പിൽക്കാലത്തു 'ബഹാവുള്ള' എന്ന പേരിൽ അറിയപ്പെട്ട 'മിർസാ ഹുസ്സൈൻ അലി', പേർഷ്യയിലെ (ഇന്നത്തെ ഇറാൻ) ടെഹ്റാനിൽ 1817 നബമ്പർ 12 നു ജനിച്ചു. പേർഷ്യയുടെ ഭരണാധികാരി ആയിരുന്ന ഷായുടെ ബന്ധുക്കളായിരുന്നു ഹുസ്സൈൻ അലിയുടെ മാതാപിതാക്കൾ. അക്കാലത്തെ ഇസ്‌ലാം ജീവിത രീതിയുടെ ഭാഗമായി കുട്ടിയെ അറബിസാഹിത്യവും, ഖുറാനും പഠിപ്പിച്ചു എങ്കിലും, കുട്ടി ആധ്യാത്മിക വിഷയങ്ങളിൽ അക്കാലത്തുതന്നെ അതീവ താല്പര്യം കാട്ടിയിരുന്നു. അതീവ ബുദ്ധിശാലിയായിരുന്ന ആ കുട്ടി പണ്ഡിതരുമായി ദീർഘമായ സംഭാഷണങ്ങളിൽ മുഴുകുമായിരുന്നു.
യുവാവായിമാറിയ ഹുസ്സൈൻ അലി തെന്റെ പിതാവിനെപ്പോലെ രാജകൊട്ടാരത്തിൽ, ഭരണപരമായ മേഖലയിൽ തൊഴിൽ ചെയ്യുമെന്ന് ഏവരും കരുതിയെങ്കിലും അദ്ദേഹം ഗ്രാമാന്തരങ്ങൾ സന്ദർശിച്ചു, സാധുക്കൾക്ക് സഹായങ്ങൾ നൽകി ജീവിതം മുന്നോട്ടു കൊണ്ടുപോയി. പിൽക്കാലത്തു അദ്ദേഹം 'ബാബിസം' എന്ന വിശ്വാസ സംഹിതയിൽ ആകൃഷ്ടനായി. 1844 ൽ, ഷിറാസിലെ സിയ്യിദ് അലി മുഹമ്മദ് എന്ന ചിന്തകനാണ് ബാബിസത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം പിൽക്കാലത്തു 'ബാബ്' (അറബിയിൽ ഉൽകൃഷ്ഠൻ എന്ന് അർത്ഥം) എന്ന നാമം സ്വീകരിക്കുകയും, അദ്ദേഹം കരുപ്പിടിപ്പിച്ച വിശ്വാസത്തെ ബാബിസം എന്നു വിളിച്ചു പോരുകയും ചെയ്യുന്നു. ഇറാനിലെ ഷിയാ മതപണ്ഡിതന്മാർ ഇതിനെ ഈശ്വരനിന്ദ/മതനിന്ദ (Blasphemy) ആയി ആരോപിക്കുകയും തൽഫലമായി 1850 ൽ അദ്ദേഹത്തെ ഔദ്യോഗികമായി കൊലപ്പെടുത്തുകയും ചയ്തു. മരണത്തിനു മുൻപുതന്നെ, തന്നെക്കാൾ കേമനായ ഒരാൾ തന്നെ പിന്തുടരും എന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. ആ പ്രവചനപ്രകാരം ഹുസ്സൈൻ അലി ബാബിസത്തിന്റെ പുതിയ നേതാവായിമാറുകയും ചെയ്തു. ഇവർ തമ്മിൽ ഒരിക്കലും കണ്ടുമുട്ടിയിരുന്നില്ല എന്നു പറയപ്പെടുന്നു. ഏതാണ്ട് ഇക്കാലത്താണ് ഹുസ്സൈൻ അലി, 'ബഹാവുള്ള' എന്ന നാമം സ്വീകരിക്കുന്നത്. ഈ വാക്കിന്റെ അർത്ഥം 'ദൈവത്തിന്റെ മഹത്വം' എന്നാണ്.
ബഹാവുള്ളയോടൊപ്പം ധാരാളം അനുയായികൾ വന്നു ചേർന്നു. എന്നാൽ 1852 ൽ ഭരണാധികാരിയായ നാസറുദ്ദിൻ ഷായെ വധിക്കാൻ ഗൂഡലോചന നടത്തി എന്ന കപട ആരോപണത്തിന്റെ പുറത്തു, അദ്ദേഹത്തെ യാതനകൾ നിറഞ്ഞ തടവു ജീവിതത്തിനു വിധിച്ചു. ചില ബാബി വിശ്വാസികൾ നടത്തിയ വധശ്രമത്തെ തുടർന്നാണ് ഇതുണ്ടായത്. അക്കാലത്തെ റഷ്യൻ അംബാസഡറുടെ ഇടപെടൽ പ്രകാരം നാലുമാസത്തെ ശിക്ഷയ്ക്കു ശേഷം അദ്ദേഹം പുറത്തു വന്നു. എങ്കിലും ബഹാവുള്ളയെ ടെഹ്റാനിൽ നിന്നും ബാദാദിലേക്ക് നാടുകടത്തി. അദ്ദേഹത്തോടൊപ്പം ധാരാളം അനുയായികളും ബാഗ്ദാദിൽ എത്തിച്ചേർന്നു. അക്കാലത്തു ബാഗ്ദാദ് ഓട്ടോമൻ (തുർക്കി) സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ഷായുടെ നിർബന്ധപ്രകാരം പിൽക്കാലത്തു ബഹാവുള്ളയെ ഓട്ടോമൻ സുൽത്താൻ ബാഗ്ദാദിൽ നിന്നും സിറിയയുടെ പ്രവിശ്യയായ അക്രയിലേക്ക് നാടുകടത്തി. ഈ പ്രദേശവും ഓട്ടോമാൻറെ അധീനതയിൽ ആയിരുന്നു. ഇന്ന് അക്ര ഇസ്രായേലിന്റെ അധീനതയിൽ ആണ്. 1892 ൽ മരിക്കുന്നതുവരെ അദ്ദേഹം അക്രയിൽ ആയിരുന്നു.
ബാബിസത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന വിശ്വാസമാണ് ബഹായി മതം എങ്കിലും, ബഹാവുള്ളയെ സ്വീകരിക്കാത്ത ഒരു ന്യൂനപക്ഷം ബാബിസത്തിൽ തുടർന്നു. 1860 നു ശേഷം ബഹായി മതം വളരെ വേഗത്തിൽ വളർന്നു. ഇറാൻ ഉൾപ്പടെയുള്ള ചില ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ ബഹായികൾ പീഡിപ്പിക്കപ്പെടുന്നു എങ്കിലും, 235 രാജ്യങ്ങളിലായി ഇപ്പോൾ അവർ ചിതറിക്കിടക്കുന്നു. ബഹായികളെ കൈനീട്ടി സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. ഡൽഹിയിലെ ലോട്ടസ് ടെംപിൾ, ഇന്ത്യയിലെ ബഹായികളുടെ ആസ്ഥാനമാണ്. ഇസ്രായേലിലെ അക്രയിൽ ആണ് അവരുടെ കേന്ദ്ര ആസ്ഥാനം.
അടിസ്ഥാന പ്രമാണങ്ങൾ മൂന്നാണ് ബഹായി മതത്തിനുള്ളത്. ഏകദൈവം, എല്ലാ മതങ്ങളുടെ സമന്വയം, എല്ലാ മനുഷ്യരുടെയും ഏകത. എല്ലാ ലോക മതങ്ങളുടെയും പ്രവചനങ്ങളുടെ സാക്ഷാത്കാരമാണ് ബഹായി വിശ്വാസം എന്നു അവർ കരുതുന്നു. ബഹാവുള്ളയെ ദൈവദൂതനായി അദ്ദേഹവും, അനുയായികളും കണക്കാക്കിയിരുന്നു. അവരുടെ വിശ്വാസപ്രകാരം ഈശ്വരനും പ്രപഞ്ചവും ആദ്യന്തവിഹീനമാണ്. അവരുടെ വിശ്വാസം പ്രധാനപ്പെട്ട എല്ലാ ലോക മതങ്ങളെയും അംഗീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നു. അതുപോലെ എബ്രഹാം, മോസസ്, സൗരാഷ്ട്രർ, കൃഷ്ണൻ, ബുദ്ധൻ, ക്രിസ്തു, മുഹമ്മദ് തുടങ്ങി എല്ലാവറിലൂടെയും ഈശ്വരൻ വെളിപ്പെട്ടു എന്നു വിശ്വസിക്കുകയും അവരെയെല്ലാം അംഗീകരിക്കുകയും ചെയ്യുന്നു. മനുഷ്യർക്ക് വിവേകമുള്ള ഒരു അന്തക്കരണം ഉള്ളതിനാൽ അവർക്ക് ഈശ്വരനെ അറിയാൻ കഴിയും എന്നു ബഹായികൾ കരുതുന്നു.
മനുഷ്യരാശിയുടെ ഏകത്വം വിളംബരം ചെയ്യുന്ന മഹനീയമായ ചന്താധാരയാണ് ബഹായി മതം.