നും ഉറപ്പു പറയുമ്പോള്‍ മനസ് ശാന്തമായി പൂര്‍ണ്ണമായി ഉറങ്ങുന്നവന്‍............

പൂച്ചക്കുട്ടികളുമായുള്ള തന്റെ ബന്ധത്തില്‍ ജീവിത്തിന്റേയും മനുഷ്യന്റേയും വിവിധ ഭാവങ്ങള്‍ അയാള്‍ പ്രകടിപ്പിക്കുന്നുണ്ട്. പൊന്നുമക്കളെ വിളിച്ച് പാല്‍ നല്‍കുന്ന ആര്‍ദ്രമായ അമ്മ ഭാവവും എല്ലാവരോടും സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറണമെന്നുപദേശിക്കുന്ന പിതൃഭാവവും, അന്യഭവനത്തില്‍  പോയി കട്ടുതിന്നരുതെന്ന് വിലക്കുമ്പോഴും കൂടയില്‍ മൂത്രമൊഴിക്കരുതെന്നും  രാത്രി കരഞ്ഞു ബഹളമുണ്ടാക്കരുതെന്ന് കുസൃതി  നിറഞ്ഞ നിര്‍ദ്ദേശം നല്‍കുമ്പോഴും  ഈ വിവിധ ഭാവങ്ങള്‍ മിന്നി മറയുന്നു. അനാഥരായ കുട്ടികളെ കാണുമ്പോള്‍ തന്നെ, അകിടില്‍ പാല്‍ നിറഞ്ഞ മക്കളെ കാണാതെ സങ്കടപ്പെടുന്ന, കരയുന്ന ലോകം മുഴുവന്‍ അന്വേഷിക്കുന്ന തള്ളപ്പൂച്ചയെ  ഓര്‍ക്കുന്നുണ്ട് അയാള്‍. തന്റെ കണ്ണില്‍ അവസാനമായി നോക്കി ജീവന്‍ വെടിഞ്ഞ ചിടുങ്ങന്റെ ചൂടാറാത്ത നെറ്റിയില്‍ അയാള്‍ തടവുന്നുണ്ട്..... തൂവാലയില്‍ പൊതിഞ്ഞ മൃതദ്ദേഹം മാറോടടക്കിപ്പിടിച്ച് വീട്ടിലെത്തിച്ച് അവന്‍ പോക്കുവെയിലില്‍ വിശ്രമിക്കാറുള്ള തുളസിത്തറയുടെ മുമ്പില്‍ കുഴിച്ചു മൂടുന്നുണ്ടയാള്‍. ഒരമ്മ കുട്ടികളെ നോക്കുന്നതുപോലെ ഇളംപാല്‍  പൂച്ചക്കുട്ടികള്‍ക്ക് നല്‍കുന്ന തന്റെ ഭാര്യക്ക്  അടുത്ത ജന്മത്തിലെങ്കിലും സന്താന സൗഭാഗ്യം പ്രാര്‍ത്ഥിക്കുന്നുണ്ടയാള്‍. കാന്റീനിന്റെ പിറകില്‍ പൂച്ചകളെ ഉപേക്ഷിക്കുമെന്ന്  ശഠിച്ച ഭാര്യയുടെ മടിയില്‍ പൂച്ചക്കുട്ടികള്‍ ഉറങ്ങുന്നതു കണ്ട് കള്ളച്ചിരി ചിരിച്ച അയാളുടെ മനസ്സില്‍ വിരിഞ്ഞത്  മനുഷ്യന്റെ നന്മയിലുള്ള വിശ്വാസം തന്നെയാണ്. 

അറിവുകള്‍ക്കപ്പുറത്തെ ഭാഷയില്‍ ഈ സ്‌നേഹവാല്‍സല്യങ്ങള്‍  പൂച്ചകളും തിരിച്ചു നല്‍കുന്നു. ചിരകാല സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ അയാളുടെ മാറത്ത് മയങ്ങുന്നത്. നെഞ്ചത്ത് ചുരുണ്ടു കൂടുന്ന  അവര്‍ക്ക് അയാളെ പൂര്‍ണ്ണ വിശ്വാസവുമാണ്. അയാളവരോട് പതുക്കെ പതുക്കെ  സ്‌നേഹത്തോടെ ഓരോന്ന് സംസാരിക്കുമ്പോള്‍ അവര്‍  മൂളുന്നുണ്ടായിരുന്നു. ഓരോ ഉപദേശത്തിനും അവര്‍ തലയാട്ടുന്നുണ്ടായിരുന്നു. മനുഷ്യനായാലും പ്രകൃതിയായാലും സ്‌നേഹത്തിന്റെ ഭാഷ ഒന്നു തന്നെയെന്നു തെളിയിക്കുന്നവിധം ആരോ  എറിഞ്ഞു തകര്‍ത്ത  തന്റെ കാല്‍ വലിച്ചുവെച്ച്  തള്ളപ്പൂച്ച തന്റെ കുഞ്ഞുങ്ങളെ പാലൂട്ടുവാനൊരുങ്ങുന്നു...... ആ കാഴ്ചയിലേക്ക് അകലെ തടാകത്തിന്റേയും അതിന്നപ്പുറത്തുള്ള കാടുകളുടേയും മുകളിലായി  ആകാശം പതുക്കെ തുടുത്തു വരുന്നുണ്ടായിരുന്നുവെന്ന്  കഥാകാരന്‍ പറയുന്നു.......

മനുഷ്യനിലെ വെളിച്ചത്തില്‍ വിശ്വസിക്കുകയും ആ വെളിച്ചം പൊലിഞ്ഞുപോകാതെ പുലരുവാന്‍ തന്റെ കലയെ ഉപയോഗിക്കുകയും ചെയ്യുന്ന കഥാകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥയുടെ കുലപതിയുടെ കഥകളിലെ പൂച്ചക്കുട്ടികള്‍, മനുഷ്യനും ഓമനമൃഗങ്ങളുമായുള്ള  ചിരകാല ബന്ധത്തിന്റെ പ്രതീകങ്ങളാണ്.........

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ