എന്തുകൊണ്ട് ഒരു വ്യക്തി മറ്റൊരു ജീവിയെ അടിക്കുന്നു? ഉത്തരം വളരെ ലളിതമാണ്. വൈകാരികബുദ്ധി (emotional intelligence) തീരെയില്ലാത്തതുകൊണ്ട്. അടിക്കുന്നവ വ്യക്തി തന്റെ വൈകാരികമായ പാപ്പരത്തമാണ് അടിക്കുന്നതിലൂടെ സമൂഹത്തിന്റെ മുന്നിൽ പ്രദർശിപ്പിക്കുന്നത്. അതെ അയാൾ ഒരു മാനസിക രോഗിയാണ്.
സ്വമേധയാ അടി ഒരു പ്രശ്നപരിഹാരമായി കൊണ്ടുനടക്കുന്ന വ്യക്തിയുടെ ജീവിതം വളരെ അടുത്തു നിന്നു നിരീക്ഷിച്ചാൽ മനസ്സിലാകും, അയാളുടെ മാനസിക നില, അപകർഷതാ ബോധത്തിന്റെയും, അനിയന്ത്രിത വൈകാരിക വിക്ഷോഭങ്ങളുടെയും ആകെത്തുകയാണെന്ന്. സത്യത്തിൽ അയാൾക്ക് മാനസികാരോഗ്യ പ്രവർത്തകന്റെ സഹായം അത്യന്താപേക്ഷിതമാണ്. ആ വ്യക്തിയെ സഹിക്കുന്ന കുടുംബാംഗങ്ങളെയും, സഹ പ്രവർത്തകരെയും പൂവിട്ടു പൂജിക്കണം.
ബുദ്ധി ഉപയോഗിച്ച് പരിഹാരം കണ്ടെത്താൻ കഴിവില്ലാത്തതുകൊണ്ടാണ് ശക്തിയും അധികാരവും ഉപയോഗിച്ച് കായികമായി വേട്ടയാടുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവർക്ക് ഉന്നതമായ വൈകാരിക ബുദ്ധി ഉണ്ടാവണമെന്നില്ല. വിദ്യാഭ്യാസമില്ലാത്ത എത്രയോ പേർ വളരെ കൂൾ ആയി ദൈനംദിന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നു. പ്രശ്നങ്ങൾ വരുമ്പോൾ അവർ പൊട്ടിത്തെറിക്കുന്നില്ല. കായി ശേഷി ഉണ്ടെങ്കിലും ആരെയും ഉപദ്രവിക്കാൻ പോകുന്നില്ല. അവർ ശക്തരാണ്, മാനസികമായി.
അടിക്കുമ്പോൾ ലഭിക്കുന്ന ഒരു സന്തോഷമുണ്ട്. ഇരയെ കീഴ്‌പ്പെടുത്തുന്നതിൽ നിന്നും ലഭിക്കുന്ന ഒരു ചെറിയ കിക്ക്. ഇത് മൃഗങ്ങളിൽ ഉള്ളതാണ്. അടിക്കുന്നതിലൂടെ ആ വ്യക്തി അറിയിക്കുന്നത്, താൻ ഇപ്പോഴും ഒരു മൃഗമാണ് എന്നു തന്നെയാണ്. മനുഷ്യനിലേക്കുള്ള പരിണാമം പൂർത്തിയാകാത്ത ഒരു മൃഗം.
അടിക്കുന്നത് മാതാപിതാക്കളാണെങ്കിലും, അദ്ധ്യാപകരാണെങ്കിലും, പോലീസുകാരാണെങ്കിലും ഈ പറഞ്ഞത് ശരിയാണ്. പരിഹാരം കണ്ടെത്താൻ അവർക്കു മാന്യമായ വഴി അറിയില്ല; അതിനുള്ള കഴിവില്ല. ശിക്ഷയിൽ സമാധാനം കണ്ടെത്തുന്ന രോഗികളായ വ്യക്തികളുടെ മക്കളായി ജനിക്കുന്നവർ ശരിക്കും ഭാഗ്യദോഷികളാണ്. സവ്വതിനും അടിക്കുകയും, ഭൽസിക്കുകയും, കുറ്റപ്പെടുത്തുകയും, പീഡിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ സത്യത്തിൽ നരകത്തിലേക്കാണ് വന്നു പിറന്നു വീണത് എന്നു നമുക്കു തീരുമാനിക്കാം.
ഒരു വ്യവസ്ഥിതിയുടെ ഭാഗമായി മേലധികാരി ആവശ്യപ്പെടുന്നതുപോലെ അടി നടത്തുന്ന ഉദ്യോഗസ്ഥർ ഇതിൽ നിരപരാധികൾ ആണെങ്കിലും, കാലക്രമത്തിൽ അവർ ശീലവിധേയത്വം (conditioning) ചെയ്യപ്പെടും. അടിയ്ക്കാൻ നിർദ്ദേശിക്കുന്ന ഉന്നതാധികാരി ശരിക്കും ചികിത്സ അർഹിക്കുന്ന രോഗിയാണ്.
രോഗം ഒരു കുറ്റമല്ല. രോഗികളോട് അനുകമ്പയാണ് വേണ്ടത്. ഒപ്പം ശരിയായ ചികിത്സയും. അവരെ പൂർണ്ണ മനുഷ്യരാക്കി മാറ്റാനുള്ള പദ്ധതികൾ വളരെ വേഗം നടപ്പിലാക്കിയില്ലെകിൽ സമൂഹികമായ അസന്തുഷ്ടി തുടരും.