mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

onam

Saraswathi T

ചിങ്ങപ്പിറവിക്കു ശേഷം കാത്തിരുന്ന പൊന്നോണനാളിങ്ങെത്തി. ഇന്നാണ് തിരുവോണം. സമത്വസുന്ദരമായ നാളിനെക്കുറിച്ചോർക്കാനുള്ള ദിനം. കാർഷിക സംസ്കൃതിയുടെ ഈടുവെപ്പു തന്നെയാണ് ഓണം. കർക്കടവറുതിക്കു ശേഷം സമൃദ്ധിയുടെ നെൽക്കതിരുകൾ ഉടമയുടെയും അടിയാൻ്റെയും വീടുകളിൽ നിറയുന്ന നാളുകളുടെ ആഘോഷം .ഇല്ലം നിറ, പുത്തരിയെല്ലാം കുഞ്ഞുകുഞ്ഞ് ആഘോഷങ്ങൾ തന്നെ.

ബന്ധുമിത്രാദികളോടൊത്ത് വിഭവസമൃദ്ധമായ സദ്യയുണ്ട് സന്തോഷം പങ്കിട്ട് കഴിയുന്ന ഇത്തിരി നിമിഷങ്ങളുടെ ധന്യത .ഒരു വർഷത്തേക്കുള്ള ഊർജ്ജമാണിതിലൂടെ കൈവരുന്നത്. " മർത്യായുസ്സിൻ സാരമായതു ചില മുന്തിയ സന്ദർഭങ്ങൾ, അല്ല മാത്രകൾ മാത്രം'' എന്ന് കവിവചനം.

'ഓർമക്കു പേരാണിതോണം' എന്ന് കവി പാടിയത് എന്തർ ത്ഥത്തിലായിരിക്കും? നമ്മുടെയെല്ലാം മനസ്സിൽ ഓണത്തെക്കുറിച്ചുള്ള ഒരു പാട് നല്ല ഓർമ്മകൾ കാണുമല്ലോ. അതായിരിക്കാം. വർത്തമാനകാലഘട്ടത്തിൻ്റെ ശബ്ദാടോപങ്ങളും ദ്രുതതാളചലനങ്ങളും നമ്മുടെ മനസ്സിനെ അലോസരപ്പെടുത്തുമ്പോൾ ശാന്തിയുടേതായ ഭൂതായനത്തിലാവും ആശ്വാസം കണ്ടെത്തുക.

പുത്തനുടുപ്പും പൂവട്ടിയും പൂവിളികളും പൂപ്പൊലിപ്പാട്ടുകളുമെല്ലാം സംഗീതമയമാക്കിയ അന്തരീക്ഷവും ഇന്നില്ലല്ലോ.ഏവരുടെയും കൈയിലൊരുമൊബൈലും അതിലേക്ക് തിക്കിത്തിരക്കിയെത്തുന്ന നിർജീവമായ ആശംസകളും.

എത്ര ദൂരെയാണെങ്കിലും ഏതു തിരക്കിലാണെങ്കിലും തിരുവോണ ദിനം ഊണ് സ്വന്തം വീട്ടിൽ നിന്നായിരുന്നു മിക്കവാറും എല്ലാവർക്കും തന്നെ. ഇന്ന് എല്ലാർക്കും തിരക്കോടു തിരക്കാണ്.

ഒരു വീഡിയോകാളിലൂടെ പരസ്പരം കാണാൻ കഴിഞ്ഞാൽത്തന്നെ മഹാഭാഗ്യം!

എന്തായാലും ഓണമല്ലേ ,ആർക്കു വേണ്ടിയൊരുക്കണം എന്നറിയില്ലെങ്കിലും ഇനി അടുത്ത കൊല്ലമല്ലേ ഈയൊരു സുദിനമെത്തൂ... ആയതിനാൽത്തന്നെ വിഭവങ്ങളൊരുക്കണം... ഓണസ്സദ്യ കേമമാക്കണം. ഇപ്പൊഴുള്ളവർ കൂടെയുണ്ടാവുമോ വരും കൊല്ലമെന്നാർക്കറിയാം. അഥവാ നമ്മൾ തന്നെയുണ്ടാവുമോ എന്നുമറിയില്ലല്ലോ. നമുക്കിപ്പൊഴീ നിമിഷങ്ങളുടെ ധന്യതയിൽ ജീവിത മാസ്വദിക്കാം.

ഏവർക്കും സമ്പൽ സമൃദ്ധിയുടേയും സമാധാനത്തിൻ്റേയും ഓണാശംസകൾ!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ