ഓണനാളുകൾക്കൊപ്പം ആഗസ്റ്റ് മാസവും ഓടിച്ചാടിപ്പോയ് മറഞ്ഞു. അവധിയ്ക്കും ആഘോഷങ്ങൾക്കും താൽക്കാലിക വിരാമമിട്ട് നാലാം തീയതി സ്കൂൾ തുറക്കുകയും ചെയ്തു. പിറ്റേന്ന് അഥവാ ഇന്ന് തന്നെയാണ് സെപ്തംബർ അഞ്ച്.അധ്യാപക ദിനം. ഈ ദിനം പണ്ടൊക്കെ ഓർത്തെടുത്തിരുന്നത് സ്ക്കൂൾ കുട്ടിയായിരിക്കുമ്പോൾ കിട്ടിയിരുന്ന പച്ച നിറപ്പൊലിമയുള്ള ഒരു സ്റ്റാമ്പിൻ്റെ മനോഹാരിതക്കൊപ്പമാണ്. പിന്നീട് അധ്യാപികയായപ്പോഴും കുട്ടികൾക്ക് കൊടുക്കാനായി കൈയിലെത്തിയിരുന്നു ഇത്. ഇപ്പോഴിതു കാണാറുമില്ല.
അധ്യാപിക എന്നു പറയാനൊരു സുഖമൊക്കെയുണ്ടെങ്കിലും അത് വിചാരിക്കുന്ന പോലെ അത്ര എളുപ്പമുള്ള ജോലിയൊന്നുമല്ല. ആത്മാർത്ഥതയോടെ ഈ രംഗത്തു പിടിച്ചു നിൽക്കുന്നവരെക്കുറിച്ചാണ് പറയുന്നത്.
ഒരു പാട് വെല്ലുവിളികൾ നേരിടുന്ന ഒരു രംഗമാണിത്.സമൂഹത്തിൻ്റെ നേർ പരിച്ഛദം തന്നെയാണ് ഓരോ ക്ലാസ് റൂമും എന്നു പറയാം. അതു കൊണ്ടു തന്നെ അവിടെയുള്ള (സമൂഹത്തിൽ) അസ്വസ്ഥതകളുംഅശാന്തിയും അച്ചടക്കരാഹിത്യവും അപശബ്ദങ്ങളുടെയുമെല്ലാം അലയടികൾ ഇവിടെയുമെത്തും.
പല തരത്തിലുള്ള കുടുംബാന്തരീക്ഷത്തിൽ നിന്നു വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ കുട്ടികൾ ഒരു ദിവസത്തിൻ്റെ ഏറിയ പങ്കും കഴിഞ്ഞുകൂടുന്നത് വിദ്യാലയത്തിലും പ്രത്യേകിച്ച് ക്ലാസ് മുറിയിലുമാണ്. അച്ചടക്ക പ്രശ്നങ്ങൾ നിരവധിയുണ്ടാവുക സ്വാഭാവികം. അക്രമാസക്തരും മാനസിക പ്രശ്നമുള്ളവരുമെല്ലാമുണ്ടാകും ഇക്കൂട്ടത്തിൽ. അവരെയൊന്ന് നിയന്ത്രിക്കാൻ വടിയെടുക്കാനോ ശാസിക്കാനോ പാടില്ലാത്ത അവസ്ഥയാണിന്ന്.
കുട്ടികളെ ശിക്ഷിക്കുന്നതിനോട് ഒട്ടും യോജിപ്പുണ്ടായിട്ടല്ല ഇപ്പറയുന്നത്. ശിക്ഷിച്ചു തന്നെ ശിക്ഷണം നടത്തിയിരുന്ന കാലത്തും അതിനെതിരായി ശബ്ദമുയർത്തിയതിൻ്റെ പേരിൽ സഹപ്രവർത്തകർ പോലും ഒറ്റപ്പെടുത്തിയ അനുഭവവുമുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ചെറിയ രീതിയിലുള്ള ശിക്ഷ നൽകിയേ മതിയാവൂ എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. പക്ഷേ പലപ്പോഴും നിസ്സഹായരായിപ്പോകുന്ന അവസ്ഥയാണ് അധ്യാപകരിന്ന് നേരിടുന്നത്.
പുറമെ നിന്നു നോക്കിയാൽ തലയെടുപ്പോടെ നിൽക്കുന്ന ഓരോ വിദ്യാലയത്തിലും എന്തെല്ലാം പ്രശ്നങ്ങളാണ് അരങ്ങേറുന്നുണ്ടാവുകയെന്ന് ആരും ചിന്തിക്കാറില്ല. അവക്കെല്ലാം നേർസാക്ഷ്യം വഹിക്കേണ്ട അധ്യാപകരുടെ മാനസികമായ കരുത്ത് ചോർന്നു പോകും വിധമുള്ള പ്രവർത്തികളും വാക്കുകളും പലപ്പോഴും അധികൃതരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉണ്ടാവുന്ന അവസ്ഥ എത്ര ദയനീയമാണ്. വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയെന്ന വിരോധാഭാസം!
മനസ്സിൽ നിഷ്ക്കളങ്ക സ്നേഹം കെടാവിളക്കു പോലെ കാത്തു സൂക്ഷിക്കുന്നവർക്കു മാത്രമേ ഈ രംഗത്ത് പിടിച്ചു നിൽക്കാനാവൂ. ഒരു പാട് ജോലി ഭാരം കൊണ്ടു തളരുമ്പോൾ കുഞ്ഞുങ്ങളുടെ ചെറുപുഞ്ചിരിയിൽ സകലതും മറക്കുന്ന അതിൽ നിന്നും ഊർജ്ജം സംഭരിക്കുന്നവരാണ് മിക്ക അധ്യാപകരും. കള്ളനാണയങ്ങളും എവിടെയുമെന്ന പോലെ ഈ രംഗത്തുമുണ്ടാവാം. അവരെക്കുറിച്ചുള്ളതല്ല ഈ പരാമർശം.
"കുഞ്ഞുങ്ങളെ സ്നേഹത്തോടെ ചേർത്തു പിടിച്ച് തണലായി തുണയാവുന്ന എല്ലാ അധ്യാപകർക്കും ആശംസകൾ !!