mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Idappalli Raghavan pillai

ഇടപ്പള്ളിയുടെ പ്രസിദ്ധീകരിച്ച എല്ലാ കവിതകളും വായിച്ചു കഴിഞ്ഞുഒരു പരാജിതനായ കാമുകന്റെ  ദൈന്യമായ ചിത്രമായിരുന്നു ഇടപ്പള്ളി രാഘവൻ പിള്ളയെപ്പറ്റി എന്നിലുണ്ടായിരുന്നത്. കവിതകളിലൂടെ അദ്ദേഹത്തെ അറിയാൻ കഴിഞ്ഞപ്പോൾ ആ ചിത്രം മാറി. ഇന്നിപ്പോൾ അദ്ദേഹം ഒരു കവി മാത്രമാണ് എന്റെ മനസ്സിൽ.

കാമുകനോ, മകനോ, സഹോദരനോ, സുഹൃത്തോ എന്നുള്ളതൊക്കെ, ഒരു കവിയെ അറിയാൻ ശ്രമിക്കുമ്പോൾ അത്രയ്ക്ക് ആവശ്യമുണ്ട് എന്നു തോന്നുന്നില്ല. കവിത വായിക്കുക അതിൽ അഭിരമിക്കുക. അത്രതന്നെ. എങ്കിലും ഉപരിപ്ലവമായ ഇത്തരം കാര്യങ്ങൾ കവിയെ മറ്റൊരാൾക്കു പരിചയപ്പെടുത്തുമ്പോൾ വേണ്ടിവരുന്നു എന്ന അസുഖകരമായ അസത്യത്തിലൂടെ ഞാനും കടന്നുപോകേണ്ടിയിരിക്കുന്നു.

തകർന്ന മുരളി * ആഗസ്റ്റ്, 1936

1936 ജൂലായ് 20ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ട ചങ്ങമ്പുഴയുടെ 'തകര്‍ന്ന മുരളി' ഇങ്ങനെയായിരുന്നു.

"നീലക്കുയിലേ, നിരാശയാൽ നിൻ
നീറും മനസ്സുമായ് നീ മറഞ്ഞു.
കേൾക്കുകയില്ലിനിമേലിൽ നിന്റെ
നേർത്തുനേർത്തുള്ള കളകളകങ്ങൾ.
ഇന്നോളമീ മലർത്തോപ്പിൽ നമ്മ-
ളൊന്നിച്ചുചേർന്നു പറന്നു പാടി.
ഇന്നേവമെന്നെത്തനിച്ചു വിട്ടി-
ട്ടെങ്ങു നീ, യയ്യോ പറന്നൊളിച്ചു?
ഓമനപ്പിഞ്ചിളംപൂങ്കുയിലേ,
നീ മമ പ്രാണനും പ്രാണനല്ലേ?
എന്നിട്ടു, മെന്നിട്ടുമീവിധം നീ-
യെന്നെയെന്നേക്കും വെടിഞ്ഞുവല്ലോ!"

1936 ജൂലൈ 4 നു തന്റെ ആത്മ സുഹൃത്തായ ഇടപ്പള്ളി രാഘവൻ പിള്ള ആത്മഹത്യയിലൂടെ മരണത്തെ പുൽകി. അന്ന് ഇടപ്പള്ളിക്ക്  27 വയസ്സു മാത്രെമേ ആയിരുന്നൊള്ളു. തന്റെ ആത്മസുഹൃത്തിനുള്ള അന്ത്യപ്രണാമമായാണ് ചങ്ങമ്പുഴ 'തകര്‍ന്ന മുരളി' സമർപ്പിച്ചത്. "എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നുപോയി" എന്ന അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിൽ നിന്നുമാണ് ചങ്ങമ്പുഴയുടെ "തകർന്ന മുരളി" എന്ന കവിത ജനിക്കുന്നത്. 

ഇന്നു 2024 ജൂലൈ 4 നു കവിയുടെ 88 ആം ചരമദിനം.   

ചങ്ങമ്പുഴയുടെ വിഖ്യാത ഖണ്ഡകാവ്യമായ 'രമണന്‍' പുറത്തുവരുന്നത് ഇടപ്പള്ളി ആത്മഹത്യ ചെയ്തതിന്റെ തൊട്ടടുത്ത വര്‍ഷമാണ്. രമണൻ എഴുതാനുള്ള പ്രചോദനം ഇടപ്പള്ളിയുടെ ജീവിതവും, അദ്ദേഹത്തിന്റെ ആത്മഹത്യയുമായിരുന്നു.

മാതൃഭൂമിയിൽ പ്രത്യക്ഷപ്പെട്ട വാർത്ത ഇങ്ങനെയായിരുന്നു. 
"...'തുഷാരഹാരം', 'ഹൃദയസ്മിതം' മുതലായ പല നല്ല കവിതാഗ്രന്ഥങ്ങളുടെ കര്‍ത്താവും ഒരു യുവകവിയെന്നു പ്രസിദ്ധി സമ്പാദിച്ചിട്ടുള്ളയാളുമായ ഇടപ്പള്ളി രാഘവന്‍ പിള്ള, സ്ഥലം ഗൗഡസാരസ്വത ബ്രാഹ്മണ ക്ഷേത്രത്തിനു സമീപമുള്ള വക്കീല്‍ മി. വൈക്കം നാരായണപിള്ള ബി.എ.ബി.എല്‍-ന്റെ വസതിയിലുള്ള  വക്കീലാഫീസില് തൂങ്ങിച്ചത്തുനില്‍ക്കുന്നതായി ഇന്നു രാവിലെ കാണപ്പെട്ടിരിക്കുന്നു."

ഇടപ്പള്ളിയുടെ കൃതികൾ 

80-ല്‍ പരം കവിതകള്‍, രണ്ട്‌ ചെറുകഥകള്‍, രണ്ട്‌ പ്രബന്ധങ്ങള്‍ തുടങ്ങിയവ അദ്ദേഹം  എഴുതിക്കൂട്ടി. കുട്ടിക്കാലത്തു അനുഭവിച്ച ദുരിതങ്ങളും, ദാരിദ്ര്യവും, അതിനെ മറികടക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായ പരാജയങ്ങളും അദ്ദേഹത്തെ അന്തർമുഖനും, വിഷാദാത്മകനുമാക്കി. ജീവിതത്തിലുള്ള നിരാശയും, മരണത്തോടുള്ള ആഭിമുഖ്യവും അദ്ദേഹത്തിന്റെ പല കവിതകളിലും കാണാവുന്നതാണ്.

കേസരി ബാലകൃഷ്ണപിള്ളയുടെ ദീർഘമായ അവതാരികയോടെ 1944 ൽ, മണിനാദം എന്ന പ്രഖ്യാത സമാഹാരം മരണാനന്തരമായി പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ മൃതിവിഷയകമായ കവിതയായ 'മണിനാദം' എന്ന കവിതയിലെ വരികൾ നോക്കൂ.  

"ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കി- 
ലിതൾ വിടരാത്ത പുഷ്പമായ്ത്തീരണം 

വിജനഭൂവിങ്കലെങ്ങാ നതിൻ ജന്മം 
വിഫലമാക്കീട്ടു വിസ്‌മൃതമാകണം."

മലയാള സാഹിത്യ നഭസ്സിലെ കാല്പനികതയുടെ ഉജ്വല താരകങ്ങളായിരുന്നു ഇടപ്പള്ളി രാഘവൻ പിള്ളയും, ചങ്ങമ്പുഴ കൃഷ്‌ണപിള്ളയും. കവിയെ അറിയേണ്ടത് കവിതയിലൂടെയാണ്. കവിയുടെ ചിന്തകളും, വികാര വിചാരങ്ങളും, വിശ്വാസങ്ങളും, ആശകളും, മോഹങ്ങളും, മോഹഭംഗങ്ങളും, ഏറ്റവും ഭംഗിയായി പ്രതിഭലിച്ചുകാണുന്നത് കവിതയിലൂടെയാണ്. ആത്മനിഷ്‌ഠമായ, സ്വത്വബോധത്തിൽ അധിഷ്ഠിതമായ ഭാവനാപരതയാണ് കാല്പനികത. ഭാവനയ്ക്ക് ചിറകു പിടിപ്പിക്കുന്നവരാണ് കാല്പനിക കവികൾ. സങ്കല്പ വായുവിമാനത്തിലേറ്റി കൊണ്ടുപോകാൻ കഴിവുള്ളവരാണവർ. യാഥാർഥ്യത്യത്തേക്കാൾ സങ്കല്പത്തിനാണ് അവരുടെ മനസ്സിൽ സ്ഥാനമുള്ളത്.  

1924 ൽ ആശാൻ അരങ്ങൊഴിഞ്ഞ ശേഷം കാവ്യരചനയിൽ കാല്പനികതയുടെ കാമുകന്മാരായി മാറിയത്  ഇടപ്പള്ളി രാഘവൻ പിള്ളയും, ചങ്ങമ്പുഴ കൃഷ്ണപിള്ളയുമാണ്. വീണപൂവ് എഴുതി രണ്ടു വവർഷം കഴിഞ്ഞാണ് 1909 ൽ ഇടപ്പള്ളി രാഘവൻ പിള്ളയും, അതിനും രണ്ടു വർഷം  കഴിഞ്ഞു 1911 ൽ ചങ്ങമ്പുഴ  കൃഷ്‌ണപിള്ളയും ജനിക്കുന്നത്. കാല്പനികതയുടെ സമസ്തഭാവങ്ങളും ഇവരുടെ കവിതകളിൽ നമുക്കു ദർശിക്കാൻ കഴിയും. മലരണിക്കാടുകൾ തിങ്ങിവിങ്ങുന്ന മനോഹരിയായ പ്രകൃതി അവരുടെ നിലയ്ക്കാത്ത ഊർജമാണ്. സ്ഥായിയായ വിഷാദം ഇവരുടെ മിക്ക കവിതകളിലും ഓളം തല്ലുന്നു. 'ഞാനൊരധഃകൃതൻ' എന്നു ആത്മനിന്ദ നടത്തുന്നു. വൈകാരികത ഓരോ വരിയിലും വിളഞ്ഞു നിൽക്കുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ