മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

മലയാളത്തിലെ ഗന്ധർവ്വ കവി വയലാർ രാമവർമ്മയുടെ നാല്പത്തിയഞ്ചാം ചരമവാർഷികമാണ് 2020 ഒക്ടോബർ 27.    കവി എന്നതിനൊപ്പമോ അതിലേറെയോ ഗാനരചനയിലുള്ള     പ്രാഗത്ഭ്യമാണ്

അദ്ദേഹത്തിന്റെ ജനകീയതയുടെ അടിസ്ഥാനം. വയലാറിന്റെ സമകാലികരും വിപ്ലവകവിത്രയങ്ങളിലെ ബാക്കി രണ്ടുപേരുമായ ഒ. എൻ. വി. യും പി. ഭാസ്കരനും വയലാറിനെപ്പോലെതന്നെ കവിതയിലും ഗാനരചനയിലും ഒരേപോലെ തിളങ്ങിയവരായിരുന്നു.

വയലാറിനേക്കാൾ പ്രതിഭാധനരായ അനേകം എഴുത്തുകാർ മണ്മറയുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്തിട്ടും വയലാർ ഇന്നും മലയാളികളുടെ മനസ്സിനുള്ളിൽ അമരത്വം നേടി ജീവിക്കുന്നുവെന്നത് വിസ്മയകരമായ ഒരു യാഥാർത്ഥ്യമാണ്.

ചങ്ങമ്പുഴയുടെ സ്വാധീനത്താൽ കവിതാരംഗത്ത് കടന്നുവന്ന വയലാർ പക്ഷേ, പെട്ടെന്നു തന്നെ കാവ്യരംഗത്ത് തന്റേതായ പാദമുദ്രകൾ പതിപ്പിച്ചു. നാല്പതുകളിലായിരുന്നു അദ്ദേഹത്തിന്റെ കാവ്യവൃത്തിയ്ക്ക് തുടക്കം കുറിച്ചത്. അറുപതുകളുടെ തുടക്കത്തോടെ അദ്ദേഹം കവിതയുടെ വഴിയിൽ നിന്ന് ഗാനരചനയിലേക്കു മാറി. ആ കാലയളവിനുള്ളിൽ അദ്ദേഹത്തിന്റെ എട്ടോളം കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.അറുപതുകൾ മുതൽ 1975 ഒക്ടോബർ 27ന് അദ്ദേഹം ഈ ലോകത്തോടു വിടപറയുന്നതുവരെയുള്ള കാലഘട്ടം മലയാളഗാനചരിത്രത്തിലെ സുവർണ്ണ ഏടുകളായാണ് കാലം രേഖപ്പെടുത്തിയിരിക്കുന്നത്.

വയലാറിന്റെ ഗാനങ്ങൾ സിനിമകളിലെ കഥാസന്ദർഭത്തിന് അനുരൂപം എന്നതിലുപരി മനുഷ്യ ജീവിതത്തിന്റെ ഓരോ അവസ്ഥയുടേയും പ്രതിഫലനങ്ങളായിരുന്നു.അതുകൊണ്ടാണ് വയലാറിന്റെ ഗാനങ്ങൾ സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്ത സാധാരണക്കാരനുപോലും ഹൃദിസ്ഥമായത്.അവ
സ്പർശിക്കാത്ത ജീവിതപരിസരങ്ങളോ ഭാവങ്ങളോ ഉണ്ടായിരുന്നില്ല. പ്രണയം, വിരഹം, വാത്സല്യം, ഭക്തി, ഹാസ്യം, പ്രകൃതിഭംഗി, തത്ത്വചിന്ത തുടങ്ങി എല്ലാ മാനുഷിക വ്യാപാരങ്ങളും അദ്ദേഹത്തിന്റെ പേനത്തുമ്പിലൂടെ അക്ഷരങ്ങളായി വിടർന്നു പരിമളം പടർത്തി, തികഞ്ഞ സൗന്ദര്യാത്മകതയോടെ.

മുന്നൂറോളം സിനിമകൾക്കായി ഏതാണ്ട് മൂവായിരം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നാടക -ലളിത ഗാനങ്ങൾ വേറേയും. വയലാറിന്റെ ദാർശനികമാനമുള്ള ചില സിനിമാ ഗാനങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ കുറിപ്പ്.

"സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തേയും "എന്നു പറഞ്ഞ വയലാറിന്റെ അടിയുറച്ച പ്രമാണം മനുഷ്യസ്നേഹം തന്നെയായിരുന്നു. നിരുപാധികമായ മനുഷ്യസ്നേഹം കൈവരിക്കാൻ അദ്ദേഹം ആശ്രയിച്ച ദർശനമാകട്ടെ മാർക്സിസവും. ഈ സമൂഹത്തിലെ നിസ്വന്റെ പക്ഷമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.കുട്ടിക്കാലത്ത് ഗുരുകുലസമ്പ്രദായത്തിൽ സംസ്കൃതം പഠിയ്ക്കാൻ കഴിഞ്ഞതിനാൽ ഭാരതീയ സാംസ്‌കാരിക പാരമ്പര്യവും പിന്നീടദ്ദേഹം സ്വായത്തമാക്കിയ മാർക്സിസത്തിന്റെ സ്വാധീനവും അദ്ദേഹത്തിന്റെ രചനകളിൽ കാണാം.


വയലാറിന്റെ ദാർശനിക ഗാനങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടിന്റെ പ്രഖ്യാപനമായി നമുക്കു കാണാൻ കഴിയുന്ന ഒന്നാണ് 'ഓടയിൽ നിന്ന് ' എന്ന സിനിമയിൽ ദേവരാജൻ മാഷ് സംഗീതം നല്കി എ. എം. രാജ പാടിയ
"മാനത്തു ദൈവമില്ല
മണ്ണിലും ദൈവമില്ല
മനസ്സിനുള്ളിലാണു ദൈവം "
എന്ന ഗാനം.
ദൈവത്തിനും മതങ്ങൾക്കുമപ്പുറമുള്ള
സ്നേഹമാണ് മനുഷ്യനന്മയ്ക്ക് അത്യന്താപേക്ഷിതമെന്ന മഹത്തായ സന്ദേശം നൽകുന്ന ഗാനമാണിത്.ഇതിന്റെ അടുത്തവരികളും ചിന്തോദ്ദീപകങ്ങളാണ്.

"മനസ്സിലെ ദൈവം
മനുഷ്യനു നല്കിയ
മണിവിളക്കല്ലോ സ്നേഹം
തുടയ്‌ക്കേണം മിനുക്കേണം തൈലമൊഴിക്കേണം
തിരിയിട്ടു കൊളുത്തേണം
നമ്മൾ

കൊടുങ്കാറ്റു കെടുത്താതെ പടുതിരി കത്താതെ
കൊണ്ടുനടക്കണം നമ്മൾ
സ്നേഹം കൊണ്ടുനടക്കണം നമ്മൾ
അതു മറക്കുമ്പോൾ മനസ്സിലെ
തിരിയൂതിക്കെടുത്തുവാൻ
കൂടെ നടക്കുന്നു കാലം എന്നും
കൂടെ നടക്കുന്നു കാലം "

'തത്ത്വമസി 'എന്ന മഹോപദേശ വാക്യത്തിന്റെ മറ്റൊരു പാഠം തന്നെയാണ് വയലാറിന്റെ ഈ വരികൾ. മനസ്സിനുള്ളിൽ സ്നേഹമുണ്ടെങ്കിൽ നമുക്കു ചുറ്റും വെളിച്ചം മാത്രമേ ഉണ്ടാവുകയുള്ളുവെന്ന സത്യമാണ് കവി വ്യക്തമാക്കുന്നത്.അതോടൊപ്പം കാലത്തിന്റെ ഇടപെടലുകളാൽ ആ സ്നേഹം അണഞ്ഞുപോകാൻ ഇടയുണ്ടെന്നും അങ്ങനെ സംഭവിക്കാതിരിക്കാൻ നാം ജാഗരൂകരായിരിക്കണമെന്നും വയലാർ നമുക്കു മുന്നറിയിപ്പു നൽകുന്നു.

ഏതാണ്ട് ഇതേ ആശയം ദ്യോതിപ്പിക്കുന്ന മറ്റൊരു ഗാനമാണ് 'കൂട്ടുകാർ 'എന്ന സിനിമയിൽ എം. എസ്. ബാബുരാജ് സംഗീതം നല്കി യേശുദാസ് പാടിയ

"ഒരു ജാതി ഒരു മതം ഒരു ദൈവം
ഓർമ വേണമീ അദ്വൈത മന്ത്രം " എന്ന ഗാനം.

"സന്ധ്യാനാമം ചൊല്ലുമ്പോൾ 
അന്തിവിളക്കു കൊളുത്തുമ്പോൾ
മാനത്തു തിരയേണ്ട മണ്ണിൽ തിരയേണ്ട
മനസ്സിലെയീശ്വരനൊന്നല്ലോ" 
എന്ന  വരികൾ ഇന്നും എത്ര പ്രസക്തമാണ് !

മലയാളസിനിമാ ഗാനങ്ങളിൽ രചനാസൗഭഗത കൊണ്ടും സംഗീതംകൊണ്ടും ആലാപനം കൊണ്ടും എക്കാലത്തേയും ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണ് 'മഴക്കാറ് ' എന്ന സിനിമയ്ക്കു വേണ്ടി വയലാർ രചിച്ച് ദേവരാജൻ മാഷ് ഈണം നല്‌കി ഗാനഗന്ധർവ്വൻ ആലപിച്ച
"പ്രളയ പയോധിയിൽ
ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ
പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങളല്ലേ "
എന്ന അനശ്വര ഗാനം. ആ കാലഘട്ടത്തിലെ വയലാർ -ദേവരാജൻ -യേശുദാസ് കൂട്ടുകെട്ടിന്റെ മാനസിക ഐക്യത്തിന്റെ പ്രതിഫലനം
കൂടി നമുക്ക് ഈ ഗാനത്തിലൂടെ അനുഭവിച്ചറിയാം.
പ്രകൃതിയും ഈശ്വരനും നമ്മളെല്ലാവരും കാലത്തിന്റെ പ്രതിരൂപങ്ങൾ മാത്രമാണെന്ന് കവി പറയുമ്പോൾ അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ഈ ഗാനത്തിന്റെ വരികളുടെ സൗന്ദര്യാത്മകത അനുഭവിച്ചറിയുമ്പോൾ വയലാറിന്റെ സർഗ്ഗ പ്രതിഭക്കു മുമ്പിൽ നമിക്കാതിരിക്കാൻ കഴിയില്ല.

മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും നൈമിഷികതയും നമുക്ക് എഴുത്തച്ഛനും പൂന്താനവും ആശാനുമെല്ലാം ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്. അതേ വഴിയിൽ ആ ആശയം സംഗീതത്തിന്റെ ഫ്രെയിമുകൾക്ക് ഇണങ്ങുന്ന വിധത്തിൽ ആശയഗാംഭീര്യം ഒട്ടും ചോർന്നു പോകാതെ പകർന്നു തരുന്ന വയലാറിന്റെ മാന്ത്രികത ദൃശ്യമാകുന്ന ഗാനമാണ്  'ബ്രഹ്മചാരി'എന്ന സിനിമയിലെ
ദക്ഷിണാമൂർത്തിസ്വാമി സംഗീതം പകർന്ന്‌ യേശുദാസ് പാടിയ
"ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ
പ്രാകൃതയുഗമുഖഛായകളേ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളുമൊരുപോലെ
ഒരുപോലെ " എന്ന ഗാനം.

മനുഷ്യവംശത്തിന്റെ സ്വാഭാവികമായ ഭാവങ്ങളിൽ ഒന്നാണ് 'ഞാൻ 'എന്ന ബോധം. ഈ പ്രപഞ്ചത്തിലെ 'തന്നെ ' ക്കുറിച്ചുള്ള ബോധമാണെങ്കിൽ അത്‌ മനുഷ്യമനസ്സിന്റെ ഉയർച്ചക്ക് പര്യാപ്തവും എന്നാൽ 'ഞാൻ 'എന്ന അഹങ്കാരത്തിലാണ് ആ ബോധമെങ്കിൽ അവനവന്റെ സർവ്വനാശത്തിനുമാണ് അത്‌ ഇടയാക്കുക.ഈ ഗാനത്തിൽ വയലാർ സൂചിപ്പിക്കുന്നത് ഓരോമനുഷ്യനിലും അന്തർലീനമായിരിക്കുന്ന
' ഞാൻ ' എന്ന അഹങ്കാരത്തെയാണ്. തീരത്തുവന്നു ചിതറിയില്ലാതാകുന്ന തിരമാലകളെപ്പോലെയാണ് മരണത്തോടെ മാത്രം അവസാനിക്കുന്ന അവനിലെ ഞാനെന്ന ഭാവം എന്ന് എത്ര കൃത്യമായാണ് വയലാർ നിരീക്ഷിക്കുന്നത്.
പ്രതാപശാലിയായ രാജാവിനെപ്പോലെ പകൽ പ്രപഞ്ചം വാഴുന്ന സൂര്യന്റെ ഭരണം വെറും പതിനഞ്ചു നാഴിക മാത്രമേ ഉള്ളുവെന്നും ഉദയത്തിനൊരസ്തമയവും ഉയർച്ചക്കൊരു താഴ്ചയും പ്രപഞ്ച നിയമത്തിന്റെ ഭാഗമാണെന്നും വയലാർ ഈ ഗാനത്തിന്റെ അനുപല്ലവിയിലൂടെ നമുക്കു വ്യക്തമാക്കിത്തരുന്നു.


"ആകാശഗോപുരത്തിൻ മുകളിലുദിച്ചോരാദിത്യ
ബിംബമിതാ കടലിൽ മുങ്ങി
ആയിരമുറുമികളൂരി വീശി
അംബരപ്പടവിനു മതിലു കെട്ടി
പകൽ വാണ പെരുമാളിൻ രാജ്യഭാരം
വെറും പതിനഞ്ചു നാഴിക മാത്രം
ഉദയത്തിനുണ്ടോരസ്തമനം ഉയർച്ചക്കുണ്ടൊരു പതനം 
ഭ്രമണം ഇതു പ്രപഞ്ചചക്ര ഭ്രമണം" 

ലോകം മൊത്തം കീഴടക്കി എന്നഹങ്കരിച്ചിരുന്ന മനുഷ്യൻ അഗോചരമായ ഒരു അതിസൂക്ഷ്മ വൈറസ്സിനു മുമ്പിൽ ഭയന്നു വിറച്ച് അകത്തളങ്ങളിൽ ഒളിച്ചിരിക്കുന്ന ഈ വർത്തമാന കാലത്ത് "ഉദയത്തിനസ്തമനവും ഉയർച്ചക്കൊരു താഴ്ചയുമുണ്ടെന്ന് "ഓർമ്മപ്പെടുത്തൽ അനുപേക്ഷണീയം തന്നെ.

'റബേക്ക ' എന്ന സിനിമയിൽ കെ. രാഘവൻ മാഷ് സംഗീതം നല്കി യേശുദാസ് പാടിയ
"ആകാശത്തിലെ കുരുവികൾ
വിതയ്ക്കുന്നില്ല കൊയ്യുന്നില്ലാ "
എന്ന ഗാനം ഒരു ബൈബിൾ സന്ദേശത്തെ ആസ്പദമാക്കി രചിച്ച മനോഹരമായ വരികളാണ്. ആകാശത്തിലെ പക്ഷികൾ കളപ്പുരകൾ കെട്ടുകയോ അളന്നു കൂട്ടുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല പങ്കുവച്ചും പണയം വച്ചും അകലുന്നുമില്ല എന്ന് കവി നമ്മെ ഓർമ്മപ്പെടുത്തുന്നു . എന്നാൽ

"മണ്ണിലെ മനുഷ്യൻ മാത്രം
തല്ലിത്തകരുന്നു
കനകം മൂലം കാമിനി മൂലം കലഹം കൂടുന്നു "
ഇത്തരം നിത്യ സത്യങ്ങളെ അതിന്റെ ഗരിമയും കവിതയുടെ സൗന്ദര്യവും ചോർന്നുപോകാതെ ഗാനങ്ങളാക്കി മാറ്റുന്ന വിദ്യ വയലാറിനു മാത്രം സ്വന്തമാണ്.

'ജയിൽ 'എന്ന ചിത്രത്തിൽ വയലാർ - ദേവരാജൻ മാഷ് -
എ. എം. രാജ കൂട്ടുകെട്ടിലെ മറ്റൊരവിസ്മരണീയ ഗാനമാണ്
"കാറ്ററിയില്ല കടലറിയില്ല
അലയും തിരയുടെ
വേദന "എന്നത്. ലോകത്തിന്റെ പൊതുസ്വഭാവം കരുണാരഹിത്യമാണെന്നും തീർത്ഥയാത്രകൾ പോയതുകൊണ്ടോ തീരങ്ങളോട് സങ്കടങ്ങൾ പറഞ്ഞതുകൊണ്ടോ നമ്മെ ആരും തിരിഞ്ഞു നോക്കുകയില്ലെന്നുമുള്ള യാഥാർഥ്യമാണ് വയലാർ വെറും പന്ത്രണ്ടു വരികളിലൂടെ നമ്മെ ഓർമിപ്പിക്കുന്നത്.

'ആയിഷ ' യിലെ "യാത്രക്കാരാ, പോവുക പോവുക "എന്ന പാട്ടും മനുഷ്യ ജീവിതത്തിൽ നേരിടുന്ന അനുഭവങ്ങളുടെ യാഥാർഥ്യമാർന്ന ചിത്രീകരണം തന്നെ.

വയലാറിന്റെ ദാർശനിക ഗാനങ്ങളിൽ മികച്ച മറ്റൊന്നാണ്
"ഒരിടത്തു ജനനം ഒരിടത്തുമരണം
ചുമലിൽ ജീവിത ഭാരം "
എന്ന ഗാനം.ഈ പ്രപഞ്ചത്തിലെ ശാശ്വതസത്യമായ മരണത്തെ വളരെ വികാരപരവും സത്യസന്ധവുമായാണ് 'അശ്വമേധം ' എന്ന
സിനിമയിൽ വയലാർ രചിച്ച് ദേവരാജൻ മാഷ് ഈണം പകർന്ന് യേശുദാസ് അവതരിപ്പിച്ചിരിക്കുന്നത്. വിധിയുടെ ബലിമൃഗങ്ങളായ മനുഷ്യരുടെ തുടക്കമോ ഒടുക്കമോ അറിയാത്ത ജീവിത യാത്രയിൽ മോഹങ്ങൾ എന്നും അവർക്കൊപ്പമുണ്ടെന്നും ബന്ധങ്ങൾ ചുടലയിൽ അവസാനിക്കുന്നുവെന്നും ഈ ഗാനത്തിലൂടെ വയലാർ പറഞ്ഞുവയ്ക്കുന്നു.

ഇതേ ചിത്രത്തിലെ                                                                         
"കറുത്ത ചക്രവാള മതിലുകൾ ചൂഴും                       
കാരാഗൃഹമാണ് ഭൂമി"  എന്ന പി. സുശീല പാടിയ പാട്ടും പാർശ്വവത്കരിക്കപ്പെടുന്നവരുടെ വേദനകളുടെ പ്രതിഫലനമാണ്. മുകളിൽ ശൂന്യാകാശവും താഴെ നരകവുമായുള്ള തടവറയ്‌ക്കു സമാനമായുള്ള ഈ ഭൂമിയിൽ ആരാലും പരിഗണിക്കപ്പെടാതെ പോകുന്ന ആയിരങ്ങൾ ഇന്നും ഉണ്ടാകുമ്പോൾ ഈ ഗാനം എങ്ങനെ മറക്കും?

നാഗരിക മനുഷ്യനെ സംബന്ധിച്ചിടത്തോളം അമ്മയേക്കാൾ ഗാഢമായ മറ്റൊരു ബന്ധവും ഭൂമിയിൽ ഉണ്ടെന്നു തോന്നുന്നില്ല.
അമ്മയുടെ നിരുപാധികസ്നേഹത്തേക്കാൾ
വലുതല്ല ദൈവംപോലും എന്ന സത്യം വിളിച്ചു പറയുന്ന വയലാർ ഗാനമാണ് ' ചായം ' എന്ന സിനിമയിൽ അയിരൂർ സദാശിവൻ പാടിയ
"അമ്മേ, അമ്മേ, അവിടുത്തെ മുമ്പിൽ ഞാനാര്, ദൈവമാര് "
എന്ന ഗാനം.പ്രത്യേകിച്ച് തന്റെ അമ്മയോട് വയലാറിനുള്ള പ്രത്യേക മമതയുടെ കൂടി പശ്ചാത്തലത്തിൽ ഈ ഗാനം കേൾക്കുമ്പോൾ ഇതിന്റെ വൈകാരികത നമ്മെ വേറൊരു അനുഭൂതി മണ്ഡലത്തിൽ കൊണ്ടു ചെന്നെത്തിക്കും.


'കാത്തിരുന്ന നിക്കാഹി'ലെ
"അഗാധ നീലിമയിൽ
അപാര ശൂന്യതയിൽ
കാലം കനകക്കിനാവുകളാലെ
കടലാസ്സു കോട്ടകൾ തീർക്കും
ഓരോ കടലാസ്സു കോട്ടകൾ തീർക്കും " (ജി. ദേവരാജൻ - യേശുദാസ് ),

'പട്ടുതൂവാല 'യിലെ
"മാനത്തെ പിച്ചക്കാരനു
മാണിക്യം വാരിത്തൂകിയ മാളോരെ
താഴത്തെ പിച്ചക്കാരനൊരാഴക്കു
മുത്തു തരാമോ മാളോരേ " (ദേവരാജൻ - കമുകറ, അഞ്ജലി ),

'കടൽപ്പാല 'ത്തിലെ
"ഈ കടലും മറുകടലും
ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങൾ
കാണാൻ
ഇവിടന്നു പോണവരെ
അവിടെ മനുഷ്യനുണ്ടോ
അവിടെ മതങ്ങളുണ്ടോ? "
(ദേവരാജൻ - എസ്. പി. ബി ),

'പഠിച്ച കള്ളനി'ലെ
"താണ നിലത്തേ നീരോടൂ
തപസിരുന്നേ പൂ വിരിയൂ "
(ദേവരാജൻ - യേശുദാസ്, എസ്. ജാനകി )

'വാഴ്‌വേമായ'ത്തിലെ
"ചലനം ചലനം ചലനം
മാനവ ജീവിത പരിണാമത്തിൻ
മയൂര സന്ദേശം
ചലനം ചലനം ചലനം "
(ദേവരാജൻ - യേശുദാസ് )

'അനുഭവങ്ങൾ പാളിച്ചകളി 'ലെ
"പ്രവാചകന്മാരെ പറയൂ
പ്രഭാതമകലെയാണോ
പ്രപഞ്ച ശില്പികളേ പറയൂ
പ്രകാശമകലെയാണോ "
(ദേവരാജൻ - യേശുദാസ് )

'ലോറാ നീ എവിടെ ' യിലെ
''കാലം ഒരു പ്രവാഹം
ആലംബമില്ലാതെ മുങ്ങിയും
പൊങ്ങിയും
അതിലലയുന്നു വ്യാമോഹം
ജീവിതവ്യാമോഹം "
(ബാബുരാജ് - യേശുദാസ് ),

'ലൈൻ ബസ്സി'ലെ
"അദ്വൈതം ജനിച്ച നാട്ടിൽ
ആദിശങ്കരൻ ജനിച്ച നാട്ടിൽ "
(ദേവരാജൻ - യേശുദാസ് ),

'ഇന്റർവ്യൂ 'വിലെ
"കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം "
(വി. ദക്ഷിണാമൂർത്തി - ബ്രഹ്മാനന്ദൻ '),

'തൊട്ടാവാടി'യിലെ
"ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന "
(എൽ. പി. ആർ. വർമ്മ - ജയചന്ദ്രൻ ),

'അച്ഛനും ബാപ്പയും 'സിനിമയിലെ
"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു "
(ദേവരാജൻ - യേശുദാസ് ),

'പോസ്റ്റ്‌മാനെ കാണാനില്ല ' എന്നതിലെ
"ഈശ്വരൻ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്ത്യാനിയല്ല                   
ഇന്ദ്രനും ചന്ദ്രനുമല്ല "
(ദേവരാജൻ - യേശുദാസ് ),

തുടങ്ങിയവ വയലാറിന്റെ തത്ത്വ ചിന്താപരമായ ഗാനങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രം.

എഴുത്തിന്റെ പ്രമേയം എന്തായാലും അത് ആസ്വാദകന്റെ സ്വന്തം അനുഭവമായി പരിവർത്തിപ്പിക്കാൻ കഴിയുമ്പോഴാണ് ഒരെഴുത്തുകാരൻ വിജയിക്കുന്നത്.തന്റെ വിയോഗത്തിനു ശേഷം നാലര പതിറ്റാണ്ടു കഴിഞ്ഞിട്ടും വയലാറിന്റെ ഗാനങ്ങൾ ഇന്നും ജനമനസ്സുകളിൽ പുതുമയോടെ, സജീവമായി, നിലനിക്കുന്നതിന്റെ കാരണം അതാണ്. അവ കാലങ്ങളെ അതിജീവിച്ച് ഇനി വരുന്ന തലമുറകളോടും സംവദിച്ചുകൊണ്ടേയിരിക്കും .കാരണം വയലാർ തന്റെ വരികളിലൂടെ മനുഷ്യകുലത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങളെയാണ് അനാവരണം ചെയ്തിരിക്കുന്നത്.

വേദനയനുഭവിക്കുന്നവന്റെ പക്ഷത്തു നിന്ന മനുഷ്യസ്നേഹിയായ കവിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുമ്പിൽ ബാഷ്പാഞ്ജലി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ