മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

സ്ത്രീ തന്നെയാണ്ശക്തി.. എങ്കിലും അബലയെന്നു വിളിക്കുന്നു .. എന്തൊരു വിരോധാഭാസം..! പുരാണേതിഹാസങ്ങളിലെ എത്രയോ സ്ത്രീ കഥാപാത്രങ്ങളെ നാം പരിചയപ്പെട്ടിട്ടുണ്ട്. പഞ്ചനാരീരത്നങ്ങൾ തന്നെയുണ്ട്.


"അഹല്യാ ദ്രൗപതീ താരാ സീതാ മണ്ഡോദരീ തഥാ '' എന്നിങ്ങനെയായാൽ ഓർക്കാനുമെളുപ്പം.

ഗൗതമ മഹർഷിയുടെ പത്നിയായ അഹല്യ അതീവ സുന്ദരിയായിരുന്നു.
ദേവേന്ദ്രൻ്റെ മനസ്സിൽ എപ്പോഴും ഇവരെക്കുറിച്ചു മാത്രമായി ചിന്ത.ഒരിക്കലെങ്കിലും അഹല്യയെ പ്രാപിക്കാനായി എന്തു വഴിയെന്നു ചിന്തിച്ചു. ഒരു ദിവസം പാതിരാത്രിയിൽ കോഴി കൂവുന്നതു കേട്ട് മഹർഷി കുളിയും തേവാരവും നിർവഹിക്കാൻ നദിയിലേക്കു പോയി.ആ സമയം ഇന്ദ്രൻ തക്കം പാർത്ത് ഗൗതമൻ്റെ രൂപം സ്വീകരിച്ച് ആശ്രമത്തിലെത്തി.അഹല്യയോടൊത്ത് രമിച്ചു. ഗംഗാനദി ഉണർന്നിട്ടില്ലെന്നും അസമയത്താണ് താനെത്തിയതെന്നും മനസ്സിലാക്കി മഹർഷി തിരിച്ചു പോയി.ആശ്രമ പരിസരത്തിലെത്തിയപ്പോൾ തൻ്റെ വേഷത്തിലും രൂപത്തിലുമുള്ളൊരാൾ ആ ശ്രമത്തിനകത്തു നിന്നും പുറത്തിറങ്ങുന്നതു കണ്ടു. മഹർഷിയ്ക്ക് തൻ്റെ ജ്ഞാന ചക്ഷുസ്സുകൊണ്ട് കാര്യങ്ങളെല്ലാം മനസ്സിലായി. അയാൾ കോപിഷ്ടനായി ദേവേന്ദ്രനെ ശപിച്ചു. പിന്നീട് തൻ്റെ ഭാര്യയായ അഹല്യയെയും ശപിച്ചു. അറിയാതെ സംഭവിച്ച അപരാധമാകയാൽ അവർക്കു ശാപമോക്ഷവും വിധിച്ചു.ത്രേതായുഗം വരെ കാറ്റും വെയിലും മഴയുമേറ്റ് കാനനത്തിൽ ശിലയായി കഴിയുക. ശ്രീരാമ സ്പർശനമേറ്റാൽ ശാപമോക്ഷം നേടി സ്വരൂപം തിരിച്ചു കിട്ടും. അപ്രകാരം അനേക കാലം ശിലയായി കഴിഞ്ഞ് ശാപമോക്ഷം നേടിയവളാണ് അഹല്യ .

ദ്രൗപതി ദ്രുപദപുത്രിയാണ്. പാഞ്ചാല ദേശത്തെ രാജകുമാരിയായതിനാൽ പാഞ്ചാലി എന്നും അറിയപ്പെടുന്നു. ഒരിയ്ക്കൽ യജ്ഞം ചെയ്യവേ യജ്ഞ കുണ്ഡത്തിൽ നിന്നും ആവിർഭവിച്ചവളാണത്രെ ചെമ്പകപ്പൂ സുഗന്ധം പ്രസരിക്കുന്ന ശരീരമുള്ള സുന്ദരിയായ കുമാരി. അതു കൊണ്ടു തന്നെ യാജ്ഞ സേനി എന്നും പാഞ്ചാലിയ്ക്കു പേരുണ്ട്. മത്സര പരീക്ഷയിൽ അർജ്ജുനൻ സ്വന്തമാക്കിയെങ്കിലും പഞ്ചപാണ്ഡവരുടെ പത്നിയാവാൻ വിധിക്കപ്പെട്ടവൾ... എന്തുമാത്രം പരീക്ഷണഘട്ടങ്ങളെയാണ്ടവർ അഭിമുഖീകരിച്ചത്!


രാമായണ കഥാപാത്രമായ ബാലിയുടെ ഭാര്യയാണ് താര.. പുത്രൻ അംഗദൻ.ബാലി സുഗ്രീവന്മാർ സഹോദരങ്ങളായിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ആദ്യം ഏറെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഇരുവരും ബദ്ധശത്രുക്കളായി. പിന്നീടുണ്ടായ സംഭവ വികാസങ്ങൾക്കൊടുവിൽ ശ്രീരാമബാണ മേറ്റ് ബാലിവധിക്കപ്പെടുന്നു. ഒരു പാട് ജീവിത പരീക്ഷണങ്ങൾക്കിടയിലും പതറാതെ നിന്ന വൾ തന്നെയാണ് താര.


ശ്രീരാമ പന്തിയായ സീത അനുഭവിച്ച പരീക്ഷണങ്ങൾ നിരവധിയാണ്.ജനകപുത്രിയായി മിഥിലയിൽ ബാല്യം. ത്രയംബകം വില്ലു കുലക്കുന്നവർക്കു മാത്രമേ മകളെ വിവാഹം ചെയ്തു കൊടുക്കൂ എന്നു നിശ്ചയിച്ചിരുന്നു രാജാവ്. വിശ്വാമിത്ര മഹർഷിക്കൊപ്പം വന്ന രാമകുമാരൻ വില്ലു കുലയക്കാൻ കൈയിലെടുത്ത് ഞാൺ കെട്ടാനായി ശ്രമിക്കവെ ഭയങ്കര ശബ്ദത്തിൽ വില്ലൊടിഞ്ഞു പോയി.. അനന്തരം മൈഥിലി ശ്രീരാമനെ വരണമാല്യം ചാർത്തി ശ്രീരാമ പന്തിയായി. വിവാഹ ശേഷം അധികം വൈകാതെ പരശുരാമൻ ആക്രോശത്തോടു കൂടി വൈഷ്ണവ ചാപം കുലയക്കാനാവശ്യപ്പെട്ട് മുന്നിലെത്തുന്നതു മുതൽ തുടങ്ങി പരീക്ഷണങ്ങൾ ... രാവണൻ തട്ടിക്കൊണ്ടുപോയതും രാമരാവണയുദ്ധവും തുടങ്ങി സംഘർഷഭരിതമായ ജീവിതം. .. ഒടുവിൽ വിജയശ്രീലാളിതനായ ഭർത്താവിനാൽ വീണ്ടെടുക്കപ്പെട്ട് അയോദ്ധ്യയിലെ രാജ്ഞിയായി വാഴാൻ തുടങ്ങി .. എല്ലാ കഷ്ടതയും കഴിഞ്ഞെന്നു കരുതുമ്പൊഴേക്കും സീതയെക്കുറിച്ചുള്ള അപവാദ പ്രചരണം...പൂർണ ഗർഭിണിയായിരിക്കെ വനത്തിൽ പരിത്യജിക്കപ്പെടുക ... വാത്മീകി മഹർഷിയുടെ ആശ്രമത്തിലെത്തിച്ചേർന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചുവളർത്തി. അയോദ്ധ്യാ വാസികൾ സാക്ഷിയായി കുഞ്ഞുങ്ങൾ ( ലവ,കുശന്മാർ) മഹർഷി പഠിപ്പിച്ച രാമായണം ആലപിയ്ക്കുന്നതു കേട്ട അയോദ്ധ്യാധിപതി പ്രിയ പത്നിയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. മഹർഷിയോടൊത്ത് കൊട്ടാരത്തിലെത്തിയപ്പോൾ വീണ്ടും ഒരഗ്നിപരീക്ഷയ്ക്കു വിധിക്കപ്പെടുന്നു. സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കാതെ ഒടുവിൽ അമ്മയായ ഭൂമിയുടെ മടിത്തട്ടിലേറി അന്തർധാനം ചെയ്യുന്നു.

രാവണപത്നിയായ മണ്ഡോദരി മയൻ്റെ പുത്രിയാണ്. സൽഗുണ സമ്പന്നയും ആദർശവതിയുമായ മണ്ഡോദരി ഭർത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. അതോടൊപ്പം തന്നെ അദ്ദേഹം ചെയ്തു കൂട്ടുന്ന അധർമ പ്രവർത്തിയെ എതിർക്കുകയും രാവണന് നന്മ പറഞ്ഞു കൊടുത്ത് നേരായ മാർഗത്തിൽ കൊണ്ടുവരാൻ ശ്രമിക്കയും ചെയ്യുന്നു. മണ്ഡോദരിയോട് ഏറെ ബഹുമാനമായിരുന്നു ഏവർക്കുമെന്നതു തന്നെ അവരുടെ വിശിഷ്ട വ്യക്തിത്വത്തെ ഉദാഹരിക്കുന്നതാണല്ലോ. അന്യൻ്റെ പത്നിയെ അപഹരിക്കുന്നത് പാപമാണെന്നും മഹാനായ അങ്ങേക്കു ചേർന്നതല്ലെന്നും അവർ പറയുന്നു.സീതയെ രാമനു തിരികെ കൊടുക്കാനുപദേശിക്കുന്ന രാവണപത്നി മഹത്വമേറിയവൾ തന്നെ. എത്രയോ തവണ തൻ്റെ ഭർത്താവിന് സദ്ബുദ്ധി ഉപദേശിക്കുന്നുണ്ട് മണ്ഡോദരി.

ഒരേ സമയം സ്നേഹത്തോടെ ചേർത്തു പിടിക്കയും ജീവിതായോധനത്തിൽ ശക്തമായി പോരാടുകയും ചെയ്യുന്ന സ്ത്രീ അബല യാവുന്നതെങ്ങനെ... അവരുടെ നന്മ മനസ്സിനെ ചൂഷണം ചെയ്യുന്നവർ ഒന്നോർക്കുക... സ്നേഹം ഒരു ദൗർബല്യമല്ല ... ഏതൊരു സ്ത്രീയ്ക്കും അത് ശക്തമായ കവചമാണ്.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ