

മീനക്കൊടുംവെയിലേറ്റ് തളർന്നു നിൽക്കുന്ന വൃക്ഷലതാദികൾക്കിടയിൽ പ്രകൃതിയാകെ ഒരു പുഞ്ചിരിയിലൊതുങ്ങുന്നു.കർണികാരപ്പൂ പുഞ്ചിരിയിൽ!
മേടം ഒന്ന് ... കൊല്ലവർഷാരംഭം.രാത്രിയും പകലും തുല്യമായി വരുന്ന ദിനമത്രെ വിഷു.
സ്വർണ നിറമുള്ള ഓട്ടുരുളിയിൽ ഉണക്കലരിയും പഴുത്ത വെള്ളരിയും കൊന്നപ്പൂവും നിലക്കണ്ണാടിയും കോടി വസ്ത്രവും ഗ്രന്ഥവും മറ്റു ഫലങ്ങളും .കത്തിച്ചു വെച്ച നിലവിളക്കിൻ്റെ പശ്ചാത്തലത്തിൽ മൗലിയിൽ മയിൽപ്പീലി ചാർത്തി മഞ്ഞ വസ്ത്രമണിഞ്ഞ് ഓടക്കുഴലൂതി നിൽക്കുന്ന കാറൊളിവർണ്ണനായ ബാലഗോപാലൻ. അതിരാവിലെ കണികണ്ട് കൈനീട്ടം വാങ്ങി പൂത്തിരികത്തിച്ച് വിഷുക്കഞ്ഞി കുടിച്ച് ആഘോഷത്തെ ഏറ്റെടുക്കുന്ന ഗ്രാമാന്തരീക്ഷം.വളർച്ചയുടെ ഏതോ ഘട്ടങ്ങളിൽ ആഘോഷങ്ങൾക്കു നിറം മങ്ങിയോ? ആഘോഷങ്ങളെനെഞ്ചേറ്റുന്നതിന് മലയാളിയോളം കഴിവ് മറ്റാർക്കാണ്!
കണിക്കൊന്ന ഒരു പ്രതീകമാണ്. ചുട്ടുപഴുത്തു നിൽക്കുന്ന കൊടുംവേനലിലും അന്യൻ്റെ ജീവിതത്തെ പുഞ്ചിരിയേകി ഉത്സവ ലഹരിയിൽ ആറാടിക്കുകയാണ്.
മനസ്സിലെന്നും കണിക്കൊന്നയുടെ പാവനമായ ത്യാഗവും വിശുദ്ധിയുമുണ്ടാവട്ടെ. ഏവർക്കും സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും വിഷു ആശംസകൾ!

