mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ചീരാമന്റെ രാമചരിതത്തിന് ശേഷം മലയാളത്തിലെ പാട്ട് സാഹിത്യത്തെ സമ്പന്നമാക്കുന്നതിൽ ശ്രദ്ധേയ സംഭാവനയാണ് പയ്യന്നൂർ പാട്ടും, തിരുനിഴൽ മാലയും, രാമകഥാപാട്ടും, ഭാരതം പാട്ടും നിർവഹിച്ചത്. അതാത് കാലഘട്ടത്തിലെ ഭാഷയുടെയും പ്രതിപാദന രീതിയുടെയും സവിശേഷമായ സൗന്ദര്യം ഈ കൃതികളിൽ കാണാനൊക്കുന്നു.

ക്രിസ്തുവർഷം 1200 നും 1300 നും മദ്ധ്യേ രചിച്ച കൃതിയാകാം തിരുനിഴൽ മാലയെന്ന് ഈ കൃതി 1981ൽ സംശോധിച്ച് പ്രസിദ്ധീകരിച്ച ഡൊ.എം.എം പുരുഷോത്തമൻ നായർ പറയുന്നു. മൂന്ന് ഭാഗങ്ങളായി തിരിച്ച് അവതരിപ്പിച്ച തിരുനിഴൽ മാല രാമചരിതത്തേക്കാൾ പ്രാചീനമാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കാസർകോട് ജില്ലയിലെ വെള്ളൂര് ചാമക്കാവ് ദേവസ്വത്തിൽ നിന്നാണ് ഈ കൃതി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ആറന്മുളയിലെ അരിയൂരിൽ ജീവിച്ച ഗോവിന്നനാണ് ഈ കൃതി രചിച്ചതെന്ന് പറയപ്പെടുന്നു. 97 പാട്ടുകളും 539 ഈരടികളുമുള്ള കാവ്യത്തെ കാവ്യോപക്രമം, നാവര, ബലിയർപ്പിക്കൽ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കണ്ടെടുക്കപ്പെട്ടിട്ടുള്ളതിൽ പാട്ടിന്റെ ലീലാതിലക ലക്ഷണങ്ങൾ പൂർണമായും യോജിപ്പിക്കുന്ന കൃതിയാണിതെന്ന് പണ്ഡിതർ പറയുന്നു.

 

കാവ്യോപക്രമം

ദേവതാസ്തുതികൾ, പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്ന ഐതിഹ്യകഥ, വേണാട്, ഓടനാട്, വെൺപലനാട്, വള്ളുവനാട്, ഏറനാട്, തുടങ്ങിയ എൺസാമന്ത പരാമർശം, ചേരസാമ്രാജ്യം, നാലുതളി, അറുപത്തി നാല് ഗ്രാമങ്ങൾ, ഭാരതഖണ്ഡം, എന്നിവയെ പറ്റിയുള്ള വിവരങ്ങളും ഉൾപ്പെടുന്നു. ചരിത്രം, ഐതിഹ്യം,സ്ഥലവർണ്ണന, പുരാണം എന്നിങ്ങനെ ഉൾക്കൊള്ളിച്ചിരിക്കുന്ന സ്വഭാവങ്ങൾ കൃതിയെ സമ്പന്നമാക്കുന്നു. കുറുമൂർ പിള്ളയെ ആദ്യ കവിയായി അംഗീകരിച്ച് മലനാട്ടിൽ ഭാഷാകവിത ആരംഭിച്ചതിനെ പറ്റി പരാമർശിക്കുന്നു.

 

നാവര

രണ്ടാം ഭാഗത്തിൽ ദേവനും മനുഷ്യനും ഋഷിവര്യന്മാരും കഥാപാത്രങ്ങളാകുന്നു.ഉർവ്വശി, മേനക, തിലോത്തമ,ഇന്ദ്രൻ,വരുണൻ,ശിവൻ, യമൻ, ആദിത്യൻ,അഗ്നി, കുബേരൻ തുടങ്ങിയ ദേവസങ്കൽപങ്ങളും, മലയന്മാർ,ഊരാളികൾ, നാടികൾ,തളിയന്മാർ,ഓതിക്കന്മാർ എന്നീ ജാതി വിഭാഗങ്ങളും പരാമർശിക്കപ്പെടുന്നു. ഒരു ഉത്സവാന്തരീക്ഷമാണ് രണ്ടാം ഭാഗത്തിലുള്ളത്.

 

ബലിയർപ്പിക്കൽ

മൂന്നാം ഭാഗത്തിൽ ആറന്മുള ക്ഷേത്രത്തിലെ മലയരുടെ ബലിയർപ്പിക്കൽ ചടങ്ങാണ് വിവരിക്കുന്നത്.ആറന്മുള അപ്പന്റെ കൃഷ്ണസങ്കൽപവും,ശിവൻ,കാളി,ഇന്ദ്രൻ തുടങ്ങിയവർക്കുള്ള ബലികർമ്മവും വിവരിക്കുന്നു. 

 

"അകിലമാമുതെയ വെപ്പും അത്തമാം പൊരുപ്പം തമ്മിൽ നികപതമറിയവേണ്ടിത്തിരയെന്നും തരാചിലിട്ടു.നികഴഞ്ചീർ തെന്നൽ തട്ടാൻ നിറുത്തിയ മകുടം പോലെ കകനതാവളത്തിൽ വന്തുകരിന്തവൾ നിലക്കകാണിർ."

 

( സൂര്യോദയത്തെ ത്രാസിനോട് ഉപമിക്കുന്നു )

 

കാവ്യഭാവനകൾ കൂടി നിൽക്കുന്ന കൃതിയാണ് തിരുനിഴൽ മാല.പ്രകൃതിഭംഗി അളക്കാൻ രണ്ട് മലകളാൽ തൂക്കം നോക്കി വജ്രസൂചി ( സൂര്യൻ) തിളങ്ങുന്നു എന്ന് കവി കൽപന.

 

അഭിപ്രായങ്ങൾ

മലയാള ഭാഷയുടെ ആദ്യകാല ഗദ്യശാസനങ്ങളിലൂടെയും ഭാഷാകൗടിലീയത്തിലൂടെയും സഞ്ചരിച്ച് അനന്തപുരവർണനത്തിലും ലീലാതിലകത്തിലും ചെന്നെത്തി നിൽക്കുന്ന കേരളഭാഷാസ്വഭാവത്തിന്റെ മാറ്റങ്ങൾ നമുക്ക് തിരുനിഴൽ മാലയിൽ കാണാനൊക്കുമെന്ന് നടുവട്ടം ഗോപാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു. തിരുനിഴൽ മാല തെക്കൻ കൃതിയാണെന്നും പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.പാട്ടിന്റെ ഘടനയും മണിപ്രവാളത്തിന്റെ ആന്തരിക ഭാവങ്ങളും കൂടിച്ചേർന്ന കൃതിയാണ് തിരുനിഴൽമാലയെന്ന് ഡൊ.എം.എം പുരുഷോത്തമൻ അഭിപ്രായപ്പെടുന്നു.

 

പയ്യന്നൂർ പാട്ട്

 

ഫോക്‌ലോർ പഠനങ്ങളിൽ നാടൻപാട്ടുകളുടെ കാലം ഗണിക്കാനൊക്കാത്തത് പോലെ വടക്കൻ പാട്ടിന്റെ മാതൃകയിൽ എഴുതപ്പെട്ട ഈ പാട്ട് കൃതിയുടെ കാലഗണനയും ചോദ്യചിഹ്നമായി നിലകൊള്ളുന്നു.ഇത് കണ്ടെടുക്കുന്നത് ഗുണ്ടർട്ടാണ്. ' പയ്യന്നൂർ പട്ടോല ' എന്നദ്ദേഹം ആ കൃതിയെ വിളിച്ചു. കണ്ടെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായ കൃതിയാണ് പയ്യന്നൂർ പാട്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജർമ്മനിയിലെ ട്രിബ്യൂണൽ ലൈബ്രറിയിൽ നിന്ന് പ്രൊഫസർ സ്കറിയ സക്കറിയ 1991 ൽ ഈ കൃതി പൂർണരൂപത്തിൽ കണ്ടെടുത്തു. ക്രിസ്തുവർഷം പതിമൂന്നൊ പതിനാലൊ നൂറ്റാണ്ടിലായിരിക്കാം ഈ കൃതി രചിച്ചതെന്ന് ഉള്ളൂർ രേഖപ്പെടുത്തി.

 

"കോതാവലച്ചെട്ടിയഞ്ചുവണ്ണം.

കടുംമണിക്കിരാമത്താർ മക്കൾ " എന്നിങ്ങനെ നാടൻപാട്ട് ശൈലിയിൽ എഴുതപ്പെട്ട കാവ്യത്തിൽ തൃശ്ശൂരിലെ നീലകേശിനിയെ നായികയായി പ്രതിപാദിക്കുന്നു.അവർ കുടുംബത്തിൽ നിന്നും അകന്ന് കച്ചിൽ പട്ടണത്തിൽ എത്തിച്ചേരുന്നതും വ്യാപാരിയായ നമ്പുച്ചെട്ടിയെ വിവാഹം കഴിഞ്ഞതും.അവർക്ക് കുട്ടിയുണ്ടാകുന്നതും. അളിയന്മാർ തമ്മിലുള്ള വഴക്കിൽ നീലകേശിനിയുടെ ആങ്ങിള കൊല്ലപ്പെടുന്നതും നീലകേശിനി വീണ്ടും ഭിക്ഷുണിയായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതും, നമ്പുച്ചെട്ടിയും മകനും കപ്പൽ പണിയിൽ ഏർപ്പെടുന്നതും അവിടേക്ക് കാലങ്ങൾക്ക് ശേഷം ഭിക്ഷുണി യുവാവായ മകനെ കാണാനെത്തുന്നതും അവനെ പയ്യന്നൂരിലെ സ്ത്രീകൾ നടത്തുന്ന പൊതു അന്നദാന ചടങ്ങിലേക്ക് ക്ഷണിക്കുന്നതും, നമ്പുച്ചെട്ടി മകനെ തടയുന്നതും, തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് പയ്യന്നൂർ പാട്ടിലെ വിവരങ്ങൾ.കച്ചിൽ പട്ടണം,അഞ്ചു വർണിക്കാർ, മണിഗ്രാമക്കാർ, വളഞ്ചിയർ,പട്ടണസ്വാമികൾ, നാനാദേശികൾ എന്നീ പരാമർശങ്ങൾ കൃതിയിലുണ്ട്. പ്രാചീന മലയാളഭാഷയുടെ തമിഴ് പാരമ്പര്യഭാഷാസ്വഭാവത്തിൽ കുതറാനുള്ള ശ്രമം ഈ കൃതിയിലുണ്ട്.

 

അയ്യപ്പിള്ള ആശാനും, അയ്യനപ്പിള്ള ആശാനും

കോവളം കവികളെന്ന് അറിയപ്പെടുന്നവരാണ് അയ്യപ്പിള്ളയും. അയ്യനപിള്ളയും അതിൽ അയ്യപ്പിള്ളയുടെ കൃതിയാണ് മലയാളത്തിലെ ആദ്യത്തെ പൂർണരാമായണ കൃതി എന്നറിയപ്പെടുന്ന രാമകഥാപാട്ട്. ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിലാണ് രാമകഥാപാട്ട് എഴുതപ്പെട്ടത്. 3163 പാട്ടുകളും,279 വിരുത്തങ്ങളും രാമകഥാപാട്ടിലുണ്ട്. ചന്ദ്രവളയം എന്ന വാദ്യോപകരണമുപയോഗിച്ച് ക്ഷേത്രങ്ങളിൽ ഈ കൃതി പാടുന്നത് ഐശ്വര്യം കൈവരും എന്ന വിശ്വാസവും പിന്നിലുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ പാട്ട് പാടിയിരുന്നതായി ചരിത്രം പറയുന്നു. പി.കെ നാരായണപ്പിള്ളയാണ് രണ്ട് കൃതികളും വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിക്കാൻ തയ്യാറായത്. രാമകഥാപാട്ട് ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടെയും, അയ്യനപ്പിള്ളയുടെ ഭാരതം പാട്ട് ഭാരതദീപിക എന്ന വ്യാഖ്യാനത്തോടെയും അദ്ദേഹം പ്രസിദ്ധീകരിച്ചു. പാന, കുറത്തി,കുമ്മി തരംഗിണി, കാകളി, ഊനകാകളി, പുരാവൃത്തം എന്നീ വൃത്തങ്ങൾ ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ മലയാളവൃത്തപ്രസ്ഥാനത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന കൃതിയാണ് രാമകഥാപാട്ട്. സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലെ സമ്മിശ്ര സ്വഭാവമാണ് രാമകഥാപാട്ടിനും, ഭാരതം പാട്ടിനുമുള്ളത്. ദ്വിഭാഷാ പ്രദേശത്തെ മിശ്രഭാഷയാണ് രാമകഥാപാട്ടിനുള്ളതെന്ന് എൻ.കൃഷ്ണപ്പിള്ള രേഖപ്പെടുത്തുന്നു. മലയാളത്തിലെ കളഞ്ഞു കിട്ടിയ നിധിയായി പി.കെ നാരായണപ്പിള്ള ഈ കൃതിയെപറ്റി അഭിപ്രായപ്പെടുന്നു. അയ്യപ്പിള്ള ആശാൻ മലയാളത്തിന്റെ ചോസറായി അറിയപ്പെടുന്നു.

 

"വേട്ടപെണ്ണെ കളവാണ്ട കള്ളനങ്കിരക്ക ചുമ്മാ
വെറുതാലെനാനും കിടന്തിങ്കെ മരിക്ക"

                                              രാമകഥാപാട്ട്      

മഹാഭാരതം ഇതിവൃത്തമാക്കിയാണ് ഭാരതം പാട്ട് എഴുതപ്പെട്ടത്. ആദ്യത്തെ മഹാഭാരതാഖ്യാന കൃതിയും ഇതാണ്.

 

"ദശരതൻ പിറന്തു ഭൂവിയറമതു വളന്തു
ശിവജവമറിന്തുപലനൊടികളുമുണന്താർ"

                                                    ഭാരതം പാട്ട് 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ