മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

Teacher caned student

Saraswathi T

നല്ല വാർത്തകൾ കേൾക്കുന്നത് ഏറ്റവും വിരളമായ ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ മനസ്സ് മരവിച്ചു പോകുന്നത് സ്വാഭാവികം. ഒരു അദ്ധ്യാപിക തൻ്റെ വിദ്യാർത്ഥിയെ സഹപാഠിയെക്കൊണ്ട് കവിളത്തടിപ്പിച്ചു എന്നതാണ് പുതിയ ചർച്ചാ വിഷയം എന്നു തോന്നുന്നു.

ന്യായീകരണവും എത്തിക്കഴിഞ്ഞു. താൻ വികലാംഗയായതിനാലാണ് അപ്രകാരം ചെയ്തതെന്നും മറ്റും. അവർ വികലാംഗയായതൊന്നുമല്ല വിഷയം. ആ കുട്ടികളുടെ കാര്യം തന്നെയാണ് പരമ പ്രാധാന്യമർഹിക്കുന്നത്. അടി കൊണ്ട കുട്ടിയും അടിച്ച കുട്ടിയും ഒരു പോലെ വേദനിച്ചു കാണും എന്നുറപ്പ്. കുട്ടികൾ തമ്മിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളിലിടപെട്ട് ആകെ വെരകി വെടക്കാക്കുന്ന ഒട്ടേറെപ്പേരെ നേരിട്ടറിയാം. അത്തരം സംഭവങ്ങൾക്കെതിരെയൊന്ന് ശബ്ദിച്ചു പോയാൽ നമ്മളും ടാർജറ്റു ചെയ്യപ്പെടും എന്നതുകൊണ്ട് മിക്കവാറും എല്ലാവരും നിശ്ശബ്ദരാകാറാണ് പതിവ്. എന്നാൽ അനീതി ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന ശപഥവുമായി ഈ രംഗത്തെത്തിയവരുണ്ടാകും.അവരായിരിക്കും ഏറ്റവുമധികം മാനസിക സമ്മർദ്ദം ഏറ്റുവാങ്ങേണ്ടിയും വരുന്നത്. അവരെ അനുകൂലിക്കാൻ കൂടി ഭയന്ന് ഒപ്പമുള്ളവർ കൂടി കണ്ണടച്ചിരുട്ടാക്കും.

ഏതാനും വർഷങ്ങളായി അധ്യാപന രംഗത്തുള്ള ഒരാളെന്ന നിലയിൽ പല തരത്തിലുള്ള അനുഭവങ്ങളിലൂടെയും കടന്നു പോയിട്ടുണ്ടാകുമെന്നത് സ്വാഭാവികമാണല്ലോ.

ഒരു സംഭവം പെട്ടെന്നു മനസ്സിലെത്തിയത് പങ്കുവെക്കുകയാണ്. ഒരിക്കൽ ഒരു പ്രധാനാധ്യാപിക ഒരു കുട്ടിയെ ചെറിയൊരു തെറ്റിൻ്റെ പേരിൽ യൂനിഫോം ഷൂ ധരിച്ചില്ലെന്നതോ മറ്റോ ആണ്. ചോദ്യം ചെയ്യുകയാണ്. കഷ്ടകാലമെന്നല്ലാതെന്തു പറയാൻ..! ഉച്ചഭക്ഷണം കഴിഞ്ഞ് ഒപ്പിടാൻ വേണ്ടി അന്നാദ്യമായി ഓഫീസ് റൂമിൽ എത്തിയത് ഈയുള്ളവളും. "സരസ്വതി ടീച്ചർ  ഇങ്ങോട്ടൊന്നു വരൂ''

പ്രധാനാധ്യാപികയുടെ കല്പന. കുട്ടികളെ ഈ വക കാര്യങ്ങളിൽ വിഷമിപ്പിക്കുന്നതിനോട് പണ്ടേ യോജിപ്പില്ലാത്തയാളാണ് ഞാനെന്ന് കൂടെയുള്ളവർക്കറിയാം.

എങ്കിലും ചെല്ലാതെ വയ്യല്ലോ. അവരുടെ കൈയ്യിലെ അധികാര ദണ്ഡമായ ചൂരൽ എനിക്കു കൈമാറി.

"നല്ല ചുട്ട രണ്ടു പെടയങ്ങ് കൊടുക്കൂ... അനുസരണയില്ലാത്ത വക."

അധ്യാപിക ( പ്രധാന ) രോഷം കൊണ്ടു വിറക്കുകയാണ്. നല്ല വെളുത്ത അവരുടെ മുഖമാകെ ചുവന്നിരുന്നു.

ഞാനാകെ എടങ്ങേറായി നിൽക്കയാണ്. കുറ്റവാളി "എനിക്കുള്ളത് കിട്ടിയാൽ പോകാമായിരുന്നു" എന്ന മട്ടിൽ കൈ നീട്ടി ശിക്ഷയേറ്റുവാങ്ങാൻ തയ്യാറായി മുന്നിൽ. അവൻ്റെ മുഖത്തേക്കു നോക്കിയപ്പോഴാണ് തിളങ്ങുന്ന ആ കണ്ണുകളിൽ വേദനയുടെ ഏതോ തിരക്കഥ ഒളിച്ചിരിപ്പുണ്ട് എന്നു മനസ്സിലായത്. എന്തേ കുഞ്ഞേ ഷൂ എവിടെ എന്ന് ചോദിച്ചതിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല.

"കണ്ടോ കണ്ടോ, ധിക്കാരം. കള്ളത്തരാണ്, ഉത്തരം പറയാൻ മനസ്സില്ല അവന്, രണ്ടെണ്ണം നല്ലോണം അങ്ങട് കൊടുത്തോളൂ'' എന്നൊക്കെ അവരിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്.എൻ്റെ മനസ്സിലാണെങ്കിൽ ആകെ സംഘർഷം നടക്കുകയാണ്. ഈയൊരു ചെറിയ കാര്യത്തിന് ഇത്രയൊക്കെ ധർമ്മാധർമ്മ ചിന്തകൾ ഏറ്റുമുട്ടുമ്പോൾ കുരുക്ഷേത്രഭൂമിയിൽ വെച്ച് പാർത്ഥൻ എത്ര മാത്രം അനുഭവിച്ചിരിക്കുമെന്നൊക്കെ ആ നിമിഷങ്ങളിൽ മനസ്സിലങ്ങനെ കടന്ന് പരക്കം പാഞ്ഞു.

ക്ഷീണിച്ചു മെലിഞ്ഞ് ഒരു പാവം കുട്ടി.

ബന്ധുക്കളിൽ  ആരുടെയൊക്കെയോ ഔദാര്യം കൊണ്ടാണ് ഈ സ്ക്കൂളിൽ (ഇംഗ്ലീഷ് മീഡിയം - അൺ എയ്ഡഡ് ) പഠിക്കുന്നത് എന്നുമറിയാം. ഒരു വശത്ത് അധികാരിയുടെ ആജ്ഞ, മറുഭാഗത്ത്കുട്ടിയുടെ നിസ്സഹായത. ഒടുവിൽ ധാർമ്മികത തന്നെ വിജയിച്ചു. എന്നെക്കൊണ്ടു വയ്യ മേഡം എന്നു പറഞ്ഞ് ചൂരൽ തിരികെ കൊടുത്തു. അവർ തീക്ഷ്ണമായി എന്നെയൊന്നു നോക്കി. അപ്പോഴേക്കും മറ്റുള്ളവരും അവിടെയെത്തിയിരുന്നു. ഒരാവേശത്തോടെ അടി പ്രമാണക്കാരിയായ  ഒരധ്യാപിക ചൂരൽ ഏറ്റുവാങ്ങി അവനെ രണ്ടടി കൊടുക്കയും പ്രധാനാധ്യാപികയുടെ പ്രശംസ ഏറ്റുവാങ്ങി കണ്ണിലുണ്ണിയാവുകയും ചെയ്തു. എനിക്ക് എന്നെപ്പറ്റി ഏറെ അഭിമാനം തോന്നിയ നിമിഷങ്ങൾ തന്നെയാണാ സംഭവം സമ്മാനിച്ചത്.പിന്നീട് കുറച്ച് വേട്ടയാടലുകളൊക്കെയുണ്ടായി എങ്കിലും അതിനെയെല്ലാം അതിജീവിക്കയും ചെയ്തു.

പറഞ്ഞു വന്നത് അധ്യാപികയെന്ന നികൃഷ്ടജീവി ചെയ്ത അപരാധത്തെക്കുറിച്ചാണ്. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികൾ സ്വന്തമെന്നു തോന്നുന്ന കാലം വരെ മാത്രമേ ഈ രംഗത്തു തുടരാവൂ എന്ന് ഗുരു നിത്യചൈതന്യയതിയുടെ ഓർമ്മപ്പെടുത്തൽ മറക്കാനുള്ളതല്ല. ജാതിയും മതവും വർഗവും വർണവും നോക്കിയല്ല ഒരധ്യാപകൻ ക്ലാസ്സിലെത്തേണ്ടത്.

ടീച്ചർക്ക് എല്ലാ കുട്ടികളും ഒരുപോലെയാണ്, പഠിക്കുന്നവർ പഠിക്കാത്തവർ എന്ന വ്യത്യാസമില്ല എന്ന് എൻ്റെ ഒരു വിദ്യാർത്ഥി പറഞ്ഞതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം.ഇന്നും ഈ രംഗത്തു തുടരുന്നത് കുഞ്ഞുങ്ങളോടുള്ള സ്നേഹം കൊണ്ടു കൂടിയാണ്; അവർക്കു വിദ്യ പറഞ്ഞു കൊടുക്കുന്നത് ദൈവനിയോഗമാണെന്ന വിശ്വസിച്ചു കൊണ്ടും.

എന്നെങ്കിലും ടീച്ചർ ശരിയല്ല എന്ന് ഒരു കുട്ടി പറയുകയാണെങ്കിൽ അന്നു നിർത്തും ഈ പണി എന്നും ഉറപ്പാണ്. സ്വയം പറയണം; ആരും പറയിപ്പിച്ചിട്ടാകരുത് എന്നു മാത്രം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ