മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ആരുമല്ല ഞാന്‍. ഞാനെന്നു പറയുന്നതേ അസംബന്ധം. ഭൗതീക വസ്തുക്കളാല്‍ നിര്‍മ്മിതമായ ശരീരവും അലിഖിതമായ നിയമങ്ങളുള്ള മനസ്സെന്നോ ആത്മാവെന്നോ വിളിക്കാവുന്ന ഏതോ ഒരു ശക്തിയും ചേര്‍ന്ന അനേക കോടി ജീവികളിലെ ഒരുവന്‍.

ബ്രഹ്മാണ്ഡത്തില്‍ സ്ഥിതി ചെയ്യുന്ന കോടി കോടി ആകാശഗംഗകളിലെ ഒരു നക്ഷത്ര സമൂഹത്തില്‍ കുഞ്ഞു നക്ഷത്രമായ സൂര്യനെ വലംവയ്ക്കുന്ന ചെറുഗ്രഹമായ ഭൂമിയിലെ ചെറു ജീവി. എന്‍റെ അതേ ചിന്തകളും വിചാരങ്ങളും തന്നെയായിരിക്കും മനുഷ്യനേത്രത്താല്‍ കാണാന്‍ കഴിയുന്ന സൂക്ഷ്മ ജീവികള്‍ക്കുമുള്ളത്. എത്രയോ ലക്ഷം ജീവനുകള്‍ക്ക് എന്‍റെ ശരീരം ആശ്രയമാകുന്നു. മനുഷ്യമലിനീകരണത്താല്‍ അന്തരീക്ഷത്തിന്‍റെ ചൂടു വര്‍ദ്ധിക്കുന്നതുപോലെ സൂക്ഷ്മജീവികള്‍ ശരീരത്തിന് പ്രശ്നമുണ്ടാക്കുമ്പോള്‍ ശരീരം ചൂടു വര്‍ദ്ധിപ്പിച്ച് പ്രതിരോധിക്കുന്നു. പ്രകൃതി ചെയ്യുന്നതുപോലെ...

നാം രോഗമുണ്ടാക്കുന്ന സൂക്ഷ്മ ജീവികള്‍ക്കെതിരെ മരുന്നു കഴിക്കുന്നു. അതേ സംഭവം പ്രകൃതി ചെയ്യുമ്പോള്‍ പ്രകൃതി ദുരന്തമെന്ന് മനുഷ്യന്‍ വിളിക്കുന്നു. ഏത് അണുക്കളും അവയുടെ ജീവനത്തിനാവശ്യമായ ഭക്ഷണവും സാഹചര്യങ്ങളും നിലയ്ക്കുമ്പോള്‍ നശിക്കുന്നു. അതേ രീതിയില്‍ മനുഷ്യരാശിയും ഒരിക്കല്‍ നാശത്തെ പ്രാപിക്കും. ഇങ്ങനെയുള്ള മനുഷ്യവര്‍ഗ്ഗത്തിലെ ഒരു ജീവനുള്ള മൃതവസ്തുവാണ് ഞാന്‍.

ചിന്തിക്കുന്ന ഏതൊരു വ്യക്തിയുടെയും ശ്രദ്ധയില്‍പ്പെടാവുന്ന ഒരു പ്രധാന കാര്യമുണ്ട്. മുകളറ്റം മുതല്‍ കീഴറ്റം വരെ അഥവാ ഏറ്റവും വലുതു മുതല്‍ ഏറ്റവും ചെറുതുവരെയുള്ള പ്രപഞ്ച വസ്തുക്കള്‍ പരസ്പരാശ്രയത്തിലാണ് നിലനില്‍ക്കുന്നത്.

ആകാശഗംഗകള്‍ ഏതോ അതിഭീകരമായ വസ്തുവിന്‍റെ കാന്തികവലയത്തില്‍ അതിനെ ചുറ്റിക്കൊണ്ടിരിക്കുന്നു. ആകാശഗംഗയിലെ നക്ഷത്രങ്ങള്‍ അവയുടെ നടുക്കുള്ള വസ്തുവിനെ ചുറ്റുന്നപോലെ, നക്ഷത്രങ്ങളുടെ ചുറ്റും അവയുടെ ഗ്രഹങ്ങള്‍ പ്രദക്ഷിണം ചെയ്യുന്നപോലെ, ഗ്രഹങ്ങളുടെ ചുറ്റും ഉപഗ്രഹങ്ങള്‍ ചുറ്റുന്നതുപോലെ, ആറ്റത്തിന്‍റെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകള്‍ ചുറ്റുന്നതുപോലെ, രക്ഷകര്‍ത്താക്കളുടെ ആശ്രയത്തില്‍ മക്കള്‍ കഴിയുന്നതു പോലെ പ്രപഞ്ചവസ്തുക്കള്‍ കഴിയുന്നു അഥവാ ജീവിക്കുന്നു. ഒരു സമൂഹമായി... പരസ്പ്പരാശ്രയത്തിനു വിധേയരായി...
യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്നു പറയുന്നതേ തെറ്റ്. നാം എന്നു പറയണം. എന്‍റേതെന്ന് മാത്രം വിശ്വസിക്കുന്ന ഈ ശരീരത്തില്‍ എത്രയോ ലക്ഷം ജീവനുകള്‍ വസിക്കുന്നു. ഈ ശരീരത്തെ ആശ്രയിച്ച് എത്രയോ ലക്ഷം ജീവനുകള്‍ വസിക്കുന്നു. ഈ ശരീരത്തെ ആശ്രയിച്ച് എത്രയോ ലക്ഷം സൂക്ഷ്മജീവികള്‍. എന്‍റെ ശരീരത്തില്‍ ഒന്നല്ല ലക്ഷക്കണക്കിന് ജീവനുകളുണ്ട്. സംസാരിക്കുമ്പോഴും നിശ്വസിക്കുമ്പോഴും കുറച്ച് ജീവന്‍ പുറത്തേയ്ക്ക് പോകുന്നു. ഉച്ഛ്വസിക്കുമ്പോള്‍ കുറച്ച് ജീവന്‍ അകത്തേയ്ക്ക് വരുന്നു. അതിനാല്‍ വ്യക്തമായി ഒന്നു പറയാം. ഈ ശരീരത്തില്‍ ജീവനുകള്‍ നശിക്കുന്നുമുണ്ട്, ഇരട്ടിക്കുന്നുമുണ്ട്. എല്ലാ ജീവവസ്തുക്കള്‍ക്കും അവയുടെ അതേ രൂപത്തിലുള്ളവയെ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പക്ഷെ, ഒരിക്കല്‍ ഈ ജീവി വര്‍ഗ്ഗങ്ങള്‍ നശിക്കും.

ഓരോ മനുഷ്യനും മരിക്കുമ്പോള്‍ അവന്‍റെ ജീവന്‍ പോയി എന്നു പറയും. അവന്‍റെ ശരീരത്തെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ ജീവികള്‍ നശിപ്പിക്കപ്പെടും. കുറച്ചെണ്ണം രക്ഷപ്പെടും. അവിടെയും വ്യക്തമായ ഒരു കാര്യമുണ്ട്. ജീവനില്ലാത്ത ശരീരം അനേകലക്ഷം ജീവികള്‍ക്ക് വളരുവാനുള്ള വളമാകും. മാറ്റം പ്രകൃതി നിയമമണ്. ഈ ഉലകിലെ എല്ലാ വസ്തുവും ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും, പരിണമിച്ചുകൊണ്ടിരിക്കും. ജീവനെപ്പോലെ, ആത്മാവിനെപ്പോലെ, എന്നേപ്പോലെ.

ചിന്തിക്കുവാനുള്ള ശേഷി, പ്രവര്‍ത്തിക്കുവാനുള്ള ശേഷി, സഞ്ചരിക്കുവാനുള്ള ശേഷി, യുദ്ധം ചെയ്യുവാനുള്ള ശേഷി, ആക്രമിക്കുവാനുള്ള ശേഷി, നശിപ്പിക്കുവാനുള്ള ശേഷി, അകലുവാനുള്ള ശേഷി അടുക്കുവാനുള്ള ശേഷി അങ്ങനെ മനുഷ്യന്‍ അവന്‍റേതെന്നു മാത്രം വിശ്വസിക്കുന്ന ശേഷികളെല്ലാം ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കുമുണ്ട്, എല്ലാ ജീവി വര്‍ഗങ്ങള്‍ക്കുമുണ്ട്, എല്ലാ അജീവ വസ്തുക്കള്‍ക്കുമുണ്ട് ഭൂമി, നക്ഷത്രങ്ങള്‍ എല്ലാത്തിനുമുണ്ട്.

യഥാര്‍ത്ഥത്തില്‍ ജീവനുള്ളതെന്നോ ജീവനില്ലാത്തവയെന്നോ തരംതിരിക്കുക അസംഭവ്യമാണ്. എല്ലാത്തിനും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തത്തില്‍ ചലനമുണ്ട്, ആകര്‍ഷണത്വമുണ്ട് എല്ലാമുണ്ട്. ജീവന്‍ എന്നത് അനിര്‍വചനീയമാണ്. ഇതെല്ലാമുള്ള ഒരു ഘടകം അതാണു ഞാന്‍. ഞാന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ