ഇന്ന് സെപ്തംബർ രണ്ട്. ലോകനാളികേര ദിനം. എല്ലാർക്കും ഓരോ ദിനങ്ങൾ വീതിച്ചു കൊടുക്കുമ്പോൾ എനിക്കും കിട്ടിയല്ലോ എന്ന സന്തോഷമായിരിക്കും അതിനുണ്ടായിരിക്കുക.
സ്ഥാനത്തും അസ്ഥാനത്തുമെല്ലാം മനുഷ്യർ തൻ്റെ പേരിങ്ങനെ പരാമർശിക്കുന്നതിൽ അത്ര സംതൃപ്തിയൊന്നുമുണ്ടായിരിക്കില്ല നാളികേരത്തിന്. ഇത്രയും വലിയ നാലക്ഷരപ്പേരൊന്നും പലരും വിളിക്കാറില്ല എന്നറിയാമെങ്കിലും ഒട്ടും പരിഭവവുമില്ല താനും. "എന്തു തേങ്ങയാ നീയീപ്പറേണത് ?
"എന്തു തേങ്ങയാ നിനക്കു വേണ്ടത്?"
"തേങ്ങടെ മൂട് "
എന്നിങ്ങനെ എത്രയെത്ര അവസരങ്ങളിലാണ് അനവസരത്തിൽ തേങ്ങയെ മനഃപൂർവ്വം രംഗത്തേക്കു വലിച്ചിഴക്കാറുള്ളത് എന്ന ആത്മരോഷവുമുണ്ടാകുമതിന്.
"തേങ്ങ പത്തരച്ചിട്ടെന്താ, താളല്ലേ കറി?" "ചക്കരേം തേങ്ങേം പോലെ"
എന്നിടത്തുമുണ്ട് പരാമർശം.
എന്തായാലും കല്പവൃക്ഷം എന്ന വിശേഷണം തികച്ചും അർത്ഥവത്തു തന്നെയെന്നതിൽ സംശയമില്ല.
തെങ്ങിൻ്റെ എല്ലാ ഭാഗങ്ങളും ഏറെ പ്രയോജനപ്രദമെന്നതത്രേ ഈ പ്രയോഗത്തിനടിസ്ഥാനം.
നമ്മുടെ സംസ്ഥാനത്തിനു കേരളമെന്ന പേരു വന്നതിനു കാരണമായിപ്പറയുന്നതും പ്രധാനമാണ്. കേരവൃക്ഷങ്ങൾ (തെങ്ങുകൾ) ധാരാളമായി കണ്ടുവരുന്നതു കൊണ്ടാണത്രേ കേരളം എന്ന പേരു വന്നത്.
ഒരു ശരാശരി മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതു തന്നെയാണ് തേങ്ങ. രാവിലെ പ്രഭാത ഭക്ഷണമായ ദോശയ്ക്കും ഇഡ്ഢലിക്കുമൊപ്പം തേങ്ങാ ചട്ണി നമുക്കേറെ പ്രിയം തന്നെ. പുട്ടാണെങ്കിൽ ഓരോ പിടി അരിപ്പൊടിക്കൊപ്പവും തേങ്ങ ചിരവിയതു അത്യാവശ്യം തന്നെ. അടയുണ്ടാക്കാനും വേണമിത്.
ഉച്ചയൂണിന് കറിയിൽ തേങ്ങയ്ക്കണമെന്ന് നമുക്കു നിർബന്ധം തന്നെ. വിശേഷ ദിവസങ്ങളിൽ സാമ്പാറിനും കാളനും അവിയലിനും പച്ചടിയ്ക്കും പ്രഥമനുമെല്ലാം തേങ്ങയുടെ അനിഷേധ്യ സാന്നിധ്യം അവശ്യം തന്നെ.
തോരനുണ്ടാക്കാനും കറിയിൽ കടുവറുക്കാനും പപ്പടം കാച്ചാനും എന്തിന് തലയിൽ തേച്ചു കുളിക്കാനും നമുക്ക് തേങ്ങ ഉണക്കിയാട്ടി എടുക്കുന്ന വെളിച്ചെണ്ണ തന്നെ വേണം. മീൻ വറുക്കാനും പപ്പടം കാച്ചാനും സോപ്പുണ്ടാക്കാനും വെളിച്ചെണ്ണയാണ് ഏറെ അഭികാമ്യം.
മലയാളിയെപ്പോലെ തേങ്ങയെ ഹൃദയത്തോടു ചേർത്തു പിടിക്കുന്നവർ മറ്റാരും തന്നെയുണ്ടെന്നു തോന്നുന്നില്ല.
ചപ്പുചവറുകൾ അടിച്ചുവാരി പരിസരവും വീട്ടകവും വൃത്തിയാക്കുന്നതും തെങ്ങിൻ പട്ടയിലെ ഈർക്കിൽ കൊണ്ടുണ്ടാക്കുന്ന ചൂൽ കൊണ്ടാണല്ലൊ.
തെങ്ങാണോ, തേങ്ങയാണോ ആദ്യമുണ്ടായത് എന്ന ചോദ്യത്തിനുത്തരം പറയാനാവില്ലെന്നതാണ് സത്യം .
സാർവത്രികവും ഏറെ ഉപയോഗപ്രദവുമായ നാളികേരത്തിന് ഈ ലോകതേങ്ങ ദിനത്തിൽ സസന്തോഷം ആശംസകളർപ്പിക്കാം.